Kaakkathampuraatti (1970)
|
|
Producer | CJ Baby,PC Ittoop |
Director | P Bhaskaran |
Main Actors | Prem Nazeer,Madhu,Jayabharathi,Sarada |
Supporting Cast | Adoor Bhasi,Kottarakkara Sreedharan Nair,PJ Antony,Sankaradi,Paul Vengola,PA Latheef,Adoor Bhavani,Khadeeja,Sreelatha Namboothiri,GK Pillai,Aravindakshan,Kuttan Pillai,Padmakumar,Bhaskaran Nair,Pathrose Kunnamkulam,Vijayan Pallikkara,Veeran |
Musician | K Raghavan |
Lyricist | P Bhaskaran,Sreekumaran Thampi |
Singers | KJ Yesudas,P Jayachandran,S Janaki |
Background Music | Pukazhenthi |
Date of Release | 09/10/1970 |
Number of Songs | 5 |
|
Old Song Book
കഥാസാരം
അമ്പലപ്പുഴയിൽ അറപ്പുകാരനായ കൊച്ചുപപ്പുവിനു സഹായിയായി വന്ന ഹരിപ്പാട്ടുകാരൻ രാജപ്പന്റെ തേജസ്സുള്ള മെയ്യും മിഴികളും കണ്ട് പപ്പുവിന്റെ മൂത്ത മകൾ ജാനമ്മ അനുരാഗ വിവശയായി. ഗ്രാമീണ കന്യകയായ ജാനമ്മയുടെ സൗന്ദര്യം രാജപ്പനെയും ആകർഷിച്ചു.അവൻ അവൾക്ക് കാക്കത്തമ്പുരാട്ടി എന്നു പേരിട്ടു. സഹോദരി സരളക്കും അച്ഛൻ കൊച്ചുപപ്പുവിനും ആ ബന്ധം ഇഷ്ടപ്പെട്ടു. മാതാപിതാക്കളോട് വിവാഹാനുവാദം വാങ്ങുവാൻ രാജപ്പൻ ഹരിപ്പാട്ടേയ്ക്കു പോയി.രാജപ്പന്റെ അച്ഛൻ കുഞ്ഞു പണിക്കൻ മകനു വേണ്ടി ഇത്തിരി വകയുള്ള ഒരു പെണ്ണിനെ കണ്ടു വെച്ചിരുന്നു എങ്കിലും മകന്റെ സ്വാധീനത്തിനു അധീനയായ കൊച്ചിരിക്കാളിയുടെ പ്രേരണയും നിർബന്ധവും മൂലം രാജപ്പനു അവന്റെ കാമുകിയെ കെട്ടാൻ അനുമതി ലഭിച്ചു.അഴകു മാത്രം ആഭരണമായുള്ള ജാനമ്മയെ അരപ്പണവിട സ്വർണ്ണം പോലുമില്ലാതെ വിവാഹം ചെയ്തു രാജപ്പൻ ഹരിപ്പാട്ടു കൊണ്ടു വന്നു.അസൂയയുടെ അവതാരമായ അയൽക്കാരി ദേവയാനിയുടെ ഏഴു മുനകളുള്ള ഏഷണിയും അപവാദശരങ്ങളും പാവപ്പെട്ട ജാനമ്മയുടെ ഭർത്തൃഗൃഹ ജീവിതം ദുസ്സഹമാക്കി തീർത്തു.കടുവാവാസുവെന്ന സ്ത്രീലമ്പടനായ റൗഡിയും അവന്റെ കൂട്ടുകാരനായ ബീഡി തെറുപ്പുകാരൻ നാണുവും അമ്പലപ്പുഴ ഉത്സവകാലത്തു കണ്ടു പരിചയമുള്ള ജാനമ്മ മറ്റൊരുവന്റെ ഭാര്യയായി ഹരിപ്പാട്ടു വന്ന വിവരമറിഞ്ഞു അവളെ അണയുവാൻ പരിപാടി ആരംഭിച്ചു .അവൾ തന്റെ രഹസ്യകാമുകിയാണെന്ന് വാസു പ്രചാരണമാരംഭിച്ചു.അൻപത്തിയഞ്ചുകാരനായ ബാർബർ കിട്ടുവിന്റെ ചെറുപ്പക്കാരിയായ ഭാര്യ ദേവയാനിയും വാസുവിന്റെ രഹസ്യക്കാരി നാണിയും വാർത്താ വിതരണ ഏജൻസികളായി അമ്പലക്കുളങ്ങരയിലും അടുക്കളപ്പടികളിലും ആ വാർത്തക്കു പ്രചാരം നൽകി.