കഥകളിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു കുടുംബത്തില്‍ 1941ലാണു് അടൂര്‍ ഗോപാലകൃഷ്ണന് ജനിച്ചതു്. എട്ടാം വയസ്സില്‍ അഭിനേതാവായി അരങ്ങിലെത്തി. 1960ല്‍ ഗാന്ധിഗ്രാം ഗ്രാമീണ സര്‍വ്വകലാശാലയില്‍ നിന്നു് ബിരുദം നേടി. ഇരുപതിലേറെ നാടകങ്ങള്‍ ഒരുക്കി. അതിലൊന്നിന്റെ രചനയും നിര്‍വ്വഹിച്ചു.
സാമ്പിള്‍ സര്‍വ്വേയിലെ ഉദ്യോഗം രാജിവച്ചാണു് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നതു്. അവിടെ നിന്നു് 1965ല്‍ ബിരുദം നേടി. സഹപാഠികളുമായി ചേര്‍ന്നു് അക്കൊല്ലം തന്നെ തിരുവനന്തപുരത്തു് ചിത്രലേഖ ഫിലിം സൊസൈറ്റിക്കു് രൂപം നല്കി. ചിത്രലേഖ സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. സൊസൈറ്റിയുടെ പ്രസിഡന്റ് അടൂര്‍ ആയിരുന്നു. ആദ്യഘട്ടത്തില്‍ എ ഗ്രേറ്റു് ഡേ എന്ന ഹൃസ്വചിത്രവും, ആന്റ് മാന്‍ ക്രിയേറ്റഡു് ഡേഞ്ചര്‍ ആറ്റു് യുവര്‍ ഡോര്സ്റ്റെപ്പു്, ടുവേര്ഡ്സു്, നാഷനല്‍ എസു് ടി ഡി തുടങ്ങിയ ഡോക്യുമെന്ററികളും അടൂര്‍ നിര്‍മ്മിച്ചു. കാമുകി എന്ന പേരില്‍ ഒരു ഫീച്ചര്‍ ഫിലിം ഒരുക്കിയെങ്കിലും പൂര്‍ത്തിയായില്ല.
1972ലാണു് ആദ്യ സിനിമ ഒരുക്കിയതു്. ബ്ലാക്കു് ആന്റ് വൈറ്റില്‍ അടൂര്‍ സാക്ഷാത്കരിച്ച സ്വയംവരം അക്കൊല്ലത്തെ മികച്ച സംവിധായകനും, മികച്ച ചിത്രത്തിനും മികച്ച നടിക്കു (ശാരദ)മുള്ള ദേശീയ അവാര്ഡു് കരസ്ഥമാക്കി. അഞ്ചു വര്‍ഷം കഴിഞ്ഞു് ഗോപിയെ നായകനാക്കി കൊടിയേറ്റം സംവിധാനം ചെയ്തു. മികച്ച നടനുള്ള ദേശീയ അവാര്‍ഡും മികച്ച പ്രാദേശികചിത്രത്തിനുള്ള ദേശിയ ആവാര്‍ഡും കൊടിയേറ്റം നേടി. മലയാള സിനിമയില്‍ ദാദാസാഹേബു് ഫാല്‍ക്കേ അവാര്ഡു് ലഭിച്ച ഏക ചലച്ചിത്രപ്രവര്‍ത്തകനും അടൂര്‍ ഗോപാലകൃഷ്ണനാണു്. 2007ലെ മികച്ച സംവിധായകനുള്ള ദേശീയ അവാര്ഡു്, നാലു് പെണ്ണുങ്ങളിലൂടെ നേടി. 2008ല്‍ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടി. 2008ലെ മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന ആവാര്‍ഡും അടൂരിനായിരുന്നു.
പിന്നീടു് 1995ല്‍ കഥാപുരുഷനും മികച്ച ചിത്രത്തിനുള്ള ദേശീയ ആവാര്ഡു് നേടി. എലിപ്പത്തായം(1981), മുഖാമുഖം(1984), അനന്തരം(1987), മതിലുകള്‍(1989), വിധേയന്(1993), കഥാപുരുഷന്(1995), നിഴല്ക്കൂത്തു്(2002), നാലു പെണ്ണുങ്ങള്(2007), ഒരു പെണ്ണും രണ്ടാണും(2008) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
എലിപ്പത്തായം, മുഖാമുഖം, മതിലുകള്‍, വിധേയന്, നിഴല്ക്കൂത്തു് എന്നിവ മികച്ച പ്രാദേശികചിത്രങ്ങള്ക്കുള്ള ബഹുമതി കരസ്ഥമാക്കി. അടൂരിന്റെ മതിലുകളിലേയും വിധേയനിലേയും അഭിനയത്തിനാണു് മമ്മൂട്ടിയ്ക്കു് രണ്ടു തവണ മികച്ച നടനുള്ള ദേശീയ അവാര്ഡു് ലഭിച്ചതു്. എലിപ്പത്തായത്തിന്റെയും മുഖാമുഖത്തിന്റെയും തിരക്കഥകള്‍ കല്‍ക്കത്തയിലെ സീഗള്‍ ബുക്സു് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളുടെ ചരിത്രപരമായ പശ്ചാത്തലത്തിലാണു് എലിപ്പത്തായവും മുഖാമുഖവും മതിലുകളും ഒരുക്കിയതു്. ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തകര്ച്ചയാണു് എലിപ്പത്തായത്തിന്റെ പ്രമേയം. ഈ ചിത്രത്തിനു് ബ്രിട്ടീഷു് ഫിലിം ഇന്‍സ്റ്റിറ്റ്യുട്ടിന്റെ അംഗീകാരം ലഭിച്ചു. മുഖാമുഖത്തിലും മതിലുകളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അപജയവും വിഷയമാക്കി ചോള ഹേറിറ്റേജ്, കൃഷ്ണനാട്ടം, യക്ഷഗാനം, ഗുരു ചെങ്ങന്നൂര്‍ പാസ്റ്റ് ഇന്‍ പര്സ്പക്ടിവു്, കലാമണ്ഡലം ഗോപി, കൂടിയാട്ടം തുടങ്ങിയ ഡോക്യുമെന്ററികളും അടൂര്‍ ഒരുക്കിയിട്ടുണ്ടു്. സിനിമയുടെ ലോകം എന്ന പുസ്തകം രചിച്ചു.
ഭാര്യ: സുനന്ദ
മകള്‍ അശ്വതി. ഇന്ത്യന്‍ പോലീസ് സര്വ്വീസിലാണു് , അശ്വതിയുടെ ഭര്‍ത്താവു് ഐ പി എസ് കേഡറിലാണു്
തയ്യാറാക്കിയത് : മാധവഭദ്രൻ
അവലംബം: വെള്ളിനക്ഷത്രം ഫിലിം ഇയർ ബുക്ക് 2010