സർഗ്ഗധനരുടെ പ്രവേശം
മലയാളസിനിമയ്ക്കു് അതുല്യസംഭാവനകൾ ചെയ്ത ധാരാളം അഭിനേതാക്കളും അതികായന്മാരായ ധാരാളം എഴുത്തുകാരും സംവിധായകരും സംഗീതസംവിധായകരും, പിന്നണിഗായകരും സാങ്കേതികപ്രവർത്തകരും സിനിമയിലേക്കു കടന്നു വന്നതു് അറുപതുകളിലാണു്. ഗാനഗന്ധർവ്വൻ ശ്രീ യേശുദാസിന്റെ പിന്നണിഗാനരംഗത്തെ അരങ്ങേറ്റം 1962ലാണു്. (ശ്രീ എം. ബി. ശ്രീനിവാസന്റെ സംഗീത സംവിധാനത്തില്‍ യേശുദാസിന്റെ ആദ്യ ചലച്ചിത്രഗാനമായ 'ജാതിഭേദം മതദ്വേഷം...' റെക്കോർഡു ചെയ്യപ്പെട്ടതു് 1961, നവംബര്‍14 നു് ആണെങ്കിലും ചിത്രം പുറത്തിറങ്ങിയതു് 1962 ൽ ആണു് )
തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ. പൊറ്റക്കാടു്, കെ.റ്റി. മുഹമ്മദ്, കേശവദേവ്, എം.ടി. വാസുദേവൻ നായർ, മലയാറ്റൂർ രാമകൃഷ്ണൻ, വൈക്കം ചന്ദ്രശേഖരൻ നായർ, പാറപ്പുറത്തു്, കെ. സുരേന്ദ്രൻ, കെ.പത്മനാഭന് നായര്‍, ഇ.എം. കോവൂര്‍, കെ.എസ്.സേതുമാധവൻ, പി.എൻ.മേനോൻ, എൻ.എൻ.പിള്ള, തോപ്പിൽ ഭാസി, രാമു കാര്യാട്ടു്, ശശികുമാർ, എസ്. എൽ. പുരം സദാനന്ദൻ, മധു, സുകുമാരി, ഷീല, ശാരദ, അടൂർ ഭവാനി, ഗായകൻ ജയചന്ദ്രൻ, മെല്ലി ഇറാനി, ബാബുരാജ്, അർജ്ജുനൻ മാസ്റ്റർ, വിൻസന്റ് മാസ്റ്റർ, ശ്രീകുമാരൻ തമ്പി, എസ്. കെ. നായർ, എം. ഓ. ജോസഫ്, ബാബു സേഠ്, കാനം ഈ.ജെ., മുട്ടത്തു വർക്കി, മൊയ്തു പടിയത്തു്, ശാരംഗപാണി, എൽ.വിജയലക്ഷ്മി, പി.സുശീല, പി.ബി. ഉണ്ണി, എം.എസ്. മണി, എ. ബി. രാജ്, എന്‍.ഗോവിന്ദന്‍കുട്ടി, എൻ.എൻ.പിഷാരടി, എന്നിങ്ങനെ ധാരാളം പ്രധാനികൾ അറുപതുകളുടെ പല സമയങ്ങളിലായി ചലച്ചിത്രരംഗത്തു വന്നെത്തി.
|
|
പുതിയ നിർമ്മാതാക്കളും പുതിയ താരങ്ങളും പുതിയ കഥാകൃത്തുക്കളും പുതിയ അണിയറപ്രവർത്തകരും അങ്ങനെ മലയാള സിനിമാസപര്യകൾക്കു് വൈവിദ്ധ്യവും വൈപുല്യവും അതോടൊപ്പം പുതുമയും നൽകി. മറ്റു ദക്ഷിണേന്ത്യൻ ചിത്രങ്ങളെ അപേക്ഷിച്ചു് മുതൽമുടക്കിന്റെ കുറവും മുതൽമുടക്കു തിരിച്ചെടുക്കാൻ താരതമ്യേന കുറവു സമയം മതി എന്നതും മലയാളസിനിമയെ അതിനകം ആകർഷകമാക്കിയിരുന്നു. വർഷത്തിൽ നാലു സിനിമകൾ മാത്രം നിർമ്മിക്കപ്പെട്ട നാൽപ്പതുകളിൽ നിന്നു് അറുപതുകളായപ്പോഴേക്കും ഒരു മാസം മൂന്നോ നാലോ ചിത്രങ്ങൾ റിലീസാകുന്ന ഒരു ഘട്ടത്തിലേക്കു് മലയാളസിനിമ എത്തി. അറുപതുകളിൽ ആകെ 230ൽപരം സിനിമകൾ നിർമ്മിക്കപ്പെട്ടു. പ്രേക്ഷകരുടെ എണ്ണവും പ്രദർശനശാലകളുടെ എണ്ണവും പ്രദർശകരുടെ എണ്ണവും വർദ്ധിച്ചു. ജയമാരുതി, തങ്കം മൂവീസ്, ലോട്ടസ് പിൿച്ചേഴ്സ്, തോമസ് പിൿച്ചേഴ്സ്, സാവിത്രി പിൿച്ചേഴ്സ്, ഗിരി മൂവീസ്, ഗണേഷ് പിൿച്ചേഴ്സ്, കല്പനാ പ്രൊഡൿഷൻസ്, രൂപവാണി പിൿച്ചേഴ്സ്, വി,എസ്. പിൿച്ചേഴ്സ്, ചാരുചിത്രം, ചിത്രാജ്ഞലി, സര്‍ഗ്ഗം പിൿച്ചേഴ്സ്, ജമ്മു പിൿച്ചേഴ്സ് എന്നിങ്ങനെ വിതരണ, നിർമ്മാണക്കമ്പനികൾ ധാരാളം രംഗത്തു വന്നു.
എഴുതിയത് : കല്യാണി
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്‍