കഥാസാരം
മരിക്കുന്നതിനു മുൻപ് മെക്കയിൽ പോകണമെന്നുള്ള ജീവിതത്തിലെ ഏക ആഗ്രഹക്കാരനാണ് നല്ലവനും ചെരുപ്പുകുത്തിയുമായ മമ്മദ്ക്കാ. തന്റെ കോട്ടിന്റെ പല ഭാഗത്തായി കഴിഞ്ഞ നാല്പതു വർഷങ്ങളായി ചെരുപ്പു കുത്തി കിട്ടിയ സമ്പാദ്യമെല്ലാം തുന്നിപ്പിടിപ്പിച്ച് മെക്കാ യാത്രയ്ക്കായി മമ്മദ് കാശൊരുക്കി.
വാക്കു പറഞ്ഞാൽ തെറ്റിക്കാത്ത പണക്കാരനായ കച്ചവടക്കാരനാണ് ആലിക്കോയ ഹാജി.ഹാജിയുടെ അനുസരണയുള്ള ഏകപുത്രനാണ് ഉമ്മർ.സഹോദരി കദീസയും ഭർത്താവായ അവറാനും ഹാജിയുടെ അയല്പക്കത്താണ് താമസം അവറാന്റെ ജ്യേഷ്ഠൻ വളരെക്കാലമായി സിംഗപ്പൂരിലാണ്. അയാളുടെ ഭാര്യ അമീനയും ഹസ്സൻ ,കുഞ്ഞീവി എന്നീ മക്കളും അവറാന്റെ കൂടെയാണ് താമസം. ആ ഭാരം കൂടി താങ്ങേണ്ടി വന്നതിൽ കദീസയ്ക്ക് കടുത്ത അരിശം ഉണ്ട്.
ഉമ്മറും കുഞ്ഞീവിയും ഒന്നിച്ചു കളിച്ചു വളർന്നവരാണ്. ആ അടുപ്പം പ്രായമായപ്പോൾ അനുരാഗമായി മാറി. അവരുടെ പ്രേമബന്ധത്തിന്റെ വളർച്ചയും ഫലവും തനിയ്ക്കു നാശം വരുത്തി വെയ്ക്കുമെന്ന ദുഷിച്ച ചിന്ത കദീസയിൽ വേരുറച്ചു. കദീസ ആ ബന്ധം ഉലയ്ക്കുവാൻ തീവ്രമായി പരിശ്രമിച്ചു.
ഉമ്മറും കുഞ്ഞീവിയുമായി സ്നേഹമാണെന്ന് ഹാജി മനസ്സിലാക്കി.തന്റെ നിലയ്ക്കും വലിപ്പത്തിനുമനുസരിച്ച് ഉമ്മറിനു വമ്പിച്ച സ്ത്രീധനം കൊടുക്കുവാൻ ആളുണ്ടായിരുന്നിട്ടും മകന്റെ ആഗ്രഹത്തെ മുൻ നിർത്തി വെറും രണ്ടായിരം രൂപാ സ്ത്രീധനമായി സ്വീകരിച്ചു കുഞ്ഞീവിയും ഉമ്മറുമായുള്ള വിവാഹം ഹാജി ഉറപ്പിച്ചു.
സ്ത്രീധനത്തിനുള്ള പണവുമായി തന്റെ സഹോദരൻ സിങ്കപ്പൂരിൽ നിന്നും വരുന്നുവെന്നറിഞ്ഞ അവറാൻ സന്തോഷിച്ചു. അമീനയും മക്കളും വലിയ പ്രതീക്ഷകളോടെ നാളുകൾ നീക്കി.വിവാഹം പൊളിക്കുവാനുള്ള കദീസയുടെ അടവുകൾ എല്ലാം പരാജയപ്പെട്ടു.പക്ഷേ വിധി മറിച്ചായിരുന്നു.കുഞ്ഞീവിയുടെ ബാപ്പ മരിച്ച കമ്പി കിട്ടിയതോടു കൂടി ആനന്ദം തിര തല്ലിയിരുന്ന ആ കുടുംബം ദുഃഖസാഗരമായി മാറി.
കദീസയുടെ ദുഷ്ടബുദ്ധി വീണ്ടും ഫണമുയർത്തി.അമീനയെയും കുട്ടികളെയും അവൾ വീട്ടിൽ നിന്നും പുറത്താക്കി.മമ്മദ്ക്കാ അവർക്കു അഭയം നൽകി.കുഞ്ഞീവിയുടെ കല്യാണച്ചെരുപ്പ് തുന്നാനേറ്റിരുന്ന മമ്മദ്ക്കായുടെ ഹൃദയം വേദനിച്ചു.
സ്ത്രീധനത്തിനു പണമൊരുക്കാൻ ഹാജി അവറാനു നൽകിയ സമയം തീരാരായി.അവറാൻ അവസാനക്കൈയായി കദീസയുടെ പേരിൽ താൻ കൊടുത്തിരുന്ന വീടും പറമ്പും പണയമെഴുതാൻ തീരുമാനിച്ചു.പക്ഷേ ഹാജി കദീസയെക്കൂടി അയാളുടെ വീട്ടിലേയ്ക്കു കൊണ്ടു പോയി.അങ്ങനെ അവറാന്റെ പ്ലാൻ നടക്കാതെ പോയി.