പാവപ്പെട്ട ജാനമ്മയുടെ ജീവിതം പാഴാക്കാൻ ഒരു കൊടുങ്കാറ്റു പോലെ ആ വാർത്ത ഗ്രാമത്തിൽ പരന്നു.കുടികിടപ്പുകാരനായ കുഞ്ഞുപണിക്കനെ ജന്മി വിളിച്ചു താക്കീതു ചെയ്തു. രാജപ്പന്റെ പ്രേമതൃഷ്ണയ്ക്ക് കോട്ടം തട്ടി.സംശയത്തിന്റെ കരിനിഴൽ അവനെ മൂകനാക്കി .ലക്ഷ്യമില്ലാതെ അലഞ്ഞു നടന്ന രാജപ്പൻ വീട്ടിൽ ഇല്ലാതിരുന്ന അവസരത്തിൽ കുഞ്ഞുപണിക്കൻ ബലം പ്രയോഗിച്ചു ജാനമ്മയെ അവളുടെ വീട്ടിൽ എത്തിച്ചു.മാനമാണു എല്ലാറ്റിലും വലുത് എന്നു കരുതി ജീവിച്ചു പോന്ന കൊച്ചുപപ്പുവിന്റെ മുഖത്തു നോക്കി ജാനമ്മ ഒരു വേശ്യയാണെന്ന് പറഞ്ഞപ്പോൾ അവന്റെ അഭിമാനം വിജൃഭിതമായി.വാക്കേറ്റമായി ,അവർ അടുക്കാനാവാത്ത വിധം പിണങ്ങിപ്പിരിഞ്ഞു.പപ്പുവിന്റെ രോഷം ജാനമ്മയോടായി.അവൾ കണ്ടമാനം മർദ്ദിക്കപ്പെട്ടു.ജാനമ്മയുടെ കണ്ണുനീരു തുടക്കാൻ സഹോദരി സരള മാത്രമേ ഉണ്ടായിരുന്നുള്ളൂ.കൊച്ചുപപ്പുവിന്റെ പ്രതികാരചിന്ത ആളിക്കത്തി.ചിട്ടിക്കു ചേരുവാനുള്ള ഫോറമാണെന്നു പറഞ്ഞു അയാൾ ജാനമ്മയെക്കൊണ്ട് വിവാഹമോചനാപേക്ഷയിൽ ഒപ്പിടുവിച്ചു. ആ കടലാസു കൈയ്യിൽ കിട്ടിയ രാജപ്പൻ അൽഭുതപ്പെട്ടു പോയി.ജാനമ്മയെ നേരിൽ കണ്ടു വിവരമറിയാനെത്തിയ രാജപ്പനെ കൊച്ചുപപ്പു വിരട്ടിയോടിച്ചു.ജാനമ്മ അപ്പോഴാണു താൻ ഒപ്പിട്ടു കൊടുത്ത അപേക്ഷ വിവാഹമോചനത്തിനുള്ളതാണെന്നറിഞ്ഞത്.ഉഗ്ര ശപഥത്തിൽ ഉറച്ചു നിന്ന കൊച്ചുപപ്പുവിന്റെ മുൻപിൽ മകളുടെ കണ്ണുനീരിനു ഒന്നും ചെയ്യുവാൻ സാധിച്ചില്ല. പപ്പു ജാനമ്മയെ ഹരിപ്പാട്ടു തന്നെ മറ്റൊരുവനു വിവാഹം ചെയ്തു കൊടുക്കുവാൻ തീരുമാനിച്ചു.കടുവാവാസുവിന്റെ ശിങ്കിടിക്കാരൻ നാണുവായിരുന്നു വരൻ.ആ തെമ്മാടിയെപ്പറ്റി ശരിക്കറിയാമായിരുന്ന ജാനമ്മ എതിർത്തപ്പോൾ ആത്മഹത്യക്കൊരുങ്ങി പപ്പു അവളുടെ അനുമതി നേടി.കടുവാവാസുവിന്റെ നേതൃത്വത്തിൽ നാണു ജാനമ്മയെ വിവാഹം കഴിച്ചു. തന്റെ പരിപാടി വിജയിച്ചു എന്നു കരുതി അന്നു രാത്രിയിൽ വാസു നാണുവിന്റെ വീട്ടിലെത്തി.നാണുവിന്റെ ഭാവം മാറി.ജാനമ്മയുടെ അനുവാദമില്ലാതെ അവളെ താൻ പോലും സ്പർശിക്കുകയില്ലെന്ന നാണുവിന്റെ തീരുമാനമറിഞ്ഞു ഭയന്നു വാസു പിന്മാറി. അവർ ശത്രുക്കളായി മാറി.ജാനമ്മയെ നാണു നിധി പോലെ കാത്തു. നല്ലവനാണു നാണുവെന്നും അവനു തന്നെ വിശ്വാസമാണെന്നും മനസ്സിലാക്കിയ ജാനമ്മ തെല്ലൊന്ന് ആശ്വസിച്ചു. അചിരേണ അവൾ ഗർഭിണിയുമായി.കുഞ്ഞുപണിക്കർ മരിച്ചു.