കഥാസാരം
ഒരു വ്യാഴവട്ടക്കാലത്തിനു മുൻപ് മലയാള നാടകവേദിയിലെ ഉജ്ജ്വല താരമായിരുന്നു കായം കുളം കമലമ്മ.കാലചക്രത്തില്പ്പെട്ടു കമലമ്മ തീരാത്ത ദുഃഖത്തിലും ദുരിതത്തിലുമാണു കഴിഞ്ഞു പോന്നത്.കമലമ്മയുടെ പുത്രി മീന നല്ല ഒരു ഗായികയായിരുന്നു.അവൾ ഗാനമേളകൾക്ക് പോയി കിട്ടുന്ന തുക കൊണ്ടാണ് കമലമ്മയുടെ വീട് നില നിന്നു പോന്നത്.തന്റെ നല്ല കാലത്ത് നാടകങ്ങളിൽ തബല വായിച്ചു കൊണ്ടിരുന്ന ആശാൻ മാത്രമാണു ഇന്നവർക്ക് കൂട്ട്. മീനയുടെ ഗാനമേളകൾക്കും ആശാൻ കൂടെ പോയ്ക്കൊണ്ടിരുന്നു.കമലമ്മയുടെ പുത്രിയെന്ന പരിഹാസം നിറഞ്ഞ സംബോധന അവളെ വല്ലാതെ വിഷമിപ്പിച്ചു. ഇനിയും മേലാൽ പരിപാടികൾക്ക് പോകുകയില്ലെന്ന് നിർബന്ധം പിടിച്ച അവളെ ഏറ്റു പോയ ഒരു പരിപാടിക്കു കൂടി പങ്കെടുക്കുവാൻ കമലമ്മയും ആശാനും കൂടി സമ്മതിപ്പിച്ചു. പരിപാടി നടത്തുന്ന സ്ഥലത്തെ യോഗത്തിൽ പ്രാസംഗികനായി വന്ന ധർമ്മയുദ്ധം പത്രാധിപർ പ്രതാപൻ മീനയുടെ പാട്ടു കേട്ട അവളുടെ വിവരങ്ങൾ തിരക്കി.യോഗാനന്തരം മീന സഞ്ചരിച്ച കാറിൽ തന്നെ മടങ്ങേണ്ടതായി വന്ന പ്രതാപൻ അവളുടെ വീട്ടിൽക്കയറി.കമലമ്മയുടെ ചരിത്രമറിഞ്ഞ പ്രതാപൻ തന്റെ വാരികയിൽ അവളുടെ ആത്മകഥ പ്രസിദ്ധീകരിക്കുവാൻ കമലമ്മയോടാവശ്യപ്പെട്ടു. ആത്മകഥ പ്രസിദ്ധീകരിച്ചാൽ അതിൽ നിന്നുണ്ടാകുന്ന സാമ്പത്തിക നേട്ടം അവളുടെ ദുരിതപൂർണ്ണമായ ജീവിതത്തിനു അല്പം ശാന്തി നൽകുമെന്നയാൾ ബോദ്ധ്യപ്പെടുത്തി.പക്ഷേ തന്റെ ജീവചരിത്രം പ്രസിദ്ധീകൃതമായാൽ സമൂഹത്തിലെ ഉന്നതന്മാരായ പലരെയും അതു ബാധിക്കും എന്നും അവരുടെ കുടുംബജീവിതം തന്നെ താറുമാറാകുമെന്നും ശങ്കിച്ച് അതിനു വിസമ്മതിച്ചു.അവസാനം തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നു എന്നൊരു പരസ്യം മാത്രം കൊടുക്കുവാൻ അവൾ സമ്മതിച്ചു. പരസ്യം വാരികയിൽ പ്രസിദ്ധീകൃതമായതോടു കൂടി പല മാന്യന്മാരും വിരണ്ടു. പലരും ആത്മകഥ എഴുതാതിരിക്കാൻ അവളെ ഭീഷണിപ്പെടുത്തി.കയറു മുതലാളി ഗോവിന്ദൻ പ്രതാപനെ സമീപിച്ചു.