ഉമ്മറിന്റെ പ്രതീക്ഷകൾ തകർന്നു തുടങ്ങി. നിരാശനായി തീർന്ന ഉമ്മർ ബാപ്പായുടെ ഇരുമ്പുപെട്ടി തുറന്നു.പക്ഷേ ഹാജിയാർ തക്ക സമയത്ത് എത്തിയ കാരണം ഉമ്മർ അടുത്ത മുറിയിൽ ബന്ധനസ്ഥനാക്കപ്പെട്ടു.
ബാപ്പയുടെ മരണശേഷം ഹസ്സൻ ഒരു പുതിയ മനുഷ്യനായി.അവൻ ഉത്തരവാദ ബോധമുള്ളവനായി തീർന്നു.പക്ഷേ സ്ത്രീധനം ഉണ്ടാക്കുന്ന കാര്യത്തിൽ അവൻ നിസ്സഹായതയിൽ നിന്നും അടർന്നു വീണ ചില കൊള്ളിവാക്കുകൾ കുഞ്ഞീവിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചു.മമ്മദ്ക്കാ അവളെ അതിൽ നിന്നും പിൻതിരിപ്പിച്ചു രക്ഷിച്ചു.ആലിക്കോയ ഹാജി മകനു പെണ്ണന്വേഷിച്ച് എറണാകുളത്തു പോയി.ഉമ്മർ ഇപ്പോഴും വീട്ടിൽ ബന്ധനസ്ഥനാണ്.
മമ്മദ്ക്കായുടെ വീട്ടിൽ കുഞ്ഞീവിയുടെ കല്യാണത്തിനു പന്തലുയർന്നു.ആളുകൾ വന്നു നിറഞ്ഞു.ബന്ധനത്തിലായിരുന്ന ഉമ്മർ മുറിയുടെ ഓടിളക്കി രക്ഷപെട്ട് അവിടെയെത്തി.പെണ്ണു കാണാൻ പോയ ഹാജിയും വിവരമറിഞ്ഞു സ്ഥലത്തെത്തി.നിക്കാഹിനുള്ള സമയമടുത്തു.ഹാജിയാർക്കു പറഞ്ഞിരുന്ന സ്ത്രീധനത്തുക കിട്ടണം.നാല്പതു കൊല്ലമായി ഹജ്ജിനു പോകുവാൻ താൻ തപ്പിക്കൂട്ടി കോട്ടിൽ തുന്നിപ്പിടിപ്പിച്ചിരുന്ന പണം മടികൂടാതെ മമ്മദ്ക്കാ ഹാജിയാരുടെ നേരെ നീട്ടി.മമ്മദ്ക്കായുടെ അഭ്യർത്ഥനയനുസരിച്ച് പലരും സഹായഹസ്തം നീട്ടി.ഉമ്മറിന്റെയും കുഞ്ഞീവിയുടെയും വിവാഹം നടന്നു.
ടി എസ് മുത്തയ്യാ , തിക്കുറിശ്ശി സുകുമാരൻ നായർ ,പ്രേം നവാസ് ,എസ് പി പിള്ള,പി കെ ബഹദൂർ,കെടാമംഗലം സദാനന്ദൻ, നെല്ലിക്കോട് ഭാസ്കരൻ,കോട്ടയം ചെല്ലപ്പൻ, മുട്ടത്തറ സോമൻ, അംബിക , പങ്കജവല്ലി,ആറന്മുള പൊന്നമ്മ, ചാന്ദ്നി, അയിഷ , ഓമന എന്നിവരാണ് ചിത്രത്തിലഭിനയിച്ചിരിക്കുന്നത്.
പി ഭാസ്കരന്റെ 9 ഗാനങ്ങൾ ബാബുരാജ് നൽകിയ ഈണത്തിൽ പി ലീല , പി ബി ശ്രീനിവാസ്,കമുകറ പുരുഷോത്തമൻ , മെഹബൂബ്, ഗോമതി സിസ്റ്റേഴ്സ്, ബാബുരാജ് ഇവർ പാടി.
ക്യാമറ ടി എം സുന്ദരബാബുവും ശബ്ദലേഖനം ആർ ജി പിള്ള, പി എസ് നരസിംഹൻ എന്നിവരും കൈകാര്യം ചെയ്തു.ചിത്ര സംയോജനം എൻ ബാലുവും കലാസംവിധാനം ബി നാഗരാജനും വസ്ത്രാലങ്കാരം എം അർദ്ധനാരിയും വേഷവിധാനം ബി ആർ സിംഗ്,പി എം വേലായുധം എന്നിവരും സ്റ്റണ്ടു സംവിധാനം ശിവയ്യയും നിശ്ചല ച്ഛായാഗ്രഹണം എം ജി ജോസഫും നിർവഹിച്ചു.ബോംബേ ഫിലിം സെന്ററിലാണ് ചിത്രം പ്രോസസ് ചെയ്തത്.ചിത്ര നിർമ്മാണം സേലം മോഡേൺ തിയേറ്റേഴ്സിലും.24.2.1961 ൽ കണ്ടം ബെച്ച കോട്ട് പ്രദർശനം ആരംഭിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്