സാങ്കേതികമികവുകളുടെ കാലം
എഴുപതുകളുടെ കാലഘട്ടത്തിലാണു് ചലച്ചിത്രനിർമ്മാണത്തിന്റെ എല്ലാ മേഖലകളിലും കൂടുതൽ പ്രൊഫഷണലിസവും നിലവാരവും ഉണ്ടായിത്തുടങ്ങുന്നതു് എന്നു പറയാവുന്നതാണു്. ചിത്രങ്ങളുടെ സാങ്കേതികമേഖലയിലാണെങ്കിൽ മങ്കട രവിവർമ്മ, രാമചന്ദ്രബാബു, മധു അമ്പാട്ടു്, ഷാജി എൻ. കരുൺ, നിവാസ്, അശോക് കുമാർ, തുടങ്ങി ധാരാളം ഛായാഗ്രാഹകരും, രവി തുടങ്ങിയ ചിത്രസംയോജകരും, ദേവദാസിനെപ്പോലെയുള്ള ശബ്ദലേഖകരും പൂനാ, അഡയാർ ഫിലിം ഇൻസ്റ്റിട്യൂ ട്ടുകളിൽ നിന്നും അല്ലാതെയും രംഗത്തു വന്നു. കൂടാതെ, പ്രമേയഭദ്രത നിറഞ്ഞതും കഥാ,തിരക്കഥാ,സംഭാഷണ,സംവിധാന രംഗങ്ങളിൽ ഉന്നതമായ നിലവാരത്തിൽ ഊന്നി നിൽക്കുന്നതുമായ ‘മുഖ്യധാരാ’ ചിത്രങ്ങൾ എത്തിത്തുടങ്ങുന്നതും ഈ സമയങ്ങളിലാണു്. എ.വിൻസന്റ്, കെ.എസ്.സേതുമാധവൻ, പി.എൻ.മേനോൻ, ഹരിഹരൻ തുടങ്ങി സിനിമയിൽ നേരത്തെ തന്നെ ഉണ്ടായിരുന്നവരെ കൂടാതെ മോഹൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവർ വന്നതു് ഗുണപരമായ ധാരാളം മാറ്റങ്ങൾക്കു തുടക്കം കുറിച്ചു. പിന്നീടു് ബാലചന്ദ്രമേനോൻ, ജോഷി, ഐ.വി.ശശി തുടങ്ങിയ സംവിധായകരും പല നല്ല സിനിമകൾക്കും സാരഥ്യം വഹിച്ചു - ഇവരിൽ ചിലരൊക്കെ കൊമേർഷ്യൽ ചിത്രങ്ങളിലേക്കു പിന്നീടു് വഴുതി വീണെങ്കിലും. എം.ടിയുടെയും, പത്മരാജന്റെയും, ജോൺ പോളിന്റെയും ഒക്കെ തിരക്കഥകൾ ധാരാളം ചിത്രങ്ങൾക്കു് ശക്തമായ ചട്ടക്കൂടു നൽകി. പി.എ. ബക്കറിന്റെ മണിമുഴക്കത്തിലൂടെയാണു് ബഹുമുഖപ്രതിഭയായ നടൻ ശ്രീനിവാസൻ സിനിമാരംഗത്തെത്തുന്നതു്. ഇന്ത്യൻ സിനിമയിലെ എന്നല്ല ലോകസിനിമയിലെ തന്നെ ഒന്നാം നിര നടന്മാരുടെ നിരയിൽ പെടുന്ന തിലകൻ ‘ഉൾക്കടലി‘ലൂടെയാണു് സിനിമാരംഗത്തു വരുന്നതു് - 1979ൽ. ‘ഉൾക്കടലി‘ലൂടെ തന്നെ വേണു നാഗവള്ളിയും. അരവിന്ദന്റെ ‘തമ്പി’ലൂടെയാണു് ഇന്ത്യൻ സിനിമയിലെ തന്നെ ഉന്നതശീർഷനായ നെടുമുടി വേണുവും അനുഗ്രഹീതയായ അഭിനേത്രി ജലജയും സിനിമയിലെത്തുന്നതു്.
KG George
|
P Padmarajan
|
ഉദയ, നീല തുടങ്ങിയ പഴയകാല നിർമ്മാണക്കമ്പനികൾ വടക്കൻ പാട്ടിലേക്കും പുണ്യപുരാണ ചിത്രങ്ങളിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മഞ്ഞിലാസ്, ജയ്മാരുതി തുടങ്ങിയ ബാനറുകൾ സജീവമായിരുന്നെങ്കിലും എഴുപതുകളുടെ അവസാനമായപ്പോഴേക്കും അവരും പതിയെ നിർമ്മാണരംഗത്തു നിന്നും പിൻവാങ്ങുകയാണുണ്ടായതു്. 1976ൽ കുഞ്ചാക്കോയുടെ മരണത്തോടെ ‘ഉദയ’യുടെ പ്രവർത്തനം മന്ദീഭവിച്ചു. 1978ൽ പി.സുബ്രഹ്മണ്യത്തിന്റെ നിര്യാണത്തോടെ ‘നീലയും’ പിന്നീടു് ‘മെറിലാന്റും’ അതേ ഗതി തുടർന്നു. ഉദയ വർഷങ്ങളുടെ നിർജ്ജീവതയ്ക്കു ശേഷം 2009ൽ കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിൽ ‘ഉദയസൂര്യ ഹൈടെക് ഫിലിം സിറ്റി’ ആയി പുനരുജ്ജീവിക്കപ്പെടുന്നു എന്ന വാർത്തകൾ ഉണ്ടായിരുന്നു. അതുപോലെ തന്നെ മെറിലാന്റും സുബ്രഹ്മണ്യം കുമാറിന്റെ നേതൃത്വത്തിൽ നവീകരണത്തിന്റെ പാതയിലാണു് എന്നും വാർത്തകളുണ്ടായിരുന്നു. റ്റി.വി. സീരിയലിന്റെ രംഗത്താണെങ്കിൽപ്പോലും ആ ബാനറുകൾ വീണ്ടും സജീവമാവുന്നതു് ആശ്വാസകരം തന്നെ.
എഴുതിയത് : കല്യാണി