നാടുവിട്ടു പോയ രാജപ്പൻ മടങ്ങിയെത്തി. ദേവയാനി ഭർത്താവിനെ ഉപേക്ഷിച്ച് സിനിമാ സ്വപ്നക്കാരനായ കുട്ടപ്പന്റെ കൂടെ ഒളിച്ചോടി.ജാനമ്മ നിരപരാധിയാണെന്ന് മനസ്സിലാക്കിയ കൊച്ചിരിക്കാളി താൻ പണ്ടു കാട്ടിയ പോരുകളുടെ പേരിൽ പരിതപിച്ചു. രാജപ്പൻ തന്റെ കഴിവു കേടിലും കാലക്കേടിലും ഖേദിച്ചു നിശ്ശബ്ദ ശോകവുമായി ഒതുങ്ങിക്കൂടി.ജാനമ്മക്ക് പ്രസവവേദന ആരംഭിച്ച രാത്രിയിൽ വയറ്റാട്ടിയെ തേടിപ്പോയ നാണുവിനെ വാസുവും കൂട്ടരും കൂടി പതിയിരുന്നാക്രമിച്ചു. പരിക്കേറ്റു വീണ നാണുവിനെയും പ്രസവവേദന കൊണ്ടു പുളഞ്ഞ ജാനമ്മയെയും നാട്ടുകാർ ആസ്പത്രിയിലാക്കി. ജാനമ്മ പ്രസവിച്ചു. നാണുവും സുഖം പ്രാപിച്ചു.രാജപ്പനാണു ചെലവുകളെല്ലാം വഹിച്ചത്. രാജപ്പന്റെ അടുപ്പവും ഔദാര്യവും, നാണുവിൽ ചില സംശയങ്ങളുയർത്തി. സത്യസ്ഥിതി ജാനമ്മ കരഞ്ഞു പറഞ്ഞിട്ടും അവൻ വിശ്വസിച്ചില്ല. മനഃസുഖം നശിച്ച നാണു വീണ്ടും മദ്യപാനിയായി മാറി. ജാനമ്മയെ മൃഗീയമായി മർദ്ദിച്ചു തുടങ്ങി.ഒരു ദിവസം നാണു കുടിൽ വിട്ടിറങ്ങിപ്പോയ സമയത്ത് റൗഡി വാസു ജാനമ്മയെ ബലാൽക്കാരം ചെയ്യുവാൻ ഒരു ശ്രമം കൂടി നടത്തി.ഇരുട്ടിൽ നടന്ന മല്പ്പിടുത്തത്തിലുണ്ടായ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചോരയിൽ കുളിച്ചു കിടന്ന വാസുവിന്റെ ശവശരീരമാണു കണ്ടത്.കൊലക്കുറ്റം ചുമത്തപ്പെട്ട ജാനമ്മ കോടതിയിൽ ഹാജരാക്കപ്പെട്ടു. തനിക്കെതിരായി വന്ന വാദമുഖങ്ങളുടെ മുൻപിൽ മൂകയായി നിന്ന ജാനമ്മയുടെ മൗനം കുറ്റസമ്മതമെന്ന തീരുമാനത്തിൽ വിധി പറയുവാൻ ആരംഭിച്ചപ്പോൾ നാണു കോടതിമുറിയിൽ ഓടിയെത്തി.വാസുവിനെ താനാണു കൊന്നതെന്ന സത്യം വസ്തുനിഷ്ഠമായി വിവരിച്ചു.കോടതി അവനെ ഏഴു വർഷത്തെ തടവിനു ശിക്ഷിച്ചു.ജാനമ്മ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ടു എന്നറിഞ്ഞ കൊച്ചുപാപ്പു സരളയെ അനാഥയാക്കിക്കൊണ്ട് വികാരക്ഷോഭത്താൽ മൃതിയടഞ്ഞു. നല്ലവനായ രാജപ്പൻ സരളയെ കൂട്ടിക്കൊണ്ടു വന്ന് ജാനമ്മയെ വിവരം ധരിപ്പിച്ചു.ജാനമ്മയുടെ അഭിലാഷമനുസരിച്ചു തന്റെ ഹൃദയത്തിൽ സരളക്കു ഇടം നൽകാൻ രാജപ്പൻ തയ്യാറായി അവളുടെ കരം ഗ്രഹിച്ചു. നാണു തിരിച്ചു വരുന്നതു വരെ ജാനമ്മയെയും കുഞ്ഞിനെയും താൻ കാത്തു സൂക്ഷിച്ചു കൊള്ളാമെന്ന് രാജപ്പനേറ്റു.തന്റെ ശിക്ഷാ കാലാവധിക്കായ് പോലീസ് വാനിൽ കയറി നാണു ജയിലിലേക്കു പോകുന്നതും നോക്കി നിറഞ്ഞ മിഴികളോടെ ജാനമ്മ നിൽക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്
|
This page was generated on April 22, 2025, 10:45 pm IST |  |