ബാലനു ശേഷം - നാൽപ്പതുകളിലെ മലയാളസിനിമ
‘ബാലന്റെ’ ഗണ്യമായ വിജയത്തിനുശേഷം പിന്നെ രണ്ടുവർഷങ്ങളോളം മലയാളസിനിമകൾ ഒന്നും തന്നെ നിർമ്മിക്കപ്പെട്ടില്ല. 1940 ഏപ്രിൽ ഏഴിനു് പ്രദർശനത്തിനെത്തിയ ‘ജ്ഞാനാംബിക’യാണു് പിന്നെ പുറത്തുവന്നതു്. പ്രസിദ്ധസാഹിത്യകാരനും പ്രസിദ്ധമായ എൻ. ബി. എസ് മലയാളം നിഘണ്ടുവിന്റെ കർത്താവും പത്രപ്രവർത്തകനുമൊക്കെ ആയിരുന്നു ശ്രീ സി. മാധവൻപിള്ളയായിരുന്നു കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതു്. ശ്രീ അണ്ണാമലച്ചെട്ടിയാർ നിർമ്മാണവും എസ്. നൊട്ടാണി സംവിധാനവും. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതർ, കെ. കെ. അരൂർ, സി. കെ. രാജം, മാവേലിക്കര പൊന്നമ്മ തുടങ്ങി പ്രഗത്ഭരായ ഒട്ടനവധി അഭിനേതാക്കൾ ഉൾപ്പെട്ടിരുന്ന ഈ സിനിമ സാമ്പത്തികമായും വിജയമായിരുന്നു.
1941 ഓഗസ്റ്റ് 17നാണു് അടുത്ത ചിത്രം - പ്രഹ്ലാദ - പുറത്തിറങ്ങിയതു്. പ്രസിദ്ധ നർത്തകദമ്പതികളായിരുന്ന ഗുരു ഗോപിനാഥും ശ്രീമതി തങ്കമണി ഗോപിനാഥും, കൂടാതെ ശ്രീ റ്റി. കെ. ബാലചന്ദ്രനും ഒക്കെ പ്രത്യക്ഷപ്പെട്ട ഈ ചിത്രം നിർമ്മിച്ചതു് മദിരാശി കേന്ദ്രീകരിച്ചു രൂപീകരിച്ചിരുന്ന ‘യുണൈറ്റഡ് ആർടിസ്റ്റ് കോർപ്പറേഷൻ’ ആയിരുന്നു. പ്രസിദ്ധസാഹിത്യകാരൻ ആയിരുന്ന ശ്രീ എൻ. പി. ചെല്ലപ്പൻ നായർ ആയിരുന്നു സംഭാഷണം എഴുതിയതു്. കിളിമാനൂർ മാധവവാര്യർ ഗാനരചനയും വിദ്വാൻ വി. എസ്. പാർത്ഥസാരഥി അയ്യങ്കാർ സംഗീതവും നിർവ്വഹിച്ചു. സംവിധാനം ശ്രീ കെ. സുബ്രഹ്മണ്യനും.
പ്രഹ്ലാദയ്ക്കു ശേഷം ഏഴു വർഷം നീണ്ടു നിന്ന ഒരു നീണ്ട കാലയളവിൽ മലയാളസിനിമാനിർമ്മാണരംഗത്തു് ഒരു കാൽവെയ്പ്പോ കടന്നു വരവോ ഉണ്ടായില്ല എന്നതു് അദ്ഭുതകരം ആണു്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളോ, സ്വാതന്ത്ര്യസമരത്തിന്റെ പ്രതിഫലനങ്ങളോ അതിൽ എന്തെങ്കിലും പങ്കു വഹിച്ചിരുന്നോ എന്നതു് പഠിക്കേണ്ട വിഷയം തന്നെയാണു്. ഏതായാലും 1948 ഫെബ്രുവരി 25 നാണു് അടുത്ത സിനിമ പുറത്തിറങ്ങുന്നതു് - ‘നിർമ്മല’. മലയാളസംഗീതനാടകരംഗത്തു് അതുല്യസംഭാവനകൾ ചെയ്ത ആർട്ടിസ്റ്റ് പി. ജെ. ചെറിയാൻ, ശ്രീ എസ്. പി. വിൻസന്റ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊതുജനസഹകരണത്തോടെ ‘കേരള ടാക്കീസ്’ എന്ന പേരിൽ ഒരു സിനിമാനിർമ്മാണക്കമ്പനി രൂപവൽക്കരിച്ചു. കൊച്ചി രാജകുടുംബവും ഈ ഉദ്യത്തിൽ സഹകരിച്ചു എന്നു പറയപ്പെടുന്നു. കേരളത്തിന്റെ പല കോണിലുമുള്ള കലാകാരന്മാരെയും ഈ ഉദ്യമത്തിന്റെ പിന്നിൽ അണിനിരത്താൻ ശ്രീ ചെറിയാൻ ശ്രമിച്ചു. ഈ കമ്പനിയുടെ ആദ്യസംരംഭം ആയിരുന്നു ‘നിർമ്മല’.
