ഉര്‍വ്വശി ഭാരതി - കഥാതന്തു
ചായക്കടക്കാന്‍ കുട്ടന്പിള്ളയ്ക്കു് ആകെക്കൂടി നാലു് മക്കള്‍. അതില്‍ മൂത്തവനായ കൃഷ്ണന്‍കുട്ടി കള്ളുകുടിയും കച്ചവടക്കൂട്ടുമായി നടക്കുന്ന താന്തോന്നി. ബാക്കി മൂന്നും പെണ്മക്കളാണു്. കമലം, ഗൗരിക്കുട്ടി, അമ്മിണി. അതില്‍ കമലം അല്പം വിളഞ്ഞവളാണു്. അമ്മിണിയും തഥൈവ. പക്ഷെ ഗൗരിക്കുട്ടി അടക്കവും ഒതുക്കവും മാനവും മര്യാദയും ഉള്ള ഒരു നല്ല പെണ്ണു്.
ഉണക്കത്തോയയും പരിപ്പുവടയും മാത്രമാണു് ആ ചായക്കടയിലെ വില്‍പ്പന വിഭവങ്ങള്‍. കുട്ടന്‍പിള്ളയുടെ മുഖ്യ തൊഴില്‍ ചീട്ടുകളിയാണു്. കുട്ടന്‍പിള്ളയുടെ കൂടപ്പിറന്നതാണു് ഒരു കുത്തു ചീട്ടു്. ചായക്കടയ്ക്കുള്ളിലിരുന്നു സദാ സമയവും ചീട്ടുകളിയ്ക്കുന്നതിനെ സംബന്ധിച്ചു് കുട്ടന്‍പിള്ളയും ഭാര്യ ചെല്ലമ്മയും കൂടെക്കൂടെ മുട്ടന്‍ വഴക്കു് കൂടാറുണ്ടു്.
ആ നാട്ടിലെ ജന്മിയുടെ മകനാണു് മോഹന്‍. കാണുന്ന പെണ്‍കുട്ടികളെയെല്ലാം വല വീശി പിടിക്കുകയെന്നതു് മാത്രമാണു് അവന്റെ ജോലി. ആ കുടുക്കില്‍ പാവപ്പെട്ട ഗൗരിക്കുട്ടിയും ആകസ്മികമായി പെട്ടു. പക്ഷെ സംഗതികള്‍ വഷളാകുന്നതിനു മുമ്പു് അവള്‍ക്കു് അവന്റെ തനിനിറം മനസ്സിലായി. ആ സംഭവം ഗൗരിക്കുട്ടിയെ വല്ലാതെ നൊമ്പരപ്പെടുത്തി. ജീവതത്തിലെ ആദ്യത്തെ അനുഭവം.
ഒരു ദിവസം ഒരു വലിയ ഇംപാല കാര്‍ ആ ചായക്കടയുടെ മുന്നില്‍ വന്നു നിന്നു. സുപ്രസിദ്ധ സിനിമാ സംവിധായകനായ ഡയറക്ടര്‍ ഇന്ദുശേഖര്‍ ഒരു ഔട്ട്ഡോര്‍ ലൊക്കേഷന്‍ നോക്കാന്‍ വന്നതായിരുന്നു അതു്. അദ്ദേഹത്തിന്റെ ഡ്രൈവര്‍ രാഘവന് ആ നാട്ടുകാരനാണു്. അവന് ഗൗരിക്കുട്ടിയെ കണ്ടു. പുതുമുഖങ്ങളെ തപ്പിയെടുത്തു താരങ്ങളായി ഉയര്‍ത്തുന്നതില്‍ അതിവിദഗ്ദ്ധനായ ഡയറക്ടര്‍ ഇന്ദുശേഖര്‍ കാട്ടുമുല്ല എന്ന പുതിയ ചിത്രത്തിലെ നായികയായി ഗൗരിക്കുട്ടിയെ തിരഞ്ഞെടുത്തു. അതിന്റെ പിന്നില്‍ ഡ്രൈവര്‍ രാഘവന്റെ കൈയുണ്ടായിരുന്നു. അങ്ങനെ ഗൗരിക്കുട്ടിക്കു് അദ്ദേഹം ഭാരതി എന്ന സിനിമാപ്പേരു് നല്കി. ആദ്യത്തെ ചിത്രത്തോടുകൂടിത്തന്നെ ഭാരതി അതിപ്രശസ്തായി. പല നിര്‍മ്മാതാക്കളും അവളെ അവരവരുടെ ചിത്രങ്ങളിലേക്കു് ബുക്കു് ചെയ്തു.
ഇതിനിടയില്‍ കള്ളുഷാപ്പില്‍ വച്ചു് നടന്ന ഒരു വാക്കേറ്റത്തില്‍ കൃഷ്ണന്‍കുട്ടിയെ ഒരുവന് കുത്തിക്കൊന്നു. അതോടുകൂടി കുട്ടന് പിള്ളയും ബാക്കി കുടുംബവും മദിരാശിയിലേക്കു് താമസം മാറ്റി.
ഭാരതി ദിവസംപ്രതി വളര്ന്നുകൊണ്ടിന്നു. അവളെ കവച്ചുവയ്ക്കുന്ന ഒരു നടി ഇല്ലെന്ന നിഗമനത്തില്‍ നിര്മ്മാതാക്കളെത്തി. മദിരാശിയിലെത്തിയതിനു ശേഷം ചെല്ലമ്മയുടേയും കുട്ടന്‍പിള്ളയുടേയും രൂപവും ഭാവവും മാറി. അവരെ കണ്ടാല്‍ മനസ്സിലാവുകയില്ല. അത്ര ഭയങ്കര മാറ്റം.
കുട്ടന്‍പിള്ള ഇന്നു സ്കോച്ച് വിസ്ക്കിയേ കുടിയ്ക്കൂ. വെപ്പാട്ടിയായി ഒരു നാടകക്കാരിയെ കൈയിലെടുത്തു. ചെല്ലമ്മ ദിവസംതോറും ചെറുപ്പമായി വന്നു. കമലത്തിന്റെ കെട്ടും മട്ടും കേമത്തിലായി. അമ്മിണിയ്ക്കു് അഴകും മിഴിവും കിട്ടി. അങ്ങനെ ജീവിതത്തിന്റെ മുന്തിരിച്ചാറു് കുടിച്ചു് അവരാകമാനം ആര്ത്തുമദിച്ചുല്ലസിച്ചു.
എല്ലാം ശരിയാണു്. പക്ഷെ ഭാരതിയെ നോട്ടടിയ്ക്കുന്ന ഒരു യന്ത്രമായിട്ടുമാത്രം അവര്‍ കരുതി. അവളുടെ വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും ആ വീട്ടിനകത്തു് സ്ഥാനമില്ലെന്നായി.
നൂറിലേറെ ചിത്രങ്ങളില്‍ അവള് അന്നുവരെ അഭിനയിച്ചു കഴിഞ്ഞെങ്കിലും പല പല നായകന്മാരോടു് ഇടപഴകിയെങ്കിലും വഴി തെറ്റാതെ പഴി കേള്‍പ്പിക്കാതെ ഭാരതി മുമ്പോട്ടു ചെയ്ക്കൊണ്ടിരുന്നു. പക്ഷെ ഒരേയൊരു നായകനെ മാത്രം അവളുടെ ഹൃദയത്തിന്റെ ഉള്ളറയില്‍ ആരുമറിയാതെ അവള് പ്രതിഷ്ഠിച്ചിരുന്നു. മി പ്രേമാനന്ദ് എന്ന പ്രേം.
