പ്രേംനസീര്‍, മുത്തയ്യ, കോട്ടയം ചെല്ലപ്പന്, എസു്. പി. പിള്ള, അടൂര്‍ഭാസി, പി. ജെ. ആന്റണി, ജി. കെ. പിള്ള, പറവൂര്‍ ഭരതന്, ജെ. എ. ആര്. ആനന്ദു്, കെടാമംഗലം അലി, അരവിന്ദാക്ഷന്, കൃഷ്ണന്, അബ്ബാസു്, ശാരദ, സുകുമാരി, കോട്ടയം ശാന്ത, സുപ്രഭ, വിജയ, മാലതി, ഇന്ദിര എന്നിവര്‍ രാജമല്ലിയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കഥാസാരം :
വിത്തപ്രതാപിയും പട്ടണവാസിയുമായ ജന്മി കൊയ്ത്തു പരിശോധിക്കുന്നതിനായി നാട്ടിന്‍പുറത്തു് തന്റെ ഓമന മകളായ രാജമല്ലിയുമായി എത്തി. ആമ്പല്‍പ്പൂ പറിക്കുവാന്‍ ഒരു കുളത്തിലിറങ്ങിയ രാജമല്ലിയുടെ കാല് ചെളിയില്‍ താന്നു. അവളുടെ വിലാപം കേട്ടു് ഓടിയെത്തിയ വീരമണിയെന്ന യുവാവു് അവളെ രക്ഷിച്ചു. ആ സംഭവം അവരിരുവരുടേയും ഉള്‍ക്കളത്തില്‍ അനുരാഗത്തിന്റെ വിത്തു് പാകി. ജന്മിയുടെ ഒരു എളിയ കുടിയനായ പാണ്ടന്റെ ഏക സന്താനമായ വീരമണി ഒരു ദിവസം കുളിക്കുവാന്‍ വന്ന രാജമല്ലിയേയും തോഴിമാരേയും ചെളി വാരിയെറിഞ്ഞാക്ഷേപിച്ചു. വിവരമറിഞ്ഞോടിയെത്തിയ ജന്മിയും സേവകരും സംഘട്ടനത്തില്‍ വീരമണിയോടു് തോറ്റോടി. പക പോക്കാന്‍ ജന്മി വീരമണിയുടെ വീടാക്രമിക്കുവാന് ആളുകളെ അയച്ചു. അവിടെ നടന്ന പോരാട്ടത്തില്‍ പാണ്ടനു് മുറിവുപറ്റി. തന്റെ അച്ഛനെ താങ്ങിയെടുത്തുകൊണ്ടു് വീരമണി ഗിരിവര്‍ഗ്ഗക്കാരുടെ താവളത്തിലേക്കു് പോയി. ആ കൊള്ളക്കാരുടെ നേതാവായ ഗുരുവിന്റെ സിദ്ധികള്‍ പാണ്ടനെ രക്ഷിക്കുവാന്‍ പറ്റിയതായിരുന്നില്ല. അയാള്‍ മരിച്ചു. ഗിരിവര്ഗ്ഗനിയമപ്രകാരം വീരമണിക്കും കൊള്ളക്കാരുടെ കൂടെ കൂടേണ്ടിവന്നു.
ആയോധനമുറകള്‍ ശരിയായി അഭ്യസിച്ച വീരമണിയെ ഗുരു ഇഷ്ടപ്പെട്ടു. കൊള്ളസംഘത്തിന്റെ നേതാവായ രുദ്രനു് വീരമണിയോടു് അസൂയയും പകയും തോന്നി. വീരമണിയുടെ അച്ഛനെ കൊല്ലിച്ച ജന്മിയോടു് പ്രതികാരം ചെയ്തു. അയാള്‍ മരിച്ചു. രാജമല്ലി തടവുകാരിയായി പിടിക്കപ്പെട്ടു. അച്ഛന്റെ മരണത്തിനു് കാരണക്കാരനായ വീരമണിയെ രാജമല്ലിയും വെറുത്തു.
സുന്ദരിയായ രാജമല്ലിയില്‍ അഭിനിവേശം തോന്നിയ രുദ്രന് അവളെ സ്വന്തമാക്കാന്‍ മോഹിച്ചു. ഒരു തരുണിയെ രണ്ടുപേര്‍ ആഗ്രഹിച്ചാല്‍ പൊരുതി ജയിക്കുന്നവനു് അവളെ നല്‍കുക എന്ന ഗിരിവര്ഗ്ഗനിയമപ്രകാരം രുദ്രനും വീരമണിയും തമ്മില്‍ അങ്കം വെട്ടി. വീരമണി വിജയിച്ചു. അവന് രാജമല്ലിയെ വിവാഹം ചെയ്തു. ആ ദാമ്പത്യം പൂവണിഞ്ഞു കായ്ക്കുകയും ചെയ്തു. പക്ഷെ പ്രസവക്ലേശം രാജമല്ലിയുടെ ജീവന് അപഹരിച്ചു.
തന്റെ അവകാശിയായി വീരമണിയെ ഗുരു നിശ്ചയിച്ചതില്‍ അമര്‍ഷം തോന്നിയ രുദ്രന് ഗുരുവിനെ ചതിവില്‍ കൊന്നുകളഞ്ഞു. ഒരു തുള്ളി മുലപ്പാലിനുവേണ്ടി കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ പട്ടണത്തിലെ കൈക്കുഞ്ഞുള്ള ഒരു സ്ത്രീയുടെ അടുത്തേക്കു് കൊണ്ടുപോയവഴിക്കു് കൊള്ളസംഘത്തെ അമര്‍ച്ച ചെയ്യാന്‍ വട്ടമിട്ടുനടന്ന പോലീസുകാരുടെ പിടിയില്‍ വീരമണി പെട്ടു. മാനസാന്തരം വന്ന വീരമണി കീഴടങ്ങാനുറച്ചെങ്കിലും അവനെ പിന്തുടര്ന്നുവന്നിരുന്ന രുദ്രന്റെ വെടിയേറ്റു് തല്‍ക്ഷണം കാലഗതിയടഞ്ഞു. നിയമപാലകര്‍ കൊള്ളക്കാരെ ഉന്മൂലനാശം ചെയ്തു് സമാധാനം പുനഃസ്ഥാപിക്കുന്നു.
1965 സംപ്തംബര്‍ 3 നു് റിലീസായ പ്രസ്തുത ചിത്രം ചന്ദ്രതാരാ പിക്ചേഴ്സു് വിതരണം ചെയ്തു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|