ആർട്ടിസ്റ്റ് ചെറിയാന്റെ കുടുംബത്തിലെ പല അംഗങ്ങളും (മകൻ ജോസഫ് ചെറിയാൻ, മകന്റെ ഭാര്യ ബേബി ചെറിയാൻ, അദ്ദേഹത്തിന്റെ പെൺമക്കൾ) കൂടാതെ അദ്ദേഹത്തിന്റെ നാടകക്കമ്പനിയിലെ പല അഭിനേതാക്കളും ‘നിർമ്മല’യിൽ അഭിനയിച്ചു. ഈ സിനിമ ഭയങ്കരമായ സാമ്പത്തികത്തകർച്ചയിലാണവസാനിച്ചതു്. എങ്കിലും പല തുടക്കങ്ങളും ‘നിർമ്മല’ യിൽ ഉണ്ടായി. മലയാളത്തിലെ ശബ്ദചലച്ചിത്രരംഗത്തെ തദ്ദേശീയനായ ആദ്യ നിർമ്മാതാവു് എന്ന പദവി ആർട്ടിസ്റ്റ് പി. ജെ. ചെറിയാന്റേതാണു്. മഹാകവി ജി. ശങ്കരക്കുറുപ്പു് ഗാനരചന നിർവ്വഹിച്ച ആദ്യ ചലച്ചിത്രം. സാഹിത്യരംഗത്തെ മറ്റൊരു അതികായനായിരുന്ന ശ്രീ പുത്തേഴത്തു രാമമേനോൻ സംഭാഷണം എഴുതിയ ആദ്യചിത്രം. മലയാളിയായ ആദ്യ സംഗീതസംവിധായകൻ ഈ സിനിമയിൽ നിന്നായിരുന്നു എന്നു പറയാം - ശ്രീ ഇ ഐ. വാര്യർ. ഇതിലൊക്കെ ഉപരിയായി, മലയാളത്തിൽ ആദ്യമായി പിന്നണിസംഗീതം, അതായതു് ഗാനങ്ങൾ നേരത്തെ ശബ്ദലേഖനം ചെയ്തു് പിന്നീടു് സിനിമയിലേക്കു സന്നിവേശിപ്പിക്കുന്ന രീതി, അവതരിപ്പിക്കുന്നതു് ‘നിർമ്മല’യിലാണു്. ഈ ചിത്രത്തിന്റെ പിന്നണിയിൽ പാടിയ ശ്രീ ഗോവിന്ദ റാവു, ശ്രീമതി സരോജിനി മേനോൻ എന്നിവരാണു് മലയാളസിനിമയിലെ പ്രഥമ പിന്നണിഗായകർ. ഈ സാങ്കേതികവിദ്യയുടെ അവതരണത്തിനു വന്ന ഗണ്യമായ ചെലവാണു് ഈ സിനിമയെ ഭീമമായ സാമ്പത്തിക നഷ്ടത്തിലേക്കെത്തിച്ചതു് (രണ്ടു ലക്ഷത്തോളം രൂപ) എന്നു് പറയപ്പെടുന്നുണ്ടെങ്കിലും, ഈ തുടക്കങ്ങളുടെ പേരിൽ മലയാളസിനിമാചരിത്രത്തിൽ ‘നിർമ്മല’യ്ക്കു് എന്നും മുൻനിരയിൽ തന്നെ സ്ഥാനമുണ്ടാവും എന്നതു് തീർച്ച.

Guru Gopinath
|

TKB
|
‘നിർമ്മല’യ്ക്കുണ്ടായ സാമ്പത്തികനഷ്ടം മറ്റു നിർമ്മാതാക്കൾ ഈ രംഗത്തേക്കു വരുന്നതിനൊരു വിലങ്ങുതടിയായി എന്നൊരർത്ഥത്തിൽ പറയാം. പക്ഷെ ആലപ്പുഴ പുളിങ്കുന്നു (കുട്ടനാടു്) സ്വദേശിയായിരുന്ന ശ്രീ കുഞ്ചാക്കോ ഈ രംഗത്തേക്കു് കാൽവെയ്ക്കുവാൻ അതിനു മുമ്പു തന്നെ തീരുമാനിച്ചിരുന്നു. കുട്ടനാട്ടിൽ ആദ്യമായി ബോട്ട് സർവ്വീസ് തുടങ്ങിവെച്ച പുളിങ്കുന്നു് മാളിയമ്പുരയ്ക്കൽ മാണി ചാക്കോയുടെയും ഏലിയാമ്മയുടെയും മകനായിരുന്ന കുഞ്ചാക്കോ വിദ്യാഭ്യാസകാലത്തു തന്നെ ചലച്ചിത്രപ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. മലയാളത്തിൽ ചലച്ചിത്രം നിർമ്മിക്കുവാൻ മദിരാശിയോ സേലമോ അനിവാര്യമായിരുന്ന ഒരു അവസ്ഥയെപ്പറ്റിയാണു് അദ്ദേഹവും സമാനചിന്താഗതി ഉണ്ടായിരുന്ന മറ്റു ചില സുഹൃത്തുക്കളും ആലോചിച്ചിരുന്നതു്. അതിനകം തന്നെ ചലച്ചിത്രവിതരണക്കമ്പനി സ്ഥാപിച്ചിരുന്ന ശ്രീ കെ.വി കോശി, കുഞ്ചാക്കോയുടെ സുഹൃത്തായിരുന്ന ആലപ്പി വിൻസന്റ്, റ്റി വി തോമസ്, ചെട്ടികാട് ഹർഷൻ പിള്ള എന്നിങ്ങനെ പലരും ചേർന്നു് കേരളത്തിൽ ഒരു സ്റ്റുഡിയോ നിർമ്മിക്കാനുള്ള ആലോചനയിൽ എത്തിച്ചേർന്നു. അങ്ങനെയാണ് 1947-48 കാലയളവിൽ കേരളത്തിലെ ആദ്യത്തെ സിനിമാനിർമ്മാണ സ്റ്റുഡിയോ ആയ ‘ഉദയാ’
