നവോദയയും ജനറൽ പിക്ചേഴ്സും
കുഞ്ചാക്കോയുടെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരൻ, ഉദയയുടെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്ന, അപ്പച്ചൻ എന്നറിയപ്പെട്ടിരുന്ന ശ്രീ എം.സി.പുന്നൂസ് (മാളിയമ്പുരയ്ക്കൽ ചാക്കോ പുന്നൂസ്) എറണാകുളം കാക്കനാട്ടു് ‘നവോദയ’ സ്റ്റുഡിയോ തുടങ്ങി. മലയാളസിനിമയ്ക്കു് അഭിമാനകരമായ പല പുതിയ സംരംഭങ്ങൾക്കും നവോദയ കാരണമായി. അപ്പച്ചന്റെ മകൻ ശ്രീ ജിജോ ആയിരുന്നു പലതിന്റെയും പ്രേരകഘടകം. ചെറുപ്പക്കാരെ മാത്രം അണിനിരത്തി നവോദയ നിർമ്മിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി‘ലൂടെയാണു് ഫാസിലും മോഹൻലാലും ശങ്കറും പൂർണ്ണിമാ ജയറാമും രംഗത്തെത്തിയതു്. ‘ചാണക്യ’നിലൂടെ സംവിധായകൻ രാജീവ്കുമാറും. ഇന്ത്യയിലെ ആദ്യത്തെ 3-ഡി ചിത്രം ‘ മൈ ഡീയർ കുട്ടിച്ചാത്തൻ’, ഇന്ത്യയിൽ വെച്ചു പൂർണ്ണമായി നിർമ്മിക്കപ്പെട്ട ആദ്യ 70 എം.എം ചിത്രം ‘പടയോട്ടം’, ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്കോപ് ചിത്രം ‘തച്ചോളി അമ്പു’ - ഇതെല്ലാം നവോദയ ആണു് നിർമ്മിച്ചതു്. അങ്ങനെ ഗണ്യമായ പല സംഭാവനകളും നൽകിയ ഒരു ബാനറായിരുന്നു ‘നവോദയ’.
എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളുടെ മദ്ധ്യം വരെയും മലയാളത്തിലെ നല്ല ചിത്രങ്ങൾക്കു പിന്നിൽ നിന്നതു് ‘അച്ചാണി രവി’ എന്നു് കലാലോകം വിളിക്കുന്ന ശ്രീ രവീന്ദ്രനാഥൻ നായരുടെ (രവി) ‘ജനറൽ പിക്ചേഴ്സ്’ ആയിരുന്നു. ചെമ്മീനിനു ശേഷം മലയാളസിനിമയെ ലോകസിനിമാഭൂപടത്തിൽ എത്തിച്ചതിന്റെ പിന്നിൽ നിന്നതു് ശ്രീ രവിയായിരുന്നു എന്നു നിസ്സംശയം പറയാം. ‘ആർട്ട്’ സിനിമ എന്നറിയപ്പെടുന്ന, വാണിജ്യപരമായ ഘടകങ്ങൾക്കപ്പുറം സിനിമയുടെ കലാപരമായ, സൃഷ്ടിപരമായ, സൌന്ദരാത്മ്യകമായ വശങ്ങൾക്കു് മുൻതൂക്കം കൊടുക്കുന്ന, പ്രസ്ഥാനത്തെ രണ്ടു ദശകത്തോളം സ്വന്തം കൈയാൽ താങ്ങിനിർത്തിയ ഒരു ‘ഒറ്റയാൾ പട്ടാളം’ എന്നു തന്നെ ശ്രീ രവിയെ വിശേഷിപ്പിക്കാം. അരവിന്ദന്റെയും അടൂരിന്റെയും ലോകോത്തരമായ പല ചിത്രങ്ങളും ശ്രീ രവിയുടെ നിർമ്മാണസന്നദ്ധത ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ സൃഷ്ടിക്കപ്പെടുമായിരുന്നോ എന്നു സംശയമാണു്. 