എം. പി. മന്മഥന്, കൊട്ടാരക്കര ശ്രീധരന് നായര്‍, മുതുകുളം രാഘവന്‍പിള്ള, എസു്. പി. പിള്ള, എസു്. ജെ. ദേവു്, മിസ്സു് കുമാരി, ആറന്മുള പൊന്നമ്മ, അമ്പലപ്പുഴ മീനാക്ഷി എന്നിവര്‍ പ്രധാന ഭാഗങ്ങള്‍ അഭിനയിച്ചു. യാചകന് 1951 സെപ്തംബര്‍ 12നു് പ്രദര്‍ശനത്തിനെത്തി. പേള്‍ പിക്ചേഴ്സാണു് കേരളത്തില്‍ വിതരണം നടത്തിയതു്.
കഥാസാരം :
പത്മാലയത്തിലെ പ്രഭുവാണു് സുധാകരന്. ഒരു തിരുവോണനാള്‍ സുധാകരന് കുടുംബാങ്ങളായ സതിക്കും സരോജത്തിനും മാനേജര്‍ ഗോപിമോഹനനും അയാളുടെ സന്തതസഹചാരിയായ കുഞ്ചുവിനും വിഭവസമൃദ്ധമായ സദ്യ ഒരുക്കി. അന്നയാല് ഒരു മഹാരഹസ്യം പുറത്തു വിട്ടു. തനിക്കു് ഒരു ജ്യേഷ്ഠസഹോദരനുണ്ടായിരുന്ന എന്നും ഇരുപതു വര്‍ഷം മുമ്പു് ആ സഹോദരന് നഷ്ടപ്പെട്ടുപോയി എന്നുമായിരുന്നു ആ രഹസ്യം.
ഓണസദ്യക്കിടയില് തെരുവില്‍ക്കൂടി പാട്ടുപാടി പോയ ഒരു യുവയാചകനും കൂട്ടുകാരും സതിയുടെ ശ്രദ്ധയാകര്‍ഷിച്ചു. അവര്‍ക്കു വേണ്ട ചോറും കറിയുമായി ചെന്ന സതിയെ ഗോപീമോഹനന്‍ തടഞ്ഞു. അവളുടെ കയ്യില്‍ നിന്നും അവ തട്ടിക്കളഞ്ഞു. ചന്ദ്രനെന്ന ആ യുവയാചകനും കൂട്ടുകാരും തിരുവോണമായിട്ടും അന്നു പട്ടിണിയിലായിരുന്നു. വിശപ്പു് സഹിക്കാതെ കൂട്ടത്തില്‍ ഒരു യാചകബാലന് മൃതിയടഞ്ഞു. ചന്ദ്രന്റെ പിതാവായ വൃദ്ധന് അയാളെ സമാശ്വസിപ്പിച്ചു.
ഗോപീമോഹനന്റെ ദുര്‍ഭരണം കൊണ്ടു് പത്മാലയം നശിച്ചു തുടങ്ങി. സരോജം അയാളില്‍ അനുരക്തയാണു്. ഗോപി അതൊരു ബലമായി കരുതി. പക്ഷെ അയാള്‍ക്കു് അവളോടുള്ള മമത വിടനും സ്വാര്‍ത്ഥനുമായ ഒരാളുടേതാണെന്നു് സരോജം അറിഞ്ഞിരുന്നില്ല. അയാളുടെ ഹിതാനുവര്‍ത്തിയായി അവള് ജീവിച്ചു. പക്ഷെ അവള് ഗര്ഭവതിയാണെന്നറിഞ്ഞതു മുതല്‍ ഗോപി അവളെ വിസ്മരിച്ചു തുടങ്ങി.
വേശ്യായായ ആനന്ദവും തോഴി മീനുവും കൂടി സുധകരനാണെന്നു തെറ്റിദ്ധരിച്ചു ഗോപിയെ വശപ്പെടുത്തുവാന്‍ ശ്രമിച്ചു പോന്നു. ഗോപിയും കുഞ്ചുവും ഒരു ചെട്ടിയാരുടെ സഹായത്തോടെ അവരെയും വഞ്ചിച്ചു. ഗോപിയുടെ പിന്നീടുള്ള ശ്രദ്ധ മുഴുവന്‍ സതിയിലേക്കു തിരിഞ്ഞു.
