മണ്ണിന്റെ മണമുള്ള കഥകളിലേക്കുള്ള മാറ്റവും ബഹുമുഖപ്രതിഭകളുടെ രംഗപ്രവേശവും:
മലയാളസിനിമയുടെ ബാലാരിഷ്ടതകൾ മാറിവന്ന, ആരോഗ്യകരമായ ഒരു വളർച്ചയുടെ ഒരു കാലഘട്ടമായിരുന്നു അൻപതുകൾ. നാൽപ്പതുകളിലെ നാലുസിനിമകളിൽ നിന്നു് വിഭിന്നമായി അൻപതുകളിൽ അറുപത്തിയെട്ടു സിനിമകളാണു് (ഡബ്ബിംഗ് ചിത്രങ്ങളും, റിലീസ് ചെയ്യപ്പെടാത്തവയുമുൾപ്പെടെ) നിർമ്മിതമായതു്. പ്രതിഭാധനരായ പല വ്യക്തികളും കലാകാരന്മാരും സിനിമാരംഗത്തേക്കു വന്നു തുടങ്ങിയതു് ഈ കാലഘട്ടത്തിലാണു്. കൂടുതൽ നിർമ്മാതാക്കൾ മുതൽമുടക്കാൻ തയ്യാറായി. ഈ വളർച്ചയിൽ ഉദയാ സ്റ്റുഡിയോയുടെ പങ്കു് നിസ്തുലം തന്നെ ആയിരുന്നു. ഒരു തരം നിശ്ചലാവസ്ഥയിൽ ആയിരുന്ന മലയാളസിനിമാനിർമ്മാണരംഗത്തിനു് ഒരു പുത്തനുണർവ്വും ഊർജ്ജവും നൽകിത്തുടങ്ങിയതു് ഉദയായും കെ. വി. കോശി-കുഞ്ചാക്കോ കൂട്ടുകെട്ടുമാണു്. ‘വെള്ളിനക്ഷത്ര’ത്തിനു ശേഷം ആ കൂട്ടുകെട്ടിൽ പുറത്തുവന്ന ‘നല്ലതങ്ക’ കുടുംബചിത്രങ്ങളുടെ നിർമ്മാണത്തിനു തുടക്കം കുറിച്ചു. പുരാണ ചരിത്ര സംഗീതനാടകങ്ങളുടെ ചുവടുപിടിച്ച് നിർമ്മിച്ചിരുന്ന ചിത്രങ്ങളിൽ നിന്ന് പച്ചജീവിതത്തിന്റെ നേർക്കാഴ്ചകളിലേക്ക് മലയാളസിനിമ ഇറങ്ങിവന്നതു് ഇക്കാലം മുതലാണു്. ശ്രീ മുതുകുളം രാഘവൻപിള്ളയെ വീണ്ടും രംഗത്തുകൊണ്ടു വന്നതും നാടകനടന്മാരും ഗായകരുമൊക്കെ ആയിരുന്ന അഗസ്റ്റിൻ ജോസഫ്, വൈക്കം മണി തുടങ്ങിയവരെ അവതരിപ്പിച്ചതും കെ. വി. കോശി-കുഞ്ചാക്കോകൂട്ടുകെട്ടാണു്. പിൽക്കാലത്തു് സംഗീതസംവിധാനമേഖലയ്ക്കു് ഒരു ദിശാബോധം നൽകിയ ശ്രീ ദക്ഷിണാമൂർത്തിസ്വാമിയെ ചലച്ചിത്രരംഗത്തു കൊണ്ടു വന്നതും ഇവർ
തന്നെ. ജനപ്രിയമായ ഹിന്ദി-തമിഴ് ഗാനങ്ങളുടെ ഈണത്തിലും ശീലിലും പാട്ടുകൾ ഒരുക്കുക എന്ന രീതിക്കു് ഒരു മാറ്റം കൊണ്ടുവന്നതു് ദക്ഷിണാമൂർത്തിയും തൊട്ടുപിന്നാലെ രംഗത്തു വന്ന കെ. രാഘവൻ മാസ്റ്ററും, നേരത്തെ തന്നെ രംഗത്തുണ്ടായിരുന്ന ചിദംബരനാഥുമൊക്കെ ചേർന്നാണു്.

Thikkurissi
|

P Bhaskaran
|
തിരശ്ശീലയ്ക്കു മുന്നിലും പിന്നണിയിലുമായി അൻപതുകളിൽ രംഗത്തുവന്നവരിൽ മഹാരഥന്മാരായ ധാരാളം കലാകാരന്മാരുണ്ടായിരുന്നു. മലയാളസിനിമയിലെ ആദ്യത്തെ സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിക്കാവുന്ന സകലകലാവല്ലഭനായിരുന്ന തിക്കുറിശ്ശി സുകുമാരൻ നായർ, അതുല്യനായ കൊട്ടാരക്കര ശ്രീധരൻ നായർ, ആറന്മുള പൊന്നമ്മ, തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന, പിന്നീടു് ഉത്തരേന്ത്യ ഉൾപ്പെടെ ഇന്ത്യൻ കലാരംഗം ആകെ കീഴടക്കിയ, ലളിത-പദ്മിനി-രാഗിണിമാർ, അഭിനയരംഗത്തു് ലോകറെക്കോഡിട്ട പ്രേംനസീർ, അദ്വിതീയരായ എസ്. പി. പിള്ള, അടൂർ ഭാസി, ബഹദൂർ, ടി.എസ്. മുത്തയ്യ, അടൂർ പങ്കജം തുടങ്ങിയ അഭിനേതാക്കളും, പി.ലീല, കവിയൂർ രേവമ്മ, മെഹബൂബ്, എന്നിങ്ങനെ പലഅനുഗ്രഹീത ഗായകരും ഈ കാലഘട്ടത്തിലാണു് സിനിമാരംഗത്തെത്തുന്നതു്. ഗാനരചയിതാവായി മാത്രമല്ല മലയാളസിനിമാരംഗത്തെ വിപ്ലവകരമായ പല സംരംഭങ്ങളുടെയും ശക്തിസ്രോതസ്സായി നിന്നിരുന്ന പി. ഭാസ്കരൻ മാസ്റ്ററും, വയലാർ രാമവർമ്മയും, ഓ.എൻ.വി. കുറുപ്പും ഈ സമയത്തു തന്നെയാണു് സിനിമയിൽ എത്തിയതു്.
1951ൽ കെ ആന്റ് കെ പ്രൊഡക്ഷൻസ് ബാനറിൽ പുറത്തിറങ്ങിയ ‘ജീവിതനൌക’ അന്നത്തെക്കാലത്തു് മലയാളത്തിൽ ഏറ്റവും മികച്ച വിജയം നേടിയ ഒരു ചലച്ചിത്രമായിരുന്നു. മലയാളത്തിലെ ആദ്യത്തെ ‘മെഗാഹിറ്റ്’ എന്നു പറയാം. തിക്കുറിശ്ശിയെ മലയാളസിനിമയിലെ ആദ്യ’സൂപ്പർ സ്റ്റാർ’ ആക്കിയ ഈ ചിത്രം സംവിധാനം ചെയ്തതു് ശ്രീ കെ. വെമ്പു ആണു്. മലയാളത്തിലെ ആദ്യ ബഹുഭാഷാചിത്രവും ഇതു തന്നെ. മലയാളത്തിലും തമിഴിലും തെലുങ്കിലും പിന്നെ ഹിന്ദിയിലും ഇതു പുറത്തിറങ്ങി. ദക്ഷിണാമൂർത്തിസ്വാമി ആദ്യമായി പിന്നണിസംഗീതം നിർവ്വഹിച്ച ഈ ചിത്രത്തിലെ “ആനത്തലയോളം വെണ്ണ തരാമെടാ..” എന്ന ഗാനം ഇപ്പോഴും എല്ലാവരുടെയും
പ്രിയഗാനമാണു്.
എഴുതിയത് : കല്യാണി
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്