പ്രകൃതിയിലെ ഓരോ ശബ്ദവും സംഗീതമാണു്. കടലിന്റെ ഇരമ്പൽ, കാറ്റിന്റെ 'ചൂളം വിളി', ഒഴുകും നദിയുടെ കളകളാരവം, മരങ്ങൾ തമ്മിൽ ഉരസി ഉണ്ടാകുന്ന മർമ്മരം, കിളികളുടെ 'കൊഞ്ചലും' 'കൂവലും' എന്ന് വേണ്ട പ്രകൃതിയിൽ നാം കേൾക്കുന്ന എല്ലാ ശബ്ദങ്ങൾക്കും 'സംഗീത' സ്പർശം ഉണ്ട്.
ഇന്ത്യയിലെ പ്രാദേശിക സംഗീതത്തിനും അതാതു പ്രദേശത്തെ ഭൂമിശാസ്ത്രപരം ആയ വ്യത്യാസങ്ങളും വ്യതിയാനങ്ങളും ഉണ്ട്. പ്രാദേശിക സംഗീതം "ദേശി" സംഗീതത്തിന്റെ ഒരു ശാഖ ആണ്. അതാതു പ്രദേശത്തെ നാടൻകലകളും ആചാരാനുഷ്ടാനങ്ങളുമായി ബന്ധപെട്ടു കിടക്കുന്നു പ്രാദേശിക സംഗീതം. കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്നതും, കാലാന്തരത്തിൽ ജീവിത സാഹചര്യങ്ങൾ മാറിയ അവസ്ഥയിൽ അന്യം നിന്നു പോയതും, ഇന്നും പ്രചാരത്തിൽ ഉള്ളതുമായ കേരളസംഗീതത്തിന്റെ ചില വകഭേദങ്ങൾ വെളിച്ചത്തുകൊണ്ടുവരാനുള്ള ഒരു എളിയ ശ്രമം മാത്രമാണു് ഈ ലേഖനം. ഈ ലേഖനം പൂർത്തീകരിച്ചു കഴിഞ്ഞതിനുശേഷം ഈ സംഗീത വകഭേദ ങ്ങളുടെ കീഴിൽ ചേർക്കാവുന്ന മലയാള സിനിമാഗാനങ്ങളും അണി നിരത്തുന്നുണ്ട്. ഈ സംഗീതവകഭേദങ്ങൾക്കു കീഴിൽപ്പെടുത്താവുന്ന മലയാള സിനിമാഗാനങ്ങൾ വായനക്കാർക്കും നിർദ്ദേശിക്കാവുന്നതാണു്.
1. അഷ്ടപദി - കേരളത്തിന്റെ തനതായ ക്ഷേത്രസംഗീതമാണ് -അഷ്ടപദി. സോപാന സംഗീതം എന്നും അറിയപ്പെടുന്നു. ശ്രീകോവിലിന്റെ മുമ്പിൽ, "സോപാന” ത്തിൽ നിന്നും കൊണ്ട് പാടുന്നതു കൊണ്ടാണു് സോപാന സംഗീതം എന്നു് വിളിക്കുന്നതു്. ജയദേവരുടെ "ഗീത ഗോവിന്ദ" ത്തിലെ പാട്ടുകളാണു് അഷ്ടപദികളായി പാടി വരുന്നതു്. 8 പദങ്ങൾ അല്ലെങ്കിൽ ചരണങ്ങൾ ഉൾക്കൊള്ളുന്നവയാണു് അഷ്ടപദികൾ. 24 അഷ്ടപദികൾ ഉണ്ട്. രാധ - കൃഷ്ണ പ്രേമം, ഭക്തി ആണു് വിഷയം. ആദി,ദേശാദി താളങ്ങളിൽ സാധാരണയായി പാടിവരുന്ന അഷ്ടപദി, ഭാരതനാട്യം, കുച്ചിപ്പുടി, ഒഡിസ്സി എന്നീ നൃത്തരൂപങ്ങൾക്കും വേണ്ടി പാടാറുണ്ട്. കേരളത്തിൽ പ്രധാനമായും 'സോപാനസംഗീതം' ആയി, ദീപാരാധനക്കുമുമ്പായി ശ്രീകോവിലിന്റെ മുമ്പിൽ പടിക്കെട്ടിൽ (സോപാനം) നിന്നു കൊണ്ടാണു് പാടി വരുന്നത്. ഇടയ്ക്ക, മദ്ദളം എന്നീ വാദ്യങ്ങൾ അകമ്പടി ആയി ഉണ്ടാകും. ദ്വിജാവന്തി, ഗൌളി പന്ത്, പാടി, കേദാര പന്ത്, തുടങ്ങിയ കർണ്ണാടക സംഗീത രാഗങ്ങളും, പുറവലി, സാമന്തലഹരി, പുറനീരു്, നളത തുടങ്ങിയ പ്രാചീനരാഗങ്ങളും അഷ്ടപദി പാടാൻ ഉപയോഗിച്ചു വരുന്നു.
2. കഥകളി സംഗീതം - കേരളത്തിന്റേതായ തനതു നൃത്തരൂപത്തിന്റെ സംഗീതമാണു് കഥകളി സംഗീതം. സോപാനസംഗീത രീതിയാണു് കഥകളിക്കും അവലംബിച്ചുവരുന്നതു്. കൊട്ടാരക്കര തമ്പുരാൻ, ഇരയിമ്മൻ തമ്പി, ഉണ്ണായി വാരിയർ, കുട്ടിക്കുഞ്ഞു തങ്കച്ചി തുടങ്ങിയവരുടെ രചനകൾ ആണു് പ്രധാനം. സോപാന സംഗീതവും കർണാടക സംഗീതവും സംയോജിപ്പിച്ച ഒരു സംഗീത ശൈലിയാണ് ഇന്നു് കഥകളി സംഗീതത്തിൽ പ്രയോഗിച്ചു വരുന്നത്. കഥകളി സംഗീതത്തിൽ ഉപയോഗിച്ചു വരുന്ന പ്രത്യേക രാഗങ്ങൾക്കു് സമാനമായ രാഗങ്ങൾ കർണ്ണാടക സംഗീതത്തിൽ ഉണ്ട്. ഉദാഹരണത്തിനു് കഥകളിയിലെ 'കാമോദരി 'ക്കു് സമാനമായ കർണ്ണാടക സംഗീത രാഗമാണു് കാംബോജി. കഥകളി സംഗീതത്തിൽ പാടി വരുന്ന രാഗങ്ങൾക്ക് സമാനമായ ചില കർണ്ണാടക രാഗങ്ങൾ ഇപ്രകാരം.
