1937 മാർച്ച് 19-ന് ശ്രീ. തങ്കരാജ് ജോസഫിന്റേയും ശ്രീമതി. മേരി തങ്കരാജിന്റേയും മകനായി തമിഴ്നാട്ടിലെ മൈലാപ്പൂരിൽ ജനനം. ശ്യാം എന്ന് പരക്കെ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ യഥാർത്ഥനാമം സാമുവൽ ജോസഫ് എന്നാണു്. മാതാപിതാക്കൾ അദ്ധ്യാപകരായിരുന്നു. ബോർഡിംഗ് സ്ക്കൂൾ അദ്ധ്യാപികയായിരുന്ന അമ്മ പള്ളിയിൽ ഓർഗൻ വായിക്കുന്നത് കണ്ടാണ് വളർന്നത്. അമ്മയ്ക്ക് കർണ്ണാടകസംഗീതത്തേക്കാൾ പാശ്ചാത്യസംഗീതത്തിൽ നല്ല അറിവുണ്ടായിരുന്നു. എട്ടാം വയസ്സിൽ പാട്ട് പാടുവാൻ ആരംഭിച്ചു. ആ സമയത്താണ് അച്ഛൻ ഒരു വയലിൻ വാങ്ങിക്കൊടുക്കുന്നത്. അച്ഛൻ സമ്മാനിച്ച വയലിൻ ഉപയോഗിച്ച് പള്ളിയിലെ ട്രൂപ്പുകൾക്ക് വേണ്ടി വയലിൻ വായിച്ചു തുടങ്ങി. അക്കാലത്ത് ഗാനമേളകളിലും വയലിൻ വായിക്കുമായിരുന്നു. 1952-ൽ പതിനഞ്ചാമത്തെ വയസ്സിൽ ശാസ്ത്രീയമായി വയലിൻ അഭ്യസിക്കുവാൻ തുടങ്ങി. ധൻരാജ് മാസ്റ്റർ ആയിരുന്നു ഗുരു.
ധൻരാജ് മാസ്റ്ററെ കാണാൻ അവിടെയെത്തുമായിരുന്ന പ്രസിദ്ധസംഗീതസംവിധായകൻ ആർ കെ ശേഖറുമായി പരിചയപ്പെട്ടു. ആ ബന്ധം വളർന്നു. 1955-ൽ എം. ബി. ശ്രീനിവാസൻ ചെയ്ത ‘കൽ കി ബാത്ത്’ എന്ന നാടകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും അവസരം ഉണ്ടാക്കി കൊടുത്തതും ആർ. കെ ശേഖറാണ്. ജീവിതത്തിലാദ്യമായി പ്രതിഫലം ലഭിച്ചതും തുടർന്നുള്ള സംഭവങ്ങൾക്കും അത് വഴിതെളിച്ചു. ‘കൽ കി ബാത്ത്’ എന്ന നാടകത്തിനു പിന്നിൽ ഒട്ടേറെ പ്രമുഖരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. എസ്. പി. വെങ്കിടേഷിന്റെ പിതാവ് പഴനിയാണ് ആനാടകത്തിൽ മൻഡോലിൻ വായിച്ചിരുന്നത്. അദ്ദേഹത്തിനു ശ്യാമിന്റെ വയലിൻ വാദനം ഇഷ്ടമാകുകയും സിനിമയിൽ കൊണ്ടു പോകാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ അത് ശ്യാം കാര്യമായെടുത്തില്ല.
ഒരു ദിവസം വീട്ടിൽ ശ്രീ. പഴനി നേരിട്ടെത്തി ശ്യാമിനെ സംഗീതസംവിധായകനായ സി. എൻ. പാണ്ഡുരംഗന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അങ്ങനെ ആ സിനിമയിൽ വയലിൻ വായിക്കുവാൻ അവസരം ലഭിച്ചു. അവസാനനിരയിൽ നിന്ന് വായിച്ചാണ് തുടങ്ങിയത്. ഒടുവിൽ സോളോ പ്രകടനത്തോടെ അവസാനിക്കുന്ന ഗാനങ്ങളുടേതുൾപ്പെടെ സംഘത്തെ നയിക്കുന്ന തരത്തിലേക്ക് വളരാൻ സാധിച്ചു. തുടർന്ന് അക്കാലത്തെ ഒട്ടുമിക്ക പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിക്കാനായി.
വി. ദക്ഷിണാമൂർത്തി, എം. എസ്. ബാബുരാജ്, ജി. ദേവരാജൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കുവാനായതു വലിയ അനുഭവമാണ് പ്രദാനം ചെയ്തത്. എം. എസ്. വിശ്വനാഥനോടൊത്തുള്ള പ്രവർത്തനമാണ് സംഗീതലോകത്ത് ശ്യാമിനെ വളർത്തിയത്. സലിൽ ചൌധരിയുമായി വലിയൊരു ആത്മബന്ധം ഉടലെടുക്കുകയും ‘ചെമ്മീൻ’ ഉൾപ്പെടെയുള്ള മലയാളചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും സാധിച്ചു.
പത്തൊൻപതാമത്തെ വയസ്സിൽ നിയമവിദ്യാർത്ഥിയായിരിക്കുമ്പോഴാണ് സിനിമയിൽ വരുന്നത്. 12 വർഷത്തിലേറെ കൊല്ലക്കാലം സലിൽ ചൌധരിയുടെ കീഴിലുൾപ്പെടെ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി പ്രവർത്തിച്ചു. 1968-ൽ ‘എതിരികൾ ജാഗ്രതൈ’ എന്ന തമിഴ്ചിത്രത്തിലൂടെയാണ് സ്വതന്ത്രസംഗീതസംവിധായകനാകുന്നത്. 1974-ൽ നടൻ മധു സംവിധാനം ചെയ്ത ‘മാന്യശ്രീ വിശ്വാമിത്രൻ’ എന്ന സിനിമയിലൂടെ മലയാളത്തിലേക്കുള്ള കടന്നുവരവിനു സഹായിച്ചതു അക്കാലത്ത് തിളങ്ങി നിന്ന നടി ഷീലയാണ്. “കേട്ടില്ലെ കോട്ടയത്തൊരു മൂത്തപ്പുള്ളേച്ചൻ തൊണ്ണൂറു കഴിഞ്ഞപ്പൊ പെണ്ണു കെട്ടാൻ പോയ്” എന്ന ആ സിനിമയിലെ ഗാനം ഏറെ ജനശ്രദ്ധയാകർഷിച്ചു. ഐ. വി. ശശി, ജോഷി, കെ. മധു തുടങ്ങിയ സംവിധായകർ ശ്യാമിന്റെ കഴിവുകൾ വളരെ പ്രയോജനപ്പെടുത്തിയവരാണ്.
ശ്രീമതി. വയലറ്റ് ആണു് ഭാര്യ. മൂന്നു മക്കളുണ്ട്. ആൺമക്കൾ രണ്ടുപേരും യു.എസ്.ഏ യിലും ഏകമകൾ വിവാഹിതയായി പാലക്കാടുമാണ്. ചെന്നൈയിൽ സ്ഥിരതാമസം. ഇനിയും സംഗീതത്തിനുവേണ്ടി ജീവിക്കാൻ തന്നെയാണു് ഇഷ്ടപ്പെടുന്നത്.
തയ്യാറാക്കിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
അവലംഭം : കേരളാകൌമുദി ആഴ്ച്ചപ്പതിപ്പ്