കഥാസാരം
ഇരുന്നൂറിൽ പരം വർഷങ്ങൾക്കു മുൻപ് ഇൻഡ്യയെ ബ്രിട്ടീഷ് മേൽക്കോയ്മയ്ക്ക് അടിമപ്പെടുത്തുവാൻ വേണ്ടി ഈസ്റ്റ് ഇൻഡ്യാ കമ്പനി ശ്രമിച്ചു വന്ന കാലഘട്ടം. സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി തമ്മിൽ തല്ലി തകർന്നു കൊണ്ടിരുന്ന കേരളത്തിലെ നാട്ടുരാജാക്കന്മാർ പലരും കമ്പനിയുടെ സഹായം തേടുവാനും സ്വന്തം ജനങ്ങളെ അവരുടെ അടിമകളാക്കി മാറ്റുവാനും തയ്യാറായിരുന്ന സന്ദർഭം.കേരളം നിസ്സങ്കോചം വിദേശികൾക്കടിമപ്പെട്ടു തുടങ്ങിയ കാഴ്ച ഉജ്ജ്വല പ്രഭാവനായ ടിപ്പു സുൽത്താൻ മനം മടുത്തു മലനാട്ടിലെത്തി.നാട്ടുരാജാക്കന്മാരെ രക്ഷിക്കുവാൻ വടക്കു കുറുമ്പ്രനാട്ടു മുതൽ ടിപ്പു തേരോട്ടം നടത്തി രാജ്യങ്ങൾ പിടിച്ചടക്കി തുടങ്ങി.ടിപ്പുവിന്റെ പടയെ ഭയന്നു പല രാജാക്കന്മാരും തിരുവിതാം കൂറിൽ അഭയം തേടി.കുറുമ്പ്രനാട്ടു രാജാവായ ശങ്കരവർമ്മൻ ടിപ്പുവിനു കീഴടങ്ങി.വർമന്റെ അനന്തിരവരായ അമ്മുത്തമ്പുരാട്ടിയും ഉണ്ണിയും മറ്റും ടിപ്പുവിന്റെ കയ്യിലകപ്പെട്ടു.അവർ പട്ടാള വലയം ഭേദിച്ചു പഴശ്ശി കൊട്ടാരത്തിൽ അഭയം തേടി.ഈസ്റ്റ് ഇൻഡ്യാ കമ്പനിയിലെ ഗവർണ്ണർ വെല്ലസ്ലിയും സൂപ്രണ്ട് ബേബർ സായിപ്പും ടിപ്പുവിന്റെ വിജയയാത്ര കണ്ടു അമ്പരന്നു.കേരളവർമ്മ വയനാടൻ കുറിശ്ശിപ്പടയുടെ സഹായത്തോടെ ടിപ്പുവിനെ പിന്തിരിപ്പിച്ച് ഓടിക്കാമെന്ന് കൂർമ്മ ബുദ്ധികളായ വെള്ളക്കാർ കണ്ടു പിടിച്ചു. അതിനായി അവർ മുസ്ലിം കച്ചവട പ്രമാണിയായിരുന്ന ഉണ്ണിമൂസ്സായുമായി ആലോചന നടത്തി.മൂസ്സായുടെ ശ്രമഫലമായി പഴശ്ശി രാജാ കമ്പനിക്കാരുമായി ഉടമ്പടിയിൽ ഏർപ്പെട്ടു.വെള്ളക്കാരും വയനാടൻ പടയും രാജാവും ചേർന്ന് ടിപ്പുവിനെ യുദ്ധത്തിൽ തോല്പിച്ച് മൈസൂർക്ക് ഓടിച്ചു.അങ്ങിനെ ടിപ്പു കീഴടക്കിയ രാജ്യങ്ങളെല്ലാം വീണ്ടെടുത്ത് പഴശ്ശിയുടെ ഭരണത്തിൻ കീഴിലാക്കുകയും കമ്പനിയ്ക്ക് നിർബാധം വ്യവസായം ചെയ്യുവാനുള്ള സ്വാതന്ത്ര്യം കൈവരുത്തുകയും ചെയ്തു. സ്വതന്ത്രനായിത്തീർന്ന ശങ്കര വർമൻ വെല്ലസ്ലിയുടെ ബംഗ്ലാവിലെത്തി ബേബറെ കണ്ട് താനാണ് കുറുമ്പ്രനാടിന്റെ യഥാർത്ഥ അവകാശി എന്നറിയിച്ചു.