കഥകളിയിലെ : എരിക്കില കാമോദരി - കർണ്ണാടകത്തിലെ യദുകുലകാംബോജി
ഇന്ദളം ഹിന്ദോളം
ഉശാനി ഹുസേനി
നവരസം നവ്രോസ്
വേകട ബേഗഡ
കർണ്ണാടക സംഗീതത്തിൽ സമാന രാഗങ്ങൾ ഇല്ലാത്ത കഥകളി രാഗങ്ങളും ഉണ്ട്. ഉദാഹരണത്തിനു് - ഇന്ദിശ, എരിക്കില സാരി, ഖണ്ടാരം, പുറനീര്, മുതലായ രാഗങ്ങൾ.
3. വഞ്ചിപ്പാട്ട് - വള്ളംകളിക്ക് പാടുന്ന പാട്ടുകൾ. രാമപുരത്തുവാരിയരുടെ കുചേല വൃത്തം വഞ്ചിപ്പാട്ടാണു് ഏറ്റവും പ്രസിദ്ധം. വള്ളങ്ങളുടെ ഗതിക്കനുസരിച്ച് - വേഗതയ്ക്കനുസരിച്ചു് ദ്രുതഗതിയിലോ മന്ദഗതിയിലോ പാടുന്ന പാട്ടുകൾ. വള്ളം തുഴക്കാർക്കു് പ്രചോദനം നൽകുന്നതാണു് ഈ പാട്ടുകൾ. "തിത്തൈ ", "തിത്ത തൈ "തുടങ്ങിയ ആർപ്പുവിളികളും ഈ പാട്ടുകളുടെ ചാരുതയാണു്.
4. വടക്കൻ പാട്ട് - ഉത്തര കേരളത്തിലെ വീരകഥാഗാനങ്ങൾ ആണു് വടക്കൻ പാട്ട്. കളരി, അങ്കം, പയറ്റ് തുടങ്ങിയ ആയോധന കലകളുമായി ബന്ധപ്പെട്ടതാണു് വടക്കൻ പാട്ടുകൾ. ചില ഭാഗങ്ങളിൽ "ചാരൻ പാട്ടുകൾ " എന്നും ഈ പാട്ടുകൾ അറിയപ്പെടുന്നു. തച്ചോളി പാട്ടുകൾ, പുത്തൂരം പാട്ടുകൾ, എന്നീ തിരിവുകൾ ഈ പാട്ടുകൾക്കു് വിഷയാടിസ്ഥാനത്തിൽ ഉണ്ട്. തച്ചോളി ഒതേനൻ, ആരോമൽ ചേകവർ, ഉണ്ണിയാർച്ച, കണ്ണപ്പനുണ്ണി തുടങ്ങിയ വീരനായികാനായകന്മാരുടെ അപദാനങ്ങൾ ആണു് പാട്ടുകളിലെ പ്രമേയം. വിഷയത്തിനു് അനുസൃതമായി ദൃതഗതിയിലോ മന്ദഗതിയിലോ പാടി വരുന്നു.
5. മൈലാഞ്ചിപ്പാട്ട് - കേരളത്തിലെ കത്തോലിക്കരുടെ ഇടയിൽ കല്യാണത്തലേന്നു് വധൂഗൃഹത്തിൽ വധുവിനെ മയിലാഞ്ചി അണിയിച്ചു കൊണ്ട് പാടുന്ന പാട്ട്. ആദത്തിന്റെയും ഹവ്വയുടെയും കഥയാണ് പ്രമേയം. മുസ്ലിം ഗൃഹങ്ങളിൽ സമാന സന്ദർഭങ്ങളിൽ മാപ്പിള പാട്ടുകൾ ആണ് പാടുന്നത്. ഈ പാട്ടുകളും മയിലാഞ്ചിപ്പാട്ടുകൾ എന്നാണു് അറിയപ്പെടുന്നതു്.
6. മാപ്പിളപ്പാട്ട് - മലബാറിലെ മുസ്ലിം സമുദായത്തിൽ പ്രചാരമുള്ള സംഗീതം. അറബിശൈലിയാണു് സംഗീതത്തിനു്. ഖുർ ആൻ സന്ദേശ ഗാനങ്ങൾ, കത്തു് പാട്ടുകൾ, സന്ദേശഗാനങ്ങൾ, സങ്കല്പഗാനങ്ങൾ, സങ്കല്പകഥാഗാനങ്ങൾ, വ്രതാനുഷ്ടാന ഗാനങ്ങൾ, എല്ലാം ഇതിൽ പെടുന്നു.
7. മാർഗ്ഗംകളി പാട്ടുകൾ - തിരുവിതാംകൂറിലെ സിറിയൻ ക്രിസ്ത്യാനികളുടെ നൃത്ത ഗാനങ്ങളാണ് മാർഗ്ഗംകളി പാട്ടുകൾ. സെന്റ് തോമസ്സിന്റെ ജീവിതവും സന്ദേശവുമാണു് ഇതിവൃത്തം. ക്രിസ്തീയ വിവാഹത്തിന്റെ ഭാഗമാണ് മാർഗ്ഗംകളി, കാകളി, മിശ്ര കാകളി എന്നീ വൃത്തങ്ങളിലാണു് പാട്ടുകൾ രചിക്കപ്പെട്ടിട്ടുള്ളത്. പരമ്പരാഗതമായി, വാമൊഴിയായി പ്രചരിച്ചുവന്ന ഈ പാട്ടുകൾ മിക്കതിന്റെയും രചയിതാക്കൾ ആരാണെന്നതു് ആധികാരികമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ വഞ്ചിപ്പാട്ടിന്റെ രീതിയിലാണു് പാടിവരുന്നതായി കാണുന്നത്. സിറിയാൻ ഭാഷാപദങ്ങൾ ധാരാളമായി ഗാനങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതായി കാണുന്നു. സ്ത്രീകളാണു് സാധാരണയായി മാർഗ്ഗംകളിയിൽ പങ്കെടുക്കുന്നതു്.
8. ബ്രാഹ്മണി പാട്ട് - കേരളത്തിലെ 'പുഷ്പക' സമുദായ സ്ത്രീകളാണ് ബ്രാഹ്മണികൾ. വടക്കൻ കേരളത്തിൽ ഇവരെ 'പാപ്പിനികൾ' എന്ന് വിളിക്കുന്നു. ഭഗവതി ക്ഷേത്രങ്ങളിൽ ഇവർ പാടിവരുന്ന അനുഷ്ഠാന സംഗീതമാണ് ബ്രാഹ്മണി പാട്ട്. ഏറണാകുളം ജില്ലയിലെ തിരുഐരാണിക്കുളം ക്ഷേത്രത്തിൽ ബ്രാഹ്മണിപ്പാട്ട് ഒരു പ്രധാന അനുനുഷ്ഠാനം ആണു്. മണ്ഡലകാലത്തു് ശ്രീ പാർവ്വതിദേവിയുടെ ക്ഷേത്രത്തിന്റെ നട തുറക്കുന്ന അവസരത്തിൽ ബ്രാഹ്മണിപ്പാട്ട് പ്രധാനം ആണ്. ഏതാണ്ട് പുള്ളൂവൻ പാട്ടിന്റെ ആലാപനരീതിയാണു് ബ്രാഹ്മണിപ്പാട്ടിനു്.
