മലയാളസിനിമ - ശബ്ദസിനിമയുടെ കാലഘട്ടങ്ങളിലേക്കു്..
‘വിഗതകുമാര‘നും ‘മാർത്താണ്ഡവർമ്മയ്ക്കും‘ ശേഷം മറ്റു നിശ്ശബ്ദസിനിമകൾ ഒന്നും മലയാളത്തിൽ ഉണ്ടായില്ല. അപ്പോഴേക്കും അന്യഭാഷകളിലെ ശബ്ദസഹിതചിത്രങ്ങൾ കുറേശ്ശെ തിരശ്ശീലയിൽ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു എന്നതു് അതിനൊരു കാരണം ആയിരുന്നിരിക്കാം. പക്ഷെ ശബ്ദസിനിമയുടെ നിർമ്മാണരംഗത്തേക്കു് മലയാളസിനിമ സ്വന്തമായി ചുവടു വെച്ചതു് പിന്നെയും അഞ്ചാറു വർഷങ്ങൾക്കു ശേഷമാണു് - 1938ൽ. ആ ഉദ്യമവും ഒരു മലയാളനാട്ടുകാരന്റെ സംരംഭമായല്ല ആരംഭിച്ചതു് എന്നതു് രസകരവും ശ്രദ്ധേയവുമാണു്. ശ്രീ റ്റി. ആർ. സുന്ദരത്തിന്റെ സേലം മോഡേൺ തീയേറ്റേഴ്സ് ആണു് മലയാളസിനിമയ്ക്കു് ആ വഴിത്തിരിവു് സമ്മാനിച്ചതു് - ‘ബാലൻ’ എന്ന സിനിമയുടെ നിർമ്മാണം തുടങ്ങുക വഴി.
പുണ്യപുരാണകഥകളോ ചരിത്രാഖ്യായികളോ ചലച്ചിത്രമാവുന്ന ഒരു സമ്പ്രദായത്തിൽ നിന്നു മാറി ചിന്തിച്ച ഒരു സിനിമ കൂടിയായിരുന്നു ‘ബാലൻ’. ‘വിധിയും മിസ്സിസ് നായരും’ എന്ന സ്വന്തം കഥ ചലച്ചിത്രമാക്കുക എന്ന ആഗ്രഹവുമായി നാഗർകോവിൽ സ്വദേശിയായ ശ്രീ എ. സുന്ദരം പിള്ള എന്ന ഒരു കലാകാരൻ മദിരാശിയിലേക്കു വണ്ടി കയറുന്നു. പല നിർമ്മാണക്കമ്പനികളെയും സമീപിച്ചെങ്കിലും ആരും സമ്മതം മൂളിയില്ല. ഒടുവിൽ സേലം മോഡേൺ തീയേറ്റേഴ്സിന്റെ ശ്രീ റ്റി. ആർ. സുന്ദരത്തിന്റെ സമ്മതം ലഭിക്കുന്നു. കേരളത്തിലെ തീയേറ്റർ ഉടമകളെക്കൂടി സമീപിച്ചു് ധനം സമാഹരിക്കുന്ന ഒരു പദ്ധതിയാണു് ശ്രീ റ്റി. ആർ. എസ് മുമ്പോട്ടു വെച്ചതു്. അതു് സഫലമായി. 1937 ആഗസ്റ്റ് 17 നു് സേലത്തെ മോഡേൺ തീയേറ്റേഴ്സിൽ ബാലന്റെ നിർമ്മാണം തുടങ്ങി. മലയാളസിനിമയിൽ ഒരു നാഴികക്കല്ലിനു് തുടക്കമിടുകയായിരുന്നു അവിടെ.
ശ്രീ സേവൿ റാം നൊട്ടാണി (എസ്. നൊട്ടാണി) ആയിരുന്നു സംവിധായകൻ. പിന്നീടു് മലയാള സിനിമയുടെ ‘അക്ഷരഗുരു’ എന്നു കേൾവികേട്ട ശ്രീ മുതുകുളം രാഘവൻപിള്ള എന്ന അതുല്യപ്രതിഭയായിരുന്നു തിരക്കഥ, സംഭാഷണം എന്നിവ എഴുതിയതു്. കെ. കുഞ്ഞുനായർ എന്ന ശ്രീ കെ. കെ. അരൂർ നായകകഥാപാത്രമായി അഭിനയിച്ചു. ശ്രീമതി എം. കെ. കമലം നായികയായും (കോട്ടയം കുമരകം സ്വദേശിനി; കുമരകം മങ്ങാട്ടു് കൊച്ചുപണിക്കരുടെ മകൾ). 23ഓ 24ഓ ഗാനങ്ങളായിരുന്നു ഈ സിനിമയിൽ ഉണ്ടായിരുന്നതു്. മിക്ക ഗാനങ്ങളും അതിനു മുൻപിറങ്ങിയ ഹിന്ദി, തമിഴ് ഗാനങ്ങളെ അനുകരിച്ചു്, അല്ലെങ്കിൽ ആ ഈണങ്ങളൊപ്പിച്ചു്, രചിക്കപ്പെട്ടവ. ശ്രീ മുതുകുളം തന്നെയായിരുന്നു ഗാനരചനയും. സംഗീതം ശ്രീ കെ. കെ. അരൂർ, ശ്രീ ഇബ്രാഹിം എന്നിവർ നിർവ്വഹിച്ചു. പിന്നണി പാടി പ്രത്യേകമായി ശബ്ദലേഖനം ചെയ്യുന്ന സമ്പ്രദായം അന്നു നിലവിൽ വന്നിരുന്നില്ല. അതിനാൽ അഭിനേതാക്കൾ തന്നെയായിരുന്നു പാടിയിരുന്നതു്. കെ. എൻ. ലക്ഷ്മി, കെ. കെ. അരൂർ, എം. കെ. കമലം, മാസ്റ്റർ മദനഗോപൻ എന്നിവരായിരുന്നു ഗായകർ.

Muthukulam
|
‘ബാലൻ’ സിനിമയുടെ നിർമ്മാണത്തെക്കുറിച്ചു് രണ്ടു ഭാഷ്യങ്ങളുണ്ടു്. എ. സുന്ദരവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നു് റ്റി. ആർ. സുന്ദരം നിർമ്മാണത്തിന്റെ പാതിവഴിയിൽ വെച്ചു് പിന്മാറി എന്നും അതിനുശേഷം എ. സുന്ദരം നിർമ്മാണം സ്വയം പൂർത്തിയാക്കി എന്നൊരു ഭാഷ്യവും, അതല്ല അഭിപ്രായവ്യത്യാസത്തെത്തുടർന്നു് എ. സുന്ദരമാണു പിന്മാറിയതു് എന്നു് മറ്റൊരു ഭാഷ്യവും ചില രേഖകളിൽ കാണുന്നു. രണ്ടാമത്തേതാകാനാണു് സാദ്ധ്യത - കാരണം നിർമ്മാതാവായി എല്ലാ രേഖകളിലും കാണുന്നതു് ശ്രീ റ്റി. ആർ. സുന്ദരത്തിന്റെ പേരാണു്. ഏതായാലും 1937 ഡിസംബറിൽ നിർമ്മാണം പൂർത്തിയായി. 1938 ജനുവരി 10 നു് ശ്യാമള പിക്ചേഴ്സിന്റെ വിതരണത്തിൽ ചിത്രം പ്രദർശനത്തിനെത്തി.
ബാലൻ വാണിജ്യപരമായി ഒരു വൻവിജയം ആയിരുന്നു. ആദ്യമലയാളശബ്ദചിത്രം എന്ന ഖ്യാതിയിൽ മലയാളക്കരയിൽ അങ്ങോളമിങ്ങോളം വൻ സ്വീകരണമാണു് ‘ബാലനു’ ലഭിച്ചതു്. ബഡൊ ഗുഷ്വാക്കർ (Bado Gushwalker) എന്ന ജർമ്മൻ ഛായാഗ്രാഹകന്റെ മനോഹരമായ ഫ്രെയിമുകളും മോഡേൺ തീയേറ്റേഴ്സിലെ കൂറ്റൻ സെറ്റുകളും ഈശ്വർ സിംഗിന്റെ ശബ്ദലേഖനവും വർഗീസിന്റെ ചിത്രസംയോജനവും എല്ലാം കാണികൾ അതീവസന്തോഷത്തോടെ സ്വീകരിച്ചു. ഈ ചിത്രം നിർമ്മാതാവിനു് ഗണ്യമായ സാമ്പത്തികലാഭം നൽകിയിട്ടു പോലും ‘ബാലൻ‘ റിലീസായി രണ്ടു വർഷങ്ങൾക്കു ശേഷം 1940ലാണു് അടുത്ത സിനിമ മലയാളത്തിൽ ഇറങ്ങിയതു്. വൻ മുടക്കുമുതലിൽ അന്നൊക്കെ പ്രദർശിക്കപ്പെട്ടിരുന്ന തമിഴ്, തെലുങ്കു് സിനിമകളുടെ വെള്ളിവെളിച്ചത്തിൽ മലയാളസിനിമ നിലനിൽക്കുമോ എന്ന ധൈര്യക്കുറവാകാം, ഒരു പക്ഷെ, അതിനു പിന്നിൽ പ്രവർത്തിച്ച ഘടകം. അല്ലെങ്കിൽ മലയാളികളല്ലാത്ത നിർമ്മാതാക്കൾ മലയാളസിനിമാനിർമ്മാണത്തിനു് പ്രാമുഖ്യം നൽകാഞ്ഞതുമാവാം.
എഴുതിയത് : കല്യാണി
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്