പുലിവാല് - കഥയുടെ നേരിയ സൂചന
സാമാന്യം നല്ലൊരു നാടകകൃത്താണു് ജയചന്ദ്രന്. കൊല്ലത്തെ ഒരു പ്രൊഫഷണല്‍ ട്രൂപ്പിനുവേണ്ടി ഒരു നാടകമെഴുതുന്ന തിരക്കിലാണു് ആയാള്‍.
വായാടിയായ ജയചന്ദ്രന്റെ ഭാര്യ ജാനമ്മ മുറ്റത്തുനിന്നു് ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞു് കടക്കാരെ അയക്കുന്നു. അപ്പോഴാണു് നാടക പ്രൊപ്രൈറ്റര്‍ തങ്കപ്പന് പിള്ള നാടകം വാങ്ങാന്‍ വേണ്ടി ജയചന്ദ്രനെ കാണാന്‍ വരുന്നതു്. നാടകം എഴുതി തീര്‍ന്നില്ല എന്നറിഞ്ഞ തങ്കപ്പന് പിള്ള തന്റെ വിഷമതകള്‍ മുഴുവന്‍ പറഞ്ഞു മനസ്സിലാക്കുന്നു. ഭാര്യയുടെ ശല്യം കാരണം ഇവിടെ ഇരുന്നു് നാടകം എഴുതി തീര്‍ക്കാന്‍ സാദ്ധ്യമല്ലെന്നറിഞ്ഞ ജയചന്ദ്രന് തങ്കപ്പന് പിള്ളയുടെ നിര്‍ബന്ധപ്രകാരം കൊല്ലത്തു ചെന്നിട്ടു് നാടകമെഴുതി കൊടുക്കാമെന്നു് സമ്മതിക്കുന്നു.
നാടക ക്യാമ്പിന്റെ മറ പിടിച്ചു് കള്ളനോട്ടു വ്യവസായം നടത്തുന്ന തങ്കപ്പന് പിള്ള അതു കഴിഞ്ഞു് നേരെ ചെന്നതു് തന്റെ സഹപ്രവര്‍ത്തകനായ ബാലകൃഷ്ണന്റെ അടുക്കലാണു്. അയാള്‍ ഒരു സൂട്ട്കേസ് നിറയെ കള്ളനോട്ടുമായി തങ്കപ്പന് പിള്ളയെ കാത്തിരിക്കുകയാണു്. തങ്കപ്പന് പിള്ള പറഞ്ഞു "ജയചന്ദ്രന് കൊല്ലത്തേക്കു് വരികയാണു്. എന്റെ വസ്ത്രങ്ങളാണു്, എന്നെ ഏല്‍പ്പിക്കണമെന്നും പറഞ്ഞു ഈ സൂട്ട്കേസ് കൊടുത്തയച്ചാല്‍ മതി."
കൊല്ലത്തു പോകാനുള്ള ഒരുക്കത്തോടെ ജയചന്ദ്രന് തിരുവനന്തപുരത്തുള്ള തമ്പാന്നൂര്‍ ബസ് സ്റ്റാന്റില്‍ നില്ക്കുകയാണു്. അപ്പോഴാണു് തന്റെ പഴയ സുഹൃത്തായ ഭാര്ഗ്ഗവന് പിള്ള വരുന്നതു്. അയാളുടെ കൂടെ വരുന്ന യുവതിയെ കണ്ടപ്പോള്‍ ജയചന്ദ്രന് ഒന്നു ഞെട്ടി. ഒരു കാലത്തു് തന്റെ എല്ലാമെല്ലാം ആയിരുന്ന വത്സല. സുഹൃത്തു് പിരിചയപ്പെടുത്തി. "ഇതു് എന്റെ ഭാര്യ വത്സല."
വത്സല കൊല്ലത്തു് ഒരു ജോലിക്കുവേണ്ടി പോവുകയാണു്. ജയചന്ദ്രന് ഇവളെ ഒന്നു കൊല്ലത്തിറക്കണം. മനസ്സില്ലാമനസ്സോടെ ജയചന്ദ്രന് സമ്മതിച്ചു. അഞ്ചരയ്ക്കു് വരാറുള്ള ഫാസ്റ്റ് പാസഞ്ചര്‍ വരാത്തതുകൊണ്ടു് ഒരു കാര്‍ പിടിച്ചു് അവര്‍ കൊല്ലത്തു പോകാന്‍ ഒരുങ്ങുന്നു. കാര്‍ പുറപ്പെടാന്‍ നേരത്തു് തങ്കപ്പന് പിള്ളയുടെ ആള് വസ്ത്രങ്ങളാണെന്നു പറഞ്ഞു് സൂട്ട് കേസ് ജയചന്ദ്രനെ ഏല്‍പ്പിച്ചു. കാര്‍ പുറപ്പെട്ടു. ഇതിനിടയില്‍ സൂട്ട് കേസ് കൊടുത്ത ആള് തന്റെ രണ്ടു് കൂട്ടുകാരോടു് സൂത്രം പറഞ്ഞു് സൂട്ട് കേസ് തട്ടിയെടുക്കാന്‍ പ്രേരിപ്പിക്കുന്നു. തുല്യമായി പങ്കുവെക്കാമെന്ന വാഗ്ദാനത്തില്‍ അവര്‍ ഒരു വാനില്‍ കാറിനെ പിന്തുരുന്നു.