9. കൈകൊട്ടിക്കളിപ്പാട്ടുകൾ - തമിഴ്നാട്ടിലെ "കുമ്മി"യോടു് സാമ്യമുള്ള നൃത്തഗാനങ്ങൾ ആണു് കൈകൊട്ടിക്കളിപ്പാട്ടുകൾ. ധനുമാസത്തിലെ തിരുവാതിരനാളിലെ കൈകൊട്ടിക്കളിയാണു് തിരുവാതിര കളി. പരമ്പരാഗതമായ പാട്ടുകൾക്ക് പുറമേ വർത്തമാനകാലത്തെ കവികളും കവിയത്രികളും ഈ ശാഖയ്ക്കു് പാട്ടുകൾ പ്രദാനം ചെയ്തിട്ടുണ്ട്.
10. പന്തൽ പാട്ട് - ക്രിസ്തീയരുടെ വിവാഹപ്പന്തലിൽ സ്ത്രീകൾ പാടുന്ന പാട്ടുകളാണു് പന്തൽ പാട്ട്. കല്യാണദിനത്തിലെ ചടങ്ങുകൾ ആണ് പ്രമേയം.വരന്റെ ഗൃഹത്തിലാണു് പന്തൽ പാട്ട് ഒരു അനുഷ്ഠാനം ആയി പാടിവരുന്നതു്.
11. കളം പാട്ട് - ഭഗവതി സേവ, ബാധ ഒഴിപ്പിക്കൽ, മാന്ത്രിക / താന്ത്രിക കർമ്മങ്ങൾ എന്നിവയുടെ ഭാഗമായി 'കളമെഴുത്ത് ' സാധാരണ ആണ്. അങ്ങനെ എഴുതുന്ന കളങ്ങളുമായി ബന്ധപ്പെട്ട പാട്ടുകൾ ആണ് കളമെഴുത്തുപാട്ട്. കളമെഴുതപ്പെട്ട രൂപങ്ങളുടെ കഥയാണു് പാട്ടായി പാടുക. മലയാളത്തിലെ ഏറ്റവും പ്രാചീന ഗാനങ്ങളിൽ പെടുന്നു കളമെഴുത്തുപാട്ട്. ദാരുകവധം കഥ ഒരു പ്രധാന വിഷയമാണ് ഭഗവതി സേവയുമായി ബന്ധപ്പെട്ട കളമെഴുത്തിനു്.
12. ഭദ്രകാളി പാട്ട് - ഭഗവതിക്ഷേത്രങ്ങളിൽ ഒരു അനുഷ്ഠാന മായി പാടുന്ന പാട്ടുകൾ. ദീപാരാധനയ്ക്കുശേഷം സ്ത്രീകളും പുരുഷന്മാരും ഇരുവശവും നിരന്നിരുന്നു് പാടുന്ന പാട്ടിന്റെ വിഷയം ദാരികവധം ആണ്. പ്രത്യേക താളത്തിൽ കൈകൾ കൊട്ടി ആണ് "പാട്ട്" പാടുക. ഈ അനുഷ്ഠാനത്തിനു് കൊച്ചി പ്രദേശത്ത് "പാട്ട്" എന്ന് മാത്രമാണ് പറയുക. പാട്ടിലെ ഓരോ വരിയും ഒരാൾ പാടുന്നത് മറ്റുള്ളവർ ഏറ്റു പാടുന്നു. ഓരോ വരിയും പാടിക്കഴിഞ്ഞു് കൈകൾ കൊട്ടി "താതൈ " എന്ന് ഏറ്റു പാടുക പതിവാണ്.
13. കൊട്ടിപ്പാടി സേവപ്പാട്ടുകൾ - ക്ഷേത്രങ്ങളിൽ പൂജയ്ക്കായി നട അടയ്ക്കുമ്പോൾ സോപാനത്തിൽ നിന്നുകൊണ്ട് ഇടയ്ക്ക കൊട്ടി പാടുന്ന പാട്ടുകൾ. ഓരോ പൂജയ്ക്കും വ്യത്യസ്തരാഗത്തിലും രാഗമാലിക ആയും പാടുന്ന പതിവു് ഉണ്ട്. ഈ പാട്ടുകൾ പാടി അവസാനിപ്പിക്കുന്നത് മദ്ധ്യമാവതി രാഗത്തിൽ ആണെന്നതു് ശ്രദ്ധേയം ആണ്. പരമ്പരാഗതമായി കൈമാറിവന്ന ഈ പാട്ടുകളുടെ രചന നടന്ന കാലത്തെ കുറിച്ചോ രചയിതാക്കളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
14. തിരുവാതിരപ്പാട്ട് - കൈകൊട്ടിക്കളിപ്പാട്ടുകൾ. ധനുമാസത്തിലെ തിരുവാതിരനാൾ ആണ് ഉചിതമായ സന്ദർഭം. ഉത്തരേന്ത്യയിലെ "ഡാന്ടിയ ", "ഗർഭ " തുടങ്ങിയ നൃത്തങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് തിരുവാതിരകളി. കത്തിച്ചുവെച്ച വിളക്കിനു ചുറ്റുമായി സ്ത്രീകൾ (പ്രത്യേകിച്ചും കന്യകമാർ ) ചുവടുവെച്ച് കൈകൊട്ടി പാടുന്നു. സ്ത്രീകൾ പരസ്പരം കൈകൊട്ടി ആണ് നൃത്തം ചെയ്യുക. പാർവതി, പരമേശ്വരൻ, സരസ്വതി, ശ്രീകൃഷ്ണൻ തുടങ്ങിയ ദേവി ദേവന്മാരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകൾക്ക് നാടൻ ഈണങ്ങൾ ആണ് ഉപയോഗിച്ചു കണ്ടു വരുന്നത്. സരളമായ രാഗങ്ങളും ആലാപനത്തിന് അടിസ്ഥാനം ആകാറുണ്ട്. കുഞ്ചൻ നമ്പ്യാരുടെ "രുക്മിണി സ്വയംവരം പത്തു വൃത്തം"തിരുവാതിരപ്പാട്ടാണ്. രാമപുരത്തു വാരിയരുടെ "നൈഷധം” ഇരട്ടക്കുളങ്ങര രാമവാരിയരുടെ "നള ചരിതം" തുടങ്ങിയവയും തിരുവാതിരപ്പാട്ടുകൾ ആണ്. ഇരയിമ്മൻ തമ്പി, കുട്ടിക്കുഞ്ഞു തങ്കച്ചി തുടങ്ങിയവർ രചിച്ച തിരുവാതിര പാട്ടുകൾ കൂടുതൽ പ്രചാരം നേടി.
