ആരോമലുണ്ണിയുടെ കഥ:
മലയാളക്കരയുടെ വീരേതിഹാസകഥകളാണു് വടക്കന്‍പാട്ടുകള്‍. അവയിലെ നിരവധി നായികാനായന്മാരുടെ അമ്മവീടാണു് പ്രശസ്തമായ പൂത്തൂരംവീടു്. പുത്തൂരംവീട്ടിലെ കണ്ണപ്പന് ചേകവരെപ്പറ്റി അദ്ദേഹത്തിന്റെ പുത്രന് ആരോമല്ച്ചേകവരെപ്പറ്റി, മകള്‍ ഉണ്ണിയാര്‍ച്ചയെപ്പറ്റി കേള്‍ക്കുമ്പോള്‍ ആരുടെ ശിരസ്സാണു് വിജ്രംഭിക്കാത്തതു്. അരിങ്ങോടരുടെ തലയറുത്തെറിഞ്ഞു് അങ്കത്തട്ടില്‍ തളര്‍ച്ച തീര്‍ക്കാന്‍ തന്റെ മടിയില്‍ തലചായ്ചുറങ്ങിയ ആരോമല്‍ച്ചേകവരെ കുത്തുവിളക്കുകൊണ്ടു് കുത്തിക്കൊന്ന ചതിയനായ ചന്തുവിനോടു് ആര്‍ക്കാണു് പ്രതികാരം തോന്നിയിട്ടില്ലാത്തതു്. മുറിപ്പാടിലൂടെ ഒഴുകി പുറത്തുപോകാന്‍ നിന്ന രക്തവും ജീവനും കച്ച കൊണ്ടു് കെട്ടിപ്പൊതിഞ്ഞു വീട്ടിലെത്തി ഗര്‍ഭവതിയായി ഭാര്യ കുഞ്ഞുണ്ണൂലിയോടു് നേര്പെങ്ങളായിരുന്ന ഉണ്ണിയാര്‍ച്ചയോടും അവരുടെ മക്കളെക്കൊണ്ടു് ഈ ചതിക്കു പകരം ചോദിക്കണമെന്ന അഭിലാഷമറിയിച്ചുകൊണ്ടു മരിച്ചുവീണ ആരോമല്‍ച്ചേകവരുടെ മകന് കണ്ണപ്പനുണ്ണിയും ഉണ്ണിയാര്‍ച്ചയുടെ മകന് ആരോമലുണ്ണിയും ജനിച്ചു വളര്‍ന്നു് പതിമൂന്നാം വയസ്സില്‍ ചന്തുവിന്റെ ശിരശ്ശറുത്തു് ജയഭേരി മുഴക്കിയ കഥകള്‍ ആരെയാണു് കോരിത്തരിപ്പിക്കാത്തതു്.
അങ്കപ്പയറ്റുകള്‍ പഠിച്ചു വളര്‍ന്നു ഒത്ത മനുഷ്യരായി. ഉത്തരകേരളത്തില്‍ അവരെ അറിയാത്തവരുണ്ടായിരുന്നില്ല. ആദരിക്കാത്തവരുണ്ടായിരുന്നില്ല.
ആയിടയ്ക്കൊരിക്കല്‍ കോലശ്രീനാട്ടില്‍ മാമാങ്കം നടന്നു. ആര്‍ഭാടപൂര്‍ണ്ണമായ മാമാങ്കം. അവിടെ നടന്ന ആനപ്പോരില്‍ വിജയശ്രീലാളിതനാവുന്ന ധീരനു് രാജപുത്രി കുഞ്ഞിക്കന്നിയെ വേളികഴിച്ചു കൊടുക്കുമെന്നും പൊന്നമ്പലദേശം പതിച്ചു കൊടുക്കുമെന്നും വിളംബരമുണ്ടായി. പുത്തൂരംവീട്ടിലും ആ വിളംബരം എത്തി. ആരോമലുണ്ണിക്കു് ആ മത്സരത്തില്‍ പങ്കുകൊള്ളാന്‍ മോഹമായി. ഉണ്ണിയാര്‍ച്ചയുടെ മകനാണു്. അയാള്‍ പുറപ്പെട്ടു. ആരോമല്‍ച്ചേകവരുടെ മകന് കണ്ണപ്പനുണ്ണിയും കൂടെ പുറപ്പെട്ടു. തുണയ്ക്കു് പാണനും.