സതി പത്മാലയത്തിലെ വളര്‍ത്തു പുത്രിയാണു്.പഴയ കാര്യസ്ഥനായ രഘുരാമനെ ചില തെറ്റിദ്ധാരണകള്‍ മൂലം പ്രഭു നാട്ടില്‍ നിന്നും നിഷ്ക്കാസനം ചെയ്തു. അഗതിയായ അയാളുടെ പുത്രിയെ അദ്ദേഹം പത്മാലയത്തില്‍ തന്നെ ഏല്‍പ്പിച്ചു. സതിയെ ഭാവിയില്‍ സ്വപത്നിസ്ഥാത്തു് അവരോധിക്കണമെന്നാണു് സുധാകരന്റെ ആഗ്രഹം. അവളുടെ ചാരിത്ര്യത്തെ ബലാലപഹരിക്കണമെന്നാണു് ഗോപീമോഹനന്റെ ആഗ്രഹം. ഇതൊന്നും പാവപ്പെട്ട ആ പെണ്‍കുട്ടി അറിയുന്നില്ല. ആരുമറിയാതെ അവളുടെ പ്രേമം ചന്ദ്രനെന്ന യുവയാചകനിലാണു് പതിച്ചതു്. അവള് അയാളെ മനസാ ആരാധിച്ചുപോന്നു.
ചന്ദ്രനോടും അയാളുടെ പ്രസ്ഥാനത്തോടും സുധാകരനും സ്നേഹമാണു്. യാചകസംഘത്തിലെ ധനശേഖരണാര്‍ത്ഥം നടത്തിയ കലാപരിപാടികള്‍ക്കു് സുധാകരന് കയ്യയച്ചു സംഭാവന ചെയ്തു. അന്നഭിനയിച്ച നാടകത്തില്‍ പങ്കെടുക്കുവാന്‍ അയാള്‍ സതിക്കനുവാദം കൊടുത്തു. സതിക്കു് ചന്ദ്രനോടുള്ള സ്നേഹം ഗോപിക്കു് ദുസ്സഹമായി. ഗോപിയുടെ ഹിംസയ്ക്കു് വിധേയരായ പാവങ്ങള്‍ക്കു് ചന്ദ്രന് രക്ഷിതാവായി വര്‍ത്തിച്ചതു് അയാളെ ക്രുദ്ധനാക്കി.
തന്റെ വൃദ്ധ പിതാവിന്റെ സഹചരന്മാരുടെയും വാക്കുകളെ വകവെയ്ക്കാതെ സതിയുടെ പ്രേമാഭ്യര്‍ത്ഥന ചന്ദ്രന് സ്വീകരിച്ചു. ഇതറിഞ്ഞ സുധാകരന് ചന്ദ്രനെ കഠിനമായി മര്‍ദ്ദിച്ചു. സുധാകരന് തന്റെ അഭിലാഷം സതിയെ അറിയിച്ചു. പക്ഷെ സതിയുടെ വൈമുഖ്യവും അവളെ സഹോദരിയേപ്പോലെ കുരുതണമെന്നുള്ള പിതൃശാസനയും അയാളെ പിന്തിരിപ്പിച്ചു. സുധാകരന് സതിയോടു് മാപ്പിരക്കുന്ന രംഗം കണ്ട ചന്ദ്രന് തെറ്റിദ്ധരിച്ചു് വെറും ഭ്രാന്തനെപ്പോലെ മാറി. അവന് ജീവിതം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചു. പക്ഷെ വൃദ്ധനായി പിതാവിന്റെ വാക്കുകളും കടമയെപ്പറ്റിയുള്ള സ്മരണയും അയാളെ കര്ത്തവ്യാബദ്ധനാക്കി. കാമുകത്വം മറന്നു അയാള്‍ കുടിലിലേക്കു് മടങ്ങി.
ഗോപിയുടെ ദുഷു്ക്രിയകള് കാരണം സുധാകരന് അയാളെ ഉദ്യോഗത്തില്‍ നിന്നു വിമുക്തനാക്കി. നിര്‍ദ്ധനനായി തീര്‍ന്ന ഗോപി ഗര്‍ഭിണിയായ സരോജത്തെ നിഷ്കരുണം വെടിഞ്ഞു. സതിയെ സ്വാധീനിക്കാനുള്ള അയാളുടെ ശ്രമമെല്ലാം നിഷ്ഫലമായി. ബലമുപയോഗിച്ചു് അവളെ തട്ടിക്കൊണ്ടുപോകുവാനുള്ള പിരിപാടി ഒരു മുഖമൂടിയിലൂടെ ഇടപെടല്‍ മൂലം നടന്നില്ല. നിരാശയായ സരോജം താന്‍ പ്രസവിച്ച കുഞ്ഞിനെ പത്മാലയത്തിലുപേക്ഷിച്ചു് അപ്രത്യക്ഷയായി. ചന്ദ്രനെ തേടിപ്പുറപ്പെട്ട സതി അയാളെ കുടിലില്‍ കാണാതെ അലഞ്ഞു തിരിഞ്ഞു.