15. തുയിലുണർത്തു പാട്ട് - പാണന്മാർ തുടികൊട്ടി പാടുന്ന അനുഷ്ഠാനഗാനങ്ങൾ. ചിങ്ങമാസത്തിൽ ആണ് ഈ അനുഷ്ഠാനം പ്രധാനമായും ആചരിച്ചു വരുന്നത്. ഐശ്വര്യദേവതയായ ഭഗവതിയെ സ്വാഗതം ചെയ്തു കൊണ്ടാണ് പാട്ടുകൾ. ഈ പാട്ടുകൾക്ക് പ്രാദേശികമായി പാണർ പാട്ട്, രാപ്പാട്ട്, ചീപോതി പാട്ട് എന്നൊക്കെ വിശേഷണങ്ങൾ ഉണ്ട്.
16. ദഫ് മുട്ട് പാട്ട് - ദഫ് എന്ന ചർമ്മവാദ്യം മുട്ടിക്കൊണ്ട് മുസ്ലിം യുവാക്കൾ പാടുന്ന പാട്ടുകൾ ആണ് ഇവ. അറബി ഗാനങ്ങൾ ആയിരുന്നു ആദ്യ കാലത്ത് പാടിയിരുന്നത്. പിന്നീട് മലയാളീകരിച്ചഗാനങ്ങളും പാടിത്തുടങ്ങി. ബദരുൽ മുനീര് ഹുസിനുൽ ജമാൽ, ബദർ പാട്ട്, താലി പാട്ട്, അർബല യുദ്ധം, തുടങ്ങിയവയും ദഫ് മുട്ടിനു പാടി വരുന്നു. അറബി ആലാപന ശൈലിയാണ് അവലംബം.
17. നന്തുണിപ്പാട്ട് - ഏകതന്ത്രി വാദ്യമായ നന്തുണി വായിച്ചു പാടുന്ന പാട്ടുകൾ. ഗാനങ്ങൾ "ശേലുകൾ " എന്നാണു വിശേഷിക്കപ്പെടുന്നത്. നാലാം ശീല്, ഏരു ശീല്, ആന തൂക്കം, ആമ്മണി ചായ എന്നിങ്ങനെ ശേലുകൾ ഉണ്ട്. കളമെഴുത്തിനു തെയ്യംപാടികളും കുറുപ്പന്മാരും നന്തുണി മീട്ടി നന്തുണി പാട്ടുകൾ പാടാറുണ്ട്.
18. പുള്ളുവൻ പാട്ട് - കുഞ്ഞുങ്ങളേയും ഗർഭിണികളേയും പൈശാചികശക്തികളിൽ നിന്നും രക്ഷിക്കാനായി പാടുന്ന അനുഷ്ഠാനഗാനങ്ങൾ ആണ് പുള്ളുവൻ പാട്ട്. വീണ, കൈമണി, കുടം എന്നിവയാണ് അകമ്പടി വാദ്യങ്ങൾ. "പുള്ളുവ കുടോൽഭവ പാട്ട് ", "മോക്ഷപ്പാട്ട് ", നാവേറ് പാട്ട്, കറ്റപ്പാട്ട്, കണ്ണേർപ്പാട്ടു്, ഗുളികദൃഷ്ടി ഒഴിപ്പിക്കൽ പാട്ട്, എന്നിങ്ങനെ വിവിധ അനുഷ്ഠാനപ്പാട്ടുകൾ ഉണ്ട് പുള്ളുവൻ പാട്ടുകളിൽ. പുള്ളുവ സമുദായം ആണ് ഈ അനുഷ്ഠാനത്തിനു് നിയോഗിക്കപ്പെട്ടവർ.
19. പൂക്കുലപ്പാട്ട് - മലയാളർ സമുദായത്തിന്റെ ആചാരപ്പാട്ട്. കയ്യിൽ കമുങ്ങിന്റെ പൂക്കുലയേന്തി പാടുന്ന പാട്ടിനു് ആവർത്തന സ്വഭാവം ആണ് ഉള്ളത്. വിശേഷ ദിനങ്ങളിലും ശുഭമുഹൂർത്തങ്ങളിലും പൂക്കുലപ്പാട്ട് പാടി വരുന്നു.
20. മണ്ണാർപ്പാട്ട് - മദ്ധ്യകേരളത്തിലെ മണ്ണാന്മാരുടെ അനുഷ്ഠാന സംഗീതം. തുടി, ചെണ്ട, നന്തുണി, തുടങ്ങിയ വാദ്യഘോഷങ്ങളോടെ പാടുന്ന പാട്ടുകൾ - മുണ്ടിയൻ പാട്ട്, പൊലിച്ചുപാട്ട് എന്നിങ്ങനെ അറിയപ്പെടുന്നു. വിശേഷദിവസങ്ങളിലും ഉത്സവ ദിനങ്ങളിലും ഈ പാട്ടുകൾ പാടി വരുന്നു.
21. മഹാബലിപ്പാട്ട് - വാമനാവതാരകഥ പറയുന്ന അനുഷ്ഠാന ഗാനം. ഉത്തര കേരളത്തിലെ തെയ്യംപാടികളുടെതാണു് ഈ സംഗീത വിഭാഗം.
22. തുക്കിലോണത്ത് പാട്ട് - കേരളത്തിലെ പാണസമുദായത്തിൽപ്പെട്ടവർ ഭഗവതിയെ സ്വാഗതം ചെയ്തു പാടുന്ന പാട്ട്. ഈ നാടോടിഗാനം ചിങ്ങ മാസത്തിലാണ് വിശേഷവിധിയായി പാടി വരുന്നതു്.
23. തോറ്റം പാട്ട് - ഒരു അനുഷ്ഠാന ഗാനം. ഭദ്രകാളിപ്പാട്ട് എന്നും അറിയപ്പെടുന്നു. കോവലൻ - കണ്ണകി കഥയും ദാരുകാസുരവധവുമാണ് പ്രമേയം.
24. ദാരുകൻ തോറ്റം - പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ പ്രചാരത്തിലുള്ള തോറ്റം പാട്ട്. കാളി ആരാധനയാണ് പ്രമേയം.
25. ഗന്ധർവ്വം പാട്ട് - ഗർഭിണികളായ സ്ത്രീകളിലെ "ബാധ" ഒഴിപ്പിക്കാൻ പാടാറുള്ള അനുഷ്ഠാന ഗാനം.
26. ചാറ്റ് പാട്ട് - ദുർദേവതകളെ അകറ്റാനുള്ള ഉച്ചത്തിൽ പാടുന്ന മന്ത്രവാദപാട്ടുകൾ. കാണിക്കർ, മലയരയർ എന്നിവരാണു് ഈ പാട്ട് അനുഷ്ഠാനം ചെയ്തു വരുന്നതു്.
27. തമ്പുരാൻ പാട്ട് - തിരുവിതാംകൂറിലെ ഒരു നാടോടിപ്പാട്ട്. മാർത്താണ്ഡവർമ്മയുടെ കഥയാണ് അടിസ്ഥാനം.