അയാൾ അയ്യായിരം രൂപ കൊടുത്തത് പ്രതാപൻ കമലമ്മയുടെ പേരിൽ ബാങ്കിലടച്ചു.സ്ഥലത്തെ ഒരു രാഷ്ട്രീയ പ്രമാണിയായ പരമേശ്വരൻ കർത്താവ് പ്രതാപന്റെ മാതുലനാണ്.ധർമ്മയുദ്ധം വാരികയിലെ പരസ്യം കണ്ട് അയാൾ നടുങ്ങി.പ്രതാപനെ അതിൽ നിന്നും പിന്തിരിപ്പിക്കുവാൻ പ്രതാപന്റെ അമ്മയും കർത്താവിന്റെ സഹോദരിയുമായ ഈശ്വരിയമ്മയെ അയാൾ സമീപിച്ചു. ഒരു വേശ്യയായിരുന്ന നാടക നടിയുടെ ആത്മകഥ പ്രസിദ്ധപ്പെടുത്തുന്നതിൽ നിന്നും പിന്തിരിയുവാനും അവരുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കുവാനും അമ്മ പ്രതാപനെ ഉപദേശിച്ചു.പക്ഷേ അയാൾ അതൊന്നും ചെവിക്കൊണ്ടില്ല.താനുമായുള്ള ബന്ധം ആത്മകഥയിൽ വരുന്നതിനെ തടയുവാൻ എസ്റ്റേറ്റുടമയും വലിയ മുതലാളിയുമായ തോമ്മാച്ചൻ ധർമ്മയുദ്ധത്തിനു പരസ്യം കൊടുത്തു തുടങ്ങി.പക്ഷേ വിചാരിച്ച പ്രയോജനമുണ്ടാകുന്നില്ലെന്നു കണ്ട മുതലാളി റൗഡികളെ വിട്ടു കമലമ്മയുടെ പുരക്ക് തീ കൊടുക്കുവാൻ ഉദ്യമിച്ചു. പ്രതാപൻ ഇടപെട്ട് റൗഡികളെ തുരത്തി. പക്ഷേ ഓടിപ്പോയ ഒരുവനെ പോലീസ് പിടിച്ചു. ജയിലിലായ തന്റെ പാർശ്വവർത്തിയെ ജാമ്യത്തിലെടുക്കുവാൻ മുതലാളി വക്കീൽ ഗോപാലൻ നായരെ ഏർപ്പെടുത്തി.ഇതിനിടയിൽ കമലമ്മയെയും മകളെയും തന്റെ വീട്ടിൽ താമസിപ്പിക്കുവാനുള്ള അഭ്യർത്ഥന അമ്മ നിരസിച്ചതു കാരണം അവരെ പ്രതാപൻ തന്റെ പ്രസ്സിൽ താമസിപ്പിച്ചു.പ്രതാപന്റെ വാരികയിൽ ഒരു ന്യൂസ് റിപ്പോർട്ടറായി ചേർന്ന ഭാസ്കർ ബാലെ പ്രതാപനെ സഹായിച്ചു കൊണ്ടിരുന്നു.ഒരു ദിവസം പ്രസ്സിലെത്തിയ ഗോപാലൻ നായർ കമലമ്മയെ അന്വേഷിച്ചു. കാണാൻ കഴിഞ്ഞില്ല. പക്ഷേ തന്നോട് കളിച്ചാൽ അവളെ ജയിലിലാക്കിക്കളയുമെന്ന് ഭീഷണി പുറപ്പെടുവിച്ച് അയാൾ സ്ഥലം വിട്ടു.ഇതറിഞ്ഞ കമലമ്മ തബല ആശാനെ ഗോപാലൻ നായരുടെ സമീപത്തേക്കയച്ചു.ഇതു ഭാസ്കരൻ ബാലെ കണ്ടു പിടിച്ചു.ആദ്യം തബല നിഷേധിച്ചെങ്കിലുമവസാനം അയാൾ ഗോപാലൻ നായരെ കണ്ടത് കമലമ്മയുടെ ആവശ്യപ്രകാരമാണെന്ന് സമ്മതിച്ചു. ഗോപാലൻ നായരെപ്പറ്റി കൂടുതൽ വിവരങ്ങളറിയുവാൻ ഭാസ്കർ ബാലെ നിയുക്തനായി. ആകെ വിവശയായ കമലമ്മ സ്ഥലം വിടുവാൻ തീരുമാനിച്ചു. പ്രതാപന്റെ അമ്മയെ വിവരമറിയിച്ചു പോകുവാനായി അവിടെത്തിയ കമലമ്മ കർത്താവിനെ കണ്ടു.