ആനപ്പോരിനു നാടുവാഴിയും ഇടപ്രഭുക്കളും എത്തിയിരുന്നു. അവരുടെ നടുവില്‍ കണ്ട ആരോമലുണ്ണിയുടെ ധീരവും സുന്ദരവുമായ യുവചൈതന്യം രാജകുമാരിയെ സമാകര്‍ഷിച്ചു. രാജകുമാരിയുടെ അടുത്തു വേദിയില്‍ മറ്റൊരു സുന്ദരിയായിരുന്നു മാക്കം. മാക്കത്തില്‍ കണ്ണപ്പനുണ്ണിയുടെ കണ്ണു പതിഞ്ഞു. പിന്നീടാണറിഞ്ഞതു് ആരോമല്‍ചേകവരെ ചതിച്ചു കൊന്ന ചന്തുവിന്റെ മകന് തമ്പിക്കുട്ടിയുടെ നേര്പെങ്ങളാണു് മാക്കം എന്നു്. ശത്രുക്കള്‍ വീണ്ടും ശത്രുക്കളായി. ഇതിനിടയില്‍ മറ്റൊരു കഥാപാത്രം വന്നിറങ്ങി. ചന്ദ്രപ്പന്. പണ്ടൊരിക്കല്‍ ആരോമല്ച്ചേകവര് പകിട കളിക്കാന്‍ പോയപ്പോള്‍ രഹസ്യവേഴ്ചയില്‍ തുമ്പോലാര്‍ച്ചയില്‍ പിറന്നവനാണു് ചന്ദ്രപ്പന്. ആരോമലിന്റെ ആ മകനെ പുത്തൂരംവീട്ടില്‍ അംഗീകരിക്കയുണ്ടായില്ല. അങ്ങനെ അഞ്ചാം വയസ്സില്‍ അവന് അഭ്യാസം പഠിക്കാന്‍ തുളുനാട്ടില്‍ പോയവനാണു്. സര്‍വ്വവിദ്യകളും പഠിച്ചു പയറ്റി സ്വന്തം കേളു അമ്മാവനുമായി ചന്ദ്രപ്പന് അവിടെ ആനപ്പുറത്തു വന്നിറങ്ങി.
ചന്തുവിന്റെ മകന് തമ്പിക്കുട്ടി പുത്തൂരം വീട്ടുകാരുടെ പ്രിയങ്കരനായിരുന്ന പാണന്റെ തല വെട്ടി. കണ്ണപ്പച്ചേകവര് ക്ഷുബ്ധനായി. ഉണ്ണിയാര്‍ച്ച ഉഗ്രരൂപിണിയായി. ആരോമലുണ്ണിയും കണ്ണപ്പനുണ്ണിയും അതിനു പകരം ചോദിക്കാന്‍ എത്തി. അവര്‍ തമ്പിക്കുട്ടിയുടെ കോട്ട തകര്ത്തുകൊണ്ടിരിക്കുമ്പോഴാണു് ചന്ദ്രപ്പന് ചാടി വീണതു്. ചന്ദ്രപ്പനെ തമ്പിക്കുട്ടി കയ്യിലെടുത്തു. ആരോമലുണ്ണിയും ചന്ദ്രപ്പനും തമ്മില്‍ അങ്കം കുറിച്ചു. അങ്ങനെ ഒരേ പിതാവിന്റെ രണ്ടു ഭാര്യമാരിലുണ്ടായ മക്കള്‍ കണ്ണപ്പനുണ്ണിയും ചന്ദ്രപ്പനും രണ്ടു പാളങ്ങളിലായി. കണ്ണപ്പനുണ്ണി ആരോമലുണ്ണിയുടെ ഭാഗത്തും ചന്ദ്രപ്പന് തമ്പിക്കുട്ടിയുടെ ഭാഗത്തും.
അങ്കത്തില്‍ ആരു ജയിച്ചു? ആനപ്പോരില്‍ ആര്‍ക്കു് രാജകുമാരിയെ കിട്ടി? കണ്ണപ്പനുണ്ണിയുടെ ശത്രുപാളയത്തിലെ അനുരാഗം, തമ്പിക്കുട്ടിയുടെ സഹോദരി മാക്കവുമായുള്ള അനുരാഗം, എങ്ങനെ കലാശിച്ചു? സംഭവബഹുലങ്ങളും സംഭ്രമജനകങ്ങളുമായ ഇനിയുള്ള ഭാഗങ്ങള്‍ വെള്ളിത്തിരശ്ശീരയില് കാണുക.
തയ്യാറാക്കിയതു്: മാധവഭദ്രന്‍
അവലംബം : ഈ സിനിമയുടെ പാട്ടുപുസ്തകം
|