ബോയ്ഫ്രണ്ടിന്റെ കഥ:
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു പഠിക്കുന്ന ഒരു കോളേജിന്റെ ഒരു ക്ലാസ്സുമുറിയില്‍ കഥയാരംഭിക്കുന്നു. പ്രോഫസര്‍ ക്ലാസ്സെടുത്തുകൊണ്ടിരിക്കുമ്പോള്‍ അതില്‍ ശ്രദ്ധിക്കാതെ രാധിക വായിച്ചുകൊണ്ടിരുന്ന ഒരു ലൈംഗിക പുസ്തകത്തില്‍ ഗീത ശ്രദ്ധിക്കുന്നു. ബെല്ലടിക്കുമ്പോള്‍ ആ പുസ്തകവുമായി പുറത്തേക്കു് ഓടിയ രാധികയെ ഗീത പിന്തുടര്ന്നു. രാധികയുടെ കയ്യില്‍ നിന്നും ആ ലൈംഗിക പുസ്തകം തട്ടിപ്പറിച്ചു വായിക്കുമ്പോള്‍ അതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു പുതിയ മേഖലയിലേക്കു് ഗീതയുടെ ഭാവന ചിറകുവിരിച്ചു പോകുന്നു. രാധികയുടെ കൂട്ടുകാരി മല്ലികയ്ക്കു് അവളുടെ ബോയ്ഫ്രണ്ടു് സമ്മാനിച്ചതാണാ പുസ്തകം.
മി കെ ആര് നായരുടെയും മിസ്സസ് സുശീലനായരുടെയും ഏക പുത്രിയാണു് ഗീത. യൗവ്വനയുക്തയായ ഭാര്യയും വാര്ദ്ധക്യത്തിലേക്കു് കാലുകുത്തിയ ഭര്‍ത്താവും. അതാണു് നായര്‍ ദമ്പതികള്‍. സ്വാഭാവികമായും ആ ചുറ്റുപാടില്‍ ഉണ്ടാകേണ്ട ഒരു വികാരമുണ്ടു്, അസംതൃപ്തി. പക്ഷെ അതില്ല. നായര്‍ ദമ്പതികള്‍ പരിപൂര്‍ണ്ണ സംതൃപ്തരാണു്. ഒരു മാതൃകാകുടുംബമാണു് അവരുടേതു്. പുറമെ നില്ക്കുന്നവര്ക്കു് ആ കുടുംബജീവിതം നോക്കിക്കാണുന്നതു തന്നെ ഒരു രസാണു്.
പതിമൂന്നു വര്‍ഷങ്ങള്‍ക്കു് മുന്‍പു് മരിച്ചുപോയ ഭാര്യയെക്കുറിച്ചുള്ള സ്മരണകളുമായി ദിവസങ്ങള്‍ തള്ളിനീക്കുന്ന പ്രൊഫസര്‍ കെ കെ മേനോന്റെ ഏക പുത്രിയാണു് രാധിക. അച്ഛന്റെ അതിരറ്റ വാത്സല്യവും ലാളനയും ഏറ്റു വളര്‍ന്ന സുന്ദരിയും കുസൃതിക്കാരിയുമായ രാധികയുടെ ജീവിതത്തില്‍ അത്യന്താധുനിക സാഹിത്യകാരനായ രവി എന്ന അവളുടെ ബോയ്ഫ്രണ്ടു് വരുത്തുന്ന മാറ്റങ്ങള്‍ നിങ്ങളില്‍ കൗതുകമുണര്‍ത്തും. മൂകാനുരാഗമായി പ്രൊഫസറെ സ്നേഹിക്കുന്ന മിസ് ലീലാ മേനോന് എന്ന ലക്ചററോടു് നിങ്ങള്‍ക്കു് തോന്നുന്ന വികാരം സഹതാപമായിരിക്കും - തീര്‍ച്ച.
|