സി വി ജോസഫിന്റെയും ത്രേസ്യയുടെയും മൂത്ത മകനായി 1959 ഒക്ടോബര്‍ 12നു് സണ്ണി ജോസഫ് ജനിച്ചു. സണ്ണിയുടെ ഇരട്ട സഹോദരനാണു് ജോസ് ജോസഫ്.
കുറവിലങ്ങാടു് സെന്റ് മേരീസ് ഹൈസ്ക്കൂളിലായിരുന്നു സ്ക്കൂള് വിദ്യാഭ്യാസം. തുടര്‍ന്നു് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ്, കുറവിലങ്ങാടു് ദേവമാതാ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സുവോളജി ആയിരുന്നു മെയിന്‍.
അതിനു ശേഷം മോഷന്‍ പിക്ചര്‍ ഫോട്ടോഗ്രാഫിയില്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു് ഡിഗ്രി എടുത്തു. ചേര്‍ത്തല കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫ്രീ സര്‍ക്കിള്‍ എന്ന പേരില്‍ ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചു. ഇവിടെ വച്ചു് ആര്‍ട്ട്സ് ക്ലബ്ബ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ടു്. വേണുവിന്റെ ഛായാഗ്രഹണ സഹായി ആയിട്ടാണു് സിനിമയുമായി ബന്ധപ്പെട്ടതു്. തുടര്‍ന്നു് മധു അമ്പാട്ട്, ഷാജി കരുണ്‍ എന്നിവര്‍ക്കൊപ്പം ജോലി ചെയ്തു. മോഹന്‍ സംവിധാനം ചെയ്ത തീര്ത്ഥമാണു് ആദ്യചിത്രം. അതിനു ശേഷം അനേകം ചിത്രം ചെയ്തു. മലയാളം, തമിഴ്, ഹിന്ദി, മണിപ്പൂരി, തെലുങ്ക്, കന്നട, ബംഗാളി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടു്.
പിറവി, സ്വയംവരപ്പന്തല്‍, നിഴല്ക്കൂത്തു് എന്നീ ചിത്രങ്ങള്ക്കാണു് സംസ്ഥാന അവാര്‍ഡ് ലഭിച്ചതു്. 1984ല്‍ ഏറ്റവും നല്ല എക്സെപിമെന്റല് സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ദ ക്ലൗണ്‍ ആന്റ് ഗോഡ് എന്നായിരുന്നു ഇതിന്റെ പേരു്. നിരവധി ലഘുചിത്രങ്ങളും പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ടു്. രണ്ടു് ടെലിവിഷന്‍ സീരിയലുകള്‍ സംവിധാനം ചെയ്തു.
ഫോട്ടോഗ്രാഫര്‍ കൂടിയായ പുഷ്പയാണു് ഭാര്യ. അപര്‍ണ്ണ, അനില്‍ എന്നിവര്‍ മക്കളാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010