ശബ്ദസിനിമയിലേക്കു്
സാങ്കേതികവിദ്യയിൽ ഉള്ള ഒരു കുതിച്ചുചാട്ടം ആയിരുന്നു ശബ്ദരഹിത ചലച്ചിത്രങ്ങളിൽ നിന്നു ശബ്ദസഹിതചലച്ചിത്രങ്ങളിലേക്കുള്ള വിപ്ലവകരമായ പരിവർത്തനം. 1900 കളുടെ ആദ്യവർഷങ്ങളിലെന്നോ ചലനചിത്രങ്ങളിൽ ശബ്ദം സന്നിവേശിപ്പിക്കപ്പെട്ടിരുന്നു എങ്കിലും 1927ലാണു് ലോകത്തിൽ ആദ്യമായി സംസാരിക്കുന്ന ചലച്ചിത്രം അവതരിപ്പിക്കപ്പെട്ടതു്. 1927 ഒക്റ്റോബറിൽ ഒരു മുഴുനീള ശബ്ദസഹിത സിനിമ അവതരിപ്പിക്കപ്പെട്ടു. 'The Jazz Singer" എന്ന 89 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമ വാർണർ സഹോദരന്മാർ ആണു് ആ സിനിമ അവതരിപ്പിച്ചതു്. Vitaphone sound-on-disc എന്ന ശബ്ദലേഖനസാങ്കേതികവിദ്യ ആധാരമാക്കി അലൻ ക്രോസ്ലന്റ് എന്ന സംവിധായകൻ ആണു് ഈ സിനിമയെ തിരശ്ശീലയിൽ എത്തിച്ചതു്. 4.22 ലക്ഷം ഡോളർ മുതൽമുടക്കിൽ നിർമ്മിച്ച ഈ ചിത്രം വമ്പിച്ച വിജയമായി. 3.9 ദശലക്ഷം ഡോളർ ആയിരുന്നു ഈ സിനിമ സമ്പാദിച്ചതു്.
അതിനു് നാലു വർഷങ്ങൾക്കു ശേഷമാണു് ഇന്ത്യയിൽ നിശ്ശബ്ദചലച്ചിത്രകാലഘട്ടത്തിൽ നിന്നു് ശബ്ദചിത്രങ്ങളുടെ ലോകം തുറക്കപ്പെടുന്നതു് - 1931 മാർച്ചു് 14നു് ബോംബെ മജസ്റ്റിക് തീയേറ്ററിൽ പ്രദർശനമാരംഭിച്ച ‘ആലം ആറ’യോടെ. ആർദെഷിർ ഇറാനി (Ardeshir Irani; ഖാൻ ബഹാദൂർ ആർദെഷിർ ഇറാനി എന്നായിരുന്നു മുഴുവൻ പേരു്) എന്ന സുപ്രസിദ്ധനായ ഛായാഗ്രാഹക-സംവിധായകനാണു് Imperial Movietone എന്ന നിർമ്മാണക്കമ്പനിയുടെ ന്റെ ബാനറിൽ ‘ആലം ആറ’ അവതരിപ്പിച്ചതു്. അതേ വർഷം സെപ്റ്റംബർ 15നു് ഹനുമപ്പ മുനിയപ്പ റെഡ്ഡി എന്ന, H.M. റെഡ്ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന, ചലച്ചിത്രസംരംഭകൻ ഭക്തപ്രഹ്ലാദ തെലുങ്കുഭാഷയിൽ നിർമ്മിച്ചവതരിപ്പിച്ചു. ഒന്നര മാസത്തിനുശേഷം, 1931 ഒക്റ്റോബർ 31നു്, തമിഴിൽ ആർദെഷിർ ഇറാനി - റെഡ്ഡി കൂട്ടുകെട്ടിൽ ‘കാളിദാസ്’ പ്രദർശനത്തിനെത്തി. ബോംബെയിലെ ഇമ്പീരിയൽ ഫിലിം കമ്പനിയാണു് ആ തമിഴ് ചിത്രം നിർമ്മിച്ചതു്.
Alam Ara (1931)
|
അതിശയകരം എന്നു പറയാവുന്ന ഒരു വളർച്ചയായിരുന്നു ഇന്ത്യൻ സിനിമയ്ക്കു്, പിന്നീടുള്ള വർഷങ്ങളിൽ. സാധാരണക്കാരന്റെ വിനോദോപാധി എന്ന നിലയിൽ സിനിമകൾ രാജ്യവ്യാപകമായി അംഗീകരിക്കപ്പെട്ടു. ‘ദേവദാസ്’ എന്ന ഹിന്ദി ചിത്രം രാജ്യം മുഴുവൻ വിജയകരമായി പ്രദർശിപ്പിക്കപ്പെടുന്നതു് മുപ്പതുകളുടെ മദ്ധ്യഘട്ടത്തിലാണു്. ബോംബേ ടാക്കീസ്, പ്രഭാത് സ്റ്റുഡിയോ തുടങ്ങി പ്രമുഖസംരംഭങ്ങൾ ഉയർന്നു വന്നു.
എഴുതിയത് : കല്യാണി
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്