വർണ്ണചിത്രങ്ങളുടെ വരവു്
കറുപ്പിന്റെയും വെളുപ്പിന്റെയും സാങ്കേതികവിദ്യയിൽ നിന്നു് വർണ്ണചിത്രങ്ങളുടെ ലോകത്തേക്കു മലയാളസിനിമ കടന്നു വന്നതു് 1961 ഓഗസ്റ്റ് 24 നു് റിലീസായ ‘കണ്ടം ബെച്ച കോട്ടു്’ എന്ന സിനിമയോടെയാണു്. മലയാളസിനിമയ്ക്കു് ‘ബാലൻ’ എന്ന ആദ്യ ശബ്ദസിനിമയെ സമ്മാനിച്ച സേലം മോഡേൺ തീയേറ്റേഴ്സ് തന്നെയാണു് ഇതും നിർമ്മിച്ചതു് - ഈസ്റ്റ്മാൻ കളറിൽ. നിർമ്മാതാവായ ശ്രീ റ്റി.ആർ.സുന്ദരം തന്നെയാണു് സംവിധാനം നിർവ്വഹിച്ചതു് എന്നൊരു പ്രത്യേകതയും ഇതിനുണ്ടായിരുന്നു. തിക്കുറിശ്ശിയും ആറന്മുള പൊന്നമ്മയും ആയിരുന്നു പ്രധാന വേഷങ്ങളിൽ. നെല്ലിക്കോടു ഭാസ്കരന്റെ സിനിമയിലെ അരങ്ങേറ്റം ഈ ചിത്രത്തിലൂടെയായിരുന്നു. പ്രശസ്ത നാടകകൃത്തു് ശ്രീ കെ. ടി. മുഹമ്മദിന്റെ തുടക്കവും ഇതിലായിരുന്നു. ശ്രീ മുത്തയ്യയുടെ ‘മുഹമ്മദ് കാക്ക’ എന്ന അതിശക്തമായ ഒരു കഥാപാത്രമായിരുന്നു ഇതിന്റെ വേറൊരു സവിശേഷത. കോഴിക്കോടൻ ഭാഷ നിറഞ്ഞ സംഭാഷണങ്ങളുമായി വന്ന ഈ ചിത്രം നിറഞ്ഞ സദസ്സുകളുടെ മുൻപിൽ ആഴ്ച്ചകളോളം പ്രദർശിപ്പിക്കപ്പെട്ടു.
1969 -ൽ കേരളത്തിൽ പ്രദര്‍ശനത്തിനെത്തിയ, രൂപവാണിയുടെ ബാനറില്‍ ശ്രീ ശോഭനാ
പരമേശ്വരന് നായര്‍ നിര്‍മ്മിച്ച, ശ്രീ പി. ഭാസ്ക്കരന്‍ സംവിധാനം ചെയ്ത 'കള്ളിച്ചെല്ലമ്മ' എന്ന ചിത്രമാണു് മലയാളത്തിലെ ആദ്യത്തെ ഓർവോ കളർചിത്രം.
പിന്നീടു് വർണ്ണചിത്രങ്ങളും ബ്ലാക് ആന്റ് വൈറ്റ് ചിത്രങ്ങളും ഒരേ പോലെ മലയാളസിനിമയിൽ നിലനിന്നു - ഒന്നോ രണ്ടോ ദശകങ്ങളോളം. എൺപതുകളുടെ തുടക്കമാകുന്നതു വരെ ബ്ലാക് ആന്റ് വൈറ്റ് ചിത്രങ്ങൾ അരങ്ങിൽ നിറഞ്ഞു നിന്നു, വർണ്ണചിത്രങ്ങൾക്കൊപ്പം.
എഴുതിയത് : കല്യാണി
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്‍