മേനവന്റെ ഡ്രൈവർ ഒളീച്ചോടിപ്പോയതിനാൽ സുഹൃത്തു പറഞ്ഞതനുസരിച്ച് പുതിയ ഒരു ഡ്രൈവറുടെ വരവിനെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഒരു ബാഗും തൂക്കി കൈയ്യിൽ ഒരു കത്തുമായി ഒരു യുവകോമളൻ വൃന്ദാവനത്തിലേക്ക് കടന്നു വന്നത്. പരീക്ഷയെഴുതേണ്ട കുട്ടികൾക്ക് സമയം വൈകിയതിനാൽ മുൻ കോപിയായ മേനോൻ ആഗതനെ വഴക്കു പറഞ്ഞു.തന്നെ മറ്റാരോ ആണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് മനസ്സിലാക്കിയ ആ ചെറുപ്പക്കാരൻ- മുരളീധരൻ തന്റെ കൈയ്യിലുള്ള ശുപാർശക്കത്ത് എല്ലാ വിശദീകരണങ്ങൾക്കുമായി മേനവനെ ഏല്പ്പിക്കാൻ ശ്രമിച്ചു.എഴുത്തു വായിക്കാനുള്ള സമയമില്ലെന്നും കുട്ടികളെ വേഗം പരീക്ഷയ്ക്ക് കൊണ്ടു വിട്ട് വരാനുമായിരുന്നു മേനോന്റെ കല്പന. പരീക്ഷക്ക് സമയമാകുന്നുവെന്ന് നാലുഭാഗത്തു നിന്നും ശബ്ദമുയർന്നപ്പോൾ അയാൾ കാറിനടുത്തേക്ക് നടന്നു. ഡ്രൈവറാണെന്ന ഭാവത്തിൽ.
തിരിച്ചു വന്നപ്പോഴും സ്വയം പരിചയപ്പെടുത്താൻ മുരളി തുനിഞ്ഞു.പക്ഷേ അപ്പോഴും അതിനനുവദിക്കാത്ത മേനോനും മേസ്ത്രി അപ്പുക്കുട്ടനും മുരളിയെ ശമ്പളത്തിനു ഒരു ഡ്രൈവറായി നിശ്ചയിച്ച് അവിടെ താമസിച്ചോളാൻ നിർബന്ധിക്കുകയായിരുന്നു.താനിവിടേക്ക് മറ്റൊരാളുടെ ശുപാർശക്കത്തു കൊണ്ട് കോൺട്രാക്ട് പഠിക്കുവാൻ വന്നതാണെങ്കിലും തന്നെ അവരൊക്കെ ഡ്രൈവറായി കരുതിയ സ്ഥിതിക്ക് കുറച്ചു കാലത്തേക്ക് ആ മുഖം മൂടി ധരിക്കാൻ അയാളും തീർച്ചപ്പെടുത്തി.ദിവസങ്ങൾ കഴിഞ്ഞു. മുരളി ആരാണെന്ന് രാധ മനസ്സിലാക്കി. മുരളി രാധയിലേക്ക് കൂടുതലായി ആകർഷിക്കപ്പെട്ടു. ആ വികാരമൊരു പാതിരാ പൂമൊട്ടു പോലെ വികസിക്കുകയും ചെയ്തു.
ആയിടക്കാണു മേനവനും കുടുംബവും സിൽ വർ സാൻഡ്സിലേക്ക് പിക്നിക് പോയത്.വഴിയിൽ വെച്ച് മേനോൻ സുമേഷ് എന്ന യുവാവുമായി പരിചയപ്പെടുന്നു.മേനവനെപ്പറ്റി നല്ലവണ്ണം മനസ്സിലാക്കിയ സുമേഷും തന്റെ അമ്മാവനാണെന്ന് നടിക്കുന്ന ജീവൻ ദാസുമായി ചേർന്ന് മേനവനെ സ്വാധീനിക്കാനും അങ്ങിനെ രാധയെ കൈക്കലാക്കാനും പരിപാടിയിടുന്നു.അതിനിടയിൽ മുരളിയും രാധയും തമ്മിലുള്ള പ്രണയം മേനോൻ കണ്ടു പിടിക്കുന്നു. വരാൻ പോകുന്ന അപകടത്തെപ്പറ്റി ബോധവാനായ മേനോൻ ഒരു ഡ്രൈവർക്ക് തന്റെ മകളെ കൊടുക്കുകയില്ലെന്ന് തീരുമാനിക്കുന്നു.മുരളിയെ കാറും കൊടുത്ത് കോയമ്പത്തൂരിലേക്ക് പറഞ്ഞയച്ച ശേഷം സുമേഷിനെക്കൊണ്ട് മകളെ കല്യാണം കഴിപ്പിക്കാൻ തീരുമാനിക്കുന്നു.രാധയുടെ മനസ്സിൽ നിന്ന് മുരളിയെ പറിച്ചെറിയാനും രാധ വിവാഹത്തിനു സമ്മതിക്കാനുമായി മുരളി വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണെന്ന് വളരെ വിദഗ്ധമായ നിലയിൽ രാധയെ വിശ്വസിപ്പിക്കുന്നു.മുരളി മടങ്ങി വന്നപ്പോൾ രാധയും സുമേഷുമായുള്ള വിവാഹക്കുറിയാണ് അയാളെ സ്വാഗതം ചെയ്തത്.അയാൾ ഷോക്കേറ്റ പോലെ നിന്നു പോയി.അപ്പോഴാണു തന്നെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരിക്കുന്നുവെന്ന് മേനോൻ മുരളിയെ അറിയിച്ചത്.തന്റെ പ്രാണേശ്വരിയായ രാധ തന്നെക്കാണാൻ പോലും ഇഷ്ടപ്പെടുന്നില്ല എന്നറിഞ്ഞപ്പോൾ മുരളി ആകെ തകർന്നു പോയി.അയാൾ വൃന്ദാവനത്തിലെ പടികളിറങ്ങി പുറത്തു വന്നു.അയാൾ നേരേ ചെന്നത് എവിടേക്കാണ് ? അയാൾക്ക് എന്തു സംഭവിച്ചു.ആരാണു മുരളി ?ആരാണു ജീവൻ ദാസ് ? സുമേഷും മുരളിയും കണ്ടു മുട്ടിയോ ? രാധയുടെ വിവാഹം നടന്നോ ?ചിത്രം കാണൂ..