കാറിനു് എന്തോ തകരാറു് പറ്റി അതു് വഴിയില്‍ ഒരിടത്തു് നിന്നു. വാനില്‍ വന്ന ആള്ക്കാര് പെട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. ജയചന്ദ്രന് ഇടപെടുന്നു. നീണ്ടുനിന്ന ഏറ്റുമുട്ടലിനുശേഷം വാനില്‍ വന്നവര്‍ ഓടുന്നു. അതില്‍ ഒരാള്‍ പോലീസില്‍ അറിയിക്കുന്നു. ആറ്റിങ്ങലിനടുത്തു് റിപ്പയറായി കിടക്കുന്ന കാറില്‍ കള്ളനോട്ടുണ്ടെന്നു്. ഇതറിഞ്ഞ പോലീസ് സംഭവസ്ഥലത്തേക്കു് പായുന്നു. കാര്‍ ശരിയാകാന്‍ വളരെ നേരമാകുമെന്നറിഞ്ഞ ജയചന്ദ്രനും വത്സലയും അതുവഴി വന്ന ഒരു ലോറിയില്‍ കയറി പോകുന്നു.
പോലീസ് വന്നു് വിവരം ചോദിച്ചപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു അവര്‍ ലോറിയില്‍ കയറി പോയിയെന്നു്. പോലീസ് കുറുക്കുവഴിയേ പാഞ്ഞു് മെയിന്റോഡില്‍ ഒരിടത്തു നിന്നു. അവര്‍ അതുവഴി വന്ന എല്ലാ ലോറികളും പരിശോധിക്കുന്നു.
ഇതിനിടയില്‍ ലോറി ഡ്രൈവര്‍ വത്സലയെ കടന്നുപിടിക്കാന്‍ ശ്രമിക്കവേ ജയചന്ദ്രന് അയാളുമായി ഏറ്റുമുട്ടി. ലോറിയില്‍ നിന്നിറങ്ങി വത്സലയുമായി ജയചന്ദ്രന് നടന്നു. നടന്നുനടന്നു് അവര്‍ ആകെ തളര്ന്നു് ഒരു മരച്ചുവട്ടില്‍ ഇരുന്നു.
പറഞ്ഞ സമയമായിട്ടും ജയചന്ദ്രന് കൊല്ലത്തെത്താത്തതിനെപ്പറ്റി തങ്കപ്പന് പിളള ബാലകൃഷ്ണനു് ഫോണ്‍ ചെയ്യുന്നു. ജയചന്ദ്രന് പെട്ടിയുമായി കടന്നുകളഞ്ഞിരിക്കുമോ എന്നവര്‍ സംശയിക്കുന്നു. അവര്‍ ജയചന്ദ്രനെ അന്വേഷിച്ചിറങ്ങുന്നു.
ദൂരെ നിന്നു് വരുന്ന കാര്‍ കാണ്ടു് ജയചന്ദ്രനും വത്സലയും കൈ കാണിക്കുന്നു. ആ കാറില്‍ വന്നതു് വത്സലയുടെ ഭര്‍ത്താവിന്റെ സ്നേഹിതനാണു്. അയാള്‍ അവരെ കാറില്‍ കൊല്ലത്തിറക്കുന്നു. എന്നിട്ടു് അയാള്‍ വത്സലയുടെ ഭര്‍ത്താവിനു് ഫോണ്‍ ചെയ്യുന്നു. സംശയം തോന്നിയ വത്സലയുടെ ഭര്‍ത്താവു് അവരെ അന്വേഷിച്ചിറങ്ങുന്നു.
ജയചന്ദ്രനും വത്സലയും കൊല്ലത്തുള്ള ഒരു റോഡില്‍ക്കൂടി നടന്നു വരികയാണു്. അപ്പോഴാണു് അതുവഴി വന്ന ബീറ്റ് പോലീസ് അവരെ പിടികൂടുന്നതു്. പോലീസുകാരുടെ ചോദ്യങ്ങള്‍ക്കു് മറുപടി പറയാന്‍ കഴിയാതെ അവര്‍ രണ്ടുപേരും കുഴങ്ങുന്നു. അവസാനം അയാള്‍ അവരെ ഒരു ഹോട്ടലില്‍ ആക്കുന്നു.
ഒരു വിവരവും കിട്ടാത്ത തിരുവനന്തപുരം എസ് ഐ കൊല്ലം എസ് ഐയ്ക്കു് ഫോണ്‍ ചെയ്തു് വിവരം പറയുന്നു. കൊല്ലം എസ് ഐ ജയചന്ദ്രനേയും പാര്‍ട്ടിയേയും തിരക്കിയിറങ്ങുന്നു. ഇതിനിടയില്‍ എവിടെയോ തട്ടി സൂട്ട് കേസിന്റെ പൂട്ടു് തുറക്കുന്നു. അതു് നിറച്ചു് കള്ളനോട്ട്. ജയചന്ദ്രനും വത്സലയും ഞെട്ടുന്നു.
വികാരതീവ്രത മുറ്റി നില്ക്കുന്ന ശേഷം രംഗങ്ങള്‍ സ്ക്രീനില്‍ കാണുക.
അവലംബം : ഈ സിനിമയുടെ പാട്ടുപുസ്തകം
|