ചെറുപ്പത്തിലെ നാട് വിട്ടു അന്യസംസ്ഥാനങ്ങളിലും വിദേശത്തുമായി അനേക വര്‍ഷങ്ങള്‍ ജോലി ചെയ്തു കുറെ പണം സമ്പാദിച്ചു നാട്ടില്‍ തിരിച്ചെത്തിയ അജയന് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്നു. അജയന്റെ അമ്മ അമ്മുക്കുട്ടിയമ്മയായി ഷീല അഭിനയിക്കുന്നു.. കൃഷിയും ഫാക്ടറിയും ഒക്കെ നോക്കി നടത്തിയും നാട്ടിലുള്ള സുഹൃത്തുക്കളോടൊപ്പം ഉത്സവങ്ങള്‍ കൂടിയും, അന്യ നാടുകളില്‍ ജോലി നോക്കിയപ്പോള്‍ ഉണ്ടായ പഴയ പ്രണയങ്ങളെക്കുറിച്ച് കഥകള്‍ മെനഞ്ഞു പറഞ്ഞും അമ്മയുമൊത്ത് സന്തോഷത്തോടെ ജീവിച്ചു വരുന്ന അജയന്റെ ജീവിതത്തിലേക്ക് കാര്‍ത്തിക് എന്ന കൌമാരക്കാരന് കടന്നു വരുന്നു. അജയന്റെ മകനാണ് എന്ന് അവകാശപ്പെട്ടുകൊണ്ടാണ് അവന്റെ വരവ്. അതോടെ അജയന്റെ ജീവിതം മാറി മറിയുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങള്‍ ആണ് ഈ ചിത്രം നമ്മോടു പറയുന്നത്..
പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ ആണ് സത്യന് അന്തിക്കാടില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. അത്തരം ചില സംഭാഷണങ്ങളും മറ്റും ചേര്‍ത്തിട്ടുണ്ടെങ്കിലും വിശ്വാസയോഗ്യമല്ലാത്ത കഥയും കെട്ടുറപ്പില്ലാത്ത ഒരു തിരക്കഥയും ആണ് ഈ ചിത്രത്തിന്റെ കുഴപ്പം. തിരക്കഥയില്‍ ഉള്ള ഈ കുഴപ്പം കാരണം ചിത്രം എങ്ങനെ അവസാനിപ്പിക്കണം എന്ന് പോലും സംവിധായകന് അറിയാത്ത പോലെയായി. അഭിനയിക്കുന്നവരില്‍ മോഹന്‍ലാലും ഷീലയും തങ്ങളുടെ കഥാപാത്രങ്ങള്‍ അഭിനയിച്ചു തീര്‍ത്തു എന്നുള്ളതല്ലാതെ എടുത്തു പറയത്തക്കതായി ഒന്നും ഇല്ല. കാര്‍ത്തിക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖം രാഹുല്‍ പിള്ള മോശമല്ലാതെ ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ വെറുതെ വന്നു പോകുന്നു എന്നെ ഉള്ളൂ. ബിജു മേനോന്, ലെന, ഇന്നസെന്റ്, KPAC ലളിത, മാമുക്കോയ, ചേമ്പില്‍ അശോകന്, ശശി കലിംഗ തുങ്ങിയവര്‍ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പാലക്കാടിന്റെ സൌന്ദര്യം മുഴുവന്‍ ഒപ്പിയെടുക്കുന്ന വേണുവിന്റെ ഫ്രയിമുകള്‍ കാഴ്ചയ്ക്ക് വിരുന്നായി മാറുന്നു. അത് മാത്രമാണ് ഈ ചിത്രത്തില്‍ എടുത്തു പറയാന്‍ ഉള്ള ഏക കാര്യം. റഫീഖ് അഹമ്മദ് എഴുതി ഇളയരാജ ഈണമിട്ട ഗാനങ്ങളില്‍ ഒന്നുപോലുമില്ല മനസില്‍ തങ്ങുന്നതായി.
ഒരേ മട്ടിലുള്ള ചിത്രങ്ങള്‍ ആണെങ്കിലും സത്യന് അന്തിക്കാടിന് സ്ഥിരമായി ലഭിക്കുന്ന ഒരു പ്രേക്ഷക വൃന്ദം ഉണ്ട്. ഞാനുള്‍പ്പെടെ ഉള്ള അത്തരം ഒരു കൂട്ടരേ വെറുപ്പിക്കാനെ ഈ സിനിമ കൊണ്ട് ഉപകരിക്കു. സ്വന്തമായി രചന നടത്താന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഒരു നിലവാരത്തകര്‍ച്ച സത്യന് അന്തിക്കാടിന്റെ സിനിമകള്‍ക്കുണ്ട്. എങ്കിലും തന്റെതായ പ്രേക്ഷകരെ രസിപ്പിക്കാന്‍ ഉള്ള വകയൊക്കെ ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ അദ്ദേഹത്തിന് കഴിയാറുണ്ട്. കുടുംബ പ്രേക്ഷകരുടെ പിന്‍ബലവും അദ്ദേഹത്തിന് ഉണ്ടാകാറുണ്ട്. "ഒരു സത്യന് അന്തിക്കാട് ചിത്രം" എന്ന ഒരു പേര് മാത്രം മതി കുടുംബ പ്രേക്ഷകരെ കിട്ടാന്‍. പക്ഷെ ഇങ്ങനെ ഒരേ കുറ്റിയില്‍ അധികം നാള് കിടന്നു കറങ്ങിയാല്‍ എത്ര നാള് അദ്ദേഹത്തിന് തുടര്‍ന്ന് പോകാന്‍ കഴിയും എന്ന് സംശയം ഉണ്ട്. സ്വാഭാവികമായും പ്രേക്ഷകര്‍ക്ക് ഒരു മടുപ്പ് അനുഭവപ്പെടും. മാത്രമല്ല മലയാളത്തില്‍ ഇപ്പോള്‍ വ്യത്യസ്തമായ ചിത്രങ്ങള്‍ ഇറങ്ങുന്ന സമയവും ആണ്. അദ്ദേഹം സ്വയം രചന നടത്തുന്നത് നിര്‍ത്തി പഴയപോലെ സംവിധാനത്തില്‍ മാത്രം ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.