സോളമന് [കുഞ്ഞാട്] ആയി ദിലീപും കാമുകി മേരി ആയി ഭാവനയും അഭിനയിക്കുന്നു. സിനിമ സംവിധായകന് ആകുന്ന എന്ന [അതി]മോഹത്തോടെ ആണ് സോളമന് ജീവിക്കുന്നത്.
ഈ മോഹത്തിന്റെ സഫലമാക്കുന്നതിനു വേണ്ടി സ്വന്തം കിടപ്പാടവും നാട്ടുകാരുടെ കാശും കളഞ്ഞുകുളിച്ചു. അതുകൊണ്ട് തന്നെ നാട്ടുകാരുടെ കൈയിലെ ചെണ്ടയായി മാറിയിരിക്കുകയാണ് സോളമന്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരു ഉപകാരവും ഇല്ല എന്ന് മാത്രമല്ല സ്വതവേ പെടിതോണ്ടനുമാണ് അയാള്‍. സോളമന്റെയും മേരിയുടെയും പ്രണയത്തിനു വിഘാതമായി അവളുടെ അച്ഛനും സഹോദരനും വരുന്നു. ഇങ്ങനെ കലുഷിതമായിരിക്കുന്ന ഒരു അന്തരീക്ഷത്തിലേക്ക് ആണ് ജോസ് [ബിജു മേനോന്] കടന്നു വരുന്നത്. ഇയാളുടെ വരവും തുടര്‍ന്ന് സോളമന്റെയും വീട്ടുകാരുടെയും ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും ആണ് ഈ സിനിമയുടെ പ്രമേയം. വിജയരാഘവന്, വിനയപ്രസാദ്, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് ,സലിംകുമാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ദിലീപിന്റെ സോളമന് നമ്മെ ഓര്‍മിപ്പിക്കുന്നത് ചാന്തുപൊട്ട്, ചക്കരമുത്ത് എന്നീ ചിത്രങ്ങളിലെ ദിലീപിന്റെ തന്നെ കഥാപാത്രങ്ങളെ ആണ്. ഇത്തരം നിഷ്കളങ്കനും,നിസ്സഹായനും ആയ വേഷങ്ങളില്‍ ആണ് ദിലീപ് കൂടുതല്‍ ശോഭിക്കുന്നത്.
പക്ഷെ ചിത്രത്തില്‍ ബിജുമേനോന് അവതരിപ്പിച്ച ജോസ് എന്ന കഥാപാത്രമാണ് നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത്. വളരെ നാളുകള്‍ക്കു ശേഷമാണ് ബിജു മേനോന്റെ വ്യത്യസ്തമായ ഒരു വേഷം കാണുവാന്‍ കഴിഞ്ഞത്. ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ ഭാവനക്ക് കാര്യമായി ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല. അതുകൊണ്ടാവം ചിത്രത്തില്‍ ഭാവനയുടെ ശബ്ദമല്ല ഉപയോഗിച്ചിട്ടുള്ളതും.
ഷാഫി ചിത്രങ്ങളില്‍ സാധാരണ കാണാറുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സ്ലാപ്സ്ടിക് കോമഡിയും ഈ ചിത്രത്തില്‍ കുറവായിരുന്നു. ചിത്രത്തിന്റെ കഥയില്‍ വലിയ കാമ്പോ പുതുമയോ പറയുവാനില്ലെങ്കിലും രസകരമായ തിരക്കഥ, സംഭാഷണം എന്നിവയിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താനായി. ആദ്യമൊക്കെ രസകരമായി തോന്നിയ പല സംഭാഷണങ്ങളും പക്ഷെ പിന്നീടു ആവര്‍ത്തനം കൊണ്ട് മടുപ്പുളവാക്കി. ചില രംഗങ്ങളും സംഭാഷണങ്ങളും രസകരമാക്കുന്നതിനു ഇതിന്റെ പശ്ചാത്തല ശബ്ദം സഹായകരമായിട്ടുണ്ട്. ചിത്രത്തിലെ പാട്ടുകള്‍ പക്ഷെ നിരാശപ്പെടുത്തി.
മൊത്തത്തില്‍ ഷാഫി, ദിലീപ്, ബെന്നി പി നായരമ്പലം എന്നിവരുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രം.