യാചകകുടിലിലേക്കു് മടങ്ങിയ ചന്ദ്രനെ ഗോപി പിടിച്ചുകെട്ടി. സതിയെ ചന്ദ്രന് തട്ടിക്കൊണ്ടുപോയി എന്നാണയാള്‍ ധരിച്ചതു്. ഈ സമയം ചന്ദ്രനെ തിരക്കി നടന്ന യാചക സംഘവും സതിയും അവിടെ എത്തി. ഒരു മുഖമൂടി വന്നു് ചന്ദ്രനെ രക്ഷിച്ചു. തന്നെ രക്ഷിക്കാനെത്തിയ സതിയെ ചന്ദ്രന് വെറുത്തു. അവള് ഒരു വ്യഭിചാരിണിയാണെന്നു പറഞ്ഞു് അവളെ പരിഹസിച്ചു. നിരാശയായ സതി ജീവിതമവസാനിപ്പിക്കുവാന്‍ ശ്രമിച്ചു. പക്ഷെ മുഖുമൂടി എത്തി അവളെ രക്ഷിച്ചു.
ഒരു പറ്റം റൗഡികളുമായി ഗോപീമോഹനന്‍ പത്മാലയം ആക്രമിച്ചു. സുധാകരനെ പിടിച്ചുകെട്ടി. സതിയെ മാനഭംഗപ്പെടുത്തുവാന്‍ തുനിഞ്ഞു. അവിടെ ഓടിയെത്തിയ ചന്ദ്രനേയും അവന് തുരത്തി. മുഖമൂടി അവിടെയും എത്തി എല്ലാവരെയും രക്ഷിച്ചു.
ചന്ദ്രന് കുടിലിലെത്തിയപ്പോള്‍ തന്റെ പിതാവു് ആസന്നമരണനായി കിടക്കുകയാണു്. ചന്ദ്രന് തനിക്കു് ഏതോ കൊള്ളക്കാരില്‍ നിന്നും കിട്ടിയ ശിശുവാണെന്നു വെളിപ്പെടുത്തി അയാള്‍ മരിച്ചു. ദുഃഖിതനായ ചന്ദ്രനെ സമാശ്വസിപ്പിക്കുവാന്‍ എത്തിയ സുധാകരനുമൊത്തു് അവന് പത്മാലയത്തിലെത്തി. അവിടെ വച്ചു് ചന്ദ്രന് നഷ്ടപ്പെട്ടുപോയ തന്റെ സഹോദരനാണെന്നു് മുഖംമൂടി സുധാകരനെ ധരിപ്പിച്ചു. മുഖംമൂടിയായി എല്ലാവരുടെ രക്ഷക്കെത്തിയതു് കുഞ്ചു തന്നെയായിരുന്നു. അയാള്‍ രഘുരാമന്റെ മകനാണെന്നും സതി കുഞ്ചുവിന്റെ സഹോദിരയാണെന്നും അയാള്‍ വെളിപ്പെടുത്തി. ചന്ദ്രനെ ശിശുവായിരുന്നപ്പോള്‍ അപഹരിച്ചുകൊണ്ടുപോയതു് ഒരു കള്ളനായിരുന്നുവെന്നും അയാള്‍ പിന്നീടു് മാതുപിള്ള വക്കീല്‍ എന്ന പേരില്‍ അവിടെത്തന്നെ കഴിഞ്ഞുകൂടിയെന്നും വ്യക്തമാക്കപ്പെട്ടു. വിവരമറിഞ്ഞ മാതുപിള്ള ഭയംകൊണ്ടു് ബുദ്ധിക്കു് സ്ഥിരത നശിച്ചു ഭ്രാന്തനായി മാറി.
പത്മാലയത്തിലെ അക്രമത്തിനും ശേഷം നാടു് വിട്ട ഗോപി ഒരു മനോരോഗിയായി മാറി. ജീവിതത്തിലാശ നശിച്ചു് മരിക്കാനൊരുങ്ങിയ ഗോപിയെ സരോജം കണ്ടുമുട്ടി. അവള് അവനെ പത്മാലയത്തിലേക്കു് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ചു് ഗോപി മൃതിയടഞ്ഞു.
പത്മാലയത്തിന്റെ ഭരണമേല്‍ക്കാന്‍ സൂധാകരന് ചന്ദ്രനോടഭ്യര്ത്ഥിച്ചു. പക്ഷെ ആതുര ശുശ്രൂഷയ്ക്കു വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമാണു് തന്റേതെന്നു് പറഞ്ഞു് ചന്ദ്രന് തെരുവിലേക്കു് തന്നെ മടങ്ങി. സതി അയാളെ പിന്തുടര്ന്നു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