സത്യന്, വീരരാഘവന് നായര്‍, എം. എന്‍. നമ്പ്യാര്‍, മുതുകുളം രാഘവന്‍പിള്ള, കെ. പി. കൊട്ടാരക്കര, റ്റി. എസു്. മുത്തയ്യ, നാണുക്കുട്ടന്, മുട്ടത്തറ സോമന്, ബി. എസു്. സരോജ, മിസ്സു് കുമാരി, പങ്കജവല്ലി, സി. ആര്. ലക്ഷ്മിദേവി, കുമാരി തങ്കം, അമ്പലപ്പുഴ മീനാക്ഷി, എന്‍. ആര്. തങ്കം എന്നിവരഭിനയിച്ച ആത്മസഖിയുടെ കഥയും സംഭാഷണവും രചിച്ചതു് ശ്രീ കെ. പി. കൊട്ടാരക്കരയാണു്.
ശ്രീ തിരുനായിനാര്ക്കുറിശ്ശി രചിച്ച പതിമൂന്നു ഗാനങ്ങള്‍ക്കു് ബ്രദര്‍ ലക്ഷ്മണന് സംഗീതം പകര്‍ന്നു. പി. ലീല, ജിക്കി, ഘണ്ടശാല, മോത്തി, ട്രിച്ചി ലോകനാഥന് എന്നിവര്‍ പിന്നണിയില്‍ പാടി. നൃത്തസംവിധാനം ശ്രീ ജി. ആര്. റാവുവും നിര്‍വ്വഹിച്ചു.
കഥാസാരം :
വൃന്ദാവനത്തിലെ ജമീന്ദാരാണു് ചന്ദ്രശേഖരപിള്ള. അദ്ദേഹത്തിന്റെ രണ്ടു് മക്കളാണു് രഘുവും ലീലയും. ഭാര്യ മരിച്ചുപോയ പിള്ള കമല എന്നൊരു സ്ത്രീയെ രണ്ടാം വിവാഹം ചെയ്തു. സകലവിധ ദൂഷ്യങ്ങളുടേയും മൂര്‍ത്തിഭാവമായ കമല രഘുവിനെയും ലീലയെയും പലവിധത്തില്‍ ഉപദ്രവിച്ചുപോന്നു. കമലയുടെ പുതുപ്രേമത്തിനു ചന്ദ്രശേഖരപിള്ള പരിപൂര്‍ണ്ണമായി കീഴടങ്ങി. കുഞ്ഞുങ്ങള്ക്കു് എന്തെങ്കിലും ആശ്വാസമായുണ്ടായിരുന്നതു് വേലക്കാരന് രാമു മാത്രമായിരുന്നു. പക്ഷെ അവന്റെ ഭാര്യ ലക്ഷ്മി കമലയുടെ ആജ്ഞാനുവര്ത്തിയായിരുന്നതിനാല് കുട്ടികള്‍ രണ്ടും കണ്ണുനീര് കുടിച്ചു വളര്‍ന്നു.
മണ്പുരിയിലെ പട്ടിണിക്കാരായ കല്യാണിയും മകള്‍ ശാന്തയും രഘുവിന്റേയും ലീലയുടേയും സഖിത്വത്തിനു പാത്രീഭൂതരായി. കാലക്രമേണ രഘു ശാന്തയില്‍ പ്രേമബദ്ധനായി. കമലയ്ക്കു് ഇതു തീരെ സഹിച്ചില്ല. കമലയുടെ മകന് മോഹനന്, അമ്മയുടെ സ്വഭാവം ഉള്ളവന്, അവനൊരു കൂട്ടുകാരനെ വേണം. ശാന്തയുടെ സഹോദരനാണു് രാജന്. ശാന്ത വെളിച്ചമെങ്കില്‍ രാജന് കൂരിരുട്ടായിരുന്നു. കലിയും ദ്വാപരനും പോലെ വികൃതമായ വിളയാടല് കൊണ്ടു് അവര്‍ സ്വൈരവിഹാരം തുടങ്ങി.