ഋതുകാലങ്ങള്‍ മാറി മാറി വന്നു. കാലചക്രം ഉരുണ്ടുരുണ്ടകന്നു പറയാന്‍ മറന്നു പോയി. ഇതിനിടയില്‍ പ്രേമക്കച്ചടവക്കാരനായ മോഹന്‍ നാട്ടില്‍ നിന്നു മദിരാശിയിലെത്തി. ഭാരതിയുടെ ജ്യേഷ്ഠത്തിയായ കമലത്തിനെ കല്ല്യാണം കഴിച്ചു.
വേദനകളുടെയും യാതനകളുടെയും നീറുന്ന അഗ്നിപര്‍വ്വതവും ചുമന്നുകൊണ്ടു് ഭാരതി രാവും പകലും പണിയെടുത്തു. അവള് ആ വീട്ടിലെ അധികപ്പറ്റു പോലെ കഴിഞ്ഞുകൂടി. ആ പെണ്ണിന്റെ രക്തം വിയര്പ്പാക്കിക്കിട്ടുന്ന പണമാണു് ഈ മദോന്മത്തവും ആര്ഭാടജടിലവുമായ ജീവിതത്തിനു് നിദാനമെന്നുള്ള നഗ്നസത്യം കുട്ടന്‍പിള്ളയും കുടുംബവും പാടേ മറന്നിരിക്കുന്നു.
കള്ളനോട്ടു വ്യാപാരം അറബിപ്പൊന്നു വാങ്ങല്‍ മുതലായ കൃത്രിമ ധനസമ്പാദന മാര്‍ഗ്ഗങ്ങളില്‍ കുട്ടന്‍പിള്ള ഇടപെട്ടു. ഇന്‍കം ടാക്സുകാര് ആ വീട്ടില്‍ സൂക്ഷിച്ചിരുന്ന കറുത്ത പണം പിടിച്ചെടുത്തു. ആകപ്പാടെ അന്തരീക്ഷം തകിടം മറിഞ്ഞു. കൊടുംകാറ്റും പേമാരിയും പെയ്തു കൊള്ളിയാന്‍ മിന്നി. വെള്ളിടി വെട്ടി. ഒരു ഭൂമികുലുക്കത്തിന്റെ ലക്ഷണം പലതും ഛിന്നഭിന്നമാകുന്ന ദുഃശകുനങ്ങളുടെ ഘോഷയാത്ര. ആ ഭയങ്കര മുഹൂര്‍ത്തത്തില്‍ ഇത്രയും നാള് ഭാരതിയുടെ ഉള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന ആ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. അവളുടെ വേദനകളുടേയും അനുഭവങ്ങളുടേയും അഗ്നിദ്രാവകം നാലുപാടുമൊഴുകി. പക്ഷെ സമയം കഴിഞ്ഞുപോയി.
ഒരു സുപ്രഭാതത്തില്‍ റേഡിയോകള്‍ പ്രക്ഷേപണം ചെയ്തു. പത്രത്തില്‍ വാര്‍ത്ത നിറഞ്ഞു. ആളുകള്‍ വിളിച്ചുപറഞ്ഞു. ഭാരതിയ്ക്കു് ഉര്‍വ്വശി അവാര്‍ഡ് കിട്ടി. ഒരു സിനിമാനടിയ്ക്കു് അങ്ങേയറ്റം കിട്ടാവുന്ന ബഹുമതി രാഷ്ട്രം അവള്‍ക്കു് നല്കി.
എന്നിട്ടോ ജീവിക്കാന്‍ മറന്നുപോയ അവളുടെ ഭാവി വിഹായസ്സില്‍ പൂര്ണ്ണചന്ദ്രനുദിച്ചുവോ? അമാവാസി പരന്നോ? കുട്ടന്‍പിള്ളയും കുടുംബവും പൊട്ടിയൊഴുകിയ ലാവയില്‍ മുങ്ങി നശിച്ചോ? ഓടിപ്പിഴച്ചോ? എന്താണതിന്റെ അന്ത്യം?
അവലംബം : പാട്ടുപുസ്തകം
|