Sarangapani
Dialog
ആലപ്പുഴ കാഞ്ഞിരംചിറ അന്തേക്കുപറമ്പില് പരേതനായ കങ്കാളിയുടെയും പാപ്പിയുടെയും 12 മക്കളില്‍ എട്ടാമനായി 1923ല്‍ പിറന്ന ശാരംഗപാണിയുടെ ആദ്യകാല പ്രവര്‍ത്തനം സിനിമാ രംഗത്തായിരുന്നില്ല. പുന്നപ്ര വയലാര്‍ സമരസേനാനിയും ആലപ്പുഴ സൗത്തിന്ത്യന്‍ റബര്‍ വര്‍ക്ക്സില്‍ റബര്‍ ഷീറ്റുകള്‍ തുന്നുന്ന പണിക്കാരനുമായിരുന്ന ഇദ്ദേഹത്തിന്റെ ആദ്യ പ്രേമം നാടകത്തിനോടായിരുന്നു. ചൂഷണ വിധേയമായിരുന്ന ആലപ്പുഴയിലെ കയര്‍ തൊഴിലാളികളുടെ കഥ പറയുന്ന 'അവരെന്റെ മക്കളാണു് ' എന്ന നാടകം തൊഴിലാളിസംഘടനയുടെ നിരവധി സമ്മേളനവേദികളില്‍ കളിച്ചു. 1957ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റു് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ ഇറങ്ങിയ 'ഭാവന' എന്ന നാടകം മികച്ച രചനയ്ക്കുള്ള സമ്മാനം നേടുകയും ശാരംഗപാണി ശ്രദ്ധേയനാവുകയും ചെയ്തു.
1960 ല്‍ ഇറങ്ങിയ ഉമ്മയോടു കൂടിയാണു് ഉദയായുമായി ബന്ധം സ്ഥാപിക്കുന്നതു്. പാണി എന്ന പേരിലാണു് അദ്ദേഹം ഉദയാസ്റ്റുഡിയോയില്‍ അറിയപ്പെട്ടിരുന്നതു്.
പിന്നീടദ്ദേഹം ഉദയായുടെ സ്ഥിരം തിരക്കഥാ-സംഭാഷണ രചയിതാവായിത്തീര്ന്നുവെങ്കിലും തന്റെ ആദ്യപ്രേമമായ നാടകം അദ്ദേഹം കൈവെടിഞ്ഞില്ല. മലയാള കലാഭവന്‍ എന്ന ട്രൂപ്പു് വഴി 15 ഓളം നൃത്തനാടകങ്ങള്‍ ശാരംഗപാണിയുടെ മേല്‍നോട്ടത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അവതരിക്കപ്പെട്ടു. വടക്കന്‍പാട്ടുകളും പുരാണ കഥകളും ആയിരുന്നു നാടകത്തിന്റെ വിഷയം.
1960ല്‍ ഇറങ്ങിയ ഉമ്മ മുതല്‍ 1982ല്‍ ഇറങ്ങിയ തീരം തേടുന്ന തിര വരെയുള്ള ഉദയാ ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും ശാരംഗപാണി എഴുതിയതാണു്.
ശാരംഗപാണി എഴുതിയ കണ്ണപ്പനുണ്ണിയുടെ ചിത്രീകരണ വേളയില്‍ 1976ല്‍ ആണു് കുഞ്ചാക്കോയുടെ മരണം. അതിനു ശേഷം ഉദയാ വിട്ടു പിരിഞ്ഞ അപ്പച്ചനു വേണ്ടി കടത്തനാട്ടു് മാക്കം എഴുതിക്കൊടുത്തുവെങ്കിലും ഉദയാ ഉപേക്ഷിച്ചു് നവോദയയില്‍ ചേരാന്‍ ശാരംഗപാണി തയ്യാറായില്ല. കുഞ്ചാക്കോയുടെ മകന് ബോബന് കുഞ്ചാക്കോയ്ക്കൊപ്പം പാലാട്ടു് കുഞ്ഞിക്കണ്ണന് ഉള്‍പ്പെടെ ഏതാനം ചിത്രങ്ങള്‍ക്കു് അദ്ദേഹം തിരക്കഥയും സംഭാഷണവും എഴുതി. പിന്നെ പ്രിയദര്‍ശനനു വേണ്ടി കടത്തനാടന്‍ അമ്പാടിക്കു വേണ്ടി സംഭാഷണം എഴുതി.
ഉദയാ സ്റ്റുഡിയോ വളപ്പില്‍ എക്സല്‍ ഗ്ലാസ്സു ഫാക്ടറി തുടങ്ങിയതിനും, ഉദയാ സ്റ്റുഡിയോ വളപ്പിന്റെ ഭാഗങ്ങള്‍ പലപ്പോഴായി വിറ്റു കൈമാറിയതിനും മൂകസാക്ഷിയായ ശാരംഗപാണി കലാജീവിതത്തിനോടു് വിടപറഞ്ഞു വീട്ടില്‍ ഒതുങ്ങി കഴിഞ്ഞുകൂടി.
പരേതയായ പ്രശോഭിനി ആണു് ഭാര്യ. മക്കള്‍ കല, ജൂല, ബിജു, ബൈജു. പുന്നപ്രവയലാര്‍ സമരകാലം മുതല്‍ പാര്‍ട്ടി വൃത്തങ്ങളിലും പുറത്തും അറിയപ്പെടുന്ന ഒരു വിപ്ലവഗായികയാണു് ശാരംഗപാണിയുടെ സഹോദരി മേഥിനി.
2011 ഫെബ്രുവരി 2ല്‍ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു
എഴുതിയതു് - മാധവഭദ്രന്‍
അവലംബം - ഉദയാ സ്റ്റുഡിയോയുടെ പഴയകാല സ്റ്റാഫു്, മക്കള്‍ & സഹോദരി മേഥിനി.
Available Movies : 27
Available Short Movies : 0