കേരളത്തിലെ സിനിമാവിതരണക്കമ്പനികളുടെ ആവിർഭാവം:
ഒരു സിനിമ അതിന്റെ കഥാസങ്കല്പന, രൂപകല്പനദശ മുതൽ പ്രദർശനശാലയിൽ എത്തി പ്രേക്ഷകന്റെ മുൻപിൽ പ്രദർശിപ്പിക്കപ്പെടുന്നതു വരെ ധാരാളം കടമ്പകൾ കടക്കേണ്ടതുണ്ടു്. സിനിമാവിതരണം അതിൽ ഒരു പ്രധാനപങ്കു വഹിക്കുന്നു. നിശ്ശബ്ദസിനിമയുടെ കാലം മുതൽ കേരളത്തിൽ സിനിമാപ്രദർശനശാലകളുടെ എണ്ണത്തിൽ ഓരോ ദശകത്തിലും വന്നിരുന്ന വർദ്ധനവു് വളരെ ഗണ്യമായിരുന്നു. പക്ഷെ നാൽപ്പതുകളുടെ ആദ്യം വരെ സിനിമാവിതരണരംഗം മറുനാട്ടുകാരുടെ ഒരു കുത്തകയായിരുന്നു. തമിഴ്നാട്ടിലെ വിതരണക്കമ്പനികളാണു് കൂടുതലും ഉണ്ടായിരുന്നതു്. 1938-ൽ ഒരു തമിഴ് സിനിമ വിതരണത്തിനെടുത്തുകൊണ്ടു് ഈ രംഗത്തേക്കു് ആദ്യമായി കടന്നു വന്ന മലയാളി ശ്രീ കെ. വി. കോശിയായിരുന്നു. ‘ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി’ എന്ന പേരിൽ ഒരു വിതരണസ്ഥാപനം അദ്ദേഹം തുടങ്ങി. ആദ്യമൊക്കെ ധാരാളം തിരിച്ചടികൾ നേരിടേണ്ടി വന്നെങ്കിലും ശ്രീ കോശിയുടെ കഠിനാദ്ധ്വാനം കൊണ്ടു് ആ സ്ഥാപനം വളരെ വിജയകരമായി മുന്നോട്ടു പോവുകയും പിൽക്കാലത്തു് കേരളത്തിലെ ഒരു മുൻനിര ചലച്ചിത്രവിതരണസ്ഥാപനമായിത്തീരുകയും ചെയ്തു. പിന്നീടു്, ഏകദേശം ഒരു പതിറ്റാണ്ടിനു ശേഷം, കേരളത്തിലെ ആദ്യസിനിമാനിർമ്മാണ സ്റ്റുഡിയോ ആയ ‘ഉദയാ’യുടെ രൂപീകരണത്തിലും ശ്രീ കോശി ഭാഗമായിരുന്നു.
TE Vasudevan
|
ഒരു ചെറിയ കാലയളവിനുശേഷം കോട്ടയത്തു് ശ്രീ അഖിലേശ്വരയ്യർ ‘സ്വാമി’ ഫിലിംസ് എന്ന പേരിൽ ഒരു വിതരണക്കമ്പനി തുടങ്ങി. എറണാകുളം കേന്ദ്രമാക്കി ശ്രീ ടി. ഇ. വാസുദേവനും ചില സുഹൃത്തുക്കളും ചേർന്നു് ‘അസോഷ്യേറ്റഡ് പിക്ചേഴ്സ്’ എന്ന പേരിൽ മറ്റൊരു വിതരണക്കമ്പനിയും സ്ഥാപിച്ചു. മലയാളസിനിമയുടെ പിൽക്കാലവളർച്ചയിൽ അതിപ്രധാനമായ സ്ഥാനം വഹിച്ച സ്ഥാപനങ്ങളായിരുന്നു ഇവ എന്നതുകൂടാതെ മലയാളസിനിമയുടെ വികാസപരിണാമങ്ങളുടെ തുടക്കവും ഈ സ്ഥാപനങ്ങളിൽ നിന്നായിരുന്നു എന്നതു മറന്നു കൂടാ.
എഴുതിയത് : കല്യാണി
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്‍