മാലിനിയും ചന്ദ്രനും മാതൃകാദമ്പതിമാരാണ്. പർസ്പരം കാണാതെ ഒരു നിമിഷമിരിക്കാൻ പോലും അവർക്ക് കഴിയില്ല. വിവാഹം കഴിഞ്ഞ് 9 വർഷമായിട്ടും രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായിട്ടും പുതിയ വധൂവരന്മാരെപ്പോലെയാണു അവർ ജീവിക്കുന്നത്.ചന്ദ്രന്റെ ബന്ധുവായ രാജനും സംഗീതപ്രേമിയായ അടുക്കളക്കാരൻ പത്മനാഭനുമാണ് ആ വീട്ടിലെ മറ്റു താമസക്കാർ.
മാലിനിയുടെ അച്ഛൻ കുറുപ്പു മാസ്റ്റർ ഒരു റിട്ടയേഡ് അദ്ധ്യാപകനാണ്.അനുജത്തി രാധ ഒരു കോളേജ് വിദ്യാർത്ഥിനിയും.ക്രിസ്മസ് അവധിക്ക് കുറുപ്പും രാധയും മാലിനിയുടെ വീട്ടിലേക്ക് വരുന്നു.കുറുപ്പു മാസ്റ്റർ ഒരു സംസാരപ്രിയനാണ്. കേട്ടു കൊണ്ടിരിക്കാൻ ഒരാളെക്കിട്ടിയാൽ മാസ്റ്റർ തന്റെ പഴയ കഥകളുടെ ചാക്ക് അഴിക്കും.വാചകമടിച്ച് ആളുകളെ നിർദ്ദാക്ഷിണ്യം വധിക്കും. എല്ലാവരും എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറും. ഒഴിയാൻ പറ്റാതെ എന്നും കുടുങ്ങിപ്പോകുന്നത് പതമനാഭനാണ്.ജോലി ചെയ്യാനോ , നേരത്തിനു ആഹാരം കഴിക്കാനോ ഒന്നുറങ്ങാനോ ഇടയ്ക്കൊരു പാട്ടു പാടാനോ സമയം കൊടുക്കാതെ കുറുപ്പ് എപ്പോഴും പത്മനാഭനെ വധിച്ചു കൊണ്ടിരിക്കും.
രാജനെക്കൊണ്ട് രാധയെ വിവാഹം കഴിപ്പിക്കാമെന്ന് ചന്ദ്രനും മാലിനിയും തീരുമാനിക്കുന്നു . എല്ലാവർക്കും ആ തീരുമാനം ഇഷ്ടമായി.രാധയ്ക്കും , രാജനും പരസ്പരം കാണുവാനും സംസാരിക്കുവാനുമുള്ള അവസരങ്ങൾ മാലിനി ഉണ്ടാക്കിക്കൊടുത്തു.അവർ കൂടുതൽ അടുത്തു. രാധയുടെ പരീക്ഷ കഴിഞ്ഞാലുടൻ വിവാഹം നടത്താമെന്ന് നിശ്ചയിച്ചു.
എപ്പോഴും സന്തോഷം നിറഞ്ഞിരുന്ന ആ വീട്ടിൽ വിധിയുടെ കറുത്ത നിഴൽ വീണത് പെട്ടെന്നായി. മാലിനിയുടെയും ചന്ദ്രന്റെയും വിവാഹവാർഷിക ദിവസം രാത്രി ബെഡ് റൂമിൽ വെച്ച് മാലിനി പെട്ടെന്ന് ബോധരഹിതയായി വീണു.വിദഗ്ധ പരിശോധനയിൽ മാലിനിയുടെ രോഗം ബ്രെയിൻ ട്യൂമർ ആണെന്ന് തെളിഞ്ഞു. ചന്ദ്രൻ ഞെട്ടിപ്പോയി. മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ മാലിനി മരിച്ചു പോകുമെന്ന് ഡോക്ടർമാരെല്ലാം അഭിപ്രായപ്പെട്ടു. രോഗവിവരം ആരും മാലിനിയെ അറിയിച്ചില്ല . പക്ഷേ അവർ അപ്രതീക്ഷിതമായി വിവരം മനസ്സിലാക്കി കുഞ്ഞുങ്ങളുടെ ഭാവിക്കു വേണ്ടി അവർ പുതിയ തീരുമാനത്തിലെത്തി. ചന്ദ്രനെക്കൊണ്ട് രാധയെ വിവാഹം കഴിപ്പിക്കാൻ മാലിനി ശ്രമം തുടങ്ങി. പക്ഷേ മാലിനിയെ അല്ലാതെ മറ്റൊരു സ്ത്രീയെ തന്റെ ഭാര്യയായി സങ്കല്പ്പിക്കാൻ ചന്ദ്രനു സാദ്ധ്യമല്ലായിരുന്നു.
മനുഷ്യൻ ശക്തനാണ്. ഒരു പരിധി വരെ അതിനപ്പുറം വിധി എന്ന പഴയ വിശ്വാസത്തിന്റെ നിഴലുകളായി അവനു നീങ്ങേണ്ടി വരുന്നു.മനുഷ്യനും വിധിയും തമ്മിലുള്ള മത്സരത്തിന്റെ കഥയാണിത്.
കടപ്പാട്: പാട്ടുപുസ്തകം