സത്യൻ, മധു, കെ.പി. ഉമ്മർ, കോട്ടയം ചെല്ലപ്പൻ, ബഹദൂര്‍, എസ്. പി. പിള്ള, മണവാളൻ ജോസഫ്, കടുവാക്കുളം ആന്റണി, സെബാസ്റ്റ്യന്‍, ഷീല, കമലാദേവി, ജയഭാരതി, സുകുമാരി, ബേബി കുമുദം, ബേബി ശ്രീലത എന്നിവര്‍ അഭിനയിച്ചു.
പ്രകാശ്, പ്രസാദ്, സത്യ, എന്നീ സ്റ്റുഡിയോകളിൽ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഖദീജയുടെ ഛായാഗ്രഹണം മോഹന്‍ റാവുവും, ചിത്രസംയോജനം വി. പി. കൃഷ്ണനും, കലാസംവിധാനം എസ്. കൊന്നനാട്ടും, മേക്കപ്പ് പി. എന്‍. കൃഷ്ണനും, വസ്ത്രാലങ്കാരം റ്റി. ഗോവിന്ദരാജും, റീ റിക്കോർഡിംഗു് രേവതി കണ്ണനും, പ്രോസസിംഗ് വിജയാലാബറട്ടറിയില് വെച്ചു് എസ്. രങ്കനാഥനും, സംവിധാനം എം. കൃഷ്ണന് നായരും നിര്‍വ്വഹിച്ചു.
കഥാസാരം
സ്ഥലത്തെ പ്രധാന ഡോക്ടര്‍ അബ്ദുവിന്റെ മകള്‍ ഖദീജയും, കാശ്മീരില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന സാധാരണ പട്ടാളക്കാരനായ രാമുവിന്റെ മകള്‍ രാധയും അയല്‍വാസികളായ രണ്ടു കുട്ടികളാണു്. രാമുവിന്റെ ഭാര്യ മീനാക്ഷിയും മകള്‍ രാധയും തരകന് മുതലാളിയുടെ ഒരു വാടക വീട്ടിലാണു് താമസിക്കുന്നതു്. ഡോക്ടര്‍ അബ്ദുവും ഭാര്യ അയിഷയും എന്നും കുട്ടികളെ കാറില്‍ ബീച്ചില്‍ കൊണ്ടുപോകുക പതിവായിരുന്നു.
സേവനവ്യഗ്രനായ ഡോക്ടര്ക്കു് തന്റെ ഭാര്യ അയിഷയുമൊത്തു് വളരെ സമയം ചിലവഴിക്കുവാന്‍ നിവൃത്തിയില്ലാത്തതിനാല്‍ അയിഷ കുണ്ഠിതയാണു്. ഭര്ത്താവൊത്തു് ചിലനാൾ ഉല്ലാസമായി കഴിയണമെന്നുള്ള അയിഷയുടെ ആഗ്രഹത്തെ മാനിച്ചു് ഊട്ടിക്കു പോകുവാന്‍ തീരുമാനിച്ചു. ആ യാത്രയില്‍ അയിഷ കാറോടിക്കുവാന്‍ ഡോക്ടര്‍ നിര്‍ബ്ബന്ധിച്ചു. ദുര്‍ഘടമായ വഴിയില്‍വെച്ചു് കാറപകടമുണ്ടായി. അയിഷയും ഖദീജയും മരിച്ചു. ഡോക്ടര്‍ മാത്രം രക്ഷപെട്ടു.
നാട്ടുകാര്‍ക്കിടയില്‍ ചില കഥകള്‍ പ്രചരിച്ചു. അയിഷയുടെ മരണത്തെക്കുറിച്ചു് ചില ദുര്‍വ്യാഖ്യാനങ്ങളും ഉണ്ടായി. തരകന് മുതലാളിക്കു് സ്വയം വിറ്റു പണവും പണ്ടവും ഉണ്ടാക്കിക്കഴിയുന്ന ചിട്ടിക്കാരി പാറുക്കുട്ടിയും അവരുടെ ഭര്‍ത്താവു് പണിക്കരുമായിരുന്നു ഈ അപവാദവ്യവസായത്തിന്റെ മുന്‍പന്തിയില്‍.
