ചേര്‍ത്തല വാസുദേവക്കുറുപ്പു്, ജോസഫു്, ചെറിയാന്, മാത്തപ്പന്, ഭാസ്കരന് നായര്‍, രാഘവന്, എന്‍. എന്‍. പഞ്ചനാഥന്‍, പി. ജെ. ചെറിയാന്, പി. ജെ. വര്‍ക്കി, അന്തപ്പന്, എസു്. ജെ. ദേവു്, ബേബി, കുമാരി രാധ, അച്ചാമ്മ, കുട്ടിയമ്മ, ത്രേസ്യ, കമലമ്മ, വിമലമ്മ, ഗ്രേസി, ഗൗരിശാന്ത എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചു.
ഫിലിം ഡിസ്ട്രീബ്യൂട്ടിംഗു് കമ്പിനിയാണു് നിര്‍മ്മല കേരളത്തില്‍ വിതരണം നടത്തിയതു്.
തള്ളമരിച്ചുപോയ തന്റെ രണ്ടു് പെണ്‍കുട്ടികളായ നിര്‍മ്മലയും വിമലയുമൊത്തു് അരയന് ശങ്കരന് സഹോദരി കല്ല്യാണിയുമായി ഒരു ചെറിയ കുടിലില്‍ കഴിഞ്ഞുകൂടി. പകലന്തിയോളം കടലില്‍ വലവീശിക്കിട്ടുന്ന മത്സ്യം വിറ്റു ആ കുടുംബം പുലര്‍ന്നു പോന്നു. ഒരു ദിവസം കടലില്‍ പോയ ശങ്കരന് ഭയങ്കരമായ കൊടുങ്കാറ്റില്‍ പെട്ടു് മൃത്യുവിനിരയായി. കല്ല്യാണിയും കുട്ടികളും നിരാധാരരായി. നിത്യച്ചിലവുകള്ക്കുപോലും നിവൃത്തിയില്ലാതായ കുടുംബത്തെ രക്ഷിക്കുവാന്‍ നിര്‍മ്മല ചന്തയില്‍ നിന്നും മത്സ്യം വാങ്ങിക്കൊണ്ടു നടന്നു വിറ്റു തുടങ്ങി. പക്ഷെ യൗവ്വനയുക്തയായ നിര്മ്മലയ്ക്കു് വെറപൂണ്ട കാമകിങ്കരന്മാരില് നിന്നും നേരിടേണ്ടിവന്ന ശല്യം മൂലും അവള് മത്സ്യക്കച്ചവടം നിര്‍ത്തി തന്റെ കുടിലിനു് മുന്നില്‍ ഒരു പലഹാരക്കച്ചവടം തുടങ്ങി. വളര്‍ന്നു വന്ന വിമല വലിയ ആഡംബരപ്രിയയായി മാറി.
ഒരു ദിവസം തുണിക്കടയില്‍ കണ്ട സാരിയില്‍ വിമല ഭ്രമിച്ചുവശായി. അവള്‍ക്കു് അതു് എങ്ങിനെയെങ്കിലും കിട്ടണം. സഹോദരിയുടെ ആഗ്രഹം സാധിച്ചു കൊടുക്കുവാനുള്ള ചിന്തയില്‍ നിര്‍മ്മല മുഴുകി. അവരിരുവരും ചേര്‍ന്നു് കനകക്കുന്നില്‍ അത്തച്ചമയം കാണുവാന്‍ പോയി. മടങ്ങിവരുന്ന വേളയില്‍ ഓടിവരുന്ന ഒരു കാര്‍ കണ്ടു് ഭയന്ന വിമല കാനയില്‍ വീണു. അതോടെ അവളെ പനിയും ജ്വരവും ബാധിച്ചു. സാരി, സാരി എന്നു തന്നെയായി അവളുടെ നിലവിളി. സാരി വാങ്ങിക്കൊടുത്താല്‍ വിമലയുടെ രോഗത്തിനു ശാന്തി ലഭിക്കുമെന്നു് കരുതിയ നിര്‍മ്മല സാരി വാങ്ങുവാനായി കടയിലെത്തി. വില കേട്ടപ്പോള്‍ വിമല നടുങ്ങിപ്പോയി. വില്പ്പനക്കാരന് കാണാതെ സാരി കൈക്കലാക്കി കടയില്‍ നിന്നും പുറത്തിറങ്ങിയ നിര്‍മ്മലയെ കട ഉടമസ്ഥന് പിടികൂടി. അയാള്‍ വിവരം പോലീസിലറിയിച്ചു. തൊണ്ടിസഹിതം പ്രതിയെ കസ്റ്റഡിയിലെടുക്കുവാന്‍ വന്ന പോലീസു് സംഘത്തിലെ പ്രധാനി രഘുവായിരുന്നു.
