മലയാളസിനിമയുടെ ബാല്യകാലം
സിനിമാപ്രദർശനങ്ങൾ ഇന്ത്യയിൽ എത്തിയ അതേ കാലഘട്ടത്തിൽ തന്നെ സിനിമയുടെ സ്പന്ദനങ്ങൾ മലയാളക്കരയിലും എത്തിത്തുടങ്ങിയിരുന്നു. 1907 ൽ തൃശ്ശൂരിൽ ഒരു പ്രദർശനശാല സ്ഥാപിതമായതു് ഇതിന്റെ ഒരു ചെറിയ തുടക്കം എന്നു പറയാം. കൈ കൊണ്ടു പ്രവർത്തിപ്പിക്കുന്ന പ്രൊജക്റ്ററായിരുന്നു ഉപകരണം - ശ്രീ K.W. ജോസഫിന്റെ നടത്തിപ്പിൽ. 1913 ൽ ഇലക്ട്രിക്കൽ പ്രൊജക്റ്ററിലേക്കു വഴിമാറി - ശ്രീ ജോസ് കാട്ടൂക്കാരന്റെ ‘ജോസ് ഇലക്ട്രിക്കൽ ബയോസ്കോപ്‘. ക്രമേണ കേരളത്തിലെ മറ്റു പ്രമുഖകേന്ദ്രങ്ങളിലും ഇത്തരം ശാലകൾ സ്ഥാപിതമായി. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി നിശ്ശബ്ദസിനിമകളുടെ പ്രദർശനമായിരുന്നു മുഖ്യം.
ചലച്ചിത്രപ്രദർശനം പല കേന്ദ്രങ്ങളിലും വിജയകരമായി നടന്നിരുന്നുവെങ്കിലും ഒരു ചലച്ചിത്രം നിർമ്മിതമാകുവാൻ 1928 വരെ കാത്തിരിക്കേണ്ടി വന്നു. മലയാളത്തിൽ നിർമ്മിതമായ ആദ്യ നിശ്ശബ്ദചലച്ചിത്രം ‘വിഗതകുമാര‘നാണു്. അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഗർകോവിലിൽ അഗസ്തീശ്വരത്തു ജനിച്ചു്, പിന്നീടു തിരുവനന്തപുരം പട്ടത്തു താമസമാക്കിയ ശ്രീ ജെ. സി. ഡാനിയൽ ആയിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും ചെയ്തതു്. 1926 ൽ അദ്ദേഹം പട്ടത്തു് ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ് എന്ന സ്റ്റുഡിയോ സ്ഥാപിച്ചു. 1928 ൽ ഈ സ്റ്റുഡിയോയുടെ ബാനറിൽ വിഗതകുമാരൻ സിനിമയുടെ നിർമ്മാണം തുടങ്ങി. അദ്ദേഹം തന്നെയായിരുന്നു നിർമ്മാണം, കഥ, തിരക്കഥ, സംവിധാനം, ചിത്രസംയോജനം എന്നിവ നിർവ്വഹിച്ചതു്. നായകകഥാപാത്രം കൈകാര്യം ചെയ്തതും അദ്ദേഹം തന്നെ. 1928 നവംബർ 7 നു് തിരുവനന്തപുരം കാപ്പിറ്റോൾ തീയേറ്ററിൽ ഈ ചിത്രം പ്രദർശനത്തിനെത്തി. 1930 നവംബർ 7 നാണു് പ്രദർശനത്തിനെത്തിയതു് എന്നും ചില രേഖകളിൽ കാണുന്നു. ഒരു പ്രിന്റ് മാത്രമുണ്ടായിരുന്ന ഈ ചിത്രം സാമ്പത്തികമായി ഒരു പ്രയോജനവും നിർമ്മാതാവിനു് നൽകിയില്ലെങ്കിലും, മലയാളസിനിമയുടെ പിതാവു് എന്ന സ്ഥാനം തീർച്ചയായും ശ്രീ ജെ. സി. ഡാനിയലിനു് അവകാശപ്പെട്ടതു തന്നെ.
JC Daniel
|
1933 ൽ അവതരിപ്പിക്കപ്പെട്ട ‘മാർത്താണ്ഡവർമ്മ’യാണു് അടുത്ത നിശ്ശബ്ദചലച്ചിത്രം. ഇതിന്റെ നിർമ്മാതാവും അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഗർകോവിലിൽ ജനിച്ച വ്യക്തിയായിരുന്നു - ശ്രീ ആർ. സുന്ദരരാജ്. ശ്രീ സി.വി. രാമൻപിള്ളയുടെ പ്രശസ്തചരിത്രാഖ്യായികയായിരുന്ന മാർത്താണ്ഡവമ്മയെ ആധാരമാക്കി തിരക്കഥ എഴുതിയതും ചിത്രം സംവിധാനം ചെയ്തതും ശ്രീ പി. വി. റാവു ആയിരുന്നു. ശ്രീരാജേശ്വരി ഫിലിംസിന്റെ ബാനറിൽ ആയിരുന്നു നിർമ്മാണം. ജയദേവ്, ദേവകീഭായ്, ആണ്ടി, കേശവമേനോന്, എ പി പി മേനോന്, ആര്.സുന്ദരരാജ്, വി. നായിക്, വി സി കുട്ടി, എസ് വി നാഥ്, തിലകം, പത്മിനി തുടങ്ങിയവർ അഭിനയിച്ചു. ഇന്ത്യൻ സിനിമാചരിത്രത്തിലെ ആദ്യത്തെ പകർപ്പകവാശസംബന്ധിയായ നിയമനടപടി ഈ ചിത്രവുമായി ബന്ധപ്പെട്ടാണുണ്ടായതു്. മാർത്താണ്ഡവർമ്മ നോവലിന്റെ പകർപ്പവകാശം ഉണ്ടായിരുന്ന കൊല്ലം കമലാലയാ ബുക് ഡിപ്പോ ഈ ചിത്രം പ്രദർശിപ്പിക്കുന്നതു് തടയണം എന്നാവശ്യപ്പെട്ടു് കോടതിയെ സമീപിക്കുകയും കോടതിഉത്തരവിന്റെ വെളിച്ചത്തിൽ തിരുവനന്തപുരം കാപ്പിറ്റോൾ തീയേറ്ററിൽ റിലീസായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രദർശനം നിർത്തിവെക്കേണ്ടി വരുകയും ചെയ്തു. ഇതിനുണ്ടായിരുന്ന ഏക പ്രിന്റ് കമലാലയാ ബുക് ഡിപ്പോയുടെ കൈവശത്തിൽ നിന്നു് നാഷണൽ ഫിലിം ആർക്കൈവ്സ് 1974ൽ വീണ്ടെടുക്കുകയും അവരുടെ ശേഖരത്തിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടു്.
ഈ രണ്ടു സിനിമകളോടെ മലയാളസിനിമയുടെ നിശ്ശ്ബ്ദസിനിമാനിർമ്മാണരംഗത്തേക്കുള്ള ചുവടുവെയ്പ്പുകൾ അവസാനിച്ചു എന്നു പറയാം. ആ ഉദ്യമം നടത്തിയ ആദ്യത്തെ രണ്ടു പേർക്കും കനത്ത സാമ്പത്തികനഷ്ടങ്ങൾ ഉണ്ടായി എന്നതു് പുതിയ സംരംഭകർ ആ രംഗത്തേക്കു വരുന്നതിനു് ഒരു തടസ്സമായി എന്നു വേണം കരുതാൻ.
എഴുതിയത് : കല്യാണി
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്