ഡോക്ടര്‍ അബ്ദുവും മീനാക്ഷിയും തമ്മില്‍ പ്രണയമാണെന്നും അവര്‍ തമ്മില്‍ രഹസ്യവേഴ്ചയുണ്ടെന്നും അതിനു വിഘാതമായി നിന്ന അയിഷയേയും ഖദീജയേയും അയാള്‍ മനപ്പൂര്‍വ്വം കൊലപ്പെടുത്തുകയായിരുന്നു എന്നുമുള്ള കഥ തരകന് മുതലാളിയില്‍നിന്നും ഡോക്ടറുടെ ഭാര്യാ സഹോദരനായ ഡോക്ടര്‍ സലിമിന്റെയും അബ്ദുവിന്റെ ബാപ്പയുടെയും ചെവിയില്‍ എത്തി. അവരിരുവരും അതു വിശ്വസിച്ചു.
തന്റെ ഭാര്യയുടേയും ഓമനപ്പുത്രിയുടേയും വിയോഗത്തില്‍ മനംനൊന്തുകഴിയുന്ന അബ്ദുവിനെ സലീം കൊലപാതകിയെന്നു് വിളിച്ചധിക്ഷേപിച്ചു. മീനാക്ഷിയുടെ വീട്ടില്‍ പോകുകയോ രാധയുമായി കളിക്കുകയോ ചെയ്യരുതെന്നു് ബാപ്പ അബ്ദുവിനെ വിലക്കി.
അബ്ദു ആകെ വിവശനായി. ഒരു രാത്രിയില്‍ തന്റെ ഡോക്ടര്‍മാമനെ കാണുവാനായി രാധ വീടുവിട്ടിറങ്ങി. നാട്ടുകാരുടെ പരാതിയും അപവാദവും കാരണം പൊറുതിമുട്ടിയ മീനാക്ഷി കുട്ടിയെ പൊതിരെ തല്ലി. അടികൊണ്ടവശയായ രാധയ്ക്കു ടൈഫോയിഡ് രോഗം പിടിപെട്ടു. ഖദീജയുടെ മരണശേഷം ഖദീജയോടു് കൂടുതല്‍ മമതയുണ്ടായിരുന്ന ഡോക്ടര്‍ അബ്ദു സങ്കടപ്പെട്ടു. കുഞ്ഞിനു രോഗമാണെന്നറിഞ്ഞ ഡോക്ടറുടെ ബാപ്പ അവള്‍ക്കു വേണ്ട ശുശ്രൂഷ ചെയ്യുവാന്‍ അബ്ദുവിനെ അനുവദിച്ചു.
അബ്ദുവും മീനാക്ഷിയും കൂടി രാധയെ ആശുപത്രിയിലാക്കി. പണിക്കരില്‍ നിന്നും വിവരം കിട്ടിയ രാമു അവധിയെടുത്തു് നാട്ടില്‍ വന്നു. രാമുവിന്റെ പെട്ടെന്നുള്ള വരവു് ഡോക്ടറെ അത്ഭുതപ്പെടുത്തി. ചെറുപ്പകാലത്തിലെ സുഹൃത്തുക്കളായി കഴിഞ്ഞുവന്ന തന്റെ ഉറ്റസ്നേഹിതനില് തനിക്കു യാതൊരു തെറ്റിദ്ധാരണകളുമില്ലെന്നു് രാമു വ്യക്തമാക്കി. രാമുവും ഡോക്ടറും ചേര്‍ന്നു് അബ്ദുവിന്റെ ബാപ്പയെ കണ്ടു് സത്യാവസ്ഥ അദ്ദേഹത്തിനു് മനസ്സിലാക്കിക്കൊടുത്തു.
മീനാക്ഷിയേയും രാധയേയും കാശ്മീരിലേക്കു് കൂട്ടിക്കൊണ്ടുപോകുന്നതിനാണു് രാമു അടിയന്തിരമായി എത്തിയതു്. എല്ലാവര്‍ക്കുമുണ്ടായിരുന്ന തെറ്റിദ്ധാരണകളും സംശയങ്ങളും ദൂരീകരിക്കപ്പെട്ടു. രാമുവും മീനാക്ഷിയും രാധയുമൊത്തു് കാശ്മീരിനു വണ്ടികയറി.വണ്ടി സ്റ്റേഷന് വിടുന്നതോടെ രാധ മരണമടഞ്ഞു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