കഥാസാരം :
ഡോക്ടര്‍ കൃഷ്ണന് പാമ്പുവിഷത്തിന്റെ ചികിത്സയില്‍ പുത്തന്‍ മരുന്നുകള്‍ കണ്ടുപിടിക്കുന്നതിനായി പരീക്ഷണങ്ങള്‍ നടത്തുന്നതിനു് നാഗങ്ങളെ തേടി വനഭൂമിയില്‍ എത്തുന്നു. അദ്ദേഹത്തോടൊപ്പം മകനും സഹപ്രവര്‍ത്തകനുമായ ഡോക്ടര്‍ ബാലനും കമ്പൗണ്ടറും യാത്ര ചെയ്തിരുന്നു. പ്രകൃതിരമണീയമായ ഒരു വനാന്തര്ഭാഗത്തു് അവര്‍ ക്യാമ്പു് ചെയ്തു. ഒരു ദിവസം നാഗങ്ങളെ തേടിനടന്ന ബാലനും കമ്പൗണ്ടറും രണ്ടു് യുവസുന്ദരികളെ കണ്ടു. വനദേവതമാരെന്നു് തോന്നിക്കത്തക്ക സൗന്ദര്യമുള്ള ആ തരുണീമണികളെ പിന്തുടര്ന്നു് അവരുടെ താമസസ്ഥലം കണ്ടുപിടിച്ചു.
കണ്വാശ്രമതുല്യമായ ഒരു സ്ഥലം. വള്ളിക്കുടിലുകളും കാട്ടരുവികളും നിറഞ്ഞപ്രദേശം. അവിടെ ആശ്രമമെന്നു് തോന്നിക്കുന്ന ഒരു കുടില്‍. സമീപത്തു് ഒരു ഗുഹ. ബാലനും കൂട്ടുകാരും മറഞ്ഞിരുന്നു് ശ്രദ്ധിച്ചു. ആ പെണ്‍കൊടികള്‍ ഒരു സ്വാമിയുടെ പുത്രിമാരാണു്. അയാള്‍ തങ്കസര്പ്പത്തെ പൂജിച്ചു് പ്രസാദിപ്പിക്കുന്ന നാഗഭക്തനാണു്. ഡോക്ടര്‍ തേടി നടന്ന ഉഗ്രവിഷമുള്ള തങ്കസര്‍പ്പം അവിടെയുണ്ടെന്നറിഞ്ഞ അദ്ദേഹം സ്വാമിജിയെ കണ്ടു് പണം കൊടുത്തു് കാര്യം നേടാന്‍ ഓടിയെത്തി.
പരമ്പരാഗതമായി ആരാധനനടത്തി കുലദൈവമായി കരുതിക്കഴിയുന്ന തങ്കസര്ത്തിനെ പണത്തിനുവേണ്ടി ഉപേക്ഷിക്കുവാന്‍ സ്വാമി തയ്യാരായില്ലെന്നുതന്നെയല്ല ഡോക്ടറുടെ നാഗഹിംസയെ അങ്ങേയറ്റം എതിര്‍ക്കുകയും അയാളെ തന്റെ ശത്രുവായി കരുതുകയും ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തു.
ഡോക്ടര്‍ ബാലന് സ്വാമിജിയുടെ മൂത്ത പുത്രിയില്‍ അനുരക്തനായി. നാഗപ്രഭയെന്ന ആ കാട്ടുമങ്കയുടെ അകൃത്രിമമായ അംഗസൗകുമാര്യത്തില് അലിഞ്ഞുപോയ ഹൃദയവുമായി ഡോക്ടര്‍ ബാലന് അവളോടടുത്തു. പ്രധമദൃഷ്ടിയില് തന്നെ നാഗപ്രഭ ആ യുവസുന്ദരനില് തന്റെ ഹൃദയം അര്പ്പിച്ചുകഴിഞ്ഞിരുന്നു.
ഈയിടയ്ക്കു് സ്വാമിജിയുടെ ഇളയ മകളെ കരടി ആക്രമിച്ചു. ഡോക്ടര്‍ കൃഷ്ണന് പല ശ്രമങ്ങളും നടത്തിയെങ്കിലും അവള് മരിച്ചു. സ്വാമിജിയുടെ ജീവിതത്തില്‍ ഇരുള് വ്യാപിച്ചു. സ്വാമി ദേവിസന്നിധിയിലേക്കു് ഓടി. അവിടെ തങ്കസര്പ്പത്തെ കാണാനില്ല. ആരാണു് ആ സര്‍പ്പത്തെ അപഹരിച്ചതെന്നു് സ്വാമിജിക്കു് അറിയാമായിരുന്നു. കോപിഷ്ടനായി അയാള്‍ ഡോക്ടറുടെ വാസസ്ഥലത്തേക്കു് ഓടി. സ്വാമിജി തന്റെ മകുടയിലൂടെ സംഗീതാത്മകമായ ശബ്ദമുയര്‍ത്തി. തങ്കസര്‍പ്പം ആ ഗാനധാരയിലൂടെ സ്വാമിയുടെ സമീപത്തെത്തി. സ്വാമിയുടെ പ്രതികാരം തീര്‍ന്നില്ല. ഉറങ്ങിക്കിടന്ന ബാലനെ അയാള്‍ സര്‍പ്പദംശനമേല്‍പ്പിച്ചു.
ഡോക്ടര്‍ കൃഷ്ണന് തനിക്കറിയാവുന്ന എല്ലാ പ്രതിവിധികളും ചെയ്തുനോക്കിയിട്ടും ഫലമില്ലാതെ സ്വാമിയെത്തന്നെ ശരണം പ്രാപിച്ചു. വിഷം ബാധിച്ചു് നീലനിറത്തില്‍ ബോധമറ്റു കിടന്ന തന്റെ കാമുകനെ കണ്ടു് നാഗപ്രഭ വാവിട്ടുകരഞ്ഞു. തന്റെ പ്രിയന്റെ ജീവന് രക്ഷിക്കുവാന്‍ പിതാവിനോടു് കരഞ്ഞുപറഞ്ഞു. തന്റെ ഓമനപുത്രിയുടെ ഹൃദയം ഡോക്ടര്‍ ബാലനിലാണു് അര്പ്പിതമായിരക്കുന്നതെന്നു് ആ പിതാവു് അപ്പോഴാണു് അറിയുന്നതു്. മകള്‍ക്കുവേണ്ടി സ്വാമിജി തന്റെ എല്ലാം ത്യജിക്കുവാന്‍ തയ്യാറായി. സര്‍പ്പത്തിനെ വരുത്തി വിഷം വീണ്ടെടുത്തു. തങ്കസര്‍പ്പം തലതല്ലി മൃതിയടഞ്ഞു. അതിന്റെ സഹജനായ കരിനാഗം സ്വാമിജിയെ കടിച്ചു അദ്ദേഹത്തിന്റെ ജീവനും അപഹരിച്ചു. ബാലന്റെ ജീവന് തന്റെ പുത്രിയ്ക്കു് വേണ്ടി വീണ്ടെടുത്ത സ്വാമിജിയുടേയും അദ്ദേഹത്തിന്റെ ഇഷ്ടദേവതയായ തങ്കസര്പ്പത്തിന്റേയും കഥയവസാനിക്കുന്നതോടെ ചിത്രം സമാപിച്ചു.
ഈ ചിത്രം 1965 ഡിസംബര്‍ 31നു് കേരളക്കരയില്‍ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|