ചിത്രത്തിലേതെന്ന് പറയപ്പെടുന്ന 'ഓമനതിങ്കൾ കിടാവോ' എന്ന ഗാനം ഒരു സിനിമാഗാനമല്ല എന്ന് ഞങ്ങളുടെ ഗവേഷകർ കരുതുന്നു.
കൂടുതൽ വിവരങ്ങൾക്കും ബി വിജയകുമാറിന്റെ കുറിപ്പിനും ഇവിടെ ക്ലിക്ക് ചെയ്യുക
ശ്രീ തിക്കുറിശ്ശി സുകുമാരന്‍ നായരുടെ വിഖ്യാതമായ സ്ത്രീ എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണു് കോമള ഫിലിംസു് അവതരിപ്പിച്ച ഈ ചിത്രം. ചലച്ചിത്രത്തിനു് വേണ്ടി സംഭാഷണവും, ഗാനങ്ങളും രചിച്ചതും ശ്രീ തിക്കുറിശ്ശി തന്നെ.
ഒരു തികഞ്ഞ ചിന്തകനാണു് രാജന്. ജീവിതസത്യം ഗ്രഹിച്ച ഒരു കഥാകൃത്തു്. ചില ആദര്‍ശങ്ങള്‍ പരീക്ഷിക്കുവാന്‍ വെമ്പല്‍ കൊള്ളുകയാണു് അയാള്‍. പാരമ്പര്യം എന്നു പറയുന്നതു് നശിക്കാത്ത ഒന്നാണോ? അതു് പരീക്ഷിക്കുവാന്‍ അയാള്‍ തീരുമാനിച്ചു. അതിനു വേണ്ടി രാജന് ഒരു വേശ്യയുടെ മകളായ സുഷമയെ വിവാഹം കഴിച്ചു. മനോഹരിയും മദാലസയുമായ സുഷമ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. എന്നിട്ടും അവള് ഒരു കാമുകിയായിത്തന്നെ കഴിഞ്ഞു. പ്രേമലോലുപയായ അവള് ചെന്നു പതിച്ചതു് കലാലോലുപനായ മധുവിന്റെ കരങ്ങളിലാണു്. അവളുടെ പ്രേമകേളികള്ക്കു് ഭര്‍ത്താവും കുഞ്ഞും ഒന്നുമൊരു പ്രശ്നമായിരുന്നില്ല. യൗവ്വനം സൂക്ഷിക്കപ്പെടണമെന്നു മാത്രമേ അവള്‍ക്കു് നിഷ്ക്കര്‍ഷ ഉണ്ടായിരുന്നുള്ളു. രാജന് അവള്‍ക്കു വേണ്ടി പലതും ത്യജിച്ചു, സഹിച്ചു. പക്ഷെ രാജന് തന്റെ ഇഷ്ടത്തിനു് വിഘാതമാകുന്നു എന്ന ബോദ്ധ്യമായപ്പോള്‍ അവള് അയാളെ വീട്ടില്‍ നിന്നും പുറത്താക്കി. വേലക്കാരി മല്ലികയ്ക്കു് പോലും ഇതു സഹിക്കുവാന്‍ സാധിച്ചില്ല.
സുഷമയെ ആരാധിച്ചു് അവളില്‍ ഭ്രാന്തെടുത്തു നടക്കുന്ന ധനികനായ യുവാവാണു് വിജയന്. ഭര്‍ത്താവു് കാണപ്പെട്ട ദൈവമാണെന്നു കരുതി ആരാധിച്ചു പോന്നവളാണു് വിജയന്റെ ഭാര്യ സുധ. പക്ഷെ അവള് പരിഷ്ക്കാരിയല്ല. വിജയന് അവളെ വെറുത്തു. ഉപദ്രവിച്ചു. അവസാനം സുധയെ അവന് വീട്ടിനു വെളിയിലാക്കി. അവള് തന്റെ നാട്ടിന്‍പുറത്തുള്ള വസതിയിലെത്തി. പാവപ്പെട്ട വയസ്സന് നാണുപിള്ള അവളെ സംരക്ഷിച്ചു.
വിജയന് സുഷമയുടെ വീടുപണി ചെയ്യുവാന്‍ പോലും തയ്യാരായി. മധു ഇതിനിടയില്‍ സുഷമയില്‍ നിന്നും അകന്നുകൊണ്ടിരുന്നു. അവന്റെ ദൃഷ്ടി പുതിയ മേച്ചില്സ്ഥലങ്ങളിലേക്കു പതിച്ചു. സുധ അവനെ ആകര്‍ഷിച്ചു. പക്ഷെ അവന്റെ യാതൊരു വിദ്യകളും സുധയുടെ മുമ്പില്‍ ഫലിച്ചില്ല.