വൃന്ദാവനത്തിലെ വേലക്കാരി ലക്ഷ്മിയെ വിവാഹം കഴിക്കുവാന്‍ ആലോചിച്ചിട്ടു് സാധിക്കാതെ മോഷണവും പിടിച്ചുപറിയും തൊഴിലാക്കി അക്കാരണത്താല്‍ ജയില്‍ ശിക്ഷയ്ക്കു വിധേയനായ മറുതാപാച്ചന് ഈ ഘട്ടത്തിലാണു് ജയിലില്‍ നിന്നും പുറത്തുവന്നതു്.
രഘു വിദ്യാഭ്യാസാനന്തരം ഡോക്ടര്‍ പരീക്ഷയ്ക്കു പഠിക്കുവാന്‍ തീരുമാനിച്ചു. ശാന്തയുടെ സമ്മതത്തോടെ അവന് മെഡിക്കല്‍ കോളേജില്‍ ചേരുവാനായി പുറപ്പെട്ടു. ഡോക്ടറായശേഷം തന്റെ പ്രേമവല്ലരി പൂത്തുതളിര്ക്കുമെന്ന പ്രതീക്ഷയോടെ ശാന്ത കാത്തിരുന്നു.
കോളേജില്‍ രഘുവിന്റെ സതീര്ത്ഥ്യായാണു് ഇന്ദിര. അവര്‍ തമ്മില്‍ ഉറ്റ ചങ്ങാത്തത്തിലായി. രഘുവിനെ നോക്കി അവള് പല ആകാശക്കോട്ടകള്‍ കെട്ടി. രഘുവും ശാന്തയുമായുള്ള ബന്ധമറിഞ്ഞ കമല കോപം പൂണ്ടു. ചന്ദ്രശേഘരപിള്ളയെ പറഞ്ഞിളക്കി രഘുവിനെതിരായി തിരിക്കുവാന്‍ കമലത്തിനധികം ബുദ്ധിമുട്ടേണ്ടതായി വന്നില്ല. പഠിത്തത്തിനുള്ള സഹായം ലഭിക്കാതെ വിഷമിച്ച രഘുവിനെ സഹപാഠിയായ ഹരി കയ്യയച്ചു സഹായിച്ചു.
ഭയങ്കരമായ ഈ അവസ്ഥയില്‍ വിഷമിച്ചുകഴിഞ്ഞ ശാന്തയുടെ അമ്മ മരിച്ചു. സഹോദരനായ മോഹനന്റെ നിഷ്ഠൂരമായ പെരുമാറ്റം കൂടി ആയപ്പോള്‍ അവള് സഹികെട്ടു. കണ്ണുനീരോടുകൂടി ആരും സഹായത്തിനില്ലാതെ അവള് വീടു വിട്ടുപോയി.
രഘു, ഹരി, ഇന്ദിര എന്നിവര്‍ ഡോക്ടര്‍ ബിരുദം നേടി. പകര്‍ച്ചവ്യാധി വ്യാപിച്ച ഒരു ദിക്കിലേക്കു് ചികിത്സാതര്ത്ഥം അവര്‍ നിയോഗിക്കപ്പെട്ടു. രഘു വളരെ അസ്വസ്ഥനായി കഴിയുകയായിരുന്നു. അന്യസ്ത്രീയില്‍ അനുരക്തനാണു് രഘു എന്നറിഞ്ഞ ഇന്ദിര സന്തോഷവതിയായി രഘുവിനോടൊത്തു കഴിഞ്ഞു.
വീടുവിട്ടിറങ്ങി അലഞ്ഞുതിരിഞ്ഞ ശാന്തയെ മറുതാപാച്ചനും കൂട്ടരും കൂടി തട്ടിയെടുത്തു. ആ സംഘട്ടനത്തിനിടയില്‍ ഇന്ദിരയും ഹരിയും കൂടി വന്ന കാര്‍ കണ്ടുഭയന്നു പാച്ചന് ശാന്തയെ തള്ളിയിട്ടിട്ടു് ഓടിമറഞ്ഞു. ഉരുണ്ടുവീണു പരുക്കേറ്റ ശാന്തയെ ഹരിയും ഇന്ദിരയും കൂടി കാറിലെടുത്തു ആശുപത്രിയില്‍ കൊണ്ടുപോയി ശുശ്രൂഷിച്ചു. ശാന്തി അവിടെത്തന്നെ ഒരു നേഴ്സായി തീര്‍ന്നു. രഘു ഇതൊന്നും അറിയുന്നില്ല.
വിവാഹമുഹൂര്‍ത്തം സ്വപ്നംകണ്ടുകഴിയുന്ന തന്റെ പ്രേമാഭ്യര്‍ത്ഥനയുമായി രഘുവിനെ സമീപ്പിച്ചു. എന്നാല്‍ രഘു അതൊന്നും ഏല്ക്കുവാന് തയ്യാറല്ലെന്നു ബോദ്ധ്യമായ ഇന്ദിര വിവശയായി. ഈ രംഗം കണ്ട ശാന്ത രഘുവിനെ തെറ്റിദ്ധരിച്ചു. പക്ഷെ ഇന്ദിരയെ തന്റെ സഹോദരിയെന്ന നിലയില്‍ മാത്രമേ കാണുവാന്‍ കഴിയുകയുള്ളു എന്നും ശാന്തയെ മാത്രമാണു് തന്റെ പ്രേമഭാജനമായി കരുതുന്നതെന്നും രഘു പറഞ്ഞപ്പോള്‍ സന്തോഷാധിക്യത്താല്‍ ശാന്ത രഘുവിന്റെ മുന്നിലേക്കു് ഓടി അവന്റെ മാറിലണഞ്ഞു.
ശാന്തയുടെ തിരോധാനവും അമ്മയുടെ മരണവും നിമിത്തം വലഞ്ഞ രാജന് റിക്ഷാ വലിച്ചാണു് ജീവിച്ചതു്. കൂലിത്തക്കര്ത്തില് ഒരു നാള് മോഹനന് രാജനെ കുത്തിക്കൊന്നു. പോലീസിന്റെ കയ്യില്‍ പെടാതെ കമലം രാജനെ രക്ഷിച്ചു.
പക്ഷെ തന്റെ ആവശ്യങ്ങള്‍ക്കു് പണം തികയാതെവന്ന രാജന് പിള്ളയുടെ സേഫു് കുത്തിത്തുറന്നു പണം എടുക്കുവാന്‍ ശ്രമിച്ചു. കള്ളനെന്നു കരുതി കമല തോക്കിന്റെ നിറ ഒഴിച്ചു. താന്‍ കൊന്നതു് തന്റെ മകനെയാണെന്നറിഞ്ഞ കമലയ്ക്കു് ബുദ്ധിഭ്രമം പിടിപെട്ടു.
ഇത്രയുമായപ്പോഴേക്കും ചന്ദ്രശേഖരപിള്ളയ്ക്കും തന്റെ മക്കളോടുള്ള കടമയെപ്പറ്റിയും മറ്റും ബോദ്ധ്യമായി. അദ്ദേഹം രഘുവിനെ കമ്പിയടിച്ചു വരുത്തി.
മകന്റെ ഇഷ്ടപ്രകാരം ശാന്തയുമായുള്ള വിവാഹം തീരുമാനിച്ചു. തന്റെ കഷ്ടകാലത്തു് തന്നെ ആവോളം സഹായിച്ച ഹരിയെക്കൊണ്ടു് തന്റെ സഹോദരി ലീലയെ വിവാഹം കഴിപ്പിക്കുവാനും രഘു തീരുമാനിച്ചു. വിവാഹങ്ങള്‍ രണ്ടും ഒരേ സമയത്തു നടന്നു. കമലത്തിനുണ്ടായ ചിത്തഭ്രമം മാറി.
17-08-1952 ലാണു് ആത്മസഖി പ്രദര്‍ശനം ആരംഭിച്ചതു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