ഉദയായുടെ താരയുടെ കഥ ചക്രപാണിയുടെയും സംഭാഷണം എസ് എൽ പുരത്തിന്റേതുമാണ് .വയലാർ എഴുതിയ അഞ്ചു ഗാനങ്ങൾ ദേവരാജൻ സംവിധാനം ചെയ്തു.യേശുദാസ് ,ജയചന്ദ്രൻ, സുശീല ,വസന്ത എന്നിവർ പാടി.എക്സൽ പ്രൊഡക്ഷൻസ് വിതരണം ചെയ്ത പ്രസ്തുത ചിത്രം എം കൃഷ്ണൻ നായർ സംവിധാനം ചെയ്തു.ചിത്രം 1970 ഡിസംബർ 18 നു പ്രദർശനം ആരംഭിച്ചു.സത്യൻ ,നസീർ ,ശാരദ , ഉമ്മർ ,തിക്കുറിശ്ശി , അടൂർ ഭാസി ,കോട്ടയം ചെല്ലപ്പൻ, എസ് പി പിള്ള, ആലും മൂട് , ജയഭാരതി , ആറന്മുള പൊന്നമ്മ, പങ്കജവല്ലി ,അടൂർ ഭവാനി,അടൂർ പങ്കജം, വിജയകുമാരി , ലളിത എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചു. ഉദയായുടെ സാങ്കേതിക വിഭാഗം മറ്റു ഘടകങ്ങൾ കൈകാര്യം ചെയ്തു.സ്റ്റുഡിയോ ഉദയ.
കഥാസാരം
വിദ്യാർത്ഥിയായിരുന്ന വാസന്തിക്ക് ഒരു വിവാഹാലോചന വന്നു. വരനു കാണാനും വരനെ കാണാനുമായി ആ കുബേരപുത്രി മദ്രാസിൽ നിന്നും നാട്ടിലെത്തി. സുമുഖനായ ഗോപിനാഥൻ നായരെ വാസന്തിക്ക് ഇഷ്ടപ്പെട്ടു.അവളുടെ വിവാഹം പരീക്ഷ കഴിഞ്ഞാൽ ഉടൻ നടത്തുവാനും നിശ്ചയിച്ചു.മദ്രാസിലേക്ക് മടങ്ങിയ വാസന്തി യാത്ര ചെയ്തിരുന്ന അതേ കമ്പാർട്ട്മെന്റിൽ ഗോപിനാഥൻ നായരുമുണ്ടായിരുന്നു. അടുത്ത ഭാവിയിൽ ഒന്നിച്ചു ജീവിക്കുവാൻ തീരുമാനിക്കപ്പെട്ടു കഴിഞ്ഞ ആ യുവഹൃദയങ്ങൾ പിടഞ്ഞു. ഇരുട്ടി വെളുക്കുന്നതിനുള്ളിൽ അവൾ സർവസ്വവും ഗോപിനാഥൻ നായർക്കായി കാഴ്ച വച്ചു കഴിഞ്ഞിരുന്നു. ആർക്കോണത്തു വെച്ച് ബോംബേയ്ക്കു പോകുന്ന ഗോപിനാഥൻ നായർ യാത്ര പറഞ്ഞു പിരിഞ്ഞു. പരീക്ഷ കഴിഞ്ഞ് വാസന്തി വീട്ടിലെത്തി. വിവാഹനിശ്ചയത്തിനായി വാസന്തിയുടെ പിതാവ് കേശവൻ കുട്ടിയും അയാളുടെ സഹോദരി കമലമ്മയും കൂടി ഒരുക്കങ്ങൾ ചെയ്തു . പക്ഷേ ആ വിവാഹം നടത്തുന്നതിനു ഗോപിനാഥൻ നായർക്ക് ഇഷ്ടമില്ലെന്ന് അറിയിക്കാനാണു ആളു വന്നത്. വാസന്തി വിവശയായി. ഗോപിനാഥനെ തേടി അവൾ ബോംബെയിലേക്ക് പോയി.അവളുടെ ദയനീയമായ കഥ പറഞ്ഞു കരഞ്ഞു.ട്രെയിനിൽ മുൻ പരിചയമില്ലാത്ത ഒരാൾക്ക് വിധേയയായതിൽ സംശയാലുവായ അയാൾ അവളെ സ്വീകരിച്ചില്ല.ആത്മഹത്യക്ക് ശ്രമിച്ചിട്ടും അവൾ പരാജയപ്പെട്ടു. നാട്ടിലെത്തിയ മകൾ ഗർഭിണിയാണെന്ന് കൂടി അറിഞ്ഞ കേശവൻ കുട്ടി അവളെ വെടിവെച്ചു. പക്ഷേ കമലമ്മയുടെ സന്ദർഭോചിതമായ ഇടപെടൽ കൊണ്ട് വാസന്തി രക്ഷപ്പെട്ടു. അന്തരീക്ഷം ശാന്തമായപ്പോൾ കേശവൻ കുട്ടി മകളെ തന്റെ എസ്റ്റേറ്റിൽ താമസിപ്പിച്ചു. അവിടെ വെച്ച് വാസന്തി ഒരു പെൺകുട്ടിയെ പ്രസവിച്ചു. പക്ഷേ അതിനെ ഒരു അന്തിച്ചന്തയിൽ ഉപേക്ഷിക്കാൻ കാര്യസ്ഥനെ ഏല്പ്പിച്ചു.
