ഈ പ്രഥമ മലയാളചിത്രത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ടു്. നാഗര്‍കോവില്‍ സ്വദേശിയും അര്ദ്ധമലയാളിയുമായ ശ്രീ എ. സുന്ദരം എന്നൊരു മാന്യന് ഒരു മലയാളചിത്രം നിര്‍മ്മിക്കണമെന്നു് മോഹിച്ചു. "വിധിയും മിസ്സിസ്സു് നായരും" എന്ന പേരില്‍ സ്വന്തമായി ഒരു കഥയും തയ്യാറാക്കി അദ്ദേഹം മദ്രാസ്സിലെത്തി. സാമ്പത്തിക സഹായം ലഭിക്കുന്നതിനു് ശ്രീ സുന്ദരം വളരെ ശ്രമിച്ചെങ്കിലും നിരാശയാണനുഭവപ്പെട്ടതു്. ഈ സന്ദര്‍ഭത്തില്‍ ഏതാനം മലയാളി സുഹൃത്തുക്കളെ സഹകരിപ്പിച്ചു് ഒരു മലയാളി അസ്സോസിയേഷന് രൂപീകരിച്ചു. നടിനടന്മാരെ ആവശ്യമുണ്ടെന്നു് പരസ്യം ചെയ്തു. ആ അവസരത്തിലാണു് ശ്രീ ടി. ആര്. സുന്ദരം ശ്രീ എ. സുന്ദരവുമായി കണ്ടുമുട്ടി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതു്. ടി. ആര്. സുന്ദരത്തിന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തിലെ തീയേറ്റര്‍ ഉടമകളെ ഉദ്ദേശിച്ചു് ഒരു പരസ്യം ചെയ്തു. അതു ഫലിച്ചു. 25,000 രൂപാ മുന്‍കൂറായി കൈവശം വന്നു. ചിത്രത്തിന്റെ പ്രാരംഭ ജോലിയും ആരംഭിച്ചു. എന്തു കാരണത്താലോ ശ്രീ എ. സുന്ദരം ശ്രീ ടി. ആര്. സുന്ദരവുമായി പിണങ്ങി പിരിഞ്ഞു പോയി. അതിനു ശേഷം ശ്രീ മുതുകുളം രാഘവന്പിള്ളയെക്കൊണ്ടു് കഥയുടെ ബാക്കി ഭാഗവും അതിലെ ഗാനങ്ങളും എഴുതിച്ചു. ഇങ്ങനെയാണു് മലയാളത്തിലെ പ്രഥമ ചിത്രം പുറത്തു് വന്നതു്. അതാണു് ബാലന്.
ബാലന്റെ കഥ
വിഭാര്യനായിക്കഴിഞ്ഞിരുന്ന നല്ലവനും ധനാഢ്യനുമായ ഡോക്ടര്‍ ഗോവിന്ദന് നായരുടെ മക്കളാണു് ബാലനും സരസയും. ഡോക്ടര്‍ പുനര്‍വിവാഹം ചെയ്യുന്നു. രണ്ടാം ഭാര്യയായ മീനാക്ഷി, അമ്മയില്ലാത്ത കുട്ടികളെ വെറുത്തു. ക്രൂരമായ പെരുമാറ്റവും ശിക്ഷയും കൊണ്ടു് ആ ഓമനക്കുഞ്ഞുങ്ങളെ വീര്‍പ്പുമുട്ടിച്ചു. ഒടുവില്‍ ആ കുട്ടികളെ കൊല്ലുന്നതിനു തന്നെ അവര്‍ തീരുമാനിച്ചു. ബാലനെയും സരസയേയും തീയിലിട്ടു കൊല്ലുവാന്‍ ഭാവിച്ച അവളെ ഡോക്ടര്‍ കണക്കിലേറേ ശകാരിച്ചു ശിക്ഷിച്ചു. തന്റെ വികാരത്തുള്ളല് താങ്ങാനാവാതെ ആ സാധുമനുഷ്യന് ഹൃദയം പോട്ടി മരിച്ചു.
തികച്ചും അനാധരായിത്തീര്ന്ന ബാലനും സരസയും പിന്നീടനുഭവിക്കേണ്ടിവന്ന യാതനയ്ക്കതിരില്ല. മീനാക്ഷി മറ്റൊരുവനെ ഭര്‍ത്താവായി സ്വീകരിച്ചു. കുടിലബുദ്ധിയായ കിട്ടുപ്പണിക്കര്‍. ഈ രണ്ടു് ദുര്‍ഭൂതങ്ങളുടെ ഇടയില്‍ നിന്നും ബാലനും സരസയും ഒളിച്ചോടി. ഭക്ഷണവും പാര്‍ക്കാനിടവും കിട്ടാതലഞ്ഞ ആ കുഞ്ഞുങ്ങള്‍ പെരുവഴിയില്‍ തളര്‍ന്നു വീണു. അതുവഴി വന്ന ബാരിസ്റ്റര്‍ പ്രഭാകര മേനോന് ആ കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുപോയി. അദ്ദേഹം അവരെ സ്വന്തം കുട്ടികളെപ്പോലെ വളര്‍ത്തി.
മരിച്ചു പോയ ഡോക്ടര്‍ തന്റെ മരണപത്രത്തില്‍ കുട്ടികള്‍ക്കു് ശരിയായ സംരക്ഷ ചെയ്യുമെങ്കില്‍ മീനാക്ഷിക്കനുഭവിക്കാന് വക കൊള്ളിച്ചിരുന്നു. അതിനാല്‍ അവര്‍ കുട്ടികളെ തേടിപ്പിടിക്കാന്‍ കിട്ടുവിനെ ചുമതലപ്പെടുത്തുന്നു. സ്ക്കൂളില്‍ നിന്നും വരുന്ന വഴി കുട്ടികളെ കിട്ടു കണ്ടുമുട്ടി. അവരെ കൂട്ടിക്കൊണ്ടുപോയി കേളു എന്ന വേലക്കാരന്റെ വീട്ടില്‍ താമസിപ്പിക്കുന്നു. എല്ലാ സംഗതികളും മനസ്സിലാക്കിയിരുന്ന ശങ്കുവെന്ന ഒരു കള്ളന് കുട്ടികളെ അവിടെ നിന്നും കടത്തിക്കൊണ്ടു പോയി പല വിദ്യകളും കാട്ടി കാലായാപനം ചെയ്യുന്നു. ഇതു കണ്ടുപിടിച്ച കിട്ടു ശങ്കുവുമായി ഏറ്റുമുട്ടുന്നു. മല്‍പ്പിടുത്തത്തിനിടയില്‍ ബാലനും സരസയും രക്ഷപെടുന്നു.
വീണ്ടും അനാഥരായി അലഞ്ഞുനടന്ന അവര്‍ ഒരു സത്രത്തില്‍ കിടന്നുറങ്ങി. തോട്ടം പണിക്കു് ആളേത്തേടി നടന്ന ഒരു കങ്കാണി സരസയെ പിടിച്ചുകൊണ്ടുപോകുന്നു. പല നാളുകള്‍ക്കു ശേഷം ബാലനും ആ തോട്ടത്തില്‍ തന്നെ എത്തുന്നു. അവര്‍ ജോലിക്കാരായിക്കഴിയുന്നു. കാലം കുറേ കഴിഞ്ഞു.
ജീവിതത്തില്‍ മടുപ്പു് തോന്നിയ ബാരിസ്റ്റര്‍ പ്രഭാകരമേനോന് തന്റെ കാമുകിയായ ഭാനുവിലും വിരക്തി തോന്നി, തന്റെ തോട്ടത്തില്‍ സുഖവാസത്തിനെത്തുന്നു. വളര്‍ന്നുകഴിഞ്ഞിരുന്ന സരസയും ബാലനും കങ്കാണിയുടെ ക്രൂരതയില്‍ വീര്‍പ്പുമുട്ടി വേല ചെയ്യുന്നതയാള്‍ കണ്ടു. പെട്ടെന്നു് മനസ്സിലായില്ലെങ്കിലും പിന്നീടറിയുവാന്‍ കഴിഞ്ഞു. അവരെ തന്റെ വീട്ടിലേക്കു് കൂട്ടിക്കൊണ്ടുപോകുന്നു.
മീനാക്ഷി അപഹരിച്ചിരുന്ന മരണപത്രം ബാലന് കൈക്കലാക്കി മേനോനെ ഏല്‍പ്പിക്കുന്നു. മീനാക്ഷിയുടെയും കിട്ടുവിന്റെയും പേരില്‍ കേസ്സു് കൊടുത്തു് മേനോന് അവര്‍ക്കു് എതിരായി വിധി നേടുന്നു. കോപാകുലയായ മീനാക്ഷി മേനോന്റെ നേര്‍ക്കു് കൈത്തോക്കിന്റെ നിറയൊഴിക്കുന്നു. പെട്ടെന്നതുകണ്ടു് മുന്നില്‍ ചാടിയ ബാലന് വെടിയേറ്റു് പിടഞ്ഞു മരിക്കുന്നു. മീനാക്ഷി ശിക്ഷിക്കപ്പെടുന്നു.
മേനോന് സരസയെ വിവാഹം കഴിക്കുന്നു. അവരുടെ ആദ്യസന്താനത്തിനു് ബാലനെന്നു പേരിടുന്നു. മരണമടഞ്ഞ ബാലന്റെ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നതോടെ കഥ അവസാനിക്കുന്നു.
ഈ ചിത്രത്തിലെ നടീനടന്മാര് - കെ. എന്‍. ലക്ഷ്മിക്കുട്ടി, എം. കെ. കമലം, കെ. കെ. അരൂര്‍ (കുഞ്ചന്‍ നായര്‍ ), അലപ്പി വിന്‍സന്റു്, എ. ബി. പയസ്സു്, മാസ്റ്റര്‍ മദന്‍, ഗോപാല്‍, മിസ്സു് മാലതി, സി. ഓ. എന്‍. നമ്പ്യാര്‍, എം. വി. ശങ്കു, ഗോപിനാഥന് നായര്‍, പാറുക്കുട്ടി. ബോഡോഗുഷു്വാക്കര് എന്ന ജര്‍മ്മന്‍കാരനാണു് ക്യാമറാ കൈകാര്യം ചെയ്തതു്. സൗണ്ടു് റിക്കര്ഡു് ചെയ്തതു് പഞ്ചാബിയായ എന്‍ജിനിയര്‍ സര്ദാര്ജിയാണു്. മലയാളിയായ ശ്രീ വര്ഗ്ഗീസാണു് ഈ ചിത്രം എഡിറ്റു് ചെയ്തതു്. വര്‍ഗ്ഗീസു് ചെങ്ങന്നൂര്‍ സ്വദേശിയാണു്. ബാലനില്‍ 23 ഗാനങ്ങള്‍ ഉണ്ടായിരുന്നു. 1938 ഡിസംബറില്‍ ശ്യാമളാ പിക്ച്ചേസുകാര് വിതരണം ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തതു് കേരളീയനല്ലാത്ത ശ്രീ എസു്. നൊട്ടാണിയാണു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