പഴശ്ശിരാജായെ ക്ഷണിച്ചു വരുത്തി കപ്പം ആവശ്യപ്പെടണമെന്നും അതിനു വിസമതിച്ചാൽ തടവിലാക്കണമെന്നും രാജ്യം തന്നെ ഏല്പ്പിക്കണമെന്നും ശങ്കരവർമ്മൻ കമ്പനിക്കാരെ ഉപദേശിച്ചു.പഴശ്ശിയ്ക്ക് ആരും കരം കൊടുക്കരുതെന്ന് വിളംബരം ചെയ്യുവാൻ തുനിഞ്ഞ കമ്പനിപ്പട്ടാളത്തെ അദ്ദേഹത്തിന്റെ ആൾക്കാർ വിരട്ടിയോടിച്ചു.രാജാവ് കൂടിയാലോചനയ്ക്ക് ക്ഷണിക്കപ്പെട്ടു. പഴശ്ശിക്കൊട്ടാരത്തിലഭയം തേടിയ അമ്മുവും ഉണ്ണിയും കുറിക്യരുടെ വേഷത്തിൽ ഗൂഢാലോചനകളുടെ രഹസ്യമറിയുവാൻ വെല്ലസ്ലിയുടെ ബംഗ്ലാവിൽ എത്തി.കാര്യങ്ങളുടെ ഗൗരവസ്ഥിതി മനസ്സിലാക്കിയ പഴശ്ശി തമ്പുരാൻ തന്റെ വിശ്വസ്ഥനായ പഴയം വീടനെയും ഭാര്യയെയും കൂട്ടി അദ്ദേഹത്തിന്റെ കെട്ടിലമ്മയെ അവരുടെ തറവാടായ കൈതേരിയിലേക്കയച്ചു.പഴശ്ശിയും കമ്പനിക്കാരുമായി നടന്ന കൂടിക്കാഴ്ചയിൽ അവരാവശ്യപ്പെട്ട കപ്പം കൊടുക്കുകയില്ലെന്ന് രാജാവ് തീർത്തു പറഞ്ഞു.ക്ഷുഭിതനായ വെല്ലസ്ലി രാജാവിനെ തടവുകാരനാക്കാൻ ശ്രമിച്ചു.കുറിച്ച്യപ്പട പ്രത്യക്ഷപ്പെട്ടു തമ്പുരാനെ രക്ഷപ്പെടുത്തി കൊട്ടാരത്തിലെത്തിച്ചു.അപമാനിതരായ വെള്ളക്കാർ പഴശ്ശിക്കൊട്ടാരം പിടിച്ചടക്കി. തമ്പുരാൻ പുരളിമലയിലെ ഒരു ഗൂഢസങ്കേതത്തിലേയ്ക്ക് താമസം മാറ്റി.കീഴടക്കപ്പെട്ട തന്റെ രാജ്യം മോചിപ്പിച്ചെടുക്കുന്നതിനായി കൈതേരിൽ അമ്പു , കണ്ണവത്തു നമ്പ്യാർ , ഉണ്ണിമൂസ , കുറിച്ച്യരുടെ തലവനായ തലയ്ക്കൽ ചന്തു മുതലായവരുടെ സഹായത്തോടു കൂടി തമ്പുരാൻ വേണ്ട നീക്കങ്ങൾ തുടങ്ങി.പഴയംവീടൻ ഇതിനിടയിൽ വെള്ളക്കാരുടെ കൈയ്യിലകപ്പെട്ടു. ചതുരുപായങ്ങൾ ഉപയോഗിച്ചു അയാളെ കമ്പനിക്കാർ വശത്താക്കി.പുരളിമല അവർക്കു കാണിച്ചു കൊടുക്കാമെന്ന് പഴയം വീടൻ സമ്മതിച്ചു. ഇതറിഞ്ഞ ഉണ്ണി വിവരം രാജാവിനെ അറിയിച്ചു.ബേബറും കൂട്ടരും കൂടി പുരളിമല ആക്രമിച്ചു. ചെറുക്കുവാൻ തയ്യാറായി നിന്നിരുന്ന കുറിച്ച്യപ്പട ബേബറെ പിടി കൂടി രാജസന്നിധിയിൽ ഹാജരാക്കി. അടികൊണ്ടവശനായ ബേബറെ പഴശ്ശി താക്കീതു നൽകി വിട്ടയച്ചു. രാജ്യവ്യാപകമായ അക്രമം അഴിച്ചു വിട്ട വെള്ളക്കാർ ഉണ്ണിമൂസയെ വെടിവെച്ചു കൊന്നു.