നിര്‍മ്മല കേവലം ഒരു കള്ളിയായിരിക്കുകയില്ലെന്നു വിശ്വസിച്ച രഘു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. എല്ലാം വിസ്തരിച്ചു പറഞ്ഞ നിര്‍മ്മലയുടെ കഥ കേട്ട രഘുവിനു അവളോടു് സഹതാപം തോന്നി.
മോഷണക്കുറ്റം ചുമത്തി നിര്‍മ്മല ഒരു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ശുദ്ധഹൃദയനായ രഘു സാരി വാങ്ങി വിമലയ്ക്കു കൊടുത്തു. പക്ഷെ അവള് അധികനാള്‍ ജീവിച്ചില്ല. വിമലയുടെ ശവസംസ്ക്കാരത്തിനുള്ള ചിലവുകള്‍ പോലും രഘുവാണു് നിര്‍വ്വഹിച്ചതു്.
ജയിലില്‍ നിന്നു് വിമുക്തയായ നിര്‍മ്മല വിമലയുടെ മരണവാര്‍ത്ത അറിഞ്ഞു അതീവ ദുഃഖിതയായി. എങ്കിലും സാരി കിട്ടിയതിനു ശേഷമാണു് അവള് മരിച്ചതെന്നറിഞ്ഞപ്പോള് അവള്‍ക്കു കുറച്ചു സമാധാനമായി. രഘുവാണു് വിമലയ്ക്കു സാരി വാങ്ങിക്കൊടുത്തതെന്നരിഞ്ഞ നിര്‍മ്മലയ്ക്കു രഘുവിനോടു അളവറ്റ ബഹുമാനവും സ്നേഹവുമുണ്ടായി. രഘു നിര്മ്മലയോടു് അടുത്തു തുടങ്ങി.
ധനാഢ്യയായ മിസ്സിസു് രായനും മകള്‍ ലളിതയും നിര്‍മ്മലയുടെ കുടിലിനടുത്തുള്ള ബംഗ്ലാവിലാണു് താമസം. സംഗീതത്തില്‍ വാസനയുണ്ടായിരുന്ന നിര്‍മ്മല ലളിതയുടെ പാട്ടുമിസ്ട്രസ്സായി നിയമിക്കപ്പെട്ടു. നേവി ഉദ്യോഗസ്ഥനായ ബാലന്, മിസ്സിസു് രായന്റെ മകന്, അവധിയില്‍ നാട്ടിലെത്തി. ബാലനു നിര്‍മ്മലയില്‍ അതിരറ്റ സ്നേഹമുണ്ടായി. ബാലന്റെ സ്നേഹം അവള്‍ക്കു ഒരു പ്രശ്നമായി. പക്ഷെ മിസ്സിസു് രായന് തന്റെ ഉറ്റ ചങ്ങാതിയായ കുമാറിന്റെ മകളെ ബാലനെക്കൊണ്ടു വിവാഹം കഴിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. കുമാറിന്റെ മകള്‍ സുമിത്രയും ബാലനെ ഭര്‍ത്താവായി ലഭിക്കുന്നതു് ഇഷ്ടമായിരുന്നു.
പണക്കാരനല്ലാത്ത തന്നെ നിര്‍മ്മല സ്വീകരിക്കില്ലെന്നു കരുതിയ രഘു ഭ്രാന്തമാനസനായി. ബാലന് നിര്‍മ്മലയില്‍ നിന്നും അവളും രഘുവും തമ്മിലുള്ള പ്രേമബന്ധവും അടുപ്പവും മനസ്സിലാക്കി അന്നു മുതല്‍ അവന് നിര്‍മ്മലയെ സ്വസഹോദരി പോലെ കരുതി പോന്നു. ബാലന്റെ സഹായത്തോടുകൂടി രഘുവും നിര്‍മ്മലയുമായുള്ള വിവാഹം നടന്നു. ബാലന് സുമിത്രയെ തന്റെ ഭാര്യയായി സ്വീകരിക്കുകയും ചെയ്യുന്നതോടുകൂടി മലയാളത്തിലെ നാലാമത്തെ ചിത്രമായ നിര്‍മ്മലയുടെ കഥ അവസാനിക്കുന്നു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