28. മലകിളപ്പാട്ട് - പുലയരുടെയും പറയരുടെയും നാടോടി ഗാനം സ്ത്രീകളും പുരുഷന്മാരും ചേർന്നു് നിലം ഒരുക്കുന്നതിനിടയിൽ ആണു് ഈ ഗാനങ്ങൾ പാടുക പതിവ്. താളത്തിനൊത്തു് മണ്വെട്ടികൊണ്ട് കിളയ്ക്കുന്നു.
29. മലപ്പാട്ട് - ദക്ഷിണകേരളത്തിലെ കാനപ്പുലയരുടെ അനുഷ്ഠാന ഗാനം "തിരണ്ടു കല്യാണ" പാട്ടാണിതു്. ഋതുമതിയായ പെൺകിടാവിനെ പ്രത്യേക കുടിലിൽ 15 ദിവസം പാർപ്പിക്കുന്നു. അതിൽ ആദ്യദിവസം പാടുന്ന പാട്ടാണ് മലപ്പാട്ട്.
30. പൊറാട്ട് പാട്ട് - പാലക്കാട് ജില്ലയിൽ പ്രധാനമായും മേടമാസത്തിൽ കളിക്കുന്ന "കണ്ണ്യാർകളി " യിൽ പാടുന്ന പാട്ടുകൾ. ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില എന്നീ വാദ്യഘോഷങ്ങളോടെ ഭഗവതി ക്ഷേത്രങ്ങളിൽ ആണു് ഈ അനുഷ്ഠാന ഗാന സമ്പ്രദായം അരങ്ങേറി വരുന്നത്. പുരുഷന്മാരാണു് കണ്ണ്യാർകളിയിൽ പങ്കെടുക്കുക.
31. പോർ പാട്ട് - നാടോടിപ്പാട്ടുകളുടെ ഒരു വകഭേദം. ഞാറുനടുമ്പോൾ രണ്ടു ചേരിയായി തിരിഞ്ഞുനിന്നു് സ്ത്രീകളാണ് പാടാറുള്ളത്.
32. ഭരണിപ്പാട്ടുകൾ - കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തിന് പാടുന്ന പാട്ടുകൾ. അശ്ളീലപദങ്ങളും അസഭ്യവും പാട്ടുകളിൽ കലർന്നിട്ടുണ്ടാവും.
33. പേനപ്പാട്ട് - മന്ത്രവാദപ്പാട്ടുകളാണ് ഇവ. കേരളത്തിലെ വടക്കൻ പ്രദേശത്തിലെ മലയർ, പുലയർ, പുള്ളുവർ, പണിയർ തുടങ്ങിയവർ മന്ത്രവാദത്തിനായി ഈ പാട്ടുകൾ പാടുന്നു.
34. കഥാകാലക്ഷേപം - "കാലക്ഷേപം" എന്നാൽ സമയം കളയൽ. ഭാഗവതരും അകമ്പടിക്കാരും പുരാണകഥകൾ സംഗീതരൂപത്തിൽ അവതരിപ്പിക്കുന്നു. ഇതിന്റെ പിൻതുടർച്ചയായാണു് കഥാപ്രസംഗ പ്രസ്ഥാനം ആവിർഭവിച്ചതു്.
35. കുമ്മിപ്പാട്ട് - കുമ്മിനൃത്തത്തിനു് പാടുന്ന പാട്ട്. ചിദംബര കുമ്മി, രാമായണ കുമ്മി, ഗജേന്ദ്രമോക്ഷ കുമ്മി ഉദാഹരണങ്ങൾ.
36. കിളിപ്പാട്ട് - കിളിയെക്കൊണ്ട് പാടിക്കുന്ന രീതിയിൽ ആണ് പാട്ടുകൾ. തുഞ്ചത്തു് എഴുത്തച്ഛന്റെ രാമായണം ഉദാഹരണം. ഹംസം, തത്ത, കുയിൽ, വണ്ട് തുടങ്ങിയവയെ കൊണ്ട് പാടിക്കുന്നതായാണ് രചന. സൂർദാസ് , തുളസി ദാസ് തുടങ്ങിയ ഭക്ത കവികളും വണ്ടിനെ കൊണ്ട് പാട്ടുകൾ പാടിക്കുന്നതായി കാവ്യങ്ങൾ രചിച്ചിട്ടുണ്ട് . "ഭ്രമർ ഗീത് " എന്നാണു് അവ അറിയപ്പെടുന്നതു്.
37. കുറുന്തിനിപ്പാട്ട് - ഉത്തരകേരളത്തിലെ വണ്ണാന്മാരുടെ അനുഷ്ഠാന ഗാനം. സന്താന ലബ്ധിക്കായാണ് ഈ പാട്ട് അനുഷ്ഠാനം. നാഗപ്രീതിയാണു് സന്താനലബ്ധിക്കായുള്ള ആരാധന എന്നതിനാൽ നാഗപൂജയുടെ ഭാഗമായാണു് ഈ പാട്ടുകൾ പാടുന്നതു്.
38. കെസ്സു പാട്ട് - മാപ്പിളപ്പാട്ടുകളുടെ ഒരു ശാഖ. പ്രേമം ആണു് വിഷയം.
39. അക്കമ്മപ്പാട്ട് - സമുന്തൻനമ്പിയാർ സമുദായമായി ബന്ധപ്പെട്ടതു്. പുരാണത്തിലെ കഥകൾ പ്രമേയം.സമുദായത്തിലെ സ്ത്രീകൾ - "അക്കമ്മമാർ " വിവാഹം തുടങ്ങിയ മംഗളവേളകളിൽ പാടുന്ന അനുഷ്ടാന ഗാനങ്ങൾ.
40. അടച്ചുതുറപ്പാട്ട് - ക്രിസ്തീയസമുദായവുമായി ബന്ധപ്പെട്ട അനുഷ്ഠാനം. കല്യാണം കഴിഞ്ഞു നാലാം നാൾ മണിയറയിൽ കയറി വാതിലടച്ചിരിക്കുന്ന വധൂവരന്മാരെ വധുവിന്റെ അമ്മ പാട്ടിൽ കൂടി പലവിധ വാഗ്ദാനങ്ങൾ നൽകി വാതിൽ തുറപ്പിക്കുന്നു.
41. അച്ചുകുളിപ്പാട്ട് - ബ്രാഹ്മണകന്യകമാർ മംഗല്യസൌഭാഗ്യത്തിനായി കുളിക്കുമ്പോൾ പാടുന്ന പാട്ടുകൾ. ഓരോ ഭാഗത്തേക്കു് തിരിഞ്ഞു പാട്ടുപാടുന്നു. ഇത്തരത്തിലുള്ള അനുഷ്ഠാനങ്ങൾ കാലക്രമത്തിൽ ഇല്ലാതെയായി.