ഭീഷണികൾക്കു വഴങ്ങാതെ നിന്ന കണ്ണവത്തു നമ്പ്യാരെ പഴയം വീടന്റെ ഉപദേശപ്രകാരം ചതിയിൽ പിടിച്ചു തൂക്കിക്കൊന്നു. കൺനവത്തിന്റെ മരണം പഴശ്ശി രാജാവിനെ ഞെട്ടിച്ചു. എന്തു വില കൊടുത്തും കൊട്ടാരം തിരിച്ചു പിടിക്ക്കാൻ തമ്പുരാൻ തീരുമാനിച്ചു. കൊട്ടാരം വീണ്ടെടുത്തത് വെല്ലസ്ലിയ്ക്ക് ഏറ്റ കനത്ത പരാജയമായിരുന്നു.യൂറോപ്പിലേയ്ക്ക് മടങ്ങിയ സായ്പ് എങ്ങനെയെങ്കിലും പഴശ്ശി രാജായെ വധിക്കണമെന്ന് ബേബറെ ഉപദേശിച്ചു.മാക്കം കെട്ടിലമ്മ ഒരാൺകുഞ്ഞിനെ പ്രസവിച്ചു.പുരളിമലയിലെ കുറിച്ച്യർ ആഹ്ലാദനൃത്തം ചെയ്തു.ചതി കൊണ്ടു മാത്രമേ പഴശ്ശിയിലെ രാജസിംഹനെ കീഴ്പ്പെടുത്തുവാൻ സാധിക്കുകയുള്ളൂ എന്നു മനസ്സിലാക്കിയ ബേബർ പഴയം വീടനെയും കൂട്ടരെയും കൂട്ടി കൊട്ടാരത്തിലെ വെടിപ്പുരയ്ക്കു തീ വെച്ചു.അഗ്നിശിഖകൾ കൊട്ടാരത്തിലേയ്ക്ക് പടർന്നു പിടിച്ചത് തമ്പുരാൻ അറിഞ്ഞില്ല.മാറിൽ വെടിയേറ്റിട്ടും അമ്പു നായർ തന്റെ തമ്പുരാനെ അപകടമേഖലയിൽ നിന്നും രക്ഷിച്ചു.ക്രുദ്ധനായ രാജാവ് പഴയംവീടനെ പിടികൂടി അവന്റെ വലംകൈ ച്ഛേദിച്ചു വിട്ടു.കേരളക്കരയുടെ ദേശാഭിമാനത്തിന്റെ ഈറ്റില്ലമായ ആ മനോഹരഹർമ്മ്യം വെന്തു വെണ്ണീറാവുന്ന കാഴ്ച നിറകണ്ണുകളോടെ തമ്പുരാൻ നോക്കി നിന്നു.ബേബർ അന്തിമ സമരത്തിനൊരുങ്ങി. പുരളിമലയിലേയ്ക്ക് മടങ്ങിയ രാജാവിനെയും പരിവാരങ്ങളെയും വെള്ളക്കാർ പിൻതുടർന്നു.മാക്കം കെട്ടിലമ്മയെയും കുഞ്ഞിനെയും ബേബർ ബന്ധനത്തിലാക്കി.കുഞ്ഞിനെ കുതിരപ്പുറത്തു കയറ്റി മറയായി ഉപയോഗിച്ചു കൊണ്ട് കമ്പനിപ്പടയുമായി ബേബർ പുരളിമലയിലെത്തി.വിദേശപ്പരിഷകളുമായി തന്റെ ശ്വാസം നിലയ്ക്കും വരേയ്ക്കും പോരാടുമെന്ന ഉഗ്ര ശപഥവുമായി പഴശ്ശിരാജായും രണഭൂമിയിലെത്തി.വിദേശീയ മേൽക്കോയ്മക്കെതിരായി പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി ആ ധീരദേശാഭിമാനിയുടെ പടവാളുയർന്നു. പക്ഷേ കമ്പനിപ്പടയുമായുള്ള യുദ്ധത്തിൽ പരാജയം സംഭവിച്ച രാജാവ് ജീവനോടെ ശത്രുക്കൾക്ക് പിടി കൊടുക്കാതിരിക്കുവാനായി കൈയ്യിൽ കിടന്ന വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തു.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്