അവൾ അത്ഭുതപ്പെട്ടു.കർത്താവുമായി തനിക്കുണ്ടായിരുന്ന ബന്ധവും കർത്താവിലുണ്ടായ പുത്രിയാണു മീന എന്ന വിവരവും കർത്താവിന്റെ സല്പ്പേരിനു കളങ്കം വരുത്താതിരിക്കുവാനായി മദ്യപാനിയായ ഒരാളെ തന്റെ ഭർത്താവാക്കി കുഞ്ഞിന്റെ അച്ഛനായി കൊണ്ടു നടന്നതുമെല്ലാം അവൾ വെട്ടിത്തുറന്നു തന്നെ പറഞ്ഞ് അവിടുന്നിറങ്ങിപ്പോയി.ഗോപാലൻ നായർ വീണ്ടും പ്രസ്സിലെത്തി.ഗോപാൽൻ നായരും കമലമ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതാപനും ഭാസ്കരബാലെയും കൂടി കമലമ്മയെ ചോദ്യം ചെയ്തു. അവൾ എല്ലാം തുരന്നു പറയുവാൻ നിർബന്ധിതയായി.മുഴുക്കുടിയനായ തന്റെ ഭർത്താവ് ഒരു ദിവസം വിഷം കഴിച്ചു മരിക്കുകയും അതിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ട തന്നെ അന്ന് പോലീസ് ഇൻസ്പെക്ടറായിരുന്ന ഗോപാലൻ നായർ രക്ഷിക്കുകയും മറ്റും ചെയ്ത കഥകൾ കമലമ്മ അറിയിച്ചു.ഗോപാൽൻ നായരും അവ സ്ഥിരീകരിക്കുകയും ചെയ്തു.പക്ഷേ കമലമ്മയെ ജയിലിലാക്കാനുള്ള തെളിവുകളെല്ലാം തന്റെ പക്കലുണ്ടെന്ന് ഗോപാലൻ നായർ വീമ്പിളക്കി.ഈ സമയം കമലമ്മയുടെ ഭർത്താവിന്റെ യഥാർത്ഥ കൊലയാളി താനാണെന്ന് തബല ആശാൻ വെളിപ്പെടുത്തി. അതിനുള്ള കാരണങ്ങളും അയാൾ പറഞ്ഞു.അപ്പോഴേക്കും അവിടെ എത്തിയ പോലീസ് ഗോപാലൻ നായരെയും തബലയെയും അറസ്റ്റു ചെയ്തു.ഇതെല്ലാം കണ്ടും കേട്ടും നിന്നിരുന്ന പ്രതാപൻ തന്റെ കൂടെ ന്യൂസ് റിപ്പോർട്ടറായി നിന്നിരുന്ന ഭാസ്കരബാലെ ഒരു സി ഐ ഡി ഉദ്യോഗസ്ഥൻ ആണെന്നു കൂടി അറിഞ്ഞപ്പോൾ സ്തബ്ധനായിപ്പോയി.തന്റെ കഥയുടെ പര്യവസാനം ഇങ്ങനെയായതിൽ മനം നൊന്ത് കമലമ്മ ഹൃദയം പൊട്ടി മരിച്ചു വീണു.മീനയെ പ്രതാപന്റെ അമ്മ വന്നെത്തി സ്വീകരിക്കുന്നതോടു കൂടി എഴുതാത്ത കഥ അവസാനിച്ചു.
എഴുതിയതു് : ജിജാ സുബ്രമണ്യന്
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്