ഇന്ത്യൻ സിനിമ: തുടക്കം, ആദ്യകാലസംരംഭങ്ങൾ
ഭാരതത്തെ സംബന്ധിച്ചിടത്തോളം ചലച്ചിത്രം എന്നതു് അതിശക്തമായ ഒരു മാദ്ധ്യമം എന്നതിനോടൊപ്പം ഒരു വലിയ വ്യവസായം കൂടിയാണു്. പല ഭാരതീയഭാഷകളിലായി ആയിരത്തിലെറെ സിനിമകൾ ഓരോ വർഷവും പുറത്തിറങ്ങുന്നു എന്നാണു് കണക്കുകൾ സൂചിപ്പിക്കുന്നതു്. വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും സാംസ്കാരികവിനിമയത്തിന്റെയും അതോടൊപ്പം വ്യവസായത്തിന്റെയും സാദ്ധ്യതകൾ ഇട കലരുന്ന, അതേ സമയം സമൂഹത്തിൽ പ്രസക്തമായ നാനാതരം വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു മണ്ഡലം എന്നു തന്നെ സിനിമയെ വിശേഷിപ്പിക്കാം.
ലോകരാഷ്ട്രങ്ങളുടെ ഇടയിൽ നോക്കിയാൽ അമേരിക്ക, ചൈന, ജപ്പാൻ എന്നീ രാഷ്ട്രങ്ങൾക്കൊപ്പം മുൻപന്തിയിൽ നിൽക്കത്തക്ക രീതിയിൽ ഈ വ്യവസായം ഇന്ത്യയിൽ ഇന്നു വളർന്നു പന്തലിച്ചിരിക്കുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകമായ ഈ സമയത്തു നിന്നു് ഒന്നു പിന്നാക്കം നോക്കിയാൽ ഇന്ത്യൻ സിനിമാവ്യവസായം അതിന്റെ രണ്ടാം പതിറ്റാണ്ടിലേക്കു പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു എന്നു കാണാം.
1895ൽ പാരീസിലെ ആദ്യപ്രദർശനത്തോടൊപ്പം ല്യൂമിയർ സഹോദരന്മാർ തുടങ്ങിവെച്ച ഈ വിനോദോപാധി 1896ൽത്തന്നെ ബോംബെയിൽ എത്തിയിരുന്നു.
DG Phalke
|
1898ൽ 'The Flower of Persia' എന്ന പേരിൽ ഹ്രസ്വചിത്രം - പരസ്യചിത്രം എന്നു
കരുതപ്പെടുന്നു - ഹീരലാൽ സെൻ എന്ന ഇന്ത്യൻ ഛായാഗ്രാഹകൻ പുറത്തിറക്കി.
ഒരു മുഴുനീളചലച്ചിത്രം പുറത്തിറങ്ങുന്നതു് 1913ലാണു് - മറാത്തിഭാഷയിൽ ശ്രീ ദുന്ദിരാജ് ഗോവിന്ദ് ഫാൽകെ എന്ന പ്രതിഭാധനൻ അവതരിപ്പിച്ച ‘രാജാ ഹരിശ്ചന്ദ്ര’. ആ നിശ്ശബ്ദചിത്രത്തോടെയാണു് നമ്മുടെ രാജ്യം സിനിമാവ്യവസായത്തിലേക്കു് കാലൂന്നിയതു്.
ബോംബെ, കൽക്കത്ത എന്നീ വൻനഗരങ്ങളിൽ സിനിമ ക്രമേണ വളർന്നു. കൽക്കത്ത കേന്ദ്രീകരിച്ചു് പ്രവർത്തിരുന്ന ജംഷെഡ്ജി ഫ്രാംജി മദൻ എന്ന വ്യവസായി സിനിമപ്രദർശനശാലകളുടെ ഒരു ശൃംഖലതന്നെ രാജ്യത്തിന്റെ നാനാപ്രദേശങ്ങളിലുമായി നിർമ്മിച്ചു. പ്രതിവർഷം പത്തു സിനിമകൾ നിർമ്മിച്ചു് വിതരണം ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. 1909 മുതൽ ഈ രംഗത്തു പ്രവർത്തിച്ചിരുന്ന ശ്രീ രഘുപതി വെങ്കയ്യ നായിഡുവിലൂടെയാണു് ഈ വ്യവസായം തെന്നിന്ത്യയിലേക്കു കടന്നതു്. മദിരാശിയിലെ ആദ്യത്തെ സിനിമാപ്രദർശനശാല പണികഴിപ്പിക്കുന്നതും ശ്രീ നായിഡുവാണു്.
എഴുതിയത് : കല്യാണി
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്