PK Radhadevi
Actors
നാടകത്തിലും സിനിമയിലും ഡബ്ബിങ്ങ് രംഗത്തും സജീവമായിരുന്ന ശ്രീമതി പി കെ രാധാദേവി ജനിച്ചതു് തൊടുപുഴയിൽ വഴിത്തല എന്ന സ്ഥലത്താണു്. തൊടുപുഴ വഴിത്തല പരേതരായ കുഞ്ഞിക്കുട്ടന്‍-ഗൗരിയമ്മ ദമ്പതിമാരുടെ മകളാണു്. യഥാർത്ഥ പേരു് രാധാമണി എന്നാണു്. കലാരംഗത്തു് എത്തിയപ്പോഴാണു് തൊടുപുഴ പി.കെ. രാധാദേവി എന്ന പേരു് സ്വീകരിച്ചതു്. നാടകത്തിലൂടെയാണു് തന്റെ അഭിനയജീവിതം ആരംഭിക്കുന്നതു്. കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി. തുടങ്ങിയ നാടകട്രൂപ്പുകളില്‍ ഒരു സജീവ സാന്നിദ്ധ്യമായിരുന്നു രാധാദേവി. നാടകരംഗത്തു് നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടു്. സംഗീത നാടക അക്കാദമിയുടെ അവാർഡു ലഭിച്ചിട്ടുണ്ടു്. നാടകത്തിലെ അഭിനയത്തിലൂടെയുള്ള പ്രശസ്തി സിനിമാരംഗത്തും അവസരങ്ങൾ ലഭിക്കുവാൻ കാരണമായി.1972 ൽ പുറത്തിറങ്ങിയ ‘ആരോമലുണ്ണി’ ആണു് ആദ്യം അഭിനയിച്ച ചിത്രം. ആരോമലുണ്ണി എന്ന ആദ്യചിത്രത്തിനുശേഷം തുടർന്നങ്ങോട്ടു് നസീര്‍, ജയന് മുതൽ അതുകഴിഞ്ഞുവന്ന പ്രശസ്ത അഭിനേതാക്കളുടെവരെയും ധാരാളം സിനിമകളില്‍ പ്രാധാന്യമുള്ള ഒട്ടേറെ സഹകഥാപാത്ര വേഷങ്ങളില്‍ അഭിനയിച്ചു. മഴക്കാറ്, സ്വപ്നം, നെല്ല്, മോഹം, ചുഴി, കിളിച്ചുണ്ടന്‍മാമ്പഴം തുടങ്ങിയ ചിത്രങ്ങൾ എടുത്തുപറയത്തക്ക ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചിട്ടുള്ളവയിൽ ചിലവയാണു്. ‘സൂഫിപറഞ്ഞ കഥ’ എന്നചിത്രത്തിലാണു് രാധാദേവി അവസാനം വേഷമിട്ടതു്. സിനിമയിൽ വന്നതിനുശേഷം എഴുപതുകളിൽത്തന്നെ ഡബ്ബിങ്ങ് രംഗത്തും സജീവമായിരുന്നു. കനകദുര്‍ഗ,സാധന എന്നിവരടക്കം നിരവധി നടിമാർക്കു് സിനിമയില്‍ ശബ്ദംനല്കിയിട്ടുണ്ടു്. ഏകദേശം 600ഓളം സിനിമകളില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ടു്. 2002ൽ സ്വന്തമായി നാടകട്രൂപ്പ് തുടങ്ങി. 'നക്ഷത്രങ്ങളെ സ്നേഹിച്ച അമ്മ' എന്നപേരിൽ നാടകവും അവതരിപ്പിച്ചിട്ടുണ്ടു്.
രാധാദേവിയുടെ ഭര്‍ത്താവ് അന്തരിച്ച രതീഷും ഡബ്ബിങ്ങ് രംഗത്തെ മികച്ച ഒരു ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിരുന്നു.മക്കള്‍: ശാരിക,ശശികല,സന്തോഷ്,രേഖ.രേഖ സീരിയൽ രംഗത്തെ ഒരു അഭിനേത്രിയാണു്. മൂന്നുവര്‍ഷത്തിലേറെയായി അസുഖംബാധിച്ചു് കിടപ്പിലായിരുന്ന രാധാദേവി 2011 ജനുവരി 30നു് അന്തരിച്ചു.
തയ്യാറാക്കിയതു് - കല്യാണി
References :
വിക്കിപീഡിയ
മലയാളസിനിമ അഭിനേതാക്കളുടെ വ്യക്തിവിവരങ്ങൾ - കടുവാക്കുളം ആന്റണി (1988)
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Available Movies : 34
Available Short Movies : 0