1935 ല്‍ ഗജപതി നായിഡുവിന്റെയും രാജകാന്തമ്മയുടേയും മകളായി ആന്ധ്രപ്രദേശില്‍ തിരുപ്പതിയ്ക്കടുത്ത ചന്ദ്രഗിരിയില്‍ ജനിച്ചു. അച്ഛനമ്മമാരുടെ കൂടെ നന്നെ ചെറുപ്പത്തില്‍ തന്നെ മദിരാശിയില്‍ എത്തി.
1943 ല്‍ ബാലതാരമായി ‘പന്തുലമ്മ’ എന്ന തെലുങ്കുപടത്തില്‍ അഭിനയിച്ച് കലാരംഗത്തേക്ക് പ്രവേശിച്ചു. 1946 ല്‍ ‘മംഗലസൂത്രം’ എന്ന സിനിമയില്‍ അഭിനയിച്ചു.
1948 ല്‍ ജ്ഞാനസുന്ദരി എന്ന തമിഴ് പടത്തില്‍ പാടുവാന്‍ ലഭിച്ച അവസരമാണ് ഗായിക എന്ന നിലയിലേക്ക് മാറാന്‍ കാരണമായത്.
സിനിമയോടൊപ്പം ജിക്കി പാടിയ ‘അരുള്‍ തരും ദേവമാതാവേ’ എന്ന ഗാനവും പ്രശസ്തമായി. പി ജി കൃഷ്ണവേണി ,ജിക്കി കൃഷ്ണവേണിയായി മാറി.തുടര്‍ന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നട,സിംഹള എന്നീ ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകള്‍ പാടിയ പ്രിയഗായികയായി ജിക്കി.
പി ലീലയുടേയും ജിക്കിയുടേയും സുവര്‍ണ്ണകാലമായിരുന്നു. ഇരുവരും ചേര്‍ന്നും. മത്സരിച്ചും മധുരഗാനങ്ങളാലപിച്ചു.
അന്നത്തെ പ്രശസ്തഗായകനും സംഗീത സംവിധായകനുമായിരുന്ന എ എം രാജയെ വിവാഹം കഴിച്ചു. ജിക്കി- എ എം രാജ യുഗ്മഗാനങ്ങള്‍ ഒരു കാലഘട്ടത്തിന്റെ സുവര്ണ്ണഗാനങ്ങളായിരുന്നു. ഭര്‍ത്താവിന്റെ സംവിധാനത്തിലുള്ള അനേകം ഗാനങ്ങള്‍ ജിക്കി ആലപിച്ചിട്ടുണ്ട്.
എ എം രാജ ഒരു ട്രെയിന്‍ അപകടത്തില്‍പ്പെട്ട് 1989 ല്‍ മരണമടഞ്ഞതോടെ ജിക്കി കുറേനാളത്തേക്ക് തന്റെ സംഗീത സപര്യ നിര്‍ത്തിവച്ചിരുന്നു. പതിയെ അവര്‍ ആലാപനത്തിലേക്ക്ക് തിരിച്ചുവന്നു. ഇളയരാജയ്ക്കു വേണ്ടിയും ജിക്കി പാടി.പെണ്മക്കളോടൊപ്പം ധാരാളം ഗാനമേളകളും മറ്റും അവതരിപ്പിച്ചു,
കാന്‍സര്‍ ബാധിച്ച് തുടര്‍ച്ചയായി ചികിത്സയിലായിരുന്ന ആ മഹാഗായിക 2004 ആഗസ്ത് 16 ന് അന്തരിച്ചു.
മലയാളത്തില്‍ ‘വനമാല’യിലെ ‘തള്ളിത്തള്ളി ഓ വള്ളം’ ആണ് (1951) ജിക്കിയുടെ ആദ്യഗാനം. ഉമ്മ എന്ന ചിത്രത്തിലെ ‘കദളിവാഴക്കയ്യിലിരുന്ന്’ എന്ന ഗാനമൊരെണ്ണം മതി മലയാളിക്ക് ജിക്കി എത്ര പ്രിയങ്കരിയാണെന്ന് മനസ്സിലാക്കാന്‍. 1970 വരെ അന്‍പത്തി അഞ്ചോളം പാട്ടുകള്‍ ജിക്കി മലയാളത്തില്‍ പാടിയിട്ടുണ്ട്. ‘മഞ്ചാടിക്കിളി മൈന’ (കാട്ടുതുളസി), ‘ലാ ഇലാഹാ’ (സുബൈദ),’മനസ്സമ്മതം, ലഹരി ലഹരി (ഭാര്യ),മധുവിധുവിന് രാത്രി വന്നു (സ്ത്രീ ഹൃദയം) എന്നിവ അവയില്‍ ചിലതാണ്.
തമിഴിലും തെലുങ്കിലും മനദേശം, മായബസാര്‍ ,ലവകുശ, ഭീഷ്മ, അനാര്‍ക്കലി തുടങ്ങി ഒട്ടനേകം ചിത്രങ്ങള്‍ .
തയ്യാറാക്കിയത് : ശ്രീദേവി പിള്ള
കടപ്പാട് : വിക്കിപ്പീഡിയ