സിനിമാനിർമ്മാണം തെന്നിന്ത്യയിലേക്കു്
ബോംബെ, കൽക്കത്ത എന്നീ നഗരങ്ങൾക്കൊപ്പം തെന്നിന്ത്യയുടെ സിനിമാകേന്ദ്രമായി മദിരാശി വളർന്നു. വടക്കേ ഇന്ത്യൻ ആധിപത്യത്തിൽ കഴിഞ്ഞിരുന്ന സിനിമാ വ്യവസായരംഗത്തേക്കു് ദക്ഷിണേന്ത്യൻ നിർമ്മാതാക്കൾ കടന്നു വന്നു. അതു വരെ ബോംബെ, കൽക്കത്ത നഗരങ്ങളിലെ നിർമ്മാണശാലകളെ ആശ്രയിച്ചു മാത്രം നിർമ്മിക്കാൻ കഴിഞ്ഞിരുന്ന തെന്നിന്ത്യൻ സിനിമകളുടെ നിർമ്മാണ, സംവിധാനരംഗത്തേക്കു് ദക്ഷിണേന്ത്യക്കാർ തന്നെ എത്തിത്തുടങ്ങി. കോയമ്പത്തൂരെ വ്യവസായപ്രമുഖനായിരുന്ന സാമിക്കണ്ണു് (എസ്) വിൻസന്റ് ആണു് തമിഴിലെ ആദ്യത്തെ ചിത്രം നിർമ്മിക്കുന്ന തമിഴ്നാട്ടുകാരൻ. 1933 ലാണു് അദ്ദേഹം ശ്രീ പി.വി. റാവുവിന്റെ സംവിധാനത്തിൽ ‘വള്ളിത്തിരുമണം’ നിർമ്മിച്ചു പ്രദർശനത്തിനെത്തിക്കുന്നതു്. കൽക്കത്ത പയനിയർ ഫിലിം കമ്പനിയുമായി ചേർന്നു നടത്തിയ ഒരു സംയുക്തസംരംഭം ആയിരുന്നു എങ്കിൽ പോലും ആദ്യത്തെ തദ്ദേശീയനിർമ്മിത തമിഴ്സിനിമ എന്ന സ്ഥാനം ‘വള്ളിത്തിരുമണ‘ത്തിനു തന്നെ നൽകണം.
തിരുച്ചെങ്കോടു് രാമലിംഗം സുന്ദരം എന്ന ശ്രീ റ്റി. ആർ. സുന്ദരം 1935ൽ മോഡേൺ തീയേറ്റേഴ്സ് എന്ന പേരിൽ സേലത്തു് ഒരു സ്റ്റുഡിയോയും നിർമ്മാണശാലയും സ്ഥാപിച്ചതാണു് തെന്നിന്ത്യൻ സിനിമയുടെ പ്രാരംഭദശയിലെ ഒരു പ്രധാന നാഴികക്കല്ല്. 1935 മുതൽ എൺപതുകളുടെ ആദ്യപാദം വരെ 150ലേറെ ബഹുഭാഷാചിത്രങ്ങൾ മോഡേൺ തീയേറ്റേഴ്സ് നിർമ്മിച്ചു. തമിഴ്, കന്നഡ, മലയാളം, ഹിന്ദി, സിംഹളീസ് തുടങ്ങി ഇംഗ്ലീഷ് ഭാഷയിൽ വരെ ചിത്രങ്ങൾ നിർമ്മിച്ച ഈ നിർമ്മാണക്കമ്പനിക്കു് മലയാളസിനിമാ ചരിത്രത്തിലും ഒരു അപൂർവ്വമായ സ്ഥാനം ഉണ്ടു് എന്നതു് കൌതുകകരമായ ഒരു വസ്തുതയാണു് - മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ‘ബാലൻ’ എന്ന സിനിമയുടെ നിർമ്മാണപ്രവർത്തനം തുടങ്ങിവെച്ചതു് മോഡേൺ തീയേറ്റേഴ്സ് ആയിരുന്നു. സിനിമാനിർമ്മാണത്തെ ഒരു ബിസിനസ് സംരംഭം പോലെ കരുതുകയും അതിനാവശ്യമായ ബഡ്ജറ്റ് തയ്യാറാക്കലും, കണക്കു സൂക്ഷിക്കലും, ഷെഡ്യൂളിങ്ങ് തയ്യാറെടുപ്പുകളും എല്ലാം കൃത്യമായി ചെയ്തു പോന്നിരുന്ന അവരുടെ നിർമ്മാണരീതികൾ ഇന്നത്തെ സിനിമകൾക്കുപോലും മാതൃകയായിരുന്നു എന്നു തന്നെ പറയപ്പെടുന്നു. സിനിമാ അഭിനേതാക്കൾ ഉൾപ്പെടെ മിക്കവാറും എല്ലാ സിനിമാപ്രവർത്തകരെയും കരാർ അടിസ്ഥാനത്തിൽ മാസശമ്പളത്തിൽ അവർ നിയമിച്ചിരുന്നു എന്നതും കൌതുകകരമായ ഒരു വസ്തുതയാണു്.

SS Vasan
|

K Subramaniam
|

TR Sundaram
|
ശ്രീ എസ്. എസ്. വാസന്റേതാണു് തെന്നിന്ത്യൻ സിനിമയുടെ ബാല്യദശയിലെ അവിസ്മരണീയമായ മറ്റൊരു നാമധേയം. ഒരു ബഹുമുഖപ്രതിഭയായിരുന്ന, സുബ്രഹ്മണ്യൻ ശ്രീനിവാസൻ എന്ന ശ്രീ എസ്. എസ്. വാസൻ 1940 ലാണു് കെ. സുബ്രഹ്മണ്യൻ എന്ന തന്റെ സുഹൃത്തിന്റെ സിനിമാവിതരണസ്ഥാപനം വിലയ്ക്കു വാങ്ങി ‘ജെമിനി സ്റ്റുഡിയോ‘ എന്നു പുനർനാമകരണം ചെയ്യുന്നതു്. തമിഴ്, ഹിന്ദി സിനിമകളുടെ ലോകത്തു് ‘ജെമിനി’ സ്റ്റുഡിയോ ഒരു വലിയ പ്രസ്ഥാനം തന്നെയായി മാറി. എഴുപതുകളുടെ തുടക്കം വരെ ഒരു ജൈത്രയാത്ര തന്നെ ആയിരുന്നു അതെന്നതാണു സത്യം. ദേശീയ, അന്തർദ്ദേശീയകേന്ദ്രങ്ങളിൽ പ്രദർശനത്തിനെത്തിയ, ഒരു പക്ഷെ ഇന്ത്യയിലെ ആദ്യ രാജ്യവ്യാപകസൂപ്പർ ഹിറ്റ് എന്നു വിളിക്കാവുന്ന, ഒരു ചലച്ചിത്രമായിരുന്നു എസ്. എസ്. വാസന്റെ ‘ചന്ദ്രലേഖ’. താമസിയാതെ ബോംബെയ്ക്കൊപ്പമോ ഒരു പക്ഷെ അതിലും വലിപ്പം തോന്നുന്ന രീതിയിലോ ഉള്ള ഒരു സ്ഥാനം മദിരാശിക്കു ലഭിച്ചു. 1940കൾ ആയപ്പോഴേക്കും രാജ്യത്തുള്ളതിൽ പകുതിയിൽ കൂടുതൽ പ്രദർശനശാലകൾ തെന്നിന്ത്യയിൽ ഉണ്ടായി എന്നതാണു സത്യം.
എഴുതിയത് : കല്യാണി
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്