കേരളീയ സംഗീതം - ഉത്ഭവം , വളർച്ച
ബി വിജയകുമാര്‍ - എം എസ് ഐ ടീം
വേദകാലത്താണ് ഭാരതീയ സംഗീതം ഉത്ഭവിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത് . അതിനു മുമ്പ് സംഗീതം ഇല്ലായിരുന്നു എന്ന് ഇതിനു അർത്ഥമില്ല . പ്രകൃതിയിലെ ഓരോ നാദവും സംഗീതമാണ്. എന്നാൽ ഈ നാദത്തെ ചിട്ടപ്പെടുത്തി ശ്രവണ മധുരമായ രീതിയിൽ രൂപപ്പെടുത്തിയത് വേദ കാലം മുതല്ക്കായിരിക്കാം. സിന്ധു നദീതടത്തിൽ നടത്തിയ ഗവേഷണങ്ങൾ ഈ വസ്തുത സാക്ഷ്യപ്പെടുത്തുന്നു. 3000 വര്ഷതിലേറെ പഴക്കമുണ്ട് ഭാരതീയ സംഗീതത്തിനു. ഭാഷ, ദേശം, ജാതി, മതം, കുലം , തുടങ്ങിയ അതിർവരമ്പുകൾ സംഗീതത്തിനില്ല . പള്ളി മണികൾ, "വാങ്ക്" വിളികൾ, ക്ഷേത്രങ്ങളിലെ മന്ത്രോച്ചാര ണങ്ങൾ - ഇതെല്ലാം സംഗീതം തന്നെ. ശാഖകളായി തിരിഞ്ഞു സംഗീതം പുഷ്ടിപ്പെട്ടു - മാര്‍ഗ സംഗീതം,ദേശി സംഗീതം , സോപാന സംഗീതം , പ്രാകൃത സംഗീതം, രവീന്ദ്ര സംഗീതം, കർണാടക സംഗീതം , ഹിന്ദുസ്ഥാനി സംഗീതം, ബൌൾ സംഗീതം - എന്നിങ്ങനെ പല പേരുകളിൽ സംഗീത ശാഖകൾ വളർന്നു .
സോപാന സംഗീതമാണ് കേരളത്തിന്റെ തനതായ സംഗീതത്തിന്റെ ഏറ്റവും മികച്ച മുതല്ക്കൂട്ടു എന്ന് പറയാം. സോപാന സംഗീതത്തിൽ ശാസ്ത്രീയ സംഗീതവും മലയാള മണ്ണിന്റെ നാടൻ സംഗീതവും സമന്വയിക്കുന്നു എന്ന് പറയാം. കർണാടക സംഗീതം കേരളത്തിൽ വേരുറ യ്ക്കുന്നതിനു മുമ്പ് തന്നെ പ്രാചീന തമിഴ് സംഗീതത്തിന്റെ ഘടനയിലും രീതിയിലും നില നിന്നിരുന്ന കേരളീയ സംഗീതമാണ് സോപാന സംഗീതം . ക്ഷേത്രങ്ങളിലെ "സോപാന " ത്തിൽ (പടിക്കെട്ട്) നിന്ന് കൊണ്ട് പാടുന്നത് കൊണ്ടാണ് സോപാന സംഗീതം എന്നറിയപ്പെടുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ജയദേവരുടെ "ഗീത ഗോവിന്ദം " (അഷ്ടപദി ) ആണ് സോപാന സംഗീതത്തിൽ പാടി വരുന്നത്. പ്രാചീന സംഗീത ത്തിലെ പുറവലി ,സാമന്തമലഹരി, നള ത , തുടങ്ങിയ രാഗങ്ങളും കര്‍ണാടക സംഗീതത്തിലെ ദ്വിജാവന്തി , ഗൌളി പന്ത് , കേദാര പന്ത് തുടങ്ങിയ രാഗങ്ങളും സോപാന സംഗീതത്തിൽ ഉപയോഗിച്ച് വന്നു. ഇടയ്ക്ക , മദ്ദളം , തുടങ്ങിയ വാദ്യോപകരണങ്ങൾ സോപാന സംഗീതത്തിനു അകമ്പടി സേവിക്കുന്നു. കഥകളി സംഗീതം പിന്തുടരുന്നതും സോപാന സംഗീത ശൈലി തന്നെ. സോപാന സംഗീതവും കര്‍ണാടക സംഗീതവും കൂടി സംയോജിപ്പിച്ച ഒരു സങ്കര രീതിയാണ് പിൽക്കാലത്ത് കഥകളിക്ക് ആയി ഉപയോഗിച്ച് വരുന്നതായി അനുഭവപ്പെടുന്നത്.
