മലയാളക്കരയിലെ നിശ്ശബ്ദചിത്രനിർമ്മാണത്തിന്റെ ബാക്കിപത്രം
മലയാളസിനിമാചരിത്രത്തിലെ പ്രധാനനാഴികക്കല്ലായ ‘വിഗതകുമാരന്റെ’ നിർമ്മാതാവിനെയും അഭിനേതാക്കളെയും തേടിയെത്തിയതു് സാമ്പത്തികനഷ്ടം മാത്രമായിരുന്നില്ല. പൊതുസമൂഹം അവരോടു കാണിച്ചതു് അനീതി തന്നെ ആയിരുന്നു. ആ സിനിമയുടെ ഭാഗമായതിന്റെ പേരിൽ അവരിൽ ചിലരുടെ ജീവിതം പോലും മാറ്റിമറിക്കപ്പെട്ടു. മലയാളസിനിമയിലെ ആദ്യനായിക എന്ന പദവി കിട്ടേണ്ടിയിരുന്ന റോസി എന്ന വനിതയ്ക്കു് യാഥാസ്ഥിതികരായിരുന്ന നാട്ടുകാരുടെ രോഷം സ്വജീവിതത്തിൽ ഏറ്റു വാങ്ങേണ്ടി വന്നു. തിരുവന്തപുരം തൈക്കാടു് സ്വദേശിനിയായിരുന്ന അവരുടെ കുടിൽ നാട്ടുകാർ അഗ്നിക്കിരയാക്കി എന്നാണു് പറയപ്പെടുന്നതു്. ജീവിതം അവർക്കു തമിഴ്നാട്ടിലേക്കു പറിച്ചുമാറ്റേണ്ടി വന്നു. അവരെപ്പറ്റിയുള്ള ഒരു വിവരവും ശേഷിക്കുന്നില്ല എന്നതാണു് ഏറ്റവും ദയനീയമായ വസ്തുത. നിർമ്മാതാവായ ജെ. സി. ഡാനിയലിനാണെങ്കിൽ സിനിമാനിർമ്മാണത്തിന്റെ നഷ്ടം നികത്താൻ തന്റെ സ്റ്റുഡിയോയും അതിലെ ഉപകരണങ്ങളും ബാക്കി സ്വത്തുക്കൾ മുഴുവൻ തന്നെയും വിൽക്കേണ്ടി വന്നു. ജീവിതം തുടരുവാൻ ഒരു ദന്തിസ്റ്റായി തമിഴ്നാട്ടിലെ പാളയംകോട്ടയിലേക്കു മാറേണ്ടി വന്നു അദ്ദേഹത്തിനു്. വാർദ്ധക്യകാലത്തു് അദ്ദേഹത്തിന്റെ ജീവിതം വളരെ ദുഷ്കരമായിരുന്നു. മലയാളസിനിമയുടെ പിതാവു് എന്ന പദവി പിന്നീടു് (1992 മുതൽ) ഒരു തെറ്റു തിരുത്തൽ എന്നോണം നൽകപ്പെട്ടു എങ്കിലും ഒരു സമയത്തു് അവഗണനയുടെ അനുഭവങ്ങൾ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. തമിഴ്നാട്ടിലായിരുന്നു അദ്ദേഹം ജനിച്ചതു്, തമിഴ്നാട്ടിലായിരുന്നു താമസിച്ചതു് എന്ന സാങ്കേതികകാരണങ്ങളുടെ പേരിൽ അവശകലാകാരന്മാർക്കുള്ള അദ്ദേഹത്തിന്റെ പെൻഷൻ അപേക്ഷ പോലും നിരസിക്കപ്പെട്ടു. ക്ലേശഭരിതമായിരുന്ന ആ ജീവിതത്തിനു് അർഹിക്കുന്ന സാമ്പത്തികസഹായം ആവശ്യമുള്ള സമയത്തു നൽകാൻ നമ്മുടെ സമൂഹത്തിനു കഴിഞ്ഞില്ല എന്നതൊരു ദുഃഖമായി അവശേഷിക്കുന്നു. 1975 ൽ അദ്ദേഹം ലോകത്തോടു യാത്ര പറഞ്ഞു - അധികമാരാലും ഓർമ്മിക്കപ്പെടാതെ.

Vigathakumaran (1928)
|
‘വിഗതകുമാര‘നുമൊക്കെ വളരെ ശേഷം, പിൽക്കാലത്തു്, മലയാളസിനിമയിൽ വലിയ മുന്നേറ്റങ്ങളുണ്ടായി. ഒരു വർഷം നൂറോ നൂറ്റമ്പതോ സിനിമകൾ ഒക്കെ നിർമ്മിക്കപ്പെടുന്ന കാലം വന്നു. ധാരാളം പുരസ്കാരങ്ങളും ബഹുമതികളും മലയാളസിനിമയെ തേടിയെത്തി. പ്രതിഭാധനന്മാരായ ധാരാളം സിനിമാപ്രവർത്തകരും, അവർക്കു പിന്തുണയായി ധാരാളം നിർമ്മാതാക്കളും വിതരണക്കാരും ഉണ്ടായി. പക്ഷെ ഇതിന്റെയൊക്കെ തുടക്കത്തിൽ ബാലാരിഷ്ടതകൾ വളരെ നിറഞ്ഞ ഒരു കാലഘട്ടം ഉണ്ടായിരുന്നു എന്നും, അർപ്പണബോധവും അദ്ധ്വാനശീലവും മാത്രം കൈമുതലായിരുന്ന ഒരു പിടി ആൾക്കാരുടെ ആത്മതപസ്സായിരുന്നു ഈ ഉയർച്ചയ്ക്കു പിന്നിലെന്നും ഉള്ള യാഥാർത്ഥ്യം ആരും ഓർക്കാറില്ല. വിജയകരമായ പ്രസ്ഥാനങ്ങളുടെ അനുകർത്താക്കളാവുക എന്നല്ലാതെ പുതിയ പ്രസ്ഥാനങ്ങൾ തുടങ്ങിവെയ്ക്കുവാൻ ഉദ്യമിക്കുക, അല്ലെങ്കിൽ പുതിയ ഉദ്യമങ്ങൾക്കു് അർഹമായ പരിഗണനയോ സഹകരണമോ സഹായമോ നൽകുക എന്നൊരു ശീലം നമ്മുടെ സമൂഹത്തിനു ഒരു പക്ഷെ കുറവായിരിക്കാം പൊതുവെ.
എഴുതിയത് : കല്യാണി
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്