എസ്റ്റേറ്റ് ഉടമയായ രാജശേഖരനും (ബഹദൂർ ) മനോരോഗ ചികിത്സാ വിദഗ്ധനായ ഡോ.ഗോപിനാഥും (ഉമ്മർ ) ആത്മമിത്രങ്ങളാണ്.രാജശേഖരന്റെ മകൻ വിനോദാണ് (വിൻസന്റ് ) അച്ഛന്റെ ബിസിനസ്സെല്ലാം നോക്കി നടത്തുന്നത്. ഡോ. ഗോപിനാഥിനു രമേശ് (രാഘവൻ ) എന്ന ഒരു മകനും , രാജി (റാണിചന്ദ്ര ) എന്ന ഒരു മകളുമുണ്ട്. രാജിയും ഡോക്ടർ ആണ്.
രാജശേഖരനും ഡോ. ഗോപിനാഥും വിനോദിനെക്കൊണ്ട് രാജിയെ വിവാഹം കഴിപ്പിക്കുവാൻ നേരത്തെ തന്നെ തീരുമാനിച്ചിരിക്കുന്നതാണ്.രാജി ,ആ സുദിനം സ്വപ്നം കണ്ടു കൊണ്ട് കാലം കഴിക്കുന്നു. ആയിടയ്ക്ക് രമേശ് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോകുന്നു.
വിനോദ് ഒരു ദിവസം തന്റെ എസ്റ്റേറ്റിൽ നിന്നും വരുന്ന വഴി , കാറ് കേടായതു കാരണം നിസ്സഹായരായി വഴിയിൽ നിൽക്കുന്ന എസ്റ്റേറ്റുടമ വിമലയെയും (രാഗിണി ) മകൾ ബിന്ദുവിനെയും (ശ്രീദേവി ) കാണുന്നു. ഒരു സഹായമെന്ന നിലയിൽ വിനോദ് തന്റെ കാറിൽ അവരെ അവരുടെ വീട്ടിൽ കൊണ്ടു ചെന്നു വിടുന്നു.
ബിന്ദുവിന്റെ സ്വഭാവത്തിലും സൗന്ദര്യത്തിലും ആകൃഷ്ടനായ വിനോദ് അവിടെ ഒരു നിത്യ സന്ദർശകനായി മാറുന്നു.ആ ബന്ധം ബിന്ദുവിനെ കല്യാണം കഴിക്കണമെന്നുള്ള തീരുമാനമെടുക്കാൻ വിനോദിനെ പ്രേരിപ്പിക്കുന്നു.
വിനോദ് തന്റെ തീരുമാനം അച്ഛനോട് പറയുന്നു. അദ്ദേഹം പൊട്ടിത്തെറിക്കുന്നു. അവസാനം മകന്റെ ഇംഗിതത്തിനു വഴങ്ങാൻ ആ പിതാവ് നിർബന്ധിതനാകുന്നു.
ഈ വിവരമറിയുന്നതോടെ രാജിയുടെ മധുരസ്വപ്നങ്ങൾ ഞെട്ടറ്റു വീഴുന്നു.
വിനോദും ബിന്ദുവും തമ്മിലുള്ള വിവാഹം സമംഗളം നടന്നു. ബിന്ദു ഗർഭിണിയാകുന്നതോടെ രാജശേഖരനു അവളുടെ നേരെയുള്ള എതിർപ്പില്ലാതാകുന്നു. ഒരിക്കൽ അബദ്ധത്തിൽ ബിന്ദു ഗോവണിപ്പടിയിൽ നിന്നും വീഴുന്നു. ആ വീഴ്ചയുടെ ഫലമായി അവളുടെ ഗർഭം അലസുന്നു. ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന ബിന്ദു അവളുടെ അപ്പോഴത്തെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത എന്തെല്ലാമോ പുലമ്പുന്നു.അവൾക്ക് ഒരു തരം ഹിസ്റ്റീരിയ പിടിപെട്ടിട്ടുണ്ടെന്നും അതിനു കാരണം അവളുടെ പൂർവകാല ജീവിതത്തിൽ നടന്ന ഏതോ സംഭവമാണെന്നും ഡോ.ഗോപിനാഥ് മനസ്സിലാക്കുന്നു.
അമേരിക്കയിൽ നിന്നും മടങ്ങി വന്ന രമേശ് തന്റെ സ്നേഹിതന്റെ ഭാര്യയെക്കാണാൻ ആശുപത്രിയിൽ ചെല്ലുന്നു.ബിന്ദുവിനെ കാണുന്നതോടെ അയാൾ ഞെട്ടിപ്പോകുന്നു.
ബിന്ദുവിന്റെ അസുഖം ക്രമേണ ഭേദമാകുന്നു. ബിന്ദുവിനെയും കൂട്ടി ഏതെങ്കിലും സുഖവാസകേന്ദ്രത്തിൽ കുറച്ചു ദിവസം ചെലവഴിക്കാൻ ഗോപിനാഥ് വിനോദിനെ ഉപദേശിക്കുന്നു. അപ്രകാരം അവർ ഊട്ടിക്കു പോകുന്നു.അവിടെ വെച്ച് ഒരു വയസ്സിത്തള്ളയെ കണ്ടതോടെ ബിന്ദു പേടിച്ചു വിറച്ചു ബോധം കെട്ടു വീഴുന്നു.ആ സ്ത്രീയെ ചോദ്യം ചെയ്തതിൽ നിന്നും ബിന്ദുവിന്റെ ചെറുപ്പകാലത്തു നടന്ന ചില സംഭവങ്ങൾ വിനോദ് മനസ്സിലാക്കുന്നു.
അതറിഞ്ഞ നിമിഷം മുതൽ വിനോദ് ഭാര്യയെ വെറുക്കുന്നു.സ്വന്തം വീടുമായുള്ള ബന്ധം കൂടി ഉപേക്ഷിച്ച് വിനോദ് ഡോ. ഗോപിനാഥിന്റെ വീട്ടിൽ താമസമാക്കുന്നു. രാജിയുടെയും രമേശിന്റെയും സാന്ത്വനവാക്കുകൾ മാത്രമേ വിനോദിനു അല്പമെങ്കിലും ആശ്വാസം പകരാനുണ്ടായിരുന്നുള്ളൂ.
തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അവളുടെ പൂർവകാല ചരിത്രം ഡോ. ഗോപിനാഥിനോട് തുറന്നു പറയാൻ വിമല നിർബന്ധിതയാകുന്നു.ബിന്ദു തെറ്റുകാരിയല്ലെന്ന് മനസ്സിലാക്കിയ ഡോ ഗോപിനാഥ് വിനോദിനെ സത്യാവസ്ഥ പറഞ്ഞു മനസ്സിലാക്കുന്നു.പക്ഷേ അവളെ വീണ്ടും സ്വീകരിക്കാൻ വിനോദ് തയ്യാറാകുന്നില്ല.
വിവരമറിഞ്ഞ വിമല മകളെയും കൂട്ടി തന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിക്കുന്നു. വിനോദിനോട് യാത്ര ചോദിക്കാൻ അവർ ഡോ. ഗോപിനാഥന്റെ വീട്ടിലേക്ക് ചെല്ലുന്നു. അവിടെ വെച്ച് രമേശിനെ കാണാനിടയായ ബിന്ദുവും വിമലയും സ്തംഭിച്ചു പോകുന്നു ………………!! അവിടെ വെച്ച് പല രഹസ്യങ്ങളുടെയും ചുരുളഴിയുന്നു.
ശേഷം വെള്ളിത്തിരയിൽ
കടപ്പാട്: പാട്ടുപുസ്തകം