ഈറ്റ വെട്ടാൻ പോകുന്ന സംഘത്തിനു നേതൃത്വം വഹിക്കുന്നത് വറുതുണ്ണിയാണ്.ഇവർ കൊണ്ടുവരുന്ന ഈറ്റ മൊത്തമായി വാങ്ങി , പേപ്പർ മിൽ കോൺട്രാക്ടർമാർക്ക് കൊടുക്കുന്നത് ഷാപ്പുകാരൻ ഗോപാലൻ.
വറുതുണ്ണിയുടെ വളർത്തു മകനാണ് രാമു.രാമുവാണു വറുതുണ്ണിയുടേ ഏക ആശ്വാസം.നാരായണൻ വറുതുണ്ണിയുടേ കൂട്ടുകാരനാണ്.വറുതുണ്ണിയുടേ കൂടേ അയാളും ഈറ്റ വെട്ടാൻ പോകുന്നു.നാരായണന്റെ ഏക മകളാണു ശ്രീദേവി.കൗമാരത്തിന്റെ കൗതുകം അവളിൽ കോലം വരച്ചു.അതു കൊണ്ടു തന്നെ രാമുവിനോട് അവൾക്ക് പ്രത്യേക അടുപ്പം ഉണ്ടായി.രാമുവും ശ്രീദേവിയും നിശബ്ദ പ്രണയ പ്രതീകങ്ങളായി.
അന്ന ! വറുതുണ്ണിയുടെ അയല്പക്കക്കാരനായ ഫിലിപ്പോസിന്റെ മകൾ ! ഭർത്താവു ജീവിച്ചിരിക്കെ വൈധവ്യം അനുഭവിക്കുന്ന സ്ത്രീ.സഭ അനുവദിക്കാത്തതു കൊണ്ട് മറ്റൊരു വിവാഹം അവൾക്ക് വിധിച്ചില്ല. അന്നയുടെ വികാരം രാമുവിലേക്കൊഴുകി.
വറുതുണ്ണിയും സംഘവും ഈറ്റ വെട്ടാൻ പോയ സമയത്തു അന്നയും രാമുവും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.രാമുവിനു കുറ്റബോധമുണ്ടായി.ശ്രീദേവിയോട് താൻ ചെയ്യുന്നതു തെറ്റാണെന്നും, അവളെ ചതിക്കയാണെന്നും രാമു ചിന്തിച്ചു.ഈറ്റ വെട്ടാൻ പോയവർ തിരിച്ചെത്തി.വറുതുണ്ണി മാത്രം എത്തിയില്ല. ചന്ദനത്തടിയുമായേ വറുതുണ്ണി വരികയുള്ളൂ എന്ന് ഗോപാലൻ അറിഞ്ഞു.ഫോറസ്റ്റ് ഓഫീസർ മുഖാന്തിരം ചന്ദനത്തടി സ്വന്തമാക്കാൻ ഗോപാലൻ പരിശ്രമിച്ചു.വറുതുണ്ണിയുടേ ചങ്ങാടം കാവൽ സ്ഥലത്തു പിടിച്ചു. വറുതുണ്ണിയ്ക്കു വേണ്ടി ഗോപാലൻ മാപ്പു ചോദിച്ചതു കൊണ്ട് ഏബ്രാഹം സാർ ചങ്ങാടം വിട്ടു കൊടുത്തു. വറുതുണ്ണി ഈറ്റ വിൽക്കാൻ മറ്റൊരാളെ കണ്ടു പിടിച്ചു.ഏബ്രഹാം സാറുമായുള്ള കരാർ പ്രകാരം ഗോപാലൻ ചന്ദനത്തടി കട്ടു വിറ്റു.ഇതു കണ്ട വറുതുണ്ണി ഗോപാലനുമായി ഏറ്റുമുട്ടി
ഇത്തവണ രാമുവും വറുതുണ്ണിയോടൊപ്പം കാട്ടിൽ പോകാൻ നിശ്ചയിച്ചു.രാമുവിനെ പിരിഞ്ഞിരിക്കാൻ അന്നയ്ക്ക് വിഷമം ഉണ്ടായി.രണ്ടു മൂന്നു തവണ രാമുവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അന്ന രാമുവിനെ ഭർത്താവായി കരുതി.
ശ്രീദേവിയുടെ നിഷ്കളങ്കമായ പ്രേമം രാമുവിൽ തന്നെ നിറഞ്ഞു നിന്നു.തെറ്റുകാരനെ പോലെ രാമു നീറി.
വറുതുണ്ണിയും മറ്റും ഈറ്റ വെട്ടാൻ പോയ വിവരമറിഞ്ഞ ഗോപാലൻ ജ്വലിച്ചു.അവർ കൊണ്ടു വന്ന ഈറ്റ ഗോപാലൻ നദിയിൽ ഒഴുക്കി.വറുതുണ്ണി ഗോപാലനെ തകർക്കാൻ പാഞ്ഞു.പോലീസുകാരുടെ ബന്തവസ്സോടെ ഗോപാലൻ രക്ഷപ്പെട്ടു.
കള്ളും കാശും കൊടുത്തു ഗോപാലൻ ഈറ്റവെട്ടുകാരെ സ്വാധീനിച്ചു.ഇതറിഞ്ഞ വറുതുണ്ണി കോൺട്രാക്ടർമാരിൽ നിന്നും കൂടുതൽ പണം വാങ്ങി , ഈറ്റവെട്ടുകാർക്കു കൊടുത്തു എല്ലാവരെയും സംഘടിപ്പിച്ചു ഈറ്റ വെട്ടാൻ പോയി.തന്നെ തോല്പ്പിക്കുവാൻ പുറപ്പെട്ട വറുതുണ്ണിയെ നശിപ്പിക്കുവാൻ ഗോപാലൻ ഗുണ്ടകളുമായി കാട്ടിലേക്ക് പുറപ്പെട്ടു.വിവരം അറിഞ്ഞ രാമു കാട്ടിലേക്ക് കുതിച്ചു. ഗോപാലൻ വറുതുണ്ണിയെ കൊല്ലുമോ ? രാമു അന്നയെ സ്വീകരിക്കുമോ ? ശ്രീദേവിയുടെ സ്ഥിതിയെന്ത് ? ഇവയ്ക്കുത്തരം നൽകുകയാണു ഈറ്റ എന്ന സിനിമ !
കടപ്പാട്: പാട്ടുപുസ്തകം