42. അഞ്ചൈക്കള തോറ്റം - ഭദ്രകാളിയെ ഉപാസിക്കാൻ പ്രാദേശികമായി വ്യത്യസ്ത അനുഷ്ഠാനങ്ങൾ കേരളത്തിൽ നിലനിൽക്കുന്നു. മദ്ധ്യകേരളത്തിൽ നിലനിൽക്കുന്ന ഒരു പാട്ടു് അനുഷ്ഠാനം ആണു് അഞ്ചൈക്കള തോറ്റം പാട്ടുകൾ.
43. അന്തം ചാർത്തു് പാട്ട് - ക്നാനായ ക്രിസ്ത്യാനികളുടെ വിവാഹ തലേദിവസം വരന്റെ മുഖം ക്ഷൌരം ചെയ്യുമ്പോൾ പാടുന്ന പാട്ടുകൾ. പാരമ്പര്യ അനുഷ്ടാനങ്ങളിൽ അതീവ തല്പരർ ആയ ഈ സമുദായക്കാർ ഇന്നും ഈ വക അനുഷ്ഠാനങ്ങൾ തുടർന്നു പോകുന്നതായി കാണുന്നു.
44. അമ്മാനപ്പാട്ട് - സ്ത്രീകൾ അമ്മാനയാട്ടം (പന്തു കളി ) അരങ്ങേറുമ്പോൾ പാടുന്ന പാട്ടുകൾ.
45. അഞ്ചടിപ്പാട്ട് - ചോറ്റാനിക്കര, ചെല്ലൂർ പ്രദേശങ്ങളിൽ പാടി വരുന്ന അനുഷ്ഠാന പാട്ടുകൾ. ഭഗവത് പ്രീതിക്കായിട്ടാണ് പാടുന്നതു്.
46. റമ്പാൻ പാട്ട് - സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലുള്ള പാട്ടുകൾ. ഈ പാട്ടുകളുടെ ഇതിവൃത്തം തോമാശ്ളീഹയുടെ പ്രേഷിത വേലയാണ്. മാർഗ്ഗം കളിയിൽ ഈ പാട്ടുകൾ പാടാറുണ്ട്.
47. ശീപോതിപ്പാട്ട് - പാണന്മാരുടെ അനുഷ്ഠാനപ്പാട്ടുകൾ. ഐശ്വര്യദേവതയായ ശീപോതിയെ (ശ്രീ ഭഗവതിയെ) സ്തുതിച്ചുകൊണ്ടുള്ള പാട്ടുകൾ ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളിൽ പാടി വരുന്നു.
48. ശാസ്താം പാട്ട് - നാഗാരാധനയുമായി ബന്ധപ്പെട്ട പാട്ടുകൾ. പുള്ളുവരാണ് ഈ പാട്ടുകൾ അനുഷ്ഠിച്ചു വരുന്നതു്. ഉടുക്ക്, മിഴാവ് തുടങ്ങിയവയാണ് വാദ്യങ്ങൾ.
49. വേദക്കളിപ്പാട്ട് - മദ്ധ്യതിരുവിതാംകൂറിലെ മുസ്ലീങ്ങളുടെ വിനോദമായ "വേദക്കളി" ക്ക് പാടുന്ന പാട്ടുകൾ. കാലിൽ ചിലമ്പ്, ഇടതു കയ്യിൽ പരിച, വലതു കൈയ്യിൽ അമ്പ്, മുതലായവ ധരിച്ചു് നൃത്തം ചെയ്തു പാടുന്നു. സംഘത്തലവൻ പാടുന്ന പാട്ട് മറ്റുകളിക്കാർ ഏറ്റു പാടുന്നു. ചെണ്ടയും കൈമണിയും ആണു് വാദ്യങ്ങൾ.
50. വാഴു പാട്ട് - ക്രിസ്ത്യാനികളുടെ വിവാഹവേളകളിൽ പാടുന്ന പാട്ട്. വധൂവരന്മാരെ പന്തലിൽ ഇരുത്തി സ്ത്രീകൾ പാടുന്നു. ദൈവസ്തുതി ആണു് പാട്ടുകളിൽ. ബ്രാഹ്മണരുടെ വിവാഹവേളകളിൽ പാടിവരുന്ന "സീതാ കല്യാണ വൈഭോഗമെ ... " തുടങ്ങിയ മംഗളസ്തുതികളോട് ഇവയെ ഉപമിക്കാം.
51. വില്ലടിച്ചാൻ പാട്ട് - കഥാ ഗാനങ്ങൾ ആണ് വില്ലടിച്ചാൻ പാട്ടുകൾ . ആറടിയോളം നീളമുള്ള വില്ലിൽ ഒരു ജോഡി വടികൾ കൊണ്ടടിച്ചു പാടുന്ന കഥാ ഗാനങ്ങൾ . വില്ലിന്റെ ചരടിൽ മണികൾ തൂക്കിയിട്ടുണ്ടാകും . ഗായകരിൽ ഒരു പ്രധാനിയും സഹായികളും കഥാ പ്രസംഗ രൂപത്തിൽ കഥ പാടി കേൾപ്പിക്കുന്നു . ഗണപതി , സരസ്വതി, ഇഷ്ട ദേവത , ഗുരു, സഭ - ഇവയെ വന്ദിച്ചു കൊണ്ടാണ് കഥ പാടി തുടങ്ങുക . ഉലകുട പെരുമാൾ പാട്ട് , പുതു പാന പാട്ട് , നീലി പ്പാട്ട് , അഞ്ചു തമ്പുരാൻ പാട്ട്, നീലി പ്പാട്ട്, സുഭദ്ര ഹരണം , കീചക വധം തുടങ്ങിയവയാണ് പ്രസിദ്ധമായ വില്ലടിച്ചാൻ പാട്ടുകൾ .
52. വാകപ്പൊലി പാട്ട് - ഉത്തര കേരളത്തിൽ പുലയർ തിരണ്ടു കല്യാണത്തിന് പാടുന്ന പാട്ടുകൾ. പെണ്കുട്ടി ഋ തുമതി ആയതിന്റെ ഏഴാം ദിവസം ചില ചടങ്ങുകൾക്ക് ശേഷം വാകപ്പൊലി പാട്ടുകൾ പാടുന്നു.
53. വടക്കുപുറത്തു പാട്ട് - വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന പാട്ട് ഉത്സവത്തിന് 12 ദിവസങ്ങളിൽ ഭഗവതിയെ സങ്കല്പ്പിച്ചു നടത്തുന്ന കള മെഴുത്തിനു പാടി വരുന്ന അനുഷ്ഠാന ഗാനങ്ങൾ
54. മുടിപ്പുര പ്പാട്ട് - വിളവെടുപ്പുമായി ബന്ധപ്പെട്ട അനുഷ്ഠാന ഗാനങ്ങൾ . താൽകാലികമായി ഉണ്ടാക്കിയ മുടിപ്പുരയിൽ ദേവിയെ കുടിയിരുത്തി 7 ദിവസം തുടർച്ചയായി പാടുന്നു. തോറ്റം പാട്ടിന്റെ ഈ രൂപം തെക്കൻ തിരുവിതാംകൂറിൽ ആണ് കൂടുതലും അനുഷ്ഠിക്കുന്നത് .
