വിതരണ, നിർമ്മാണരംഗങ്ങളിലെ വൻസംരംഭങ്ങൾ:
ജീവിതനൌകയുടെ വിജയം കൂടുതൽ സംരംഭങ്ങൾക്കു വഴിയൊരുങ്ങി എങ്കിലും ആ സിനിമയിലെ കഥാതന്തുവും കഥാഗതിയും - സിനിമാസംബന്ധിയായ ഭാഷയിൽ പറഞ്ഞാൽ ‘ഫോർമുല’ - പിന്നീടുള്ള പല സിനിമകളിൽ ആവർത്തിക്കപ്പെട്ടു എന്നൊരു ദുര്യോഗവും ഉണ്ടായി. എങ്കിലും അക്കാലത്തെ പുരോഗമന, രാഷ്ട്രീയചിന്താഗതികളെ പ്രതിഫലിപ്പിച്ചിരുന്ന ‘നവലോകം’ പോലുള്ള ചിത്രങ്ങളും പ്രദർശനത്തിനെത്തി. ശ്രീ പൊൻകുന്നം വർക്കി സിനിമാലോകത്തെത്തുന്നതു് ‘നവലോക’ത്തിലൂടെയാണു്. കൈരളി പ്രൊഡൿഷൻസ്, വി അന്റ് സി പ്രൊഡൿഷൻസ്, സ്റ്റാർ കംബൈൻസ്, ജയഭാരത് പിൿചേഴ്സ് തുടങ്ങിയ നിർമ്മാണക്കമ്പനികളും, ചെറുതും വലുതുമായ ഒട്ടേറെ വിതരണസ്ഥാപനങ്ങളും ഉടലെടുത്തു. കോട്ടയം കേന്ദ്രമാക്കി ശ്രീ എൻ. എക്സ്. ജോർജ്ജ് സ്ഥാപിച്ച ‘ജിയോ’ പിൿചേഴ്സ് ഇതിൽ പ്രധാനപ്പെട്ട ഒരു സ്ഥാപനമായിരുന്നു.
P Subramaniam
|
ഇവർക്കിടയിൽ രണ്ടു നിർമ്മാതാക്കൾ വളരെ കരുത്തുറ്റവരായി മാറി. എറണാകുളം കേന്ദ്രമാക്കിയ അസ്സോഷ്യേറ്റഡ് പിൿചേഴ്സിന്റെ ശ്രീ റ്റി. ഇ. വാസുദേവനും തിരുവനന്തപുരത്തു് നീലാ പ്രൊഡൿഷൻസിന്റെ ശ്രീ പി. സുബ്രഹ്മണ്യവും. പി. സുബ്രഹ്മണ്യത്തിന്റെ ‘മെറിലാന്റ്’ സ്റ്റുഡിയോ ആണു് കേരളത്തിലെ രണ്ടാമത്തെ സിനിമാനിർമ്മാണസ്റ്റുഡിയോ. തിരുവനന്തപുരത്തിനടുത്തു് നേമത്തു് രണ്ടു ഫ്ലോർ സ്റ്റുഡിയോയും ഒരു ക്യാമറായുമായി 1951ൽ തുടങ്ങിയ ഈ നിർമ്മാണക്കമ്പനി 70കളുടെ അവസാനം വരെ 69 ചിത്രങ്ങൾ നിർമ്മിച്ചു - 1952ൽ ‘ആത്മസഖി” മുതൽ 1979ൽ “ഹൃദയത്തിന്റെ നിറങ്ങൾ” വരെ. പുണ്യപുരാണചിത്രങ്ങൾ മുതൽ ‘രണ്ടിഴങ്ങഴി‘ പോലെ പുരോഗമനാശയമുള്ള സിനിമകൾ വരെ അദ്ദേഹം നിർമ്മിച്ചിരുന്നു. ഉദയായുമായി ഒരു ആരോഗ്യകരമായ മത്സരം എന്നും പുലർത്തിയ നീലാ പ്രൊഡൿഷൻസ് മലയാളചലച്ചിത്രരംഗത്തിന്റെ വികാസപരിണാമങ്ങളിൽ സുപ്രധാനമായ ഒരു പങ്കു വഹിച്ചു. ഒട്ടേറെ പുതുമുഖങ്ങളെ സുബ്രഹ്മണ്യൻ മുതലാളി തിരശ്ശീലയ്ക്കു മുന്നിലും പിന്നിലും അവതരിപ്പിച്ചു. മലയാളികൾക്കു മറക്കാനാവാത്ത സത്യൻ, തിരുനയിനാർക്കുറിച്ചി മാധവൻ നായർ, ബ്രദർ ലക്ഷ്മൺ, കെ. പി. കൊട്ടാരക്കര, കമുകറ പുരുഷോത്തമൻ, ശ്രീകുമാരൻ തമ്പി, ദേവരാജൻ മാസ്റ്റർ എന്നിങ്ങനെ ഒട്ടേറെ പ്രമുഖർ നീലയുടെ ബാനറിലൂടെ സിനിമയുടെ ലോകത്തെത്തിയവരാണു്.
ശ്രീ റ്റി. ഇ. വാസുദേവൻ ആണെങ്കിൽ അസ്സോഷ്യേറ്റഡ് പ്രൊഡൿഷൻസ്, ജയ് മാരുതി പ്രൊഡൿഷൻസ്, ജയ് ജയ പ്രൊഡൿഷൻസ് എന്നീ ബാനറുകളുടെ കീഴിൽ ആയിരത്തോളം സിനിമകൾ വിതരണം ചെയ്തു, അമ്പതോളം സിനിമകൾ നിർമ്മിച്ചു. ജഗതി എൻ. കെ. ആചാരി, ഉറൂബ്, നാഗവള്ളി ആർ.എസ്.കുറുപ്പു്, പൊൻകുന്നം വർക്കി, എസ്.എൽ.പുരം സദാനന്ദൻ, തോപ്പിൽ ഭാസി, എം.കൃഷ്ണൻ നായർ, ദക്ഷിണാമൂർത്തിസ്വാമി, ശ്രീകുമാരൻ തമ്പി തുടങ്ങിയവരായിരുന്നു ശ്രീ വാസുദേവന്റെ കൂടുതലും സിനിമകളുടെ അണിയറശിൽപ്പികൾ. അദ്ദേഹം നിർമ്മിച്ച സ്നേഹസീമ, നായർ പിടിച്ച പുലിവാൽ, പുതിയ ആകാശം പുതിയ ഭൂമി, കാവ്യമേള, എഴുതാത്ത കഥ എന്നീ സിനിമകൾക്കു് ദേശീയ അവാർഡ് ലഭിച്ചു.
എഴുതിയത് : കല്യാണി
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്