1967ൽ ‘അന്വേഷിച്ചു കണ്ടെത്തിയില്ല‘ എന്ന ചിത്രവുമായി സിനിമാരംഗത്തെത്തിയ ശ്രീ രവി, 1968ൽ ലക്ഷപ്രഭു, കാട്ടുകുരങ്ങു് എന്ന രണ്ട് ചിത്രങ്ങൾ നിർമ്മിച്ചു. ഈ മൂന്നു ചിത്രങ്ങളും പി. ഭാസ്കരനാണു് സംവിധാനം ചെയ്തതു്. പിന്നീടു് ശ്രീ എ. വിൻസന്റിന്റെ സംവിധാനത്തിൽ 1973ൽ ‘അച്ചാണി’ എന്ന സിനിമ നിർമ്മിച്ചു. അടുത്ത രണ്ടു ദശകത്തിൽ അദ്ദേഹം കാഞ്ചനസീത, തമ്പു്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, എലിപ്പത്തായം, മഞ്ഞു്, മുഖാമുഖം, അനന്തരം, വിധേയൻ എന്നിങ്ങനെ 10 സിനിമകൾ നിർമ്മിച്ചു. ഇവയിൽ ഭൂരിഭാഗം ചിത്രങ്ങളും ദേശീയ, അന്തർദ്ദേശീയ ബഹുമതികൾ നേടിയെടുത്തു. തന്റെ ചിത്രങ്ങളുടെ സംവിധായകർക്കു് പരിപൂർണ്ണസ്വാതന്ത്ര്യത്തോടെ, വാണിജ്യപരമോ പ്രമേയപരമോ സാമ്പത്തികമോ ആയ ഒരു നിബന്ധനകളുമില്ലാതെ, സിനിമ സൃഷ്ടിക്കാനുള്ള അവസരമായിരുന്നു അദ്ദേഹം നൽകിയിരുന്നതു്. അത്തരം ജെനുസ്സിൽ പെട്ട നിർമ്മതാക്കൾ ഇനി ഉണ്ടായാൽ മലയാളസിനിമയുടെ ഭാഗ്യം എന്നു തന്നെ പറയണം. ‘അച്ചാണി രവി’ എന്നു് കലാലോകം വിളിക്കുന്ന ശ്രീ രവീന്ദ്രനാഥൻ നായരുടെ സൃഷ്ടിപരമായ ഇത്തരം പിന്തുണകൾക്കും സമാരംഭങ്ങൾക്കും ഉള്ള നന്ദിസൂചകമായി കേരളസർക്കാർ 2009ൽ അദ്ദേഹത്തിനു് ‘ജെ.സി.ഡാനിയൽ പുരസ്കാരം’ നൽകി ബഹുമാനിച്ചു.
Appachan
|
Priyadarsan
|
കൂടുതൽ യുവസംവിധായകരും അഭിനേതാക്കളും നിർമ്മാതാക്കളും സാങ്കേതികപ്രവർത്തകരും എൺപതുകളിൽ രംഗത്തു വന്നു. സത്യൻ അന്തിക്കാടു്, ഫാസിൽ, സിബി മലയിൽ, കമൽ, പ്രിയദർശൻ, സിദ്ദിക്, ലാൽ തുടങ്ങിയവർ സംവിധാനരംഗത്തും മമ്മൂട്ടി (പ്രധാനവേഷങ്ങളിൽ), മോഹൻലാൽ, ശങ്കർ, പൂർണ്ണിമാ ജയറാം, മുകേഷ്, ജഗദീശ്, തുടങ്ങിയവർ അഭിനയരംഗത്തും വേണു, സന്തോഷ് ശിവൻ തുടങ്ങിയവർ ഛായാഗ്രഹണരംഗത്തും ലോഹിതദാസ് തിരക്കഥാരംഗത്തും വന്നെത്തുന്നതു് ഈ സമയത്താണു്. അടൂർ ഗോപാലകൃഷ്ണന്റെ സൃഷ്ടികളിൽ വളരെ ഉന്നതം എന്നു കരുതപ്പെടുന്ന എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകൾ എന്നീ സിനിമകൾ, അരവിന്ദന്റെ എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്തു് എന്നിവയും മലയാളസിനിമയിലെ മുഖ്യധാരാചിത്രങ്ങളിൽ ഏറ്റവും പ്രധാനം എന്നു കരുതപ്പെടുന്ന കെ.ജി.ജോർജ്ജിന്റെ ‘യവനിക’യും എൺപതുകളിലാണു് പ്രദർശനശാലകളിൽ എത്തിയതു്. പത്മരാജന്റെ ‘കൂടെവിടെ’യും ഭരതന്റെ ‘അമരവും’ എൺപതുകളിലെ പ്രധാനസൃഷ്ടികളാണു്. ഷാജി എൻ. കരുൺ (പിറവി), ശ്രീനിവാസൻ (വടക്കുനോക്കിയന്ത്രം) എന്നിവർ സംവിധാനരംഗത്തു വന്നതും ഈ കാലയളവിലാണു്. ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിൽ വന്ന ‘കിരീടവും’ എം.ടി-ഹരിഹരൻ കൂട്ടുകെട്ടിൽ വന്ന ‘ഒരു വടക്കൻ വീരഗാഥ’യും മലയാളസിനിമാചരിത്രത്തിലെ അഭിമാനസ്തംഭങ്ങളാണു്.
എഴുതിയത് : കല്യാണി