കാലം മുറിവുകളുടെ വേദനയകറ്റി.വാസന്തിയെ അഡ്വക്കേറ്റ് ബാലകൃഷ്ണൻ വിവാഹം ചെയ്തു . ആദ്യരാത്രിയിൽ തന്നെ തന്റെ ശോകകഥ വാസന്തി അയാളെ അറിയിച്ചു. നല്ലവനായ ബാലകൃഷ്ണൻ അവളുടെ കുറവുകൾ അവഗണിച്ച് ആ സത്യ സന്ധതയിൽ എല്ലാം മറന്ന് വാസന്തിയെ സ്വീകരിച്ചു. സുഖമായ ജീവിതമായിരുന്നു പിന്നീട് വാസന്തിയുടേത് .അവൾക്ക് ഒരു പുത്രി ജനിച്ചു. സ്ഥലം റെസ്ക്യൂ ഷെൽട്ടറിന്റെ ഉപദേശകയായി വാസന്തി പൊതുരംഗത്തും പ്രവർത്തിച്ചിരുന്നു . ബാലകൃഷ്ണൻ സ്ഥലത്തെ പ്രമുഖ അഭിഭാഷകനായി. വാസന്തി മഹിളാസമാജം പ്രസിഡന്റായി മാന്യതയുടെ മട്ടുപ്പാവുകളിലേക്ക് ഉയർന്നു.വാസന്തിയുടെ മകൾ ഉഷ വിവാഹപ്രായത്തിലെത്തി.വിക്രമൻ നായർ എന്നൊരാൾ അയാളുടെ മകനായ വേണുഗോപാലന്റെ പേർക്ക് വിവാഹാലോചനയുമായി വരുന്നു എന്നറിയിച്ചു . വാസന്തി സന്തോഷത്തോടെ കാത്തിരുന്നു. ഈ കാലഘട്ടത്തിൽ അനാഥയായി ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് കുശവനയ്യപ്പന്റെ സംരക്ഷണയിൽ താരയെന്ന പേരിൽ വളർന്നു.അയ്യപ്പന്റെ ഭാര്യ കാളിക്കുട്ടിക്ക് സന്താനങ്ങളില്ലാത്ത കുറവ് താര നികത്തി.അവരുടെ അയൽ വാസിയായ ജന്മിയുടെ പുത്രൻ വേണുഗോപാലനുമായി അവൾ പ്രേമത്തിലുമായി.തന്റെ മകന്റെ അനുരാഗ കഥയറിഞ്ഞ ജന്മി സാധുവായ അയ്യപ്പനെ മർദ്ദിച്ചവശനാക്കിയ ശേഷം സ്യാലനായ ഗോപിനാഥൻ നായരുടെ സഹായത്താൽ താരയെ രഹസ്യമായി റെസ്ക്യൂ ഷെൽട്ടറിലാക്കി. വേണു താരയെ തിരഞ്ഞുവെങ്കിലും കണ്ടു കിട്ടിയില്ല. വേണുവിന്റെ മാതുലനായ ഗോപിനാഥൻ നായർ തന്റെ മകളാണ് താരയെന്നറിഞ്ഞിരുന്നില്ല. കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നതിനു താര ശ്രമിച്ചുവെങ്കിലും വാസന്തിയും റസ്ക്യൂ ഹോമിലെ മേട്രനും കൂടി അവളെ രക്ഷിച്ചു.
താരയുടെ കഥയറിഞ്ഞ് അവളുടെ വീട്ടിലേക്ക് അവർ കത്തെഴുതി.റസ്ക്യൂ ഹോമിന്റെ വാർഷിക ദിവസം താരയെക്കാണുവാൻ വേണുവും കാളിക്കുട്ടിയുമെത്തി.വാസന്തിയുടെ മകൾ ഉഷയുടെ പേർക്ക് വിവാഹാലോചനയുമായി വന്നത് ഇതേ വേണുവിനു വേണ്ടിയായിരുന്നു. വാസന്തിയുടെ വീട്ടിൽ വേണുവിന്റെ അച്ഛനും അമ്മാവനായ ഗോപിനാഥൻ നായരും എത്തി.ആളെ തിരിച്ചറിഞ്ഞ വാസന്തി പകച്ചു നിന്നു.അവൾ ഭർത്താവിനോട് വിവരം പറഞ്ഞു.ഗോപിനാഥൻ നായർ ഒരു വിധത്തിൽ അവിടെ നിന്നും രക്ഷപ്പെട്ടു.റെസ്ക്യൂ ഷെൽട്ടറിന്റെ വാർഷിക യോഗത്തിന്റെ അദ്ധ്യക്ഷൻ ഗോപിനാഥൻ നായരായിരുന്നു.വാസന്തിയുടെ ഭർത്താവായ ബാലകൃഷ്ണൻ ഒരു പ്രാസംഗികനും ആഫീസ് റൂമിലിരുന്ന വാസന്തി പ്രസംഗം ശ്രദ്ധിച്ചു.അവളുടെ ജീവിതരഹസ്യം മുഴുവൻ ബാലകൃഷ്ണൻ തുറന്നു പറഞ്ഞു.അവഗണിക്കപ്പെട്ടിരുന്ന താരയെ വേണുവിനെക്കൊണ്ട് വിവാഹം ചെയ്യിച്ചു.വികാരവിവശയായി വാസന്തി പ്രജ്ഞയറ്റിരുന്നു പോയി.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്