പതിമ്മൂന്നാം നൂറ്റാണ്ടിലോ പതിന്നാലാം നൂറ്റാണ്ടിലോ ആയിരിക്കാം കേരളത്തിൽ തനതായ സംഗീത ശൈലി രൂപപ്പെട്ടു തുടങ്ങിയതു. . പതിന്നാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശം ഇതിനെ സാക്ഷ്യപ്പെടുത്തുന്നു . "അമരാധീശ ഗന്ധർവ " സംഘം കേരളത്തിൽ വന്നു വാദ്യാമൃതം അനുഭവിക്കുന്നതായി പ്രസ്തുത സന്ദേശ കാവ്യം രേഖപ്പെടുത്തുന്നു.
കേരളത്തിന്റെ തനതായ സുകുമാര കലകൾക്കും ആചാരനുഷ്ടാനങ്ങൾക്കും സംഗീതം അകമ്പടി സേവിച്ചു . ബ്രാഹ്മണ കന്യകമാർ മംഗല്യത്തിനു വേണ്ടി പാടി വന്ന അച്ചുകളിപ്പാട്ട് , ധനുമാസത്തിലെ ഊഞ്ഞാൽ പാട്ട് , കൈകൊട്ടി ക്കളിപ്പാട്ട് , ക്രിസ്തീയ സമുദായത്തിന്റെ പ്രത്യേകതയായ മാര്‍ഗം കളി , പന്തൽ പാട്ട് , എണ്ണ പട്ടു, അടുച്ചുതുറ പാട്ട് ; മുസ്ലിം സമുദായത്തിന്റെ മാപ്പിളപ്പാട്ട്, അങ്ങനെ പല പേരുകളിൽ സംഗീതം അതിന്റെ വൈവിധ്യ രൂപങ്ങൾ കേരളത്തിൽ പ്രചരിച്ചു. വില്ലടിച്ചാൻ പാട്ട് , കപ്പൽ പാട്ട്, കളം പാട്ട്, നന്തുണിപ്പാട്ട് , പുള്ളു വൻ പാട്ട് , ശാസ്താം പാട്ട്, തോറ്റം പാട്ട് , ചവിട്ടു നാടകം എന്നിങ്ങനെ എത്ര എത്ര മുഖങ്ങൾ കേരളീയ സംഗീതത്തിന് ?
ഈ സംഗീത ശാഖകൾ ഉത്ഭവിച്ചതിനെ കുറിച്ച് കാല നിർണയം നടത്തുക അതീവ ദുഷ്കരം. നേരത്തേ സൂചിപ്പിച്ചത് പോലെ പന്ത്രണ്ടാം നൂറ്റാണ്ടിലോ പതിമൂന്നാം നൂറ്റാണ്ടിലോ അതിനു ശേഷമോ ആയിരിക്കാം. ഈ സംഗീത ശൈലികളെല്ലാം കൂടുതൽ പുഷ്ടി പ്രാപിച്ചതും പ്രചാരം നേടിയതും സംഗീത നാടക ങ്ങളുടെ വരവോടെ ആണെന്ന് പറയുന്നതിൽ തെറ്റില്ല. പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യ വർഷങ്ങളിൽ രൂപമെടുത്തു വളര്‍ന്നു വന്ന സംഗീത നാടക പ്രസ്ഥാനം ഈ കേരളീയ സംഗീതത്തെ പ്രയോജനപ്പെടുത്തി സംഗീതത്തിൽ കൂടി കഥകൾ അവതരിപ്പിച്ചു വേദികളിൽ - സംഗീത നാടകങ്ങളായി. പിൽക്കാലത്ത് പി ജെ ചെറിയാൻ, സ്വാമി ബ്രഹ്മവ്രതൻ , പി എസ് വാരിയർ തുടങ്ങിയവർ ഈ പ്രസ്ഥാനത്തിൽ കൂടി സംഗീതത്തെ , കേരളീയ സംഗീതത്തെ കൂടുതൽ ജനകീയമാക്കി.
സംഗീത നാടകങ്ങളുടെ പിന്തുടര്ച്ചയായിരുന്നു സിനിമ - എല്ലാ ഭാഷകളിലും . മലയാളത്തിലും സ്ഥിതി വ്യത്യസ്ഥ മല്ല. എന്നാൽ ആരംഭകാല മലയാള സിനിമ സംഗീതത്തിൽ കൂടുതൽ പിന്തുടർന്നത് മലയാള സംഗീത നാടകങ്ങളെ അല്ലായിരുന്നു എന്ന് മാത്രം . അന്യ ഭാഷ ചിത്രങ്ങളിലെ ജനപ്രിയ ഈണങ്ങൾ അനുകരിക്കുന്നതിൽ സംഗീത സംവിധായകർ മത്സരിച്ചു എന്ന് വേണമെങ്കിൽ പറയാം. പ്രതിഭാ സമ്പന്നരായ സംഗീത സംവിധായകരല്ല ഇതിനു കാരണം. നിര്‍മാതാക്കളുടെ നിർബന്ധമാണ് ഇതിനു വഴിയൊരുക്കിയത്. അന്യ ഭാഷ ഈണങ്ങളിൽ "മലയാള " ഗാനങ്ങൾ പാടി ച്ച് ചിത്രങ്ങളെ വിജയിപ്പിക്കാനുള്ള ഒരു ശ്രമം, സാഹസം. പക്ഷെ ആ സാഹസം വിജയം കണ്ടോ ? ഇല്ല. "ബാലൻ " ൽ തമിഴ് ചിത്രങ്ങളായ "പതി ഭക്തി ', "തുക്കാറാം " ലെ ഈണങ്ങളും സൈഗാൾ പാടി ഹിറ്റ് ആക്കിയ ഹിന്ദി ഈണങ്ങളും സ്ഥാനം പിടിച്ചു. ജ്ഞാ നാംബിക യിൽ തെലുങ്ക് ചിത്രമായ "വന്ദേ മാതരം " ഹിന്ദി ചിത്രം "സ്ട്രീറ്റ് സിങ്ങർ " തുടങ്ങിയവയിലെ ഈണങ്ങൾ അനുകരിക്കപ്പെട്ടു. അനുകരണ ഈണങ്ങളുടെ ഒരു തുടർ കഥയായി മലയാള സിനിമ സംഗീതം. ഇതിനു ഒരു മാറ്റം കുറിച്ചു രാഘവൻ മാസ്റ്റർ 1954 ലെ "നീല കുയിൽ " ലെ മണ്ണിന്റെ മണമുള്ള നാടൻ ഈണങ്ങളിൽ കൂടി. "മലയാള സിനിമ " സംഗീതത്തിന്റെ , മലയാണ് മയുള്ള സിനിമ ഗാനങ്ങളുടെ തുടക്കം ഇവിടം മുതലാണെന്ന് പറയുന്നതിൽ തെറ്റില്ല. അതേ വർഷം റിലീസ് ആയ "സ്നേഹ സീമ" യിൽ കൂടി ദക്ഷിണാമൂർത്തി സ്വാമിയും ഇത് തെളിയിച്ചു - മൌലികമായ ഈണങ്ങളിൽ കൂടി.
പിന്നീടങ്ങോട്ട് മലയാള സിനിമ സംഗീതത്തിന്റെ സുവര്‍ണ കാലം. വയലാര്‍-ദേവരാജൻ കൂട്ട് കെട്ടിന്റെ ഉദയം. പ്രതിഭാസമ്പന്നരായ സംഗീത സംവിധായകരുടെ തേരോട്ടമായിരുന്നു പിന്നീടങ്ങോട്ട്.
എഴുതിയത് : ബി വിജയകുമാര്‍ - എം എസ് ഐ ടീം