സ്ത്രീലോകത്തെ മുഴുവന്‍ വെറുത്തു കഴിഞ്ഞിരുന്ന രാജന് ഒരു അരഭ്രാന്തനായി മാറി റോഡുനീളെ അലഞ്ഞു നടന്നു. കാലങ്ങലുടെ ഗതിവിഗതിയില്‍ വിജയനും സുഷമയെ വെടിഞ്ഞു. ഇന്നവള്‍ ആവശ്യമല്ലാത്ത ഒരു വസ്തുവായി കഴിഞ്ഞിരുന്നു. യുവത്വവും സൗന്ദര്യവും നശിച്ച സുഷമ തന്റെ പാപത്തിന്റെ ഫലം അനുഭവിച്ചു തുടങ്ങി. അവള്‍ക്കു സ്വന്തം കുഞ്ഞു മാത്രമായി ഏക അവലംബം.
സുഷമ ഭര്‍ത്താവിനെ തേടി ഉഴറിനടന്നു. അലഞ്ഞുതിരിഞ്ഞു് നടന്നിരുന്ന രാജനെ അവള് കണ്ടുമുട്ടി. പക്ഷെ രാജന് അവളെ സ്വീകരിക്കുവാന്‍ തയ്യാറായില്ല. അവളുടെ അപേക്ഷകളെല്ലാം വെറും വനരോദനമായി പരിണമിച്ചു. എന്തായാലും അവളുടെ പാരമ്പര്യം നഷ്ടപ്പെടുകയില്ലെന്നു രാജനു ബോദ്ധ്യമായി.
തനിക്കു സുഷമയില്‍ ജനിച്ച പെണ്‍കുഞ്ഞും വളര്‍ന്നുവരുമ്പോള്‍ പാരമ്പര്യമനുസരിച്ചു ഒരു വേശ്യയായിത്തീരുകയില്ലേ? തീര്‍ച്ചയായും. അയാള്‍ വിധി എഴുതി. അതു പാടില്ല.
ഒരു ദിവസം രാത്രിയില്‍ സ്വന്തം മകളെ എടുത്തു അയാള്‍ ഇരുട്ടിലേക്കു ഓടി മറഞ്ഞു. സുഷമ നിലവിളിച്ചുകൊണ്ടു് അയാളെ പിന്തുടര്ന്നു. പക്ഷെ അതു് നടന്നുകഴിഞ്ഞിരുന്നു. രാജന് ഘാതകനായി മാറി. ആ ഭീകരരംഗം കണ്ട സുഷമ ബോധരഹിതയായി നിലംപതിച്ചു. അവളുടെ കണ്ണുകള്‍ പിന്നീടു തുറന്നില്ല. രാജന്റെ രണ്ടു അശ്രുതുള്ളികള് മാത്രം അവളുടെ അടഞ്ഞ കണ്ണുകളില്‍ വീണു. രാജന് പിന്നെ എവിടെ പോയി എന്നു് നിശ്ചയമില്ല.
സുഷമയെ മാത്രം ആരാധിച്ചു കഴിഞ്ഞിരുന്ന വിജയന് വിഡ്ഢിത്തരങ്ങളില്‍ പശ്ചാത്തപിച്ചു. അയാള്‍ സുചരിതയായ തന്റെ ഭാര്യ സുധയെ അഭയം പ്രാപിച്ചു. അവളോടു മാപ്പിരന്നു. സുധ നിറഞ്ഞ ഭക്തിയോടെ തന്നെ അയാളെ സ്വീകരിച്ചു, സ്വാഗതം ചെയ്തു. അവര്‍ പിന്നെയും ജീവിച്ചു.
ആലപ്പുഴ ഉദയാസ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ഈ ചിത്രം ആര്. വേലപ്പന് നായരാണു് സംവിധാനം ചെയ്തതു്. തിക്കുറിശ്ശി രചിച്ച 14 ഗാനങ്ങളുടെ കൂടെ ഇരയിമ്മന്‍തമ്പിയുടെ പ്രസിദ്ധമായ 'ഓമനത്തിങ്കള്‍ക്കിടാവോ' എന്ന താരാട്ടുമുള്പ്പെടെയുള്ള പതിനഞ്ചു ഗാനങ്ങള്‍ക്കു് ബി. എ. ചിതംബരനാഥു് സംഗീതം പകര്‍ന്നു.
തിക്കുറിശ്ശി സുകുമാരന്‍ നായര്‍, വൈക്കം മണി, അരവിന്ദാക്ഷമേനോന്‍, ഓമല്ലൂര്‍ ചെല്ലമ്മ, രാധാദേവി, സുമതി, രാമന് നായര്‍, കുരിയാത്തി നീലകണ്ഠപിള്ള എന്നിവര്‍ ചിത്രത്തിലഭിനയിച്ചു. നൃത്തരാഗങ്ങളില് പ്രത്യക്ഷപ്പെട്ടതു് ആനന്ദശിവറാം ആന്‍ഡു് പാര്‍ട്ടിയാണു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