55. അയ്യപ്പൻ പാട്ട് - മണ്ഡല കാലത്ത് വ്രതമെടുത്ത് ശബരിമല യാത്രാ സമയത്ത് പാടുന്ന പാട്ട് . ഉടുക്ക്, കൈമണി, തുടങ്ങിയ വാദ്യങ്ങൾ ഉപയോഗിക്കുന്നു. ശാസ്താം പാട്ട് എന്നും അറിയപ്പെടുന്നു .
56. ഈഴത്ത് പാട്ട് - ഈഴവ സമുദായത്തിലെ മണ് മറഞ്ഞ വീരന്മാരെ കുറിച്ച് പാടുന്ന പാട്ട്. വടക്കൻ പാട്ടിലെ വീര പരാക്രമിളായ ആരോമൽ ചേകവർ , ഉണ്ണിയാർച്ച , കണ്ണപ്പനുണ്ണി തുടങ്ങിയവരാണ് പാട്ടിലെ നായികാ നായകന്മാർ
57. മുരുകൻ പാട്ട് - കേരളത്തിലെ ഗിരി വർഗക്കാർ കാട്ടു ദേവതകളെ പ്രകീർത്തിച്ചു പാടുന്ന പാട്ടുകൾ . പെരുമ്പറ യാണ് പശ്ചാത്തല വാദ്യം
58. വട്ടിപ്പാട്ട് - പുലയ സ്ത്രീകളും ചെറുമികളും കുട്ടകൾ ഉണ്ടാക്കുമ്പോൾ പാടുന്ന പാട്ടുകളുടെ പ്രമേയം മുള വെട്ടുന്നതും കീറുന്നതും മറ്റുമാണ് .
59. മാവാരതം പാട്ട് - കേരളത്തിൽ പ്രചാരത്തിലുള്ള മഹാഭാരത കഥാ പാട്ടുകൾ . നിഴൽക്കൂത്ത് പാട്ടുകൾ എന്നും അറിയപ്പെടുന്നു .
60. മുളകൊട്ടു പാട്ട് - കേരളത്തിലെ മാരിയമ്മൻ ക്ഷേത്രങ്ങളിലെ അനുഷ്ഠാന ഗാനം. പലതരം വിത്തുകൾ മണ് പാത്രങ്ങളിൽ ഇട്ടു പാട്ട് പാടി മുളപ്പിക്കുന്നതാണ് അനുഷ്ഠാനം . തമിഴ് കലർന്ന മലയാളം പാട്ടുകൾക്ക് അകമ്പടി ചെണ്ടയും ഉടുക്കുമാണ് .
61. അരവ് പാട്ട് - കല്യാണം തുടങ്ങിയ വിശേഷ ദിനങ്ങളിൽ മുറ്റത്തു പന്തലിട്ടു അമ്മികൾ ഇട്ടു അരയ്ക്കുമ്പോൾ പാടുന്ന പാട്ട്. തിയ്യർ , പുലയർ സമുദായക്കാർ പ്രധാനമായും അനുഷ്ഠിച്ചു പോരുന്നു.
62 ആലപ്പാട്ട് ഉത്തര കേരളത്തിലെ അനുഷ്ഠാന പാട്ടുകൾ . കോതാമൂരി തെയ്യം , പനിയന്മാർ മുതലായവർ തുലാമാസത്തിൽ വീടുകൾ തോറും കയറി ഇറങ്ങി പാടുന്ന പാട്ടുകൾ . ദുരിതങ്ങൾ അകലാനും ഐശ്വര്യം കൈവരാനും ഉള്ള അനുഷ്ഠാനം
63 ആവിയർ പാട്ട് - കണ്ണകിയെ പ്രകീർത്തിച്ചു കൊണ്ടുള്ള പാട്ടുകൾ . വർണ്ണ പ്പൊടികൾ കൊണ്ട് കളം വരച്ചു അതിന്റെ മുന്നിലിരുന്നാണ് പാടുക .
64 കർമശാസ്താം പാട്ട് - ഉത്തര കേരളത്തിലെ പുള്ളുവരുടെ അനുഷ്ഠാനം . പുള്ളുവരുടെ വർഗോല്പ്പത്തിയും കലാ പാരമ്പര്യവും ആണ് വിഷയം . മിഴാവാണ് വാദ്യം .
65. കാക്കപ്പാട്ട് - പരേതരുടെ ആത്മാക്കളെ തൃപ്തി പ്പെടുത്താനുള്ള അനുഷ്ഠാന ഗാനങ്ങൾ . പ്രാകൃത വർഗക്കാരുടെ ഇടയിൽ കൂടുതൽ പ്രചാരം
66 മരക്കൊട്ടൻ പാട്ട് - ഉത്തര കേരളത്തിലെ "മാവില " സമുദായക്കാരുടെ അനുഷ്ഠാനം . "മാവിലർ " തെയ്യം കെട്ടി ആടിയതിനു ശേഷം മരക്കൊട്ടൻ പാട്ടുകൾ പാടി കളിക്കുന്നു
67 ഊഞ്ഞാൽ പാട്ട് ധനുമാസത്തിൽ തിരുവാതിര നാളിൽ ഊഞ്ഞാലാടിക്കൊണ്ട് സ്ത്രീകൾ പാടുന്ന പാട്ട് . ദമയന്തി സ്വയംവരം , സുന്ദരീ കല്യാണം, സീതാ സ്വയംവരം , മത്സ്യ ഗന്ധി ചരിതം തുടങ്ങിയ കഥകളാണ് വിഷയം
68 എണ്ണപ്പാട്ട് - കല്യാണം കഴിഞ്ഞു നാലാം നാൾ വധൂ വരന്മാർ എണ്ണ തേയ്ക്കു മ്പോഴും കുളിക്കുമ്പോഴും ക്രിസ്തീയ സമുദായക്കാർ പാടുന്ന പാട്ടുകൾ
69 ഒക്കല് പാട്ട് - വയനാട്ടിലെ ആദിവാസി പാട്ട്. പണിയർ കുലത്തിൽ പെട്ടവർ നെല്ല് മെതിക്കുമ്പോൾ പാടുന്ന പാട്ടുകൾ
70. കമ്മാളർ പാട്ട് - കൊല്ലൻ , ആശാരി , മൂശാരി , തട്ടാൻ തുടങ്ങിയ കമ്മാള വർഗക്കാർ വിവാഹത്തിനും തിരണ്ടു കല്യാണത്തിനും പാടുന്ന പാട്ട് . ചന്ദന പ്പാട്ട് (കുറിപ്പാട്ട് ) , പന്തൽ പാട്ട് , ഗണപതിപ്പാട്ട്, എന്നിങ്ങനെ സന്ദർഭാനുസരണം വകഭേദങ്ങൾ ഉണ്ട്. പാഞ്ചാലി സ്വയംവരം , സീതാ സ്വയംവരം , തുടങ്ങിയ പുരാണ കഥകൾ വിഷയം
71. ഗണപതി തോറ്റം - തിരിഉഴിച്ചിലിനോടു് (അഗ്നിപൂജ) അനുബന്ധിച്ചു പാടുന്ന നാടോടിപ്പാട്ടുകൾ.
