കഥാസാരം
ബോംബെയിലെ എക്സലന്റ് അഡ്വർടൈസേഴ്സ് എന്ന സ്ഥാപനത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായ ഗോപൻ പെട്ടെന്ന് അപ്രത്യക്ഷനായി.ഗോപന്റെ ജീവിതസഖിയായ ദേവി നാട്ടിലായിരുന്നു.ഭർത്താവിന്റെ വിവരങ്ങൾ ഒന്നും അറിയാൻ കഴിയാത്തതിൽ വിഷമിച്ച ദേവിയുടെ സഹോദരൻ ബാബു തന്റെ കൂട്ടുകാരനായ ഭാസിയെ ഗോപന്റെ വിവരങ്ങൾ തിരക്കുവാൻ ബോംബെയ്ക്ക് അയച്ചു.ഗോപൻ ഭാസിയുടെയും സുഹൃത്തായിരുന്നു.ദേവിയുടെ അച്ഛന്റെ എതിർപ്പിനു അയവു വരുത്തി പ്രേമബദ്ധരായിരുന്ന ഗോപനെയും ദേവിയെയും ഭാര്യാഭർത്താക്കന്മാരാക്കുവാൻ പ്രധാന കാരണക്കാരൻ ഭാസിയായിരുന്നു. തന്റെ സുഹൃത്തിനെ കണ്ടു പിടിച്ചേ അടങ്ങൂ എന്ന തീരുമാനത്തിൽ ഭാസി പടിപടിയായി അന്വേഷണം ആരംഭിച്ചു.ഗോപന്റെ ടൈപ്പിസ്റ്റായിരുന്ന തുളസി എന്ന പെൺകുട്ടിയുമായി അയാൾക്ക് അടുപ്പമായിരുന്നു എന്നും ആ ബന്ധത്തിൽ കലാകാരനായ മുക്കർജി എന്നൊരാൾക്ക് ഗോപനോട് അസുഖമുള്ളതായും അറിഞ്ഞ് ഭാസി മുക്കർജിയെ തേടിപ്പിടിച്ചു.പക്ഷേ അയാൾ ഭാസിയെ അപഹസിച്ച് ആട്ടിയോടിച്ചു.അന്വേഷിച്ചതിൽ ഒക്ടോബർ 28 നു കറുത്തു മെലിഞ്ഞ് പൊക്കം കുറഞ്ഞ ഒരാളുമായി ഗോപൻ പുറത്തു പോയതായി അറിഞ്ഞു. ദേവിയിൽ നിന്നും അതു ജയശങ്കർ ആണെന്ന് മനസ്സിലാക്കി ഭാസി അയാളെ തേടിപ്പിടിച്ചു.ജയശങ്കറും ഗോപനും കൂടി അമിതമായി മദ്യപിച്ചു വേശ്യത്തെരുവിൽ പോയതായും ഒരു മലയാളിപ്പെണ്ണിനെത്തേടി ഗോപൻ അവിടെ ഒരു വീട്ടിൽ കടന്നുവെന്നും അയാൾ പറഞ്ഞു. ഭാസി ആ വേശ്യാലയത്തിൽ പോയി. അവിടെ പ്രിയ എന്നൊരുവളെ കണ്ടു മുട്ടി.സംശയം തോന്നി അവളെ താൻ താമസിക്കുന്ന ഹോട്ടലിലേക്ക് ക്ഷണിച്ചു.ഇതിനിടയിൽ മുക്കർജിയുടേ സഹായത്താൽ പ്രിയ പഴയ തുളസി ആണെന്നും ഭാസിക്കു മനസ്സിലായി.ഹോട്ടലിലെത്തിയ പ്രിയ പ്രതീക്ഷിച്ചതു പോലെ ഒരു കാമുകനെയല്ല അവിടെ കണ്ടത്. ഗോപന്റെ ചിത്രം അവിടെ കണ്ട് അമ്പരന്ന പ്രിയയിൽ നിന്നും അവളുടെ കഥ ഭാസി ചോർത്തിയെടുത്തു. കണ്ണീരോടെ പ്രിയ ആ കഥ പറഞ്ഞു.ശാന്തസുന്ദരമായ ഒരു കേരളഗ്രാമത്തിൽ നിന്നും വീടു പുലർത്തുവാൻ ബോംബെയിലെത്തിയ തുളസി ഗോപന്റെ ആഫീസിലെ ടൈപ്പിസ്റ്റായി ജോലി ചെയ്തു വന്നു.ഗോപന്റെ മോഹവലയിൽ കുടുങ്ങിയ തുളസി ഗർഭിണിയായി .പ്രസവം കഴിയുന്നതു വരെ സംരക്ഷിക്കുവാനെന്ന വ്യാജേന തുളസിയെ ഗോപൻ ഒരു വീട്ടിൽ കൊണ്ടാക്കി കടന്നു കളഞ്ഞു.പണക്കാരുടെ വിഹാരരംഗമായ ഒരു രഹസ്യസങ്കേതമായിരുന്നു തുളസി ചെന്നു പെട്ട സ്ഥലം. അവളുടെ സംരക്ഷണത്തിനു ചിലവായ ഒരു വലിയ തുകക്ക് കടക്കാരിയായ തുളസി അവർ നിർദ്ദേശിച്ച മാർഗ്ഗം സ്വീകരിക്കുവാൻ നിർബന്ധിതയായി. കാലം അവളെ വേശ്യത്തെരുവിലെത്തിച്ചു.പേര് പ്രിയയെന്നും മാറ്റി.ഒരു ദിവസം ഒക്ടോബർ 28 നു മദ്യപിച്ച് തികച്ചും അബോധാവസ്ഥയിൽ ഗോപൻ അവളെ വീണ്ടും സമീപിച്ചു. പ്രതികാരദുർഗ്ഗയായി മാറിയ പ്രിയ പല്ലും നഖവും കൊണ്ട് ഗോപനെ എതിർത്തു.പ്രിയയുടെ കടിയേറ്റ് ഗോപൻ മരണമടഞ്ഞു.വേശ്യാലയ ഭാരവാഹികൾ ജഡം സംശയരഹിതമായ രീതിയിൽ മറവു ചെയ്തു.അങ്ങനെ ഗോപൻ അപ്രത്യക്ഷനായി.പ്രിയയുടെ കഥ ഭാസിയുടെ മനസ്സിനെ നൊമ്പരപ്പെടുത്തി.അവളുടെ ഭാവി അയാളുടെ സഹകരണത്താൽ ഭദ്രമാക്കാമെന്നും അയാൾ വാഗ്ദാനം ചെയ്തു.പക്ഷേ പ്രിയ ജയിലഴികൾ ആണ് ഇഷ്ടപ്പെട്ടത്.നാട്ടിൽ നിന്നും ദേവി തുളസിയെ വന്നു കണ്ട് അവളുടെ കുട്ടിയുടെ സരക്ഷണം ഏറ്റെടുക്കുന്നതോടു കൂടി കഥയവസാനിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