തിരുവനന്തപുരത്തു കുഞ്ഞന്‍ പിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും അഞ്ചാമത്തെ മകനായി റ്റി കെ ബാലചന്ദ്രന് 2 ഫെബ്രുവരി 1928 –ല്‍ ജനിച്ചു. അഭിനയിക്കാനുള്ള ആശ പ്രകടിപ്പിച്ചപ്പോള്‍ സ്റ്റേജു നടനായ പിതാവ് കൂടുതല്‍ തടസ്സങ്ങളില്ലാതെ അനുമതി നല്കി. അങ്ങനെ "പ്രഹ്ലാദ" എന്ന സിനിമയില്‍ (1940) പതിമൂന്നുകാരനായ ബാലചന്ദ്രന് ആദ്യമായി വേഷമിട്ടു. പിന്നീട് അദ്ദേഹം തമിഴ്നാട്ടിലെ നാടകപ്രമാണിയായ നവാബ് രാജമാണിക്കത്തിന്റെ ഡ്രാമാ ട്രൂപ്പില്‍ ചേര്‍ന്ന് നാടകങ്ങളില്‍ കൂടി പ്രസിദ്ധിയും അഭിനയത്തില്‍ പ്രാവീണ്യവും നേടി. ഗുരു ഗോപിനാഥിന്റെ ശിക്ഷണത്തില്‍ കുറച്ചു കാലം അദ്ദേഹം നൃത്തം അഭ്യസിച്ചു.
തുടര്‍ന്നുള്ള അന്‍പതോളം വര്‍ഷങ്ങള്‍ കൊണ്ട് മലയാളത്തില്‍ 200 ചിത്രങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹം നാനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. സ്വയം രൂപീകരിച്ച Teakebees എന്ന നിര്‍മ്മാണക്കമ്പനിയിലൂടെ അദ്ദേഹം 18 സിനിമകള്‍ നിര്‍മ്മിച്ചു. എട്ടു സിനിമകള്‍ക്ക് കഥയും 16 ചിത്രങ്ങള്‍ക്ക് സംഭാഷണവും എഴുതിയിട്ടുണ്ട്.
“പൂത്താലി” എന്ന ചിത്രത്തില്‍ നായകനായും വില്ലനായും ഡബിള്‍ റോളില്‍ അഭിനയിച്ചുകൊണ്ട് "മലയാളത്തിലെ ഡബിള്‍ റോളില്‍ അഭിനയിച്ച ആദ്യത്തെ നടന്" എന്ന സ്ഥാനം നേടി.
Childrens Film Society -യുടെ പതിനേഴോളം ചിത്രങ്ങള്‍ക്ക് പാട്ടുകള്‍ എഴുതുകയും മൊഴിമാറ്റം നടത്തുകയും ചെയ്തു.
1998 –ല്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമാ വ്യവസായികള്‍ ചേര്‍ന്ന് സൌത്ത് ഇന്ത്യന്‍ ഫിലിം ചേംബറിന്റെ പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.
മലയാളം മാത്രമല്ല, ഇന്ത്യന്‍ സിനിമയ്ക്ക് ആകെ നല്കിയ മികച്ച സേവനങ്ങള്‍ മുന്‍ നിര്‍ത്തി അദ്ദേഹത്തിനു ഇന്ത്യന്‍
പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ ഉള്‍പ്പെടെ അനേകം പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
കുറച്ചു നാളായി ക്യാന്‍സറിനു ചികിത്സയിലായിരുന്ന അദ്ദേഹം എഴുപത്തെട്ടാം വയസ്സില്‍ 15 ഡിസംബര്‍ 2005 -നു
തിരുവനന്തപുരത്തുള്ള സ്വന്തം വസതിയില്‍ വെച്ച് മരണമടഞ്ഞു. ഭാര്യ വിശാലാക്ഷിയും മക്കള്‍ വസന്ത്, വിനോദ്. നടന് വഞ്ചിയൂര്‍ മാധവന് നായര്‍ സഹോദരനാണു്.
തയ്യാറാക്കിയത്:
സൂസി
കടപ്പാട്:
http://actortkb.com/life.html
http://www.dnaindia.com/india/report_actor-tk-balachandran-passes-away_1002504