72. മരക്കളപ്പാട്ടു് - മുക്കുവരാജാവായ സാരംഗപാലനെക്കുറിച്ച് പാടുന്ന തോണിപ്പാട്ടുകളാണു് മറക്കളപ്പാട്ടുകൾ.
73. മരപ്പാട്ട് - ഉത്തരകേരളത്തിലെ പുലയർ ഗർഭബലിക്കായി പാടുന്ന അനുഷ്ഠാനഗാനങ്ങൾ. കാട്ടിൽ നിന്നും ജലാശയം വഴി നാട്ടിലേക്ക് മരം എത്തിക്കുന്നതാണ് പ്രതിപാദ്യ വിഷയം.
74. കലശാട്ട് പാട്ട് - നാടൻ പേറ്റിച്ചികൾ കുട്ടികളെ എടുത്തു കുളിപ്പിക്കുമ്പോൾ പാടാറുള്ള മന്ത്രവാദപ്പാട്ടുകൾ. പുള്ളുവത്തികളും ഈ പാട്ടുകൾ പാടാറുണ്ട്.
75. കലശപ്പാട്ട് - ഉത്തരകേരളത്തിലെ പുലയരുടെ അനുഷ്ഠാന ഗാനം. തെയ്യത്തിന്റെ തലേദിവസം പാടി വരുന്നു. മദ്യോല്പാദനവും നായാട്ടുമാണ് വിഷയം.
76. കളിക്കപ്പാട്ട് - മുത്തപ്പന്റെ ചരിത്രം ആണ് വിഷയം. വണ്ണാൻ, അഞ്ഞൂറാൻ, തുടങ്ങിയ സമുദായക്കാർ മുത്തപ്പൻ സന്നിധിയിൽ ദേവപ്രീതിക്കായി പാടുന്ന അനുഷ്ഠാന ഗാനങ്ങൾ.
77. മരവും പറയും തോറ്റം - ഉത്തരകേരളത്തിലെ പുലയരുടെ അനുഷ്ഠാന ഗാനം. കാർഷിക പാരമ്പര്യത്തെക്കുറിച്ചാണ് പാട്ടുകൾ.
78. കപ്പൽ പാട്ട് - സംസാരത്തെ സാഗരമായും ശരീരത്തെ കപ്പലായും സങ്കൽപ്പിച്ചു രചിക്കപ്പെട്ട പാട്ടുകൾ. അധ്യാത്മിക വിഷയങ്ങളാണ് പാട്ടിൽ അവതരിപ്പിക്കുന്നതു്.
79. കതിരുപാട്ട് - പുഷ്പക സമുദായത്തിലെ സ്ത്രീകൾ - 'ബ്രാഹ്മണി ' - കളുടെ അനുഷ്ഠാന ഗാനങ്ങൾ. നെടുമംഗല്യത്തിനായി കന്യകമാർ കതിരെടുത്ത് നൃത്തം ചെയ്യുമ്പോൾ പാടുന്ന പാട്ടുകൾ.
80. കരിങ്കുട്ടൻ പാട്ട് - പുള്ളുവർ പാടുന്ന അനുഷ്ഠാന ഗാനങ്ങൾ.
81. എലെലം കരടി പാട്ട് - കേരളത്തിലെ വനങ്ങളിൽ പാർക്കുന്ന ഇരുളവർഗ്ഗക്കാർ നൃത്തം ചെയ്യുമ്പോൾ പാടുന്ന പാട്ട്. വട്ടത്തിൽ കറങ്ങിക്കൊണ്ട് പാടുന്ന പാട്ടിന്റെ അകമ്പടി വാദ്യങ്ങൾ "പൊറി " എന്ന് വിളിക്കുന്ന മദ്ദളവും മരക്കുഴലും.
82. ഓണപ്പാട്ടുകൾ - ഓണക്കാലത്ത് പാടുന്ന പാട്ടുകൾ. മഹാബലിയെ പ്രകീർത്തിച്ചു കൊണ്ടാണു് പാട്ടുകൾ.
83. ഏറ്റപ്പാട്ട് - വെള്ളം തേവുന്ന യന്ത്രത്തിനരുകിൽ നിന്നുകൊണ്ട് വെള്ളം തേവുമ്പോൾ പാടുന്ന പാട്ടുകൾ.
84. ഒപ്പനപ്പാട്ടുകൾ - മുസ്ലിം സമുദായത്തിന്റെ അനുഷ്ഠാന ഗാനങ്ങളിൽ ഏറ്റവും പ്രചാരം നേടിയ പാട്ടുകൾ. വിവാഹം, കുഞ്ഞിന്റെ ജനനം തുടങ്ങിയ ആഘോഷവേളകളിൽ സ്ത്രീകൾ കൈകൊട്ടി നൃത്തം ചെയ്തു പാടുന്നു.
85. മാരൻ പാട്ട് - കണിയാൻ, വണ്ണാൻ, മുതലായ വർഗ്ഗക്കാർ പാടുന്ന ശൃംഗാര രസപ്രധാന ഗാനങ്ങൾ. ഗ്രാമീണശൈലിയിൽ നാടൻ വൃത്തത്തിൽ ആണു് ഗാനങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്.
87. മാരിപ്പാട്ട് - ഉത്തരകേരളത്തിലെ പുലയർ കർക്കടമാസതിൽ പാടുന്ന അനുഷ്ഠാന ഗാനം. കർക്കിടകം 16 നാൾ മുതൽ പൊയ്മുഖം അണിഞ്ഞു വീടുകൾ തോറും കയറി ഇറങ്ങി പാടുന്നു. തുടി, ചേങ്ങില എന്നീ വാദ്യങ്ങൾ അകമ്പടി. "കലിയൻ " പാട്ട് എന്നും ചില പ്രദേശങ്ങളിൽ അറിയപ്പെടുന്നു. ഐശ്വര്യലബ്ധിയാണ് ഉദ്ദേശം.
88. കറിപ്പാട്ടുകൾ - പാചകവിധി വർണ്ണിക്കുന്ന നാടൻ പാട്ടുകൾ. കുമ്പളപ്പാട്ട്, കക്കിരിപ്പാട്ട്, ചീരപ്പാട്ട് തുടങ്ങിയ പേരുകളിൽ പ്രചാരം. വിവാഹം, തുടങ്ങിയ ആഘോഷവേളകളിൽ പാചകം ചെയ്യുമ്പോൾ പാടുന്നു .
|