കഥാസാരം :
കുബേരനായ പണിക്കരുടെ ഭാര്യ ഭാനുവമ്മയുടെ അമിതമായ ലാളനയനുഭവിക്കുന്ന മകന് ശേഖരന് മദ്യവും മങ്കയുമായി വിക്രമനെന്ന കൂട്ടുകാരനുമൊത്തു് പണം ധൂര്‍ത്തടിച്ചു കഴിയുന്നു. പണിക്കരുടെ സഹോദരി ലക്ഷ്മിയമ്മ പാവപ്പെട്ട ഒരു വിധവയാണു്. അവരുടെ രണ്ടു് മക്കളായ ചന്ദ്രനേയും ശാന്തയേയും പുലര്‍ത്താന്‍ പാടുപെടുന്നു. ബി. എ. പാസ്സായ ചന്ദ്രനു് ബി. എല്‍. ക്ലാസ്സില്‍ ചേര്‍ന്നു പഠിക്കുവാന്‍ ധനസഹായത്തിനു് മാതുലനായ പണിക്കരെ സമീപിക്കുന്നു. ഭാനുവമ്മയുടെ പിരിഹാസവും നിര്‍ദ്ദയമായ പെരുമാറ്റവും കണ്ടു് മനസ്സു് നൊന്തു് തിരിച്ചുപോന്നുവെങ്കിലും പരസഹായം കൊണ്ടു് ഉപരിപഠനത്തിനു ചന്ദ്രന് പോകുന്നു.
ശേഖറിന്റെ ദുര്‍വൃത്തികള്‍ തടയാന്‍ വിവാഹത്തിനു് മാത്രമേ സാധിക്കു എന്നു് കരുതി പണിക്കരും ഭാര്യയും പലയിടത്തും അവനു് പെണ്ണന്വേഷിക്കുന്നു. വിക്രമനെന്ന സ്നേഹിതന്റെ സാഹചര്യവും ജയന്തിയെന്ന നര്‍ത്തകിയുടെ സാമീപ്യവും മദ്യം പോലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത നിലയില്‍ കഴിയുന്ന ശേഖരനു് ആരാണു് പെണ്ണു് കൊടുക്കുന്നതു്. ഒടുവില്‍ കാര്യസ്ഥന് പങ്കന്‍പിള്ളയുടെ സഹായത്താല്‍ ചന്ദ്രനറിയാതെ ശാന്തയെ മകനെക്കൊണ്ടു് വിവാഹം കഴിപ്പിച്ചു. വിവാഹദിവസം അതു് മുടക്കുവാന്‍ പാഞ്ഞെത്തിയ ചന്ദ്രന് വിവാഹവേദിയില്‍ എത്തുംമുന്പേ ആ ചടങ്ങു് കഴിഞ്ഞിരുന്നു.
വിവാഹം ശേഖരനെ നന്നാക്കിയില്ല. അയാളുടെ ധനം ജയന്തിയുടെ വീട്ടിലേക്കു് പ്രവഹിച്ചുകൊണ്ടിരുന്നു. ശാന്ത ഒന്നു പ്രസവിച്ചു. നിരാശയും ആധിയും കൊണ്ടു് വലഞ്ഞ അവളെ ക്ഷയരോഗിയാണെന്നു പറഞ്ഞു് നിഷ്ക്കാസിച്ചപ്പോള് ചന്ദ്രന് സ്വഗൃഹത്തിലേക്കവളെ കൂട്ടിക്കൊണ്ടുപോയി. ബി. എല്‍. പാസായ ചന്ദ്രന് സ്ഥലത്തെ പോസ്റ്റു് മാസ്റ്ററുടെ മകള്‍ സരളയുമായി പ്രേമത്തിലായി. സരളാചന്ദ്രന്മാരുടെ വിവാഹദിവസം ശേഖരന്റെ വീടായ കമലാലയം കടക്കാര് ജപ്തി ചെയ്തു. അപ്പോള്‍ ഭാനുവമ്മയ്ക്കു് അഭയം നല്കിയതു് ലക്ഷ്മിയമ്മയാണു്.
സ്വന്തമായതെല്ലാം നഷ്ടപ്പെട്ടപ്പോള്‍ ശേഖരന് വഞ്ചകനായ വിക്രമന്റേയും ജയന്തിയുടേയും യഥാര്‍ത്ഥ രൂപം മനസ്സിലാക്കി വിക്രമനോടു് ഏറ്റുമുട്ടി അയാളെ കൊല്ലുന്നു. വിക്രമന്റെ നേരത്തെയുള്ള ഏര്പ്പാടനുസരിച്ചു് ഭാനുവമ്മയും കൊല്ലപ്പെടുന്നു. ശേഖരനു് ഏഴു് കൊല്ലം ജയില്‍ശിക്ഷ വിധിക്കപ്പെട്ടു. പശ്ചാത്താപം ശുദ്ധിചെയ്തെടുത്ത ശേഖരനുവേണ്ടി ശാന്ത കാത്തിരിക്കാമെന്നു പറയുമ്പോള്‍ ശേഖരന്റെ ഹൃദയത്തില്‍ ആശാദീപം കൊളുത്തപ്പെട്ടു.
ഈ ചിത്രം വിതരണം ചെയ്തതു് അസോഷിയേറ്റഡു് പിക്ചേഴ്സാണു്. പ്രസ്തുത ചിത്രത്തില്‍ പത്മിനി, ബി. എസു്. സരോജ, ഗിരിജ, പങ്കജവല്ലി, ആറന്മുള പൊന്നമ്മ, വാസന്തി, സത്യന്, ആര്. ഗണേശു്, ടി. എസു്. ബാലയ്യ, ടി. എന്‍. ഗേപിനാഥന് നായര്‍, നാണുക്കുട്ടന്, കെ. രാമസ്വാമി, ദക്ഷിണാമൂര്‍ത്തി, പൊന്നുസ്വാമിപ്പിള്ള, മാസ്റ്റര്‍ സേതു, ഷെരീഫു് എന്നിവര്‍ അഭിനയിച്ചു.
ലീല, വസന്തകുമാരി, ജിക്കി, ഘണ്ഡശാല, എ. എം. രാജാ, വര്‍മ്മ എന്നിവര്‍ പാടിയ പതിനൊന്നു പാട്ടുകള്‍ ഉണ്ടിതില്‍.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |