ഭാര്യ മരിച്ച ഉമ്മർകുട്ടി തന്റെ രണ്ട് കുട്ടികളായ റഹീമിനെയും രഷീദയെയും മറ്റൊരു വീട്ടിൽ താമസിപ്പിച്ചാണ് വിദ്യാഭ്യാസം നടത്തിയിരുന്നത് .കേശവനും ഉമ്മർ കുട്ടിയും ഉറ്റ സുഹൃത്തുക്കളായിരുന്നു.അതുപോലെ തന്നെ കേശവന്റെ ഭാര്യ ശാരദയും മൂത്ത മകൻ രാജുവും ഇളയമകൻ കുഞ്ഞുമോനും ഉമ്മർകുട്ടിക്ക് ജീവനായിരുന്നു.എന്നാൽ ഉമ്മർകുട്ടിയും ശാരദയും തമ്മിൽ എന്തോ അവിഹിതബന്ധമുണ്ടെന്ന് അസൂയാലുക്കളായ സമീപ ഗ്രാമവാസികൾ കിംവദന്തി പറഞ്ഞ് പരത്തിയിരുന്നു.ഉമ്മർകുട്ടി രഹസ്യങ്ങൾ മനസ്സിലാക്കി എന്നറിഞ്ഞ വിക്രമനും കൂട്ടുകാരൻ ഭരതനും ചേർന്ന് ഉമ്മർകുട്ടിയെ വധിക്കാൻ തീരുമാനിച്ചു.പക്ഷേ ധീരനായ ഉമ്മർകുട്ടിയുടെ വധം അത്ര എളുപ്പമുള്ളതായിരുന്നില്ല.എന്നാൽ തന്ത്രശാലിയായ വിക്രമൻ വധിക്കാൻ തിരഞ്ഞെടുത്ത സമയം എല്ലാ ചിന്തയും ദൈവത്തിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഉമ്മർകുട്ടിയുടെ നമസ്കാര സമയത്തായിരുന്നു.നിസ്ക്കാരപ്പായയിൽ വെച്ച് വിക്രമൻ ഉമ്മർകുട്ടിയെ ചതിച്ചു കൊല്ലുന്നു.ഗ്രാമവാസികളുടെ കിംവദന്തിയെ ഉപയോഗപ്പെടുത്തി , ശാരദയും ഉമ്മർകുട്ടിയും തമ്മിലുള്ള അവിഹിത ബന്ധമറിഞ്ഞ ക്ലീനർ കേശവനാണു ഈ കൊല നടത്തിയതെന്ന് കോടതി മൂലം തെളിയിച്ച് കേശവനെ ജീവപര്യന്തം തടവിനു ജയിലിൽ ഇടുന്നു.
ഭർത്താവ് നഷ്ടപ്പെടുകയും നാട്ടുകാരുടെ ശല്യം സഹിക്ക വയ്യാതെയും ആയപ്പോൾ ശാരദ കുട്ടികളുമായി നാടു വിടുന്നു.ഒരു ഉത്സവകാലത്തു വെച്ച് യാദൃശ്ചികമായി ഇളയമകൻ കുഞ്ഞുമോൻ നഷ്ടപ്പെടുന്നു.
ഉമ്മർകുട്ടിയുടെ സാമ്പത്തികസഹായം നിലച്ചപ്പോൾ വളർത്തുമ്മയും വളർത്തു ബാപ്പയും റഹീമിനെയും റഷീദയെയും തെരുവിലുപേക്ഷിച്ച് കടന്നു കളയുന്നു.ദാഹിച്ചു കരഞ്ഞ റഷീദയ്ക്ക് വെള്ളമെടുക്കാൻ പോയ റഹിം തിരിച്ചെത്തുമ്പോഴേക്കും കഴുത്തിൽ സ്വർണ്ണമാലയണിഞ്ഞിരുന്ന റഷീദയെ ഒരു കള്ളൻ എടുത്തു കൊണ്ടു പോകുന്നു.റഹീം റഷീദയെ തേടി അലഞ്ഞെങ്കിലും ഫലമുണ്ടായില്ല.
മാല തട്ടിയെടുത്ത കള്ളൻ റഷീദയെ വഴിയിൽ വിട്ടു പോകുന്നു.സന്ദർഭവശാൽ റഷീദ കുഞ്ഞുമോനെ അന്വേഷിച്ച് നടന്നിരുന്ന ശാരദയുടെയും രാജുവിന്റെയും കൈയ്യിൽ അകപ്പെടുന്നു. ഉമ്മർകുട്ടി തന്റെ കുട്ടികളെ മറ്റൊരു വീട്ടിൽ താമസിപ്പിച്ചിരുന്നതിനാൽ ശാരദയ്ക്ക് റഷീദയെ മനസ്സിലായും ഇല്ല. റഷീദ റാണിമോൾ എന്ന പേരിൽ രാജുവിന്റെ അനുജത്തിയായി വളരുന്നു.
ബാല്യകാലത്തു തന്നെ അമ്പലത്തിൽ വെച്ചുണ്ടായ ഒരനുഭവത്തിന്റെ വെളിച്ചത്തിൽ ദൈവം പണക്കാരനു മാത്രമേ സഹായം ചെയ്യുകയുള്ളൂ എന്നും പാവപ്പെട്ടവരോട് കരുണ കാണിക്കുകയില്ലെന്നും ഉള്ള നിഗമനത്തിൽ ദൈവത്തെ എതിർത്ത് പട്ടിണിപ്പാവങ്ങളെ സഹായിക്കും എന്ന് വെല്ലുവിളിച്ച് എന്നെന്നേക്കുമായി തിരുസന്നിധിയോട് യാത്ര പറയുന്നു. റഹീം തന്റെ ബാപ്പയുടെ കബറിൽ ചെന്ന് ബാപ്പയെ ചതിച്ചു കൊന്നവനോട് പ്രതികാരം ചെയ്യാനുള്ള ശക്തിക്കായി ഹൃദയം പൊട്ടി യാചിക്കുന്നു.
വർഷങ്ങൾ കഴിയുന്നു. രാജു പകൽ ടാക്സി ഡ്രൈവറുടെ ജോലി നോക്കി അമ്മയെയും സഹോദരിയേയും സംരക്ഷിക്കുന്നു. എന്നാൽ രാത്രി അപകടകാരിയായ “ റ്റൈഗർ” എന്ന കൊള്ളക്കാരനായി കരിഞ്ചന്തക്കാരെയും കള്ളക്കടത്തുകാരെയും കൊള്ളയടിച്ച് പാവങ്ങളെ സഹായിക്കുന്നു. പാവങ്ങൾക്ക് ആശ്രയമായി മാറിയ ടൈഗർ പണക്കാർക്ക് ഒരു പേടിസ്വപ്നമായി മാറുന്നു.
പിരിഞ്ഞു പോയ തന്റെ പെങ്ങളെ തേടി അലഞ്ഞ റഹീമും രാജുവിന്റെ സ്ഥലത്തെത്തുന്നു.വിക്രമനും പാർട്ടിയും ചേരിയിൽ നടത്തുന്ന അക്രമത്തെ എതിർത്ത റഹീം ചേരിനിവാസികളുടെ കണ്ണിലുണ്ണിയാകുന്നു.പക്ഷേ പള്ളിയിൽ നിന്നും ബാങ്ക് കേൾക്കുന്ന എല്ലാ നിമിഷവും റഹീം തന്റെ ബാപ്പയെ കൊന്ന ഘാതകന്റെ രക്തത്തിനായി തുടിച്ചിരുന്നു. ആ പ്രതികാര സാക്ഷാത്കാരത്തിനായി തന്റെ കുടുംബത്തിന്റെ നാരായ വേര് മുറിച്ച കത്തി സൂക്ഷിച്ചിരുന്നു.ആ കത്തിയുടെ യഥാർത്ഥ അവകാശി വിക്രമനായിരുന്നു എന്ന് റഹിം അറിഞ്ഞിരുന്നില്ല.
ഭരതന്റെ അഹങ്കാരിയായ മക്കൾ ശോഭയ്ക്കും ഭരതനും ഡ്രൈവർ രാജു ഒരു ശല്യമായിരുന്നു. അതോടൊപ്പം വിക്രമനും പാർട്ടിയും ടൈഗറും തമ്മിൽ പല സ്ഥലത്തു വെച്ചും ഏറ്റു മുട്ടുന്നു.ഇതിനിടയിൽ റാണിമോളുടെ സഹപാഠിയായിരുന്ന സുരേഷും റാണിയും തമ്മിലുള്ള കല്യാണത്തെപ്പറ്റി സംസാരിക്കുന്ന സുരേഷ് ടൈഗറിനെ പിടിക്കാൻ നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥനാണെന്ന് രാജു അറിയുന്നു. വിക്രമന്റെ മകൻ ബാബുവിന്റെ ചതിയിൽ പെട്ട റഹീമിനെ തെറ്റിദ്ധരിച്ച രാജു അപ്രതീക്ഷിതമായി ഏറ്റു മുട്ടുന്നു.രണ്ടു സിംഹങ്ങളും ഏറ്റു മുട്ടുന്നു.അവസാനം തെറ്റു മനസ്സിലാക്കിയ റഹിം പ്രായശ്ചിത്തം ചെയ്യുന്നു.അതോടൊപ്പം അവർ ഉറ്റ സുഹൃത്തുക്കളാകുന്നു.
ഇൻസ്പെക്ടർ സുരേഷിന്റെ വെടിയേറ്റ റഹീം രാജുവിന്റെ വീട്ടിൽ അഭയം തേടുന്നു.രാജു തന്ത്രപൂർവം തന്റെ സുഹൃത്തിനെ രക്ഷിക്കുന്നു.പക്ഷേ അതു മറ്റൊരു കൊടുങ്കാറ്റിന്റെ തുടക്കമായിരുന്നു.റഹീമിന്റെ ജീവിതലക്ഷ്യം ജയിലിൽ കിടക്കുന്ന നിരപരാധിയായ തന്റെ അച്ഛനെ വധിക്കുക എന്നതാണെന്നറിയുമ്പോൾ രാജു സ്തബ്ധനാകുന്നു.
ഇതിനിടയിൽ റാണി റഹീമിന്റെ സഹോദരിയാണെന്നും രാജു മനസ്സിലാക്കുന്നു. ഉമ്മർകുട്ടിയുടെ യഥാർത്ഥ കൊലയാളി ആരെന്നുള്ള രഹസ്യരേഖ അറിയാവുന്ന ഈസ്റ്റ്മാൻ ആന്റണി എന്ന ഫോട്ടോഗ്രാഫർ വിക്രമനെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതു പോലെ രാജുവിനെയും സമീപിക്കുന്നു.ആന്റണിയുടെ സ്റ്റുഡിയോവിൽ നിന്നും കിട്ടിയ ഫോട്ടോയിലൂടെ ഉൻസ്പെക്ടർ സുരേഷ് തന്റെ സ്വന്തം നഷ്ടപ്പെട്ട സഹോദരൻ കുഞ്ഞു മോനാണെന്നും രാജു മനസ്സിലാക്കുന്നു.
ഒരു വശത്ത് നിരപരാധിയായ തന്റെ അച്ഛന്റെ രക്തത്തിനായി കാത്തു നിൽക്കുന്ന ആത്മമിത്രം റഹിം !മറുവശം തന്നെ അരസ്റ്റു ചെയ്യാൻ കാത്തു നടക്കുന്ന സ്വന്തം അനുജൻ !മനുഷ്യസ്നേഹിയായ ആ ചെറുപ്പക്കാരൻ താളം തെറ്റുന്നു.ക്ലീനർ കേശവൻ ജയിൽ മോചിതനാകുന്നു. തന്റെ വാപ്പയെ കൊന്ന ഘാതകന്റെ രക്തത്തിനായി റഹിം ജയിലിനു മുന്നിലേക്ക് പായുന്നു.
നിരപരാധിയായ കേശവൻ വധിക്കപ്പെടുമോ ? അച്ഛനെ രക്ഷിക്കാൻ രാജുവിനു കഴിയുമോ ? സുരേഷ് താൻ തേടി നടന്ന റ്റൈഗർ സ്വന്തം സഹോദരൻ രാജു ആണെന്ന് അറിയുമോ ? വിക്രമൻ ശിക്ഷിക്കപ്പെടുമോ ? സംഘട്ടനാത്മകമായ സംഭവ പരമ്പരകളുടെ അന്ത്യം ഒരഗ്നിപർവതം പോലെ പൊട്ടിത്തെറിക്കുന്നു.അവസാനം എല്ലാം ശുഭപര്യവസായിയായി തീരുന്നു.