ഉഗ്രപ്രതാപനായ തന്റെ അനുജന് ഹിരണ്യാസുരനെ സൂകരവേഷം ധരിച്ചു് മഹാവിഷ്ണു നിഗ്രഹിച്ചു എന്നറിഞ്ഞപ്പോഴാണു് ഹിരണ്യകശിപുവിനു് ദേവന്മാരുടെ പ്രഭാവത്തെപ്പറ്റി പൂര്ണ്ണബോദ്ധ്യമായതു്. സമീപഭാവിയില്‍ താനും തന്റെ ദാനവപ്പരിഷകളും ശ്രീഹരിയുടെ പ്രത്യാഗ്നിയില് എരിഞ്ഞു ചാമ്പലാകുമെന്നു് ഭയപ്പെട്ടു. അമരത്വം, സകലലോകങ്ങളെയും അടക്കിവാഴുവാനുള്ള ശക്തി ഇവ രണ്ടുമായിരുന്നു അയാള്‍ക്കു് വേണ്ടിയിരുന്നതു്. ഉഗ്രമായ തപസിന്റെ ഫലമായി ഇവ രണ്ടും ബ്രഹ്മാവില്‍ നിന്നും സമ്പാദിച്ചു് ഹിരണ്യകശിപു നിര്‍ഭയം ലോകപീഢ തുടങ്ങി.
ഹിരണ്യകശിപു ചക്രവര്‍ത്തിയുടെ പട്ടമഹിഷിയായിരുന്ന ദേവി കയാധു ഭര്‍ത്താവു് തപസ്സിനു് പോയിരുന്ന കാലത്തു ഗര്‍ഭവതിയായിരുന്നു. തന്റെ ശത്രു അസുരലോകത്തു നിന്നും പോയ കഥയറിഞ്ഞ ഇന്ദ്രന് കയാധുവിന്റെ ഗര്‍ഭത്തിലുള്ള ശിശുവിനെ നിഗ്രഹിക്കുന്നതിനു തയ്യാറായി. പക്ഷെ, നാരദമഹര്‍ഷി കയാധുവിനെ ഇന്ദ്രനില് നിന്നും രക്ഷിച്ചു് തന്റെ ആശ്രമത്തിലേക്കു് കൊണ്ടുപോയി. വ്യസനാക്രാന്തയായിത്തീര്ന്ന കയാധുവിനെ സമാശ്വസിപ്പിക്കുവാന്‍ നാരദന് അവള്‍ക്കു് ശ്രീനാരായണമന്ത്രം ഉപദേശിച്ചു കൊടുത്തു. എന്നാല്‍ ആ മന്ത്രസാരം ധരിച്ചതു് കയാധുവിന്റെ ഗര്‍ഭത്തിലുള്ള ശിശുവായിരുന്നു.
വരപ്രസാദത്താല്‍ അജയ്യനായിത്തീര്‍ന്ന ഹിരണ്യകശിപു മഹേന്ദ്രനെ സ്ഥാനഭ്രഷ്ഠനാക്കി. ദൈത്യവൈരിയായ ശ്രീഹരിയെ ഹനിക്കണമെന്നുള്ള തീവ്രമോഹം അയാളിലങ്കുരിച്ചു. ഹരിശബ്ദം കേള്‍ക്കുന്നതു തന്നെ അസഹനീയമായി തീര്‍ന്ന ഹിരണ്യകശിപു തന്റെ പ്രജകള്‍ വിഷ്ണുനാമം ഉച്ചരിക്കുക പോലും വിലക്കി. ജനതതി അസുരനാമകീര്ത്തനങ്ങള് സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരായി. ഇന്ദ്രപ്രമുഖരായ ദേവന്മാരും നാരദാദി മുനികളും ക്ഷീരാബ്ധിയിലെത്തി മഹാവിഷ്ണുവിനോടു് സങ്കടമുണര്‍ത്തിച്ചു.
കയാധു പ്രസവിച്ചിട്ടു് വര്‍ഷങ്ങള്‍ ഏഴായി. പ്രഹ്ലാദനെന്നു പേരോടുകൂടി വളര്‍ന്ന കുട്ടി വിഷ്ണുഭക്തി പ്രദര്ശിപ്പിക്കുവാന് തുടങ്ങി. തന്റെ പുത്രന്റെ ഈ മൗഢ്യം മാറ്റുവാനായി ഹിരണ്യകശിപു പ്രഹ്ലാദനെ വിദ്യാഭ്യാസാര്‍ത്ഥം ഗുരുകുലത്തിലാക്കി. കര്‍ക്കശനും ഹിരണ്യഭക്തനുമായ ഗുരുവും അയാളെ ഭയന്നു് കഴിയുന്ന കുറെ ബാലന്മാരുമാണു് പ്രഹ്ലാദനെ അവിടെ സ്വീകരിച്ചതു്. തന്റെ വ്യക്തിമാഹാത്മ്യവും ന്യായവാദവും ദൃഢമായ വിഷ്ണുഭക്തിയും കൊണ്ടു പ്രഹ്ലാദന് സഹപാഠികളെയെല്ലാം വിഷ്ണുഭക്തരാക്കി മാറ്റി. തന്റെ പുത്രന്റെ വിദ്യാഭ്യാസത്തെപ്പറ്റി അന്വേഷിക്കുവാന്‍ ഗുരുകുലത്തിലെത്തിയ ദാവനപ്പെരുമാള്ക്കു് കാണുവാന്‍ കഴിഞ്ഞതു് സദാ നാരായണനാമം ഉരുവിട്ടുകഴിയുന്ന പ്രഹ്ലാദനെയും സഹപാഠികളെയുമാണു്. കോപം കൊണ്ടു് ജ്വലിച്ച ഹിരണ്യകശിപു പുത്രനെ അവിടെ നിന്നും വിലിച്ചിഴച്ചു കൊണ്ടുപോയി.