ആലപ്പുഴ പാതിരപ്പള്ളിയിൽ സ്ഥാപിതമാകുന്നത്. സകലസൌകര്യങ്ങളോടും കൂടെയല്ല സ്റ്റുഡിയോ തുടങ്ങിയതെങ്കിലും മലയാള സിനിമാവ്യവസായത്തെ തമിഴകത്തു നിന്നു് കേരളത്തിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഉദയാ സ്റ്റുഡിയോയുടെ പ്രവർത്തനം മലയാള സിനിമാചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായി കണക്കാക്കുന്നു.
ഉദയാ സ്റ്റുഡിയോയിൽ നിന്നും പൂർത്തിയായ ആദ്യചിത്രം ‘വെള്ളിനക്ഷത്ര’ മായിരുന്നു - 1949ൽ. കെ & കെ പ്രൊഡൿഷൻസ് എന്ന പേരിൽ കുഞ്ചാക്കോയും കെ. വി. കോശിയുമായിരുന്നു നിർമ്മാണം. ഫെലിക്സ് ജെ ബെയ്സെ എന്ന ജർമ്മൻകാരൻ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ കഥ ശ്രീ കുട്ടനാട്ടു രാമകൃഷ്ണപിള്ളയുടേതായിരുന്നു. സാമ്പത്തികമായി ഒരു പരാജയമായിരുന്നെങ്കിലും മലയാളചലച്ചിത്രാന്തരീക്ഷത്തിൽ ഒരു വെള്ളിരേഖ തന്നെയായിരുന്നു ഈ ചിത്രം. പ്രശസ്ത ഗാനരചയിതാവായിരുന്ന ശ്രീ അഭയദേവിനെയും പിന്നീടു് ദീർഘകാലം മലയാളസിനിമയിൽ തിളങ്ങി നിന്ന മിസ് കുമാരിയെയും സിനിമാമണ്ഡലത്തിലേക്കു കൊണ്ടുവന്നതു് ഈ സിനിമയായിരുന്നു. മിസ് കുമാരി പിന്നീട് ജനപ്രിയനായികയായി മറ്റനേകം ചിത്രങ്ങളിൽ അഭിനയിച്ചു്, മലയാളിയുടെ കണ്ണിലുണ്ണിയായി മാറി. ശ്രീ അഭയദേവ് പിന്നീടു് വളരെയധികം ചിത്രങ്ങൾക്കു് ഗാനരചനയും തിരക്കഥാരചനയും സംഭാഷണവും നിർവ്വഹിച്ചിരുന്നു. പ്രശസ്തസംഗീതസംവിധായകൻ ശ്രീ ചിദംബരനാഥ് സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യ മലയാളചിത്രവും ‘വെള്ളിനക്ഷത്ര’ മായിരുന്നു.

Kunchacko
|

Koshy
|
ഈ നാലു ചിത്രങ്ങളാണു് നാൽപ്പതുകളിൽ മലയാളചലച്ചിത്രരംഗത്തു് ജന്മമെടുത്തതു്. നാൽപ്പതുകളിൽ വിതരണരംഗത്തുണ്ടായ തദ്ദേശീയമായ കുതിപ്പുകളും ‘ഉദയാ’യുടെ വരവും മലയാളസിനിമയെ സംബന്ധിച്ചിടത്തോളം അതിപ്രധാന നാഴികക്കല്ലുകൾ തന്നെയാണു്. ഉദയായുടെ പ്രവർത്തനാരംഭം മലയാളികളായ മറ്റു സംരംഭകരെ ഈ രംഗത്തേക്കാകർഷിച്ചു എന്നതും സുപ്രധാനമാണു്. മലയാളസിനിമയുടെ അമ്പതുകളിലെ വികാസത്തിന്റെ തുടക്കം അതിൽ നിന്നായിരുന്നു.
എഴുതിയത് : കല്യാണി
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്