പ്രലോഭനങ്ങള്‍ കൊണ്ടോ ഭയപ്പെടുത്തലുകള്‍ കൊണ്ടോ പുത്രന്റെ വിഷ്ണുഭക്തിയില് മാറ്റമുണ്ടാകുന്നില്ലെന്നു കണ്ട ഹിരണ്യകശിപു ക്രൂരമാര്ഗ്ഗങ്ങള് ഉപയോഗിക്കുവാന്‍ തുടങ്ങി. ചക്രവര്‍ത്തിയുടെ ആജ്ഞാനുസരണം പ്രഹ്ലാദനെ അസുരഭടന്മാര് ഗിരിമുകളില്‍ നിന്നും താഴേക്കെറിഞ്ഞു. പക്ഷെ ഭൂമിദേവി സ്വഹസ്തങ്ങളില് താങ്ങി ആ ബാലനെ രക്ഷിച്ചു. ക്രൂദ്ധനായ അസുരചക്രവര്‍ത്തി സ്വപുത്രനെ ഘോരാഗ്നിയിലേയ്ക്കു് എറിഞ്ഞു. അഗ്നിമദ്ധ്യത്തില്‍ നിന്നും പ്രഹ്ലാദനെ ശ്രീഹരി കാത്തുരക്ഷിച്ചു.
ഭ്രാന്തനായി മാറി ഹിരണ്യകശിപു പ്രഹ്ലാദനു് കാളകുടവിഷം പാലില്‍ കലര്ത്തിക്കൊടുക്കുവാനുറച്ചു. മാതാവായ കയാധുവിനെ തന്നെ ആ ജോലി ഏല്‍പ്പിച്ചു. കാളകുടവിഷത്തിനു പോലും ആ ബാലന്റെ ജീവനെ നശിപ്പിക്കുവാന്‍ കെല്‍പ്പില്ലെന്നു കണ്ട ഹിരണ്യ ചക്രവര്‍ത്തി ഭയാക്രാന്തനായി. അയാള്‍ വിശ്രമം തേടി ഉറങ്ങാന്‍ ശ്രമിച്ചു. മൃത്യ തന്റെ മുന്പില് ഭീകരനൃത്തം ചെയ്യുന്നതു കണ്ടു് ഭയചകിതനായി ഞെട്ടി എണീറ്റ ചക്രവര്‍ത്തി പ്രഹ്ലാദനെ സര്‍വ്വ വിപത്തില്‍ നിന്നും രക്ഷിക്കുന്ന ഹരിയെ തേടി. നിന്റെ ഹരി എവിടെ എന്നലറിക്കൊണ്ടയാള് പ്രഹ്ലാദനെ സമീപിച്ചു. തന്റെ സ്വമി തൂണിലും തുരുമ്പിലും പോലുമുണ്ടെന്നു് പ്രഹ്ലാദന് ഉണര്‍ത്തി. കൊപാക്രാന്തനും ഭയചകിതനുമായി മാറിയ ഹിരണ്യകശിപു അടുത്തുള്ള തൂണില്‍ തന്റെ വാളുകൊണ്ടു് വെട്ടി. പ്രചണ്ഡാട്ടഹാസങ്ങളോടും രൂക്ഷഭാവങ്ങളോടും കൂടി നരസിംഹാവതാരമായി മഹാവിഷ്ണു വേട്ടേറ്റു പിളര്‍ന്ന തൂണില്‍ നിന്നും പുറത്തു് വന്നു. ഹിരണ്യകശിപുവിനെ വധിച്ചു. പ്രഹ്ലാദനെ രക്ഷിച്ചു് ധര്‍മ്മം പുനസ്ഥാപിച്ചു് ശ്രീഹരി മറഞ്ഞു.
ശ്രീ എന്‍. പി. ചെല്ലപ്പന് നായര്‍ തിരക്കഥയും സംഭാഷണവും രചിച്ച പ്രഹ്ലാദന് സംവിധാനം ചെയ്തതു് ശ്രീ കെ. സുബ്രഹ്മണ്യം ബ. എ. ബി. എല്‍. ആണു്. ശ്രീ കിളിമാന്നൂര്‍ മാധവവാര്യര്‍ രചിച്ചു് സംഗീതമേകിയ ഇരുപത്തിനാലു് ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ടു്.
ഗോപിനാഥു്, തങ്കമണി, കുമാരി ലക്ഷ്മി, എന്‍. പി. ചെല്ലപ്പന് നായര്‍, പി. ആര്. രാജഗോപാലയ്യര്‍, കെ. ആര്. എന്‍. സ്വാമി, ശാരദാബായി, മാസ്റ്റര്‍ ഗോപി, എന്‍. കൃഷ്ണപിള്ള, റ്റി. വി. കൃഷ്ണശര്‍മ്മ, സി. വ. രാമചന്ദ്രന്, ആര്. എസു്. രാമസ്വമിഅയ്യങ്കാര്, സി. എന്‍. സദാശിവം, മാസ്റ്റര്‍ സദാശിവന്, ബാലചന്ദ്രന്, മാധവന്, ഹരിദാസു്, രാജന്, രാമസ്വാമി, ഗോപാലന് എന്നിവര്‍ അഭിനയിച്ചു.
ജമിനി റിലീസു് ചെയ്ത പ്രഹ്ലാദന് കേരളത്തില്‍ വിതരണം നടത്തിയതു് കോട്ടയം മഹാലക്ഷ്മി പിക്ചേഴ്സായിരുന്നു. 1941ല്